ADVERTISEMENT

കരിയറും കരിയറിലേക്കുള്ള വളർച്ചയും ഫിക്‌ഷൻ അല്ല. എന്നാൽ ഭാവനയ്ക്ക് എവിടെയാണ് സാധ്യത ഇല്ലാത്തത്. അദ്ഭുതപ്പെടുത്തുന്ന ജീവിതസാഹചര്യങ്ങൾ എവിടെയാണില്ലാത്തത്. ഉന്നതമായ കരിയറിൽ ഒരാളെ എത്തിക്കാൻ ചിലപ്പോൾ പ്രണയത്തിനു കഴിയും. മറ്റു ചിലപ്പോൾ പ്രണയ പരാജയത്തിനും. ഉള്ളു പൊള്ളുന്ന കദനങ്ങളിൽ നിന്ന് ഉയർന്നുവന്ന എത്രയോപേരുണ്ട്. ഉയരാൻ ശ്രമിച്ചിട്ടും വിലങ്ങുതടിയായി വന്ന പ്രതിസന്ധികൾക്കു മുമ്പിൽ തകർന്നുവീണവരും ഒട്ടേറെ. അവരുടെ ജീവിതം അറിയുമ്പോൾ‌ തെളിഞ്ഞുവരുന്നത് ഉജ്വലമായ കഥകളായിരിക്കും. കഥകളെ വെല്ലുന്ന അനുഭവങ്ങൾ. അവ അടിച്ചമർത്തപ്പെടേണ്ടതോ ഇരുളിലാണ്ടുപോകേണ്ടതോ അല്ല. ഏതാനും പേരിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതുമല്ല. ലോകം അറിയേണ്ടതാണ്. അതിനുള്ള വഴി തെളിക്കുകയാണ് മലയാളത്തിലെ ആദ്യത്തെ കരിയർ ഫിക്‌ഷൻ. 

നാളത്തെ ഇന്ത്യയെ നയിക്കാ‍ൻ നിയോഗിക്കപ്പെട്ടവരുടെ വിശദമായ ജീവചരിത്രക്കുറിപ്പിലൂടെയും അഭിമുഖത്തിൽ അവരെ നേരിട്ടപ്പോൾ ഉണ്ടായ അനുഭവത്തിൽ നിന്നുമാണ് പുതുമയുള്ള നോവൽ ആശയത്തിന്റെ വിത്ത് 2012 ലെ സിവിൽ സർവീസ് പരീക്ഷാ ജേതാവ് ലിപിൻ രാജിന്റെ മനസ്സിൽ ജനിക്കുന്നത്.  2020 ലെ സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതി ജയിച്ചവരിൽ നിന്ന് പഴ്സനാലിറ്റി ടെസ്റ്റ് എന്ന ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രകടനവും അവരുടെ മാനറിസങ്ങളും ബോർഡ് അംഗങ്ങളുടെ സ്വഭാവ സവിശേഷതകളും ഒരുമിപ്പിച്ച് ഒരു നോവൽ. ഒപ്പം ഒരു ബാച്ച്മേറ്റിന്റെ വ്യക്തിജീവിതവും സർവീസ് ജീവിതവും പ്രണയ പരാജയവും അതിനെത്തുടർന്നുണ്ടായ പ്രതികാരവും കൂടിയായപ്പോൾ ‘എലിമിനേഷൻ റൗണ്ട്’ ജനിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഇന്റർവ്യൂ വരെ എത്തിയിട്ടും ലക്ഷ്യത്തിലെത്താനാവാതെപോയ എല്ലാ കൂട്ടുകാർക്കും സമർപ്പിച്ച പുസ്തകം. 

