ADVERTISEMENT

പാമ്പിൻകുഞ്ഞിനെ ചവിട്ടിയതുപോലെയാണ് ഞാൻ കഥയെയും അറിയാതെ ഒരിക്കൽ ചവിട്ടി ഉണർത്തിയത്. പാമ്പിൻകുഞ്ഞ് ഇഴഞ്ഞുപോയി. കഥ എന്നെ എല്ല് നുറുങ്ങുംവിധം ചുറ്റിവരഞ്ഞ് പാടേ വിഴുങ്ങിക്കളഞ്ഞു. അതിൽപിന്നെ ഞാനില്ല. കഥയേയുള്ളൂ. 

ബാല്യത്തിൽ തുടങ്ങി കൗമാരത്തിലൂടെ വളർന്ന് യൗവ്വനത്തിലും കഥ തന്നിൽ തഴച്ചുവളർന്നതിനെക്കുറിച്ച് മീര എഴുതുമ്പോൾ, ആ വാക്കുകളിലെ സത്യവും സൗന്ദര്യവും ആഹ്ലാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഓർത്തിരിക്കുന്ന മികച്ച കഥകളെല്ലാം വേദനയെക്കുറിച്ചുള്ളതാണ്. വേദനയുടെ ഒഴുക്ക് കടഞ്ഞു സൗമ്യമാക്കിയ വെള്ളാരംകല്ലുകൾ. അവ ശേഖരിക്കുന്ന എഴുത്തുകാർ. വായനക്കാർ. 

ആഴത്തിൽ മനസ്സിൽ പതിഞ്ഞ കഥകളാണ് മീരയുടേത്. സർപ്പദംശനം പോലെ കടുത്ത ആഘാതമേൽപിച്ചവ. അതിജീവിച്ചവർക്കുപോലും സമ്പൂർണ മുക്തി ഒരിക്കലും അനുവദിക്കാതിരുന്നവ. 

അതിഭാവുകത്വത്തിലേക്കു വഴുതിവീഴാതെ, എന്നാൽ അതിലോലമായ വികാരങ്ങളെപ്പോലും അക്ഷരങ്ങളാൽ നിയന്ത്രിച്ചും ഉൾക്കാഴ്ചകളാൽ നയിച്ചും പുതുലോകങ്ങൾ തുറന്ന കഥകൾ. 

ഓർമയുടെ ഞരമ്പിൽ തുടങ്ങി ആരാച്ചാരിലൂടെ ഖബർ വരെ എത്തിനിൽക്കുന്ന പുസ്തകങ്ങൾ പകർന്നത് സവിശേഷമായ ഭാവവും ഭാവുകത്വവുമാണ്. നോവലുകളെക്കുറിച്ച് അധികമൊന്നും ഈ പുസ്തകത്തിൽ പറയുന്നില്ലെങ്കിലും താൻ എങ്ങനെ കഥാകാരിയായി എന്ന സത്യവാങ്മൂലമാണ് കഥയെഴുത്ത്. കഥയക്കു മുമ്പും ശേഷവും അനുഭവിച്ച മാനസിക പീഡനങ്ങൾ. കഥാകൃത്തിന്റെ പിറവിയും വളർച്ചയും കൃത്യമായി രേഖപ്പെടുത്തുന്ന നാൾവരിപ്പുസ്തകം. ഡയറി പോലെ പല കാലങ്ങളിൽ, പല സ്ഥലങ്ങളിൽ അക്ഷരങ്ങളിലൂടെ എഴുത്തുകാരിയുടെ വ്യക്തിത്വം ഉരുവം കൊണ്ടതിന്റെ ചരിത്രം. 

സർപ്പയജ്ഞം എന്ന ആദ്യകാല കഥ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണത്തിൽ വന്നതിനുശേഷമുള്ള പ്രതികരണങ്ങളാണ് മീര എന്ന എഴുത്തുകാരിയുടെ പിൽക്കാല വ്യക്തിത്വം രൂപപ്പെടുത്തിയത്. പ്രമുഖർ ഉൾപ്പെടെ പലരും മികച്ച അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും ഒരു സഹപ്രവർത്തകന്റെ വിമർശനം എഴുത്തുകാരിയെ പ്രകോപിപ്പിച്ചു. 

കഥ വായിച്ചു. പൊതുവെ പെണ്ണുങ്ങൾ എഴുതുന്ന കഥകൾ ഞാൻ വായിക്കാറില്ല. അടുക്കളയിൽ ആരംഭിച്ച് വരാന്തയിൽ അവസാനിക്കുന്ന കഥകളാണ് എല്ലാം. 

