ADVERTISEMENT

ജ്ഞാനഭാരം എന്നത് ഇ. സന്തോഷ് കുമാറിന്റെ ഒരു നോവലിന്റെ പേര് മാത്രമല്ല. കഥകൾ, നോവലുകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികൾക്കും ചേരുന്ന വിശേഷണമാണ്. എന്നാൽ ഭാരം എന്നത് അക്ഷരാർഥത്തിൽ ശരിയല്ല. ഏതൊരു അറിവും എന്നെങ്കിലുമൊരിക്കൽ ഭാരമായി തോന്നാമെങ്കിലും. പൊതുവെ പാശ്ചാത്യ ലോകത്തെ സൃഷ്ടികളിലാണ് ജ്ഞാനം ഇഴുകിച്ചേരുന്ന അനുഭവം കാണാറുള്ളത്. വാക്കുകളും വാക്യങ്ങളും കഥയുടെ ആവരണമായിരിക്കുമ്പോൾ തന്നെ കഥയ്ക്കപ്പുറം സഞ്ചരിക്കുന്ന വജ്രശോഭ. ആ രചനകൾ നല്ല വായനക്കാരിലുണ്ടാക്കുന്ന ആഘാതം. അനുഭവങ്ങളെക്കുറിച്ചു പകരുന്ന അവബോധം. വെള്ളത്തിനു നടുവിൽ പങ്കായം പോലെ, മരുഭൂമിയിൽ ദാഹജലം പോലെ അവസാന നിമിഷത്തെയും അതിജീവിക്കുന്ന ജീവിതത്തിന്റെ വെളിപാടുകൾ. പരിചിത വാക്കുകൾപോലും അവാച്യമായ മറ്റൊരു അനുഭൂതി. എന്നാൽ മലയാളത്തിൽ ഉൾക്കനമുള്ള സൃഷ്ടികൾ കുറവാണ്. വിവർത്തനം ചെയ്യാത്തതുകൊണ്ടുമാത്രമല്ല, ഈ ഉൾക്കനത്തിന്റെ അഭാവം കൊണ്ടുകൂടിയാണ് പല കൃതികളും ആദ്യവായനയിൽ തന്നെ ചിറകു കുഴഞ്ഞ് വീഴുന്നത്. സ്വന്തം ഭാഷയ്ക്കപ്പുറം, ദേശത്തിനപ്പുറം, പ്രാദേശികതയുടെ ചെറിയുടെ വൃത്തത്തിനപ്പുറം കടന്നുപോകാത്തതും. എന്നാൽ സന്തോഷ്‌കുമാറിന്റെ സൃഷ്ടികൾ ഈ പരിമിതികളെ അതിലംഘിക്കാൻ ശ്രമിക്കുന്നു. വിവർത്തനം ചെയ്താൽ ഒരു അടിക്കുറിപ്പിന്റെയും സഹായമില്ലാതെ ഏതു വിദൂരഭാഷയിലും ആസ്വദിക്കാമെന്നത് ഉറപ്പ്. പ്രാദേശികതയെ കടന്നുപോകുന്ന, ദേശീയതയെ മറികടക്കുന്ന, ആഗോള മാനുഷിക ഭാവം അദ്ദേഹത്തിന്റെ പല രചനകളിലും ഒളി മിന്നുന്നു. 

പാവകളുടെ വീട് എന്ന ഏറ്റവും പുതിയ കഥാ സമാഹാരത്തിലെ കഥകളും ജ്ഞാനഭാരത്തിന്റെ അഥവാ, ഉൾക്കരുത്തിന്റെയും വെളിപാടിന്റെയും ബലത്താൽ അനുഗ്രഹീതവും സമ്പന്നവുമാണ്. ജ്ഞാന വൃദ്ധർ എന്നൊരു വിഭാഗവും സന്തോഷ്‌കുമാറിന്റെ കഥകളിലുണ്ട്. വയോധികർ പ്രധാന കഥാപാത്രങ്ങളാകുന്ന ഒന്നിലേറെ നോവലുകളും കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 

അവ മറ്റു കൃതികളിൽ നിന്ന് ജ്ഞാനത്താൽ വേറിട്ടുനിൽക്കുന്നുമുണ്ട്. പാവകളുടെ വീട് മറ്റൊരു ഉദാഹരണം മാത്രം. 

കേരളത്തെക്കുറിച്ചുള്ള ഒന്നോ രണ്ടോ പരാമർശങ്ങളൊഴിച്ചാൽ പ്രത്യേകിച്ചൊരു ബന്ധവും പാവകളുടെ വീട് എന്ന കഥയ്ക്കു മലയാളവുമായി ഇല്ല. ആഖ്യാതാവ് മലയാളിയാണ്. പ്രധാന കഥാപാത്രം കേരളത്തെക്കുറിച്ച്, മലയാളികളെക്കുറിച്ച് ഒന്നു രണ്ടു നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അവയ്ക്കപ്പുറം കൊൽക്കത്തയിൽ നടക്കുന്ന കഥയ്ക്കും സവിശേഷ ജീവിത സാഹചര്യത്തിനും പ്രാദേശികതയുടെ മേൽവിലാസം ഇല്ല. 

