ADVERTISEMENT

കാലം എഴുത്തുകാരന്റെ മാത്രമല്ല ഏതു കലാകാരന്റെയും വ്യാധിയോ ആധിയോ ആണ്. കഴിഞ്ഞകാലം ആവിഷ്കരിക്കുമ്പോഴും കാലത്തെ കടന്നുനിൽക്കുകയാണ് ലക്ഷ്യം. കാലത്തിനൊപ്പം സഞ്ചരിക്കുന്നവർക്കുമാത്രം സാധ്യമാവുന്ന സാഫല്യം. നിനച്ചിരിക്കാതെ കാലം കടന്നുപോവുകയും പിന്നാലെ സാവധാനം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന എഴുത്തുകാർക്ക് സമകാലിക സമൂഹത്തിൽ പരിഗണന കിട്ടണമെന്നില്ല. എന്നാൽ ബോധപൂർവം കാലത്തിന്റെ കടമ്പ കടക്കാൻ ശ്രമിച്ചതുകൊണ്ടുമാത്രം  ലക്ഷ്യം നിറവേറണമെന്നുമില്ല. എം. മുകുന്ദന്റെ ഏറ്റവും പുതിയ നോവൽ ‘നിങ്ങൾ’ വായിക്കുമ്പോൾ കാലത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാനാവില്ല. എഴുത്തുകാരൻ കാലത്തിലൂടെ പിന്നിട്ട ദൂരത്തെയും ഇപ്പോൾ എവിടെയെത്തി എന്ന യാഥാർഥ്യവും. 

 

ആറു പതിറ്റാണ്ട് മുമ്പാണ് മുകുന്ദന്റെ ആദ്യ കഥ വെളിച്ചം കാണുന്നത്. പിന്നീട് ഇങ്ങോട്ടുള്ള പതിറ്റാണ്ടുകൾ ഒന്നിനൊന്നു മികച്ചുനിൽക്കുന്ന നോവലുകളിലൂടെ അദ്ദേഹം സ്വന്തമാക്കി. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്റെ വികൃതികളും കടന്ന് ആദിത്യനും രാധയും മറ്റു ചിലരിലൂടെയും സഞ്ചരിച്ച് നിങ്ങളിൽ എത്തിനിൽക്കുന്ന സമ്പന്നമായ സാഹിത്യ പൈതൃകത്തിന്റെ ഉടമ. ഇതിനിടെ, കൂട്ടം തെറ്റി മേഞ്ഞ അദ്ദേഹം ആധുനികതയെ പൊള്ളുന്ന വാക്കുകളിൽ അടയാളപ്പെടുത്തി. ഈ ലോകം അതിലൊരു മനുഷ്യൻ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു ഉൾപ്പെടെയുള്ള നോവലുകൾ പുതിയൊരു കാലത്തെ അടയാളപ്പെടുത്തി. പുതിയ മനുഷ്യരെ. മാറിയ ഭാവുകത്വത്തെ. എന്നാൽ ആദിത്യനിൽ എത്തിയപ്പോഴേക്കും ഉത്തരാധുനികതയെ പരീക്ഷിക്കാനും അദ്ദേഹം തയാറായി. കടന്നുപോകുന്ന കാലത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ആ യാത്ര മികച്ച കലാസൃഷ്ടികളിലൂടെ അടയാളപ്പെടുത്താനും കഴിഞ്ഞു. ചെറുതല്ലാത്ത നേട്ടമാണത്. ഒരുപക്ഷേ മലയാളത്തിൽ അധികമാർക്കും കഴിഞ്ഞിട്ടില്ലാത്ത അപൂർവത. ഇന്നും മുകുന്ദന്റെ പുതിയ സൃഷ്ടികൾ കാത്തിരുന്നു വായിക്കുന്ന വായനക്കാർ ഒട്ടേറെയുണ്ട്. അവരുടെ മുന്നിലേക്കാണ് അദ്ദേഹം നിങ്ങൾ സമർപ്പിക്കുന്നത്. വ്യത്യസ്തമായ വായനാനുഭവം എന്ന ഉറപ്പുമായി. 