പ്രായവും വിദ്യാഭ്യാസവും ലോകപരിചയവും ജോലിപരിചയവും കുറവുള്ള ഒരു ചെറുപ്പക്കാരൻ അവന്റെ ആണത്തത്തിന്റെയും അതു നൽകുന്ന പ്രിവിലേജുകളുടെയും ചാരുകസേരയിലിരുന്ന് നടത്തിയ പുശ്ഛം. അടുക്കളയിൽ നിന്നു വരാന്തയോളമല്ലാതെ മുറ്റത്തേക്കും പൊതുനിരത്തിലേക്കും ഇറങ്ങാൻ എന്തുകൊണ്ടാണ് പെണ്ണുങ്ങൾക്കു കഴിയാത്തത് എന്നറിയാൻ അയാൾ ശ്രമിച്ചില്ല. അതു താൻ കൂടി ഉൾപ്പെടുന്ന സമൂഹത്തിന്റെ പോരായ്മയാണ് എന്ന് അംഗീകരിച്ചിട്ടില്ല. അടുക്കള മുതൽ വരാന്ത വരെയുള്ള ഇടത്തുനിന്നാണ് അയാൾ ഉൾപ്പെടെയുള്ള ആങ്കുട്ട്യോളെ പെറ്റുവളർത്തിയ പെണ്ണുങ്ങൾ ലോകം കാണാറുള്ളതെന്നും ആ കാഴ്ച ഇൻസൈഡ് വ്യൂ ആണെന്നും ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന ആണുങ്ങളെക്കാൾ തീവ്രവും കൃത്യവുമാണ് അവരുടെ ഉൾക്കാഴ്ചയെന്നും പത്രപ്രവർത്തകനായിട്ടും അയാൾ മനസ്സിലാക്കിയിട്ടില്ല. അയാളെപ്പോലെയുള്ള ആൺകുട്ടികൾ എഴുതുന്ന കഥകളും നോവലുകളുമാണ് ഇക്കാലമത്രയും വായിച്ചത്. അവരുടെ സ്ത്രീസങ്കൽപമാണ് മിക്കവരെയും രൂപപ്പെടുത്തിയതും. 

പെണ്ണുങ്ങളിൽ നിന്ന് ഈ ആങ്കുട്ട്യോൾ കേട്ടിട്ടില്ലാത്തതും പ്രതീക്ഷിക്കാത്തതുമായ കഥകൾ പറയണമെന്ന് ഇതിനുശേഷമാണ് മീര തീരുമാനിക്കുന്നത്. പെണ്ണുങ്ങളിൽ ഏറെപ്പേരും പറഞ്ഞിട്ടുള്ളത് ആങ്കുട്ട്യോൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കഥകളാണ്. തങ്ങൾ പ്രതീക്ഷിക്കാത്ത കഥകളും ഈ ലോകത്തുണ്ടെന്ന് അവർ മനസ്സിലാക്കണം. അത്തരം കഥകൾ കേട്ടുതുടങ്ങുമ്പോൾ ഭൂമി അവർക്കുമാത്രമുള്ളതല്ലെന്നും ഉമ്മറത്തെ ചാരുകസേര അവരുടെ നീതിബോധമില്ലായ്മയുടെ പ്രതീകമാണെന്നും ആങ്കുട്ടോൾക്കു മനസ്സിലാകും. കുറഞ്ഞപക്ഷം, പെണ്ണുങ്ങൾ പറഞ്ഞ കഥകളാണ് ആണുങ്ങളായ എഴുത്തുകാർ രേഖപ്പെടുത്തിയിട്ടുള്ളത് എന്നെങ്കിലും അവർ തിരിച്ചറിയണം. പെണ്ണുങ്ങൾ കഥകളിൽ നിന്നു പിൻവാങ്ങിയാൽ പിന്നെ ഈ ലോകത്ത് കഥകളില്ലെന്നും.

മീര വ്യക്തമാക്കുന്നു: എനിക്കു വായനക്കാരെ കരയിപ്പിച്ചാൽ മാത്രം പോരാ. അവരെ തകർത്ത് എറിയുകയും വേണം. തരിതരിയായി തകർക്കണം. അങ്ങനെ തകർത്തുകഴിഞ്ഞാൽ മാത്രമേ ഒരാൾക്കു സ്വയം നവീകരിക്കാനും സ്വയം സ്നേഹിക്കാനും സാധിക്കുകയുള്ളൂ എന്ന് എനിക്ക് നന്നായറിയാം. 

 

Content Summary: Malayalam Book ' Kathayezhuthu ' written by K R Meera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com