ADVERTISEMENT

അപകടകരമായി ജീവിച്ച വ്യക്തിയാണ് ഏണസ്റ്റ് ഹെമിങ്‌വെ. ഒരു പ്രത്യേക വേഷത്തിൽ മാത്രം ഒതുങ്ങാതെ വ്യത്യസ്ത ജോലികളും വേഷങ്ങളും സ്വീകരിച്ച്, സാഹസികതയുടെ തോഴനായി ജീവിതം ആഘോഷിച്ച എഴുത്തുകാരൻ. പത്രപ്രവർത്തകനായിരിക്കെത്തന്നെയാണ് യുദ്ധമുന്നണിയിൽ ആംബുലൻസ് ഡ്രൈവറായത്. നായാട്ടുകാരനും ഫുട്‌ബോൾ കളിക്കാരനുമായത്. കാളപ്പോരുകാരനും മീൻപിടുത്തക്കാരനുമായി. എന്നാൽ ലോകം മുഴുവൻ അറിയപ്പെട്ടത് എഴുത്തുകാരൻ എന്ന നിലയിലാണ്. കരുത്തിന്റെയും പ്രണയത്തിന്റെയും കൂടി പ്രതീകമായിരുന്നു അദ്ദേഹം. പരുക്കുകൾ വകവച്ചില്ല. കൂടുവിട്ട് കൂടുമാറി പല ഹൃദയങ്ങളിൽ സ്‌നേഹം നിക്ഷേപിച്ചും സ്വീകരിച്ചും അരാജകത്വം ആഘോഷിച്ചു. എന്നാൽ എഴുത്തിൽ അദ്ദേഹം പാലിച്ച അച്ചടക്കം ഇന്നും മാതൃകയാണ്. ലോകത്തെ മുഴുവൻ എഴുത്തുകാർക്കും. വാക്കുകളിൽപ്പോലും പുലർത്തിയ സൂക്ഷ്മത. വികാരങ്ങളും വിചാരങ്ങളും കൈകാര്യം ചെയ്തതിലെ കൃത്യത. അനാവശ്യമായോ അമിതമായോ ഒരു വാക്കു പോലും പറയാതെ പണിതുയർത്തിയ അക്ഷരശിൽപങ്ങൾ. എഴുത്തിലെ അതികായനായ ഹെമിങ്‌വെയ്ക്ക് അദ്ദേഹത്തിന്റെ ആരാധകനായ സി.വി.ബാലകൃഷ്ണൻ അർപ്പിക്കുന്ന അഞ്ജലിയാണ് വൃദ്ധനും വൻകടലും. നൊബേൽ സമ്മാനം നേടിയ കൃതിയുടെ പുതിയ വിവർത്തനം. 

ക്ലാസിക്കുകൾ എന്നറിയപ്പെടുന്ന ഒട്ടേറെ കൃതികളുണ്ട്. അവയിൽ ചിലതെങ്കിലും പലയാവർത്തി വായിച്ച കുറച്ചുപേരെങ്കിലുമുണ്ട്. ഇതിഹാസ കൃതികൾ ഉൾപ്പെടെ. പുതിയ അർഥവും ധ്വനികളുമൊക്കെ ലഭിക്കുമ്പോഴും ആവർത്തിച്ചുള്ള വായനയ്ക്കു പരിമിതികളുണ്ട്. കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും വ്യക്തമായ അറിവോടുകൂടിയാണ് വായന. എന്നാൽ രണ്ടേ രണ്ടു കഥാപാത്രങ്ങളെ മാത്രം അണിനിരത്തി ഹെമിങ്‌വെ പറയുന്ന നോവൽ എത്ര തവണ വേണമൈങ്കിലും വിരസതയില്ലാതെ വായിക്കാം. കഥ, കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ ഒന്നുമല്ല വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്. 

ആകാംക്ഷയോ ഉൽകണ്ഠയോ ഉദ്വേഗമോ അല്ല പ്രചോദനം. ഇതു ജീവിതം തന്നെയാണെന്ന തിരിച്ചറിവ്. മരണവും. അതിരുകളില്ലാത്ത ജീവിതം. ഒത്തുതീർപ്പില്ലാത്ത മരണവും. 

