ADVERTISEMENT

എഴുതപ്പെട്ട അക്ഷരങ്ങളിൽ ഏറ്റവും കൂടുതലും സ്‌നേഹത്തെക്കുറിച്ചാണ്, പറയപ്പെട്ടതും. ചിന്തിച്ചതും ഭാവന ചെയ്തതും മറിച്ചല്ല. എന്നിട്ടും ചില വാക്കുകൾ, വാക്യങ്ങൾ, പുസ്തകങ്ങൾ വീണ്ടും സ്‌നേഹത്തെക്കുറിച്ചു പറയുമ്പോൾ ശ്രദ്ധിക്കാതിരിക്കാനാവില്ല. അവയുടെ അന്തരാർഥങ്ങൾ ഞെട്ടിക്കാതിരിക്കുന്നില്ല. ഇനിയും കണ്ടെടുക്കാനുണ്ടെന്നും വീണ്ടെടുക്കാനുണ്ടെന്നും ആ കടലിൽ മുങ്ങേണ്ടതുണ്ടെന്നും ഓർമിപ്പിക്കുന്നു. കൊതിപ്പിക്കുന്നു. എഴുത്തുകാരി സംഗീത ശ്രീനിവാസൻ പരിചയപ്പെടുത്തുന്ന ഐ ലവ് ഡിക്ക് ഇത്തരമൊരു പുസ്തകമാണ്. ചലച്ചിത്ര സംവിധായിക ക്രിസ് ക്രൗസിന്റെ ഹിതവും അവിഹിതവുമായ ബന്ധത്തിന്റെ കഥ. 

ഇന്ത്യയുടെയോ കേരളത്തിന്റെയോ സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങൾക്കു മനസ്സിലാക്കാവുന്നതല്ല ക്രിസ് ക്രൗസിന്റെ ലോകം. വ്യത്യസ്തമായ കുടുംബ ബന്ധങ്ങളും സൗഹൃദ പ്രണയങ്ങളും ജീവിത സാഹചര്യങ്ങളുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. അതിനെയൊക്കെ അതിജീവിച്ച് അഭിനിവേശത്തിന്റെ യാഥാർഥ്യത്തെയും തീവ്രതയെയും മലയാളികൾക്കും പകർന്നുനൽകാനാണ് സംഗീത ശ്രമിക്കുന്നത്. ഏറെ ബുദ്ധിമുട്ടുള്ളതാണ് ആ ദൗത്യം. ലക്ഷ്യം വിവർത്തകയുടെ പ്രവൃത്തിയെ പൂർണമായി ന്യായീകരിക്കുന്നുണ്ടെങ്കിലും ഐ ലവ് ഡിക്ക് കൂട്ടിലെത്താതെ കുഴഞ്ഞുവീഴുന്ന പക്ഷിയെയാണ് ഓർമിപ്പിക്കുന്നത്. 

ക്രിസ് ക്രൗസും ഭർത്താവ് സിൽവേർ ലെത്രാൻഷെയും. ജീവിതത്തിലും പ്രവർത്തനങ്ങളിലും കലുഷമായ കാലങ്ങൾ കടന്നവരാണ് ഇരുവരും. തങ്ങളുടേതായ പ്രവർത്തന മേഖലകളിൽ കഴിവു തെളിയിച്ചവർ. ശാരീരികവും മനസികവുമായി അടുത്തബന്ധം പുലർത്തിക്കൊണ്ട് ഒരുമിച്ചുള്ള ജീവിതം. യാത്രകളും പഠന ഗവേഷണ പ്രവർത്തനങ്ങളും സിനിമാ സംബന്ധമായ പ്രവൃത്തികളും അവർ മുന്നോട്ടുകൊണ്ടുപോകുന്നു. എന്നാൽ യാദൃച്ഛികമായി സിൽവേറിന്റെ സുഹൃത്ത് ഡിക്കിന്റെ വീട്ടിൽ അവർ അന്തിയുറങ്ങുന്നു. അയാളോട് ക്രിസിന് കടുത്ത ആസക്തി തോന്നുന്നു. അവർ തന്നെ സമ്മതിക്കുന്നതുപോലെ കൗമാരക്കാരിയും ചപലയുമായ പെണ്ണാക്കുന്നു. നിരന്തരമായി കത്തുകളെഴുതിക്കുന്നു. ഫോൺ വിളിക്കുന്നു. സമാഗമങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു. വേർപാടുകൾ അസഹനീയവും കാത്തിരിപ്പിന്റെ നെരിപ്പോടിൽ പൊള്ളിക്കുകയും ചെയ്യുന്നു. 