സിവിൽ സർവീസ് ഇന്റർവ്യൂവിനെക്കുറിച്ച് ഒട്ടേറെ തെറ്റിധാരണകളുണ്ട്. ബോർഡ് അംഗങ്ങൾ ഭാവന ചെയ്തിട്ടുപോലുമില്ലാത്ത ഒട്ടേറെ ചോദ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വാട്സാപ്പിൽ ഷെയർ ചെയ്യപ്പെടുന്ന പല കുസൃതിച്ചോദ്യങ്ങളുടെയും പിതൃത്വവും ബോർഡ് അംഗങ്ങൾക്കാണ്. ഒരു ഫ്രിഡ്ജിൽ എങ്ങനെ ആനയെ വയ്ക്കാം എന്നതാണൊരു ചോദ്യം. വട്ടത്തിലുള്ള പീത്‌സ ചതുരത്തിലുള്ള ബോക്സിൽ പാക്ക് ചെയ്യുന്നതെന്തിന്. നെല്ലിക്ക ആദ്യമായി ചവച്ചപ്പോൾ കയ്പാണോ മധുരമാണോ ആദ്യം തോന്നിയത്. ഇങ്ങനെ ഉത്തരമില്ലാത്ത, അഥവാ ഉത്തരം കുസൃതിയിൽ ഒളിപ്പിച്ച ഒട്ടേറെ  ചോദ്യങ്ങൾ പ്രചരിക്കാറുണ്ട്. എന്നാൽ സത്യം ഇതിൽ നിന്നു വ്യത്യസ്തമാണ്. യഥാർഥ ചിത്രം ഇതൊന്നുമല്ല.

 

ഒരാൾ ഒരു ക്രിമിനൽ കുറ്റം ചെയ്ത് ജയിലിൽ 13 വർഷം ചെലവഴിച്ചുവെന്നിരിക്കട്ടെ. വിചാരണ നീണ്ടുപോയതാണ് കാരണം. 13–ാം വർഷം അയാളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതു ശരിയാണോ അതോ ജീവപര്യന്തം അനുഭവിച്ചതിനാൽ അയാളെ വീണ്ടും ശിക്ഷിക്കാൻ‌ പാടില്ലേ ? 

അഭിമുഖം നടത്തിയ ദിവസത്തെ അവസാനത്തെ ഉദ്യോഗാർഥി ആൽബെർട്ടോ വിവിയൻ പ്രഭുവിനോടായിരുന്നു ചോദ്യം. 

ശിക്ഷ, ചെയ്ത കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചാകണം. അതിനാൽ തൂക്കിക്കൊല്ലുകതന്നെ വേണം എന്നായിരുന്നു ഉത്തരം. 

ഒരു ഉപചോദ്യം കൂടിയുണ്ടായി. 

ചെയ്ത കുറ്റത്തിന്റെ വേദനയും പേറി പശ്ചാത്താപത്തോടെ കൊല്ലങ്ങളോളം ജീവിച്ചിരുന്ന ഒരാളാണ് അയാളെങ്കിൽ നിങ്ങൾ ദയാരഹിതമായി അയാളെയും തൂക്കിക്കൊന്നുകളയുമോ ? 

ഇത്തവണ ആൽബെർട്ടോ ഉറപ്പിച്ചാണു മറുപടി പറഞ്ഞത്: പാടില്ല സർ. ഒരേകുറ്റത്തിന് പലതവണ സമൂഹത്താലും കുടുംബത്താലും സ്വന്തം മനസ്സിനാലും സംവിധാനത്തിനാലും ശിക്ഷിക്കപ്പെടുന്ന ഹതഭാഗ്യനാകരുത് അയാൾ. അതിലുപരി ഭരണഘടനയിലെ ഇരട്ടശിക്ഷയ്ക്കും വിധേയനാവരുത്. 

ഒട്ടും വൈകാതെ അയാൾക്ക് അഭിനന്ദനവും കിട്ടി. 

ആൽബെർട്ടോ, നിങ്ങൾ പറഞ്ഞ ഉത്തരമാണ് ശരി. ഇതേവരെ കേട്ട ഉത്തരങ്ങളിൽ മികച്ചത്. ചില ചോദ്യങ്ങൾക്ക് ശരിയും തെറ്റുമായ ഉത്തരങ്ങളില്ല. അവയുടെ തെറ്റും ശരിയും ചികയുന്നതാണ് ഏറ്റവും വലിയ തെറ്റ്. 