എല്ലാ കഥകളും വളരെ നീളുകയാണെങ്കിൽ മരണത്തിൽ അവസാനിക്കുമെന്നും അതു വായനക്കാരിൽ നിന്ന് മറച്ചുപിടിക്കുന്നയാൾ യഥാർഥ കഥപറച്ചിലുകാരനല്ലെന്നും ഹെമിങ്‌വെ വിശ്വസിച്ചിരുന്നു. 

ഒരൊറ്റ നോവലിൽ, 100ൽ താഴെ പുറങ്ങളിൽ അദ്ദേഹം ജീവിതം ആഘോഷിച്ചു; മരണവും. മരണത്തിന്റെ കടൽ കര കയ്യേറുന്നതും സ്നേഹത്തിന്റെ പുതിയ ദ്വീപുകളിലൂടെ കടലിനെ പ്രതിരോധിക്കാനുള്ള ശ്രമവും. അവസാന നിമിഷത്തിനു തൊട്ടുമുമ്പും കീഴടങ്ങാൻ തയാറാകാതെ തലയുയർത്തിപ്പിടിക്കുന്ന കരുത്ത്. അപകടങ്ങൾ പതിയിരിക്കുന്ന വൻകടലിലേക്കു നായകനെ പറഞ്ഞുവിട്ട് ജീവിതത്തിന്റെ അർഥം ചൂണ്ടയിട്ടു പിടിക്കാനാണ് ഹെമിങ്‌വെ ശ്രമിച്ചതും വിജയം വരിച്ചതും. 

വൃദ്ധൻ സന്തിയാഗോ കടലിൽ നടത്തുന്ന പോരാട്ടം. കൂറ്റൻ സ്രാവുകളോട് എതിരിട്ട് കടൽക്കൊയ്ത്തുമായി തിരിച്ചെത്താനുള്ള വെമ്പൽ. ആർദ്രതയുടെ ഓർമ പകരുന്ന കുട്ടി.

തന്നെയും തന്റെ ഇരയെയും ആക്രമിക്കാനെത്തുന്ന മത്സ്യങ്ങളോട് സന്തിയാഗോയ്ക്ക് ഒരു വിരോധവുമില്ല. ശത്രുതയുമില്ല. സ്‌നേഹമുണ്ടുതാനും. കരയിൽ തിരിച്ചുചെല്ലുമ്പോൾ ശക്തിയുടെ, കരുത്തിന്റെ പ്രതീകമായി മാറുമെന്നുപോലും അയാൾ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, പോരാടാനുള്ള കരുത്ത് ഇനിയും തന്നിൽ അവശേഷിക്കുന്നു എന്നയാൾക്കു തെളിയിക്കേണ്ടതുണ്ട്. യൗവ്വനം വായിച്ചുകഴിഞ്ഞ പുസ്തകമാണെങ്കിലും അനുഭവങ്ങളുടെ കരുത്തിൽ കടലിനു മുന്നിൽ, കൂറ്റൻ മത്സ്യത്തിനു മുന്നിൽ തോൽക്കാൻ അയാൾ തയാറല്ല. അവസരങ്ങൾ കൈവിട്ടുപോകുന്നത് ജീവിതത്തിന്റെ സവിശേഷതയാണ്. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും നിസ്സഹായനാക്കപ്പെടുന്നതുമെല്ലാം പല ആവർത്തി അനുഭവിക്കേണ്ടിയും വന്നേക്കാം. എന്നാൽ അവസാനം മരണത്തെ മുഖാമുഖം കാണുമ്പോൾ വികാരങ്ങൾ അപ്രസ്തകമാകുന്നു. വിചാരങ്ങളും കണക്കുകൂട്ടലുകളും പിഴയ്ക്കുന്നു. ഇനിയൊരു അവസരം കൂടി ഇല്ല എന്ന തിരിച്ചറിവ്. ഒരു നിമിഷം പോലും കടം ചോദിക്കാനാവാത്ത നിസ്സഹായത. 