ഇപ്പോഴില്ലാത്ത ഒരു സ്ഥാപനം. അതിന്റെ ഉടമയായിരുന്നൊരാൾ പഴയ സ്ഥാപനത്തെക്കുറിച്ചു പുസ്തകമെഴുതാൻ ആഗ്രഹിക്കുന്നു. ചില ഭാഗങ്ങളുടെ വിശദീകരണത്തിനുവേണ്ടി ജീവചരിത്രവും ആത്മകഥയും എഴുതിക്കൊടുക്കുന്ന മലയാളിയുടെ സഹായം തേടുന്നു. ഇപ്പോഴില്ലാത്ത സ്ഥാപനത്തിന്റെ അവസാന മേധാവിയെ അയാൾ കണ്ടെത്തുന്നു, ഫോട്ടോഗ്രഫർക്കൊപ്പം. എന്നാൽ, ലക്ഷ്യമിട്ട വിവരങ്ങൾക്കൊപ്പം ആ മനുഷ്യന്റെ സവിശേഷമായ ജീവിതാവസ്ഥകൾ വെളിപ്പെടുന്നു. 

ഇപ്പോഴില്ലാത്ത എന്ന വാക്ക് ഒന്നിലധികം തവണ, അധിക അർഥത്തോടെ കഥയിൽ ഉപയോഗിക്കുന്നുണ്ട്. ആ വാക്കിൽ ഊന്നിനിൽക്കുന്ന എസ്. കലേഷിന്റെ കവിതയിൽ നിന്നുള്ള ഭാഗം പുസ്തകത്തിന്റെ തുടക്കത്തിൽ ചേർത്തിട്ടുമുണ്ട്. 

ഇപ്പോഴില്ലാത്തതെന്ന അനുഭവം ഏതു വ്യക്തിക്കും ഏതു കാലത്തും ഉണ്ടാകുമെങ്കിലും ജീവിതത്തിന്റെ അസ്തമയത്തിലായിരിക്കും ആ വാക്ക് എല്ലാ അർഥത്തോടും കൂടി ആവിഷ്‌കൃതമാകുന്നത്. കടന്നുപോകുന്ന ജീവിതത്തെക്കുറിച്ച് മറ്റാരാണ് ഗൃഹാതുരതയോടെ ഓർമിക്കുക. അടുത്തുവരുന്ന അന്ത്യം എന്ന ബോധമുണ്ടായിരിക്കെത്തന്നെ വേഗം കൈവരിക്കുന്ന പ്രവാഹത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നത്. അഥവാ ഇപ്പോഴില്ലാത്ത അനുഭവങ്ങൾക്കും ആർജവവും ഉൾക്കരുത്തും നൽകുന്നത്. ആവേശകരവും ദുഃഖകരവുമായ അനുഭവത്തിന്റെ കേന്ദ്രമായിരിക്കെ അതിനെക്കുറിച്ച് അറിയാതിരിക്കുകയും പിന്നീട് ഗൃഹാതുരതയോടെ ഓർമിക്കുന്നതും മനുഷ്യന്റെ ദുർവിധിയും ശാപവും തലയിലെഴുത്തുമാണ്. അതിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമം പോലും പലരും നടത്താറില്ല 

കാളിചരൺ മുഖർജിയുടെയും ഭാര്യയുടെയും ജീവിതത്തിലെ പ്രതിസന്ധി സൃഷ്ടിക്കുന്നതു കൊച്ചുമക്കളാണ്. അവരുടെ കുസൃതിയുടെ ഫലമായി ജീവിത സായന്തനത്തിൽ ഇരുവർക്കും തിരക്കിട്ടു ജോലി ചെയ്യേണ്ടിവരുന്നു. പരാജയപ്പെടുകയും നിസ്സഹായരാവുകയും ചെയ്യുന്നു. 

വിദേശത്തുനിന്ന് ഒരിക്കൽ കുട്ടികൾ മുത്തഛനോട് ചോദിച്ചതാണ്, എന്നാണു മരിക്കുന്നതെന്ന്. 

മരണം സംഭവിച്ചാൽ മാത്രമേ മുത്തഛനിൽ നിന്ന് അവർക്കിഷ്ടപ്പെട്ട ചില വസ്തുക്കൾ സ്വന്തമാക്കാനാവൂ എന്നതായിരുന്നു കാരണം. എന്നാൽ മുഖർജിയുടെ മക്കൾ കുട്ടികളെ ശകാരിച്ചു. വാക്കുകൾ നിയന്ത്രിച്ചു. എന്നാണു മരിക്കുന്നതെന്ന് മുത്തഛനോട് ചോദിക്കരുതെന്ന് വിലക്കി. ആ കുട്ടികൾ അത് അനുസരിക്കുക തന്നെ ചെയ്തു. 