 

2020 ൽ അഭിമുഖത്തിനെത്തിയ 12 പേർ ഈ നോവലിലെ കഥാപാത്രങ്ങളാണ്. അവരിൽ അലക്കുകാരിയുടെ മകൻ മുതൽ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മകൾ വരെയുണ്ട്. ആത്മാർഥതയോടെയും ആർജവത്തോടെയും പഠിച്ച് രാജ്യത്തിനു മുതൽക്കൂട്ടാവുന്നവർ മുതൽ കാണാതെ പഠിച്ച വിവരങ്ങളുമായി എത്തിയവരും യഥാർഥ വിവരങ്ങൾ മറച്ചുവച്ചവരുമുണ്ട്. അവരിൽ അഭിനന്ദനം ഏറ്റുവാങ്ങുന്നവരും കള്ളി പുറത്താകുമ്പോൾ വിരളുന്നവരുമുണ്ട്. 12 അധ്യായങ്ങളിൽ 12 അഭിമുഖങ്ങൾ വിശദമായും രസകരമായും വിജ്ഞാനപ്രദമായും നോവൽ രേഖപ്പെടുത്തുന്നു. ഒരു ചോദ്യവും ഭാവനയിൽ നിന്ന് ജനിച്ചതോ സാങ്കൽപികമോ അല്ല. ഏറ്റവും പുതിയ വിവര, വിജ്ഞാന മേഖലയെ സ്പർശിക്കുന്നതും ബാങ്കിങ് ഉൾപ്പെടെ ശാസ്ത്ര സാങ്കേതിക വിദ്യയുമായും മറ്റെല്ലാ വിജ്ഞാന മേഖലകളെയും ആഴത്തിൽ സ്പർശിക്കുന്നതും. ചോദ്യങ്ങളും ഉത്തരങ്ങളും എന്ന നിലയിലല്ലാതെ സംവാദം എന്ന തലത്തിലേക്ക് ഉയരുന്ന ചർച്ചകൾ. ജയപരാജയങ്ങളേക്കാൾ തീപാറുന്ന ആശയച്ചർച്ച. ആ അനുഭവത്തിലൂടെ കടന്നുപോയവർക്കും സിവിൽ സർവീസ് ആഗ്രഹിക്കുന്നവർക്കും സാധാരണക്കാർക്കും ഒരേസമയം മനസ്സിനും ബുദ്ധിക്കും ഉൻമേഷം പകരുന്നവ. പ്രചോദനാത്മകം എന്നതിനേക്കാൾ എത്ര ഉന്നത പദവിയിൽ എത്തിയവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്നു എന്നതായിരിക്കും നോവലിനു ചേരുന്ന വിശേഷണം. 

 

അഭിമുഖ വിശേഷങ്ങൾ മാത്രമായിരുന്നെങ്കിൽ വിരസമാകുമായിരുന്ന വിവരണത്തെ സമാന്തരമായ മറ്റൊരു കഥയിലൂടെ ഉദ്വേഗജനകമാക്കാനും ലിപിൻ രാജിനു കഴിഞ്ഞിട്ടുണ്ട്. കുടുംബം എഴുതിത്തള്ളിയെങ്കിലും ഒടുവിൽ ഐഎഎസ് നേടിയിട്ടും കുറ്റബോധത്തിൽ‌ നിന്ന് മുക്തനാകാൻ കഴിയാതെപോയ ജെറോമിന്റെ കഥ. രണ്ടു കഥകളും സമാന്തരമായി സഞ്ചരിക്കുമ്പോൾ തന്നെ പരസ്പര ബന്ധവുമുണ്ട്. 

ഒരു പ്രത്യേക വിഷയത്തെ ആഴത്തിൽ പഠിച്ച് നോവൽ‌ രൂപത്തിൽ അവതരിപ്പിക്കുന്ന രീതി നേരത്തേ തുടങ്ങിയതാണ്. മലയാളത്തിലും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. എന്നാൽ, ലിപിൻ രാജ് തിരഞ്ഞെടുത്ത വഴിയതല്ല. താൻ കൂടി കഥാപാത്രമായ ഒരു സംഭവത്തെ പൊതിഞ്ഞ പരിവേഷങ്ങളെ ഒഴിവാക്കി യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കകയാണ്. സാമൂഹിക ജീവിതത്തെ തൊട്ടുതലോടുകയല്ല, നിശിത വിചാരണയ്ക്കുതന്നെ വിധേയമാക്കുന്നുമുണ്ട്. ഭാവനയുടെ വർണത്തിളക്കവും ഈ ആഖ്യാനത്തെ മികവുറ്റതാക്കുന്നു. 

 

Content Summary: Malayalam Book ' Elimination Round ' written by Lipin Raj M P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com