ക്രിസിന്റെ കത്തുകളിലൂടെയും വിചാരങ്ങളിലൂടെയുമാണ് നോവൽ പുരോഗമിക്കുന്നത്. എന്നാൽ അത് ഒറ്റപ്പെട്ട പ്രവൃത്തിയല്ല. ആ കത്തുകൾ ഭർത്താവ് കാണുന്നുണ്ട്. ആ വിചാരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നുണ്ട്. സിൽവേറും ഡിക്കിന് കത്തുകൾ അയയ്ക്കുന്നുമുണ്ട്. രണ്ടു വ്യക്തികൾ എന്ന തലം വിട്ട് മൂന്നാമതൊരാളുടെ സജീവസാന്നിധ്യം കൂടിയുള്ള പ്രണയം. 

ഭ്രമണപഥം നഷ്ടപ്പെട്ട ഗ്രഹത്തെപ്പോലെ പ്രണയത്തിന്റെ ആകാശത്ത് അലയുകയും ഉഴറുകയും ചെയ്യുന്ന വ്യക്തിയാണ് ക്രിസ്. ശാരീരികമായ ആകർഷണം ഉൾപ്പെടെ സ്വപ്‌നമായും സത്യമായും കുസൃതിയുമായൊക്കെ പച്ചയ്ക്ക് പറയുന്നുണ്ട് ഈ നോവലിൽ. മലയാളത്തിലേക്ക് അവ മൊഴിമാറ്റം ചെയ്യുക ധീരത ആവശ്യപ്പെടുന്ന പ്രവൃത്തിയാണ്. അങ്ങേയറ്റം പ്രാദേശികവും പൊതുവെ പരസ്യമായി പറയപ്പെടാത്തതുമായ, അശ്ലീലമെന്നും ആഭാസമെന്നും കരുതപ്പെടുന്ന വാക്കുകൾ ഉപയോഗിച്ചാണ് വിവർത്തക സാംസ്‌കാരിക വൈജ്യാത്യത്തെയും വിരുദ്ധ ധ്രുവങ്ങളിലുള്ള സംസ്‌കാരങ്ങളെയും കൂട്ടിയിണക്കാൻ ശ്രമിക്കുന്നത്. 

പ്രണയ കഥ എന്നതിനും ഭാര്യയായിരിക്കെ അന്യപുരുഷനോടു തോന്നുന്ന കടുത്ത ആസക്തി എന്നതിനപ്പുറവും മാനങ്ങളുണ്ട് ഐ ലവ് ഡിക്കിന്. ക്രിസിന്റെ കത്തുകൾ പ്രണയ ഭാഷണങ്ങൾ മാത്രമല്ല. കൊഞ്ചലും കുസൃതിയും പരസ്പരാനുരാഗത്തിന്റെ തീവത്രയിൽ നിന്നുള്ള പരിഭവങ്ങളും മാത്രമല്ല. ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളുടെ ചരിത്രവുമായും വർത്തമാനവുമായും സിനിമാ സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ഒട്ടേറെക്കാര്യങ്ങൾ പരാമർശിക്കപ്പെടുന്നു. സൈദ്ധാന്തിക ചർച്ചകൾ പോലും ഉണ്ടാകുന്നു. എന്നാൽ എല്ലാറ്റിനും മീതെയും താഴെയും അഗാധതയിലുമായി പ്രണയവും ആസക്തിയും കടന്നുപോകുന്നു. 

സ്‌നേഹം ലോകത്തെ കീഴ്‌മേൽ മറിക്കുന്നതെങ്ങനെ. അതിനെക്കുറിച്ചാണീ കഥ എന്നാണ് മാസങ്ങളോളം ഞാൻ കരുതിയത്. എന്നാൽ അത് വല്ലാത്ത അതിഭാവുകത്വമായിത്തീരും എന്ന് ക്രിസ് തന്നെ ഇടയ്ക്ക് പറയുന്നുണ്ട്. 