 

പേര് ഉണ്ടെങ്കിൽപ്പോലും നിങ്ങൾ എന്ന പദത്തിലൂടെ കഥാനായകനെ അവതരിപ്പിച്ച്, ആ വാക്ക് ഒട്ടേറെത്തവണ ആവർത്തിച്ച്, വായനക്കാരെ കഥാനായനാക്കുന്ന പുതിയൊരു ടെക്നിക്കാണ് ഇവിടെ പ്രയോഗിക്കുന്നത്. ചിലപ്പോഴൊക്കെ അരോചകമാണെങ്കിലും പരീക്ഷണം എന്ന നിലയിൽ നിങ്ങൾ എന്ന പദത്തിന്റെ അർഥവും വ്യാപ്തിയും ധ്വനിപ്പിക്കാനുള്ള ശ്രമവും പരീക്ഷണ വ്യഗ്രതയും ശ്രദ്ധേയമാണ്. 

 

ഉണ്ണീഷ്ണനാണ് നിങ്ങൾ എന്ന കഥാപാത്രത്തിനുള്ളിൽ മറഞ്ഞിരിക്കുന്നത്. എന്നാൽ അത് ആരുമാകാം. ഇപ്പോൾ വാർധക്യത്തിലെത്തി നിൽക്കുന്ന ആർക്കും തോന്നാവുന്നതും അവർ അനുഭവിച്ചതുമായ വികാരലോകമാണ് നോവലിന്റെ പ്രമേയം. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ മയ്യഴി ഭാഷയിലൂടെ നോവൽ വികസിക്കുന്നു. മയ്യഴിപ്പുഴയിലും മറ്റും പരീക്ഷിച്ചു വിജയിച്ച നാട്ടുമൊഴി തന്നെയാണ് നോവലിന് ഏകാന്തശ്രുതി ചേർക്കുന്നത്. നാഗരിക ഭാഷയെ വിജയകരമായി ഉപയോഗിക്കുകയും വിജയം വരിക്കുകയും ചെയ്ത എഴുത്തുകാരനായിട്ടും അടുത്തകാലത്തിറങ്ങിയ നോവലുകളിൽ അദ്ദേഹം നാട്ടുഭാഷയിലേക്ക് തിരിച്ചുപോകുകയായിരുന്നു. കുട നന്നാക്കുന്ന ചോയിയിൽ ഉൾപ്പെടെ ഇതേ തന്ത്രമാണ് ഉപയോഗിച്ചതും. 

 

ഉണ്ണീഷ്ണൻ എന്ന നിങ്ങളിലൂടെ സംഭവ ബഹുലമായ കഥയൊന്നുമല്ല മുകുന്ദൻ പറയുന്നത്. എന്നാൽ, തീരെ ശുഷ്കവുമല്ല കഥാലോകം. കേരളത്തിലെ ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചുവളർന്ന  മനുഷ്യന്റെ ലോകം ഗൃഹാതുര സൗന്ദര്യം ജ്വലിക്കുന്ന ഭാഷയിൽ, പഴയ ഭാവുകത്വത്തിൽ അനാവരണം ചെയ്യപ്പെടുന്നു. എന്നാൽ നോവൽ തുടങ്ങുന്നതും അവസാനിക്കുന്നതും പുതിയ കാലത്താണ്. എന്നാൽ അവിടെയും പഴയ കഥാപാത്രങ്ങൾ ഇല്ലാതില്ല. പത്രസ്ഥാപനവും പ്രാദേശിക പത്രപ്രവർത്തകരും അവരുടെ സംസാരവും പ്രവൃത്തികളുമൊക്കെ പുതിയ കാലത്തിനോട് യോജിക്കാത്തതും എന്നാൽ പഴയകാലത്തിന്റെ പുതപ്പ് പൂർണമായി ഊരിമാറ്റാത്തതുമാണ്. 