എന്നാൽ, പീന്നീടും അവർക്ക് ചോദിക്കാതിരിക്കാനായില്ല, മുത്തഛൻ സൂക്ഷിച്ചുവച്ചിരിക്കുന്ന പാവകൾ എന്നാണ് തങ്ങൾക്കു കൈമാറിക്കിട്ടുക എന്ന്. മരണം എന്ന വാക്കു തന്നെ കുട്ടികൾ പരാമർശിക്കുന്നില്ല. എന്നാൽ നേരിട്ടു മരണത്തെക്കുറിച്ച് പറയുന്നതേക്കാൾ അധികം മരണഗന്ധം കലർന്നിരിക്കുന്നു. അവർക്കെങ്ങനെയാണ് മരണത്തെക്കുറിച്ച് ആലോചിക്കനാവുക, പ്രത്യേകിച്ചും സാഹസികതകൾ ക്ഷണിക്കുമ്പോൾ. ആവേശത്തിന്റെ ഭാഗമായിരിക്കുമ്പോൾ. 

വിഷാദം കലർന്ന ചിരി ഉയർന്നുകേൾക്കുന്നതെക്കുറിച്ച് കഥയുടെ അവസാനം സന്തോഷ്‌കുമാർ എഴുതുന്നുണ്ട്. എന്നാൽ തുടക്കം മുതൽ അവസാനം വരെ ആധാരശ്രുതി പോലെ, പശ്ചാത്തല സംഗീതം പോലെ ആ ചിരിയുണ്ട്. വിഷാദവും. അതിനെ സർവാത്മനാ അംഗീകരിക്കുന്നതിന്റെ നിസ്സംഗതയും. 

ഇപ്പോഴുണ്ടെങ്കിലും ഇപ്പോൾ തന്റേതല്ലാത്ത ഒരു വീടിനെക്കുറിച്ച് മുഖർജി പറയുന്നുണ്ട്. പാക്കിസ്ഥാനിലുള്ള ജനിച്ചുവളർന്ന വീടിനെക്കുറിച്ച്. ഔദ്യോഗിക സന്ദർശനത്തിനിടെ, ഒരിക്കൽ ആ വീട്ടിൽ പോകേണ്ടിവന്നതിനെക്കുറിച്ച്.  

അങ്ങനെ വർഷങ്ങൾക്കു ശേഷം, അന്നു രാത്രി ഞാൻ ആ വീട്ടിൽ എന്റെ പഴയ മുറിയിൽ താമസിച്ചു. അതിഥിയായിട്ട്. രാത്രിയിൽ ആതിഥേയനുമായി കുറേനേരം സംസാരിച്ചുകൊണ്ടിരുന്നു.ഞങ്ങൾ സംസാരിച്ചുപിരിയുമ്പോൾ സമയം കുറേ വൈകിയിരുന്നു. അതിനു ശേഷവും ഉറങ്ങാൻ കഴിയാതെ ഞാൻ വിഷമിച്ചു. ഓർമകൾ എന്ന വല്ലാതെ ഉലച്ചിരുന്നു. തലയണയിൽ മുഖമമർത്തി ഞാൻ കരഞ്ഞു. 

രണ്ടു കുന്നുകൾക്കിടയിലുള്ള, ദൂരെ നിന്നു നോക്കുമ്പോൾ മരിക്കാൻ നേരത്ത് അടയ്ക്കാനാവാതിരുന്ന വലിയ വായ പോലെ കാണപ്പെട്ട, പൂതപ്പാറയുടെ പശ്ഛാത്തലത്തിലുള്ള രണ്ടു മികച്ച കഥകളും ഈ സമാഹാരത്തിലുണ്ട്. ആക്ഷേപഹാസ്യം അന്തർധാരയായ മരണക്കുറിയും ജ്ഞാനോദയവും (വീണ്ടും ആ വാക്ക്. ജ്ഞാനം). 

രണ്ടു കഥകളും തികച്ചും വ്യത്യസ്തമായിരിക്കെത്തന്നെ അവിസ്മരണീയവുമാണ്. പ്രത്യേകിച്ചും ജ്ഞാനോദയം.  

പകൽ നീണ്ടുനീണ്ടുപോയി. ഉഷ്ണം വർധിച്ചു. ഉച്ചയായി. കൊഴിഞ്ഞു. പോക്കുവെയിൽ വന്നു. മാഞ്ഞു. വൈകുന്നേരമായി. ഇരുട്ടു പൊടിഞ്ഞുതുടങ്ങി. ഈ മഹാപ്രപഞ്ചത്തെ ഘോരാന്ധകാരം വീഴുങ്ങാൻ പോവുകയാണെന്നു തോന്നിച്ചു. 

അടുത്തകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച കഥകളാണ് ഈ സമാഹാരത്തിലുള്ളത്. 2022 ലെ ഏറ്റവും മികച്ച കഥകൾ. ഈ കാലത്തു മാത്രമല്ല, ഏതു കാലത്തും മലയാളത്തിന് അഭിമാനിക്കാവുന്ന ലോകകഥകൾ. 

Content Summary: Malyalam Book ' Pavakalude Veedu ' by E. Santhosh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com