സന്തിയാഗോ പിന്നിട്ട ജീവിതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും നോവൽ മൗനം പാലിക്കുന്നു. അല്ലെങ്കിൽത്തന്നെ അത്തരം വിശദാംശങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്. ഒരു ജീവിതം മുഴുവൻ മുന്നിലുണ്ടായിട്ടും ആരവങ്ങൾക്കൊപ്പം പോകാതെ, വൃദ്ധനോട് സ്‌നേഹത്തോടെ സംസാരിക്കുന്ന, അയാൾക്കു കാപ്പി വാങ്ങാൻ ഓടുന്ന കുട്ടിയുടെ സാന്നിധ്യം മാത്രം ഉറപ്പാക്കി ഹെമിങ്‌വെ നടത്തുന്നത് യഥാർഥത്തിൽ ഒരു ചൂതുകളിയാണ്. 

ഇതിനു മുൻപു വന്ന മൊഴിമാറ്റങ്ങളിൽ നിന്ന് ഈ പുസ്തകം വ്യത്യാസപ്പെട്ടിരിക്കുന്നത് പ്രധാനമായും ഭാഷയുടെ തനിമയാലാണ്. തീരഗ്രാമത്തിന്റെ ഭാഷയിലേക്കു മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ നോവലിനെ പരാവർത്തനം ചെയ്തിരിക്കുന്നു. അതിനൊരു സവിശേഷ സൗന്ദര്യം തന്നെയുണ്ട്. 

വലതുകൈ വേണ്ടത്രയും നേരം വെള്ളത്തിലായെന്നു വിലയിരുത്തി, അയാളതു പുറത്തെടുത്ത്, അതിനു നേരെ നോക്കി. മോശമില്ല, അയാൾ പറഞ്ഞു. അല്ലേല് ഒരു മനുഷ്യന് വേദന കാര്യമുള്ളതല്ല. 

ചരടുണ്ടാക്കിയ പുതിയ ക്ഷതങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അയാൾ ചൂണ്ടച്ചരട് പിടിച്ച് വള്ളത്തിന്റെ അങ്ങേഭാഗത്തുള്ള കടലിൽ ഇടതുകൈ താഴ്ത്താൻ കഴിയുമാറ് തന്റെ ഭാരത്തിന്റെ സ്ഥാനം മാറ്റി. 

വിലകെട്ട എന്തിനെങ്കിലും വേണ്ടിയല്ല നീ ഇത്രയും കഠിനമായി മെനക്കെട്ടത്. അയാൾ തന്റെ ഇടതുകയ്യിനോട് പറഞ്ഞു. പക്ഷേ വേണ്ടുന്നൊരു നേരത്ത് നിന്റെ സഹായം ഉണ്ടായില്ല. നല്ല രണ്ടു കൈകളുമായി ഞാൻ ജനിക്കാതിരുന്നതെന്തേ ? അയാൾ ഖേദിച്ചു. 

ഈ വൻകടലിന്റെ ആരവം നോവലിൽ മാത്രമായി ഒതുങ്ങുന്നും ഒടുങ്ങുന്നുമില്ല. സന്തിയാഗോയുടെ ഉറക്കവും. അയാൾ അവസാനത്തെ ഉറക്കത്തിലൊന്നുമല്ല. ഒരു മയക്കം അത്രയേയുള്ളൂ. 84 ദിവസത്തിൽ അധികമാണല്ലോ കടലിൽ ഏകനായി കൂറ്റൻ മത്സ്യത്തോടും ഒട്ടേറെ സ്രാവുകളോടും പോരാടിയത്. കാഠിന്യമേറിയ ആ ദിവസങ്ങളുടെ ക്ഷീണവും തളർച്ചയും മാത്രം. സ്വപ്‌നത്തിൽ സിംഹങ്ങളാണ്. കടലും...കിനാവ് തീർന്ന് സന്തിയാഗോ എഴുന്നേൽക്കട്ടെ. ആ കുട്ടിക്കൊപ്പം നമുക്കും കാത്തിരിക്കാം. അതോ അയാളുടെ കിനാവിന് കാവലിരിക്കുക എന്ന കാഠിന്യമേറിയതെങ്കിലും അനാവര്യമായ കാത്തിരിപ്പാണോ വേണ്ടത്. 

Content Summary: Book ' Vridhanum Vankadalum ' written by Ernest Hemingway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com