 

ഉണ്ണീഷ്ണൻ സ്വന്തം മരണം പ്രവചിക്കുകയാണ്. കൃത്യദിവസം. പത്രസമ്മേളനം നടത്തിയാണ് പ്രഖ്യാപനം. അതിനു വലിയ വാർത്താപ്രാധാന്യം ലഭിക്കുന്നില്ല. എന്നാൽ, ആ പ്രഖ്യാപനത്തിൽ ഞെട്ടിപ്പിക്കുന്ന വാർത്തയുടെ സാധ്യത കണ്ടെത്തുന്ന എഡിറ്റർ, പത്രപ്രവർത്തനം പരിശീലിക്കാൻ വന്ന യുവതിയെ ഉണ്ണീഷ്ണന്റെ മനസ്സ് കണ്ടെത്താൻ അയയ്ക്കുകയാണ്. പാറുവിന്റെ അന്വേഷണത്തിലൂടെയും ഉണ്ണീഷ്ണന്റെ തന്നെ ആത്മഗതങ്ങളിലൂടെയും കഴിഞ്ഞ കാലവും പുതിയ കാലവും മുകുന്ദൻ അവതരിപ്പിക്കുന്നു. 

 

ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും കഥയുമായി ഉണ്ണീഷ്ണന്റെ കഥ കലരുകയും വേറിട്ടുനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും പഴയൊരു നോവൽ ആവർത്തിച്ചു വായിക്കുന്നതുപോലെ തോന്നാം. 

വലിയ പുതുമയൊന്നും നിങ്ങളിൽ നിറയ്ക്കാൻ മുകുന്ദനു കഴിഞ്ഞിട്ടില്ല. സ്വന്തം മരണം ഉണ്ണീഷ്ണൻ എങ്ങനെ നിശ്ചയിച്ചു എന്നതും നടപ്പാക്കുന്നു എന്നതുമാണ് ക്ലൈമാക്സ്. അത് ദയാവധം എന്ന ഒട്ടേറെ മനുഷ്യരുടെ ആവശ്യത്തിലേക്കാണു നീളുന്നത്. 

 

കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്ന ഉണ്ണീഷ്ണൻ വാർധക്യത്തിലും ഇനിയൊരു 20 വർഷം  കൂടി സുഖമായി ജീവിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. അതിൽ പ്രത്യേകിച്ചൊരു അനൗചിത്യമോ അസ്വാഭാവികതയോ അയാൾ കണ്ടിരുന്നുമില്ല. എന്നാൽ നിനച്ചിരിക്കാതെയെത്തിയ അസുഖം അയാളുടെ പദ്ധതികൾ തകിടം മറിക്കുന്നു. അതോടെ, മരണവുമായി ഒരു ഓട്ടപ്പന്തയം തന്നെ നടത്തേണ്ടിവരുന്നു. 

 

യാഥാർഥ്യവുമായി ബന്ധമില്ല ക്ലൈമാക്സിനെന്ന് മുകുന്ദൻ ഉറപ്പിച്ചു പറയുന്നുണ്ട്. സാധ്യതയെയാണ് അദ്ദേഹം തേടുന്നത്. അത് മിഴിവോടെ അവതരിപ്പിക്കാൻ കഴിയുന്നുണ്ട് എന്നതാണ് നിങ്ങൾ എന്ന നോവലിന്റെ ഹൈലൈറ്റ്. അവസാന അധ്യായങ്ങളിലെത്തുമ്പോൾ അതുവരെ നോവലിനു നഷ്ടമായ വൈകാരികത അനുഭവിക്കാനും കഴിയുന്നു. 

 

നിങ്ങൾ എന്ന അവസ്ഥയിലൂടെ, വാർധക്യത്തെ സമീപിക്കുന്നവർക്കും സായാഹ്ന ചിന്തകളുമായി താദാത്മ്യം പ്രാപിക്കുന്നവർക്കുമെങ്കിലും നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. അതിനപ്പുറം മുകുന്ദൻ എന്ന എഴുത്തുകാരന് അഭിമാനിക്കാനുള്ള വകയൊന്നും നോവൽ അവശേഷിപ്പിക്കുന്നില്ല.  

 

Content Summary : Ningal Book by M. Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com