വിശുദ്ധമായ എന്തോ കാരണത്താലെന്നപോലെയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. കാരണം സ്ത്രീകളുടെ നിയന്ത്രണമില്ലായ്മ അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. എന്റെ മൗനവും നിയന്ത്രണങ്ങളും മൊത്തം പെൺവർഗ്ഗത്തിന്റെ മൗനവും നിയന്ത്രണങ്ങളുമായി ഉരുക്കിച്ചേർക്കുകയാണ്. പെണ്ണ് സംസാരിക്കുന്നു എന്ന വസ്തുതയും പെണ്ണായി തുടരുന്നതും വൈരുദ്ധ്യാത്മകമാവുന്നതും വ്യഖ്യാനങ്ങൾക്കപ്പുറത്താകുന്നതും ചഞ്ചലമാവുന്നതും ആത്മവിനാശകരമാവുന്നതും എല്ലാറ്റിലുമുപരി പരസ്യമാവുന്നതാണ് ലോകത്തിലെ ഏറ്റവും വിപ്ലവാത്മകമായ വസ്തുതതായി ഞാൻ കരുതുന്നത്. 

ക്രിസിന്റെ വാക്കുകളിൽ ആത്മാർഥതയുണ്ട്. സത്യസന്ധതയുണ്ട്. ആസക്തിയുടെ ചൂടും പ്രണയത്തിന്റെ കാൽപനികതയുമുണ്ട്. 

എന്നാൽ ക്രിസിന്റെ സ്‌നേഹം അതേപടി തിരിച്ചുകൊടുക്കുന്ന ഡിക്കിനെയല്ല നോവലിൽ ഉടനീളം കാണുന്നത്. അതെന്തുകൊണ്ടാണെന്ന് അവസാനത്തെ തീരെച്ചെറിയ കത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ക്രിസിന്റെ എണ്ണമറ്റ കത്തുകൾക്ക് മറുപടിയായി നോവലിലുള്ളത് ഡിക്കിന്റെ ഒരേയൊരു കത്തു മാത്രം. 

ഒരു പെണ്ണും ഒരു ദ്വീപ-ത്തിയല്ല. ആരുടെയെങ്കിലും മേൽ നങ്കൂരമിടാമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ പ്രണയിക്കുന്നത്, വീഴാതിരിക്കാനായി. 

ആണോ.... ഓരോരുത്തരെയും മറുപടിക്കു പ്രേരിപ്പിക്കുന്നുണ്ട് ഐ ലവ് ഡിക്ക്. ക്രിസിന്റെ ഭ്രാന്തവും സൗന്ദര്യാത്മകവുമായ മോഹത്തിന്റെ ചൂട്. സിൽവേറിന്റെ നിസ്സംഗതയോളം എത്തുന്ന സഹനവും പൊരുത്തപ്പെടലും. 

പരിഭാഷ നടക്കുന്നതിനിടെയാണ് സിൽവേൽ മരിക്കുന്നത്. ഡിക്ക് അകലെയാണ്. ക്രിസ് സിനിമയുടെ തിരക്കുകളിലും. ഒരുപക്ഷേ ഇനിയൊരിക്കലും ക്രിസിന് ഡിക്കിന് എഴുതാനാവില്ലായിരിക്കാം. അതിന്റെ കാരണങ്ങളിലൊന്ന് സിൽവേറിന്റെ അഭാവം തന്നെയാണ്. ചില പ്രണയങ്ങൾ അങ്ങനെയുമാണ്. ചിലരുടെ സാന്നിധ്യത്തിൽ മാത്രമേ അവയ്ക്കു ജീവനുള്ളൂ. സൂര്യന്റെ ചുടും വെളിച്ചവും ഉൾക്കൊണ്ട് വളരുന്ന ഒട്ടേറെ ചെടികളും മരങ്ങളും പോലെ. അവർക്കു മാത്രം പൂരിപ്പിക്കാനാവുന്ന ചില ഇടങ്ങളുണ്ട്. അവരുടെ സാന്നിധ്യം കൊണ്ടു മാത്രം സാഫല്യത്തിലെത്തുന്ന ബന്ധങ്ങളുമുണ്ട്. 

ആരുടേതാണ് തിരഞ്ഞെടുപ്പ്. അഥവാ പ്രണയം. ആസക്തി. അടുത്ത ഇര ഞാനോ നിങ്ങളോ.... 

Content Summary: Malayalam Translation of ' I Love Dick ' written by Chris Kraus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com