ADVERTISEMENT

ഹിമാലയത്തോളം വളരുകയാണ് മലയാളത്തിലെ ഹിമാലയ യാത്രാ വിവരണ സാഹിത്യവും. അതിലെ ഓരോ കൃതിയുടെ വായനയും ആ പർവത രാജന്റെ കാഴ്ചാനുഭവങ്ങളെപ്പോലെ തന്നെ. ഒന്നിനൊന്ന് വ്യത്യസ്തം. ഹിമാലയത്തെ സഞ്ചാരികളുടെ ഇഷ്ടഭൂമിയാക്കി മാറ്റുന്നതും കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഈ വൈവിധ്യം തന്നെ. തീർഥയാത്രയ്ക്കും പ്രകൃതി അനുഭവത്തിനും പർവത സഞ്ചാരത്തിനും മഞ്ഞിന്റെ വിശുദ്ധിക്കും ഒരുപോലെ വഴിയൊരുക്കുന്ന ഒരേയൊരു പ്രദേശമേ ഭൂമിയിലുണ്ടാകൂ, അത് മറ്റൊന്നുമല്ല ഈ ഹിമവാൻ തന്നെ. ആ മണ്ണിലൂടെ നടക്കുമ്പോൾ മനസ്സ് ഊന്നി നിൽക്കുന്നത് എവിടെയാണോ അതിനു തുല്യമായിരിക്കും ഹിമാദ്രിയുടെ സാന്ത്വന സ്പർശങ്ങൾ എന്ന് അടിവരയിട്ടു കുറിക്കുന്നു പഞ്ചകേദാര ആദികൈലാസ രഥ്യകളിലൂടെ എന്ന യാത്രാ വിവരണം.

കൈലാസ വഴി അടഞ്ഞു, കേദാരപാത തേടി

യാത്രകളെ ആത്മാന്വേഷണ പഥമായി സ്വീകരിച്ച പാലക്കാട് സ്വദേശി അശോകൻ തമ്പാൻ കെ. ആണ് പഞ്ചകേദാര ആദികൈലാസ രഥ്യകളുടെ രചയിതാവ്. നാല് കൈലാസങ്ങളിലേക്കുള്ള തീർഥാടനങ്ങൾ പൂർത്തീകരിച്ച് അഞ്ചാമത്തേതും അവസാനത്തേതുമായ ആദി കൈലാസ യാത്രയ്ക്ക് തയ്യാറാകുമ്പോഴാണ് പ്രകൃതിക്ഷോഭം ആദികൈലാസ പാതകളെ പ്രതികൂലമായി ബാധിക്കുന്നത്. ഹിമാലയത്തിന്റെ രസാനുഭൂതികളിലേക്ക് മനസ്സ് ഉറച്ച് കഴിഞ്ഞാൽ പിൻവലിയുക എളുപ്പമല്ല. അങ്ങനെയാണ് പഞ്ചകേദാര യാത്രയിലേക്ക് ഗ്രന്ഥകാരൻ എത്തുന്നത്. 

കൊടുമുടികളുടെ ഉന്നതികളെ വിട്ട് സാഗരത്തെ തേടുന്ന ഗംഗാപ്രവാഹം സമതലത്തെ തൊടുന്ന ഹരിദ്വാർ കാഴ്ചകളിലാണ് ഒട്ടുമിക്ക ഹിമാലയ തീർഥാടനങ്ങളും പോലെ ഈ യാത്രയും ആരംഭിക്കുന്നത്. ഹൃഷീകേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, അഗസ്ത്യമുനി, കുണ്ഡ്, ഗുപ്തകാശി വഴി മന്ദാകിനീ തീരം വഴി സാക്ഷാൽ കേദാരനാഥന്റെ ദർശനം, തുടർന്ന് ശിവപാർവതീ പരിണയ വേദി എന്ന് വിശ്വസിക്കുന്ന ത്രിയുഗി നാരായൺ, മധ്യമാഹേശ്വർ, അവാച്യമായ അനുഭൂതി പകരുന്ന തുഗനാഥ്, വനമധ്യത്തിലെ രുദ്രനാഥ്, ഹിമവൽ ഗ്രാമഭംഗിയിൽ ലയിക്കുന്ന കൽപേശ്വർ ..... യാത്രാ മംഗളം പോലെ സാക്ഷാൽ ബദരീ ധാമം... അനുവാചകനെയും കൂട്ടി അശോകൻ തമ്പാൻ കാഴ്ചകളിലൂടെയും യാത്രാനുഭവങ്ങളിലൂടെയും സഞ്ചരിക്കുകയാണ്. 

പഞ്ചകേദാര യാത്ര പൂർത്തിയാക്കി ഒരു വർഷത്തിനു ശേഷമാണ് കാത്തിരുന്ന ആദി കൈലാസത്തിലേക്കുള്ള തീർഥാടനത്തിന് അവസരം എത്തുന്നത്. ടിബറ്റിലെ കൈലാസ മാനസ സരോവരത്തിലേക്കുള്ള പരമ്പരാഗത തീർഥാടന വഴിയിൽ ഇന്ത്യൻ അതിർത്തിക്കു സമീപം എത്തിയ ശേഷമാണ് സ്വപ്നാനുഭൂതി പകരുന്ന ഈ കൈലാസ ദർശനം സാധ്യമാകുന്നത്.

സമാന്തര സഞ്ചാരങ്ങൾ

സഞ്ചാര കഥനത്തെ കാഴ്ചകളുടെ സൗന്ദര്യദർശനം മാത്രമായി പരിമിതപ്പെടുത്താതെ, അനുഭവങ്ങളെ സ്വാംശീകരിച്ച് തന്റേത് മാത്രമാക്കി അവതരിപ്പിക്കുന്നിടത്താണ് യാത്രാവിവരണങ്ങളിൽ ഗ്രന്ഥകാരൻ വ്യത്യസ്തനാകുന്നത്. ഹിമവാന്റെ മടിത്തട്ടിലെ ഗ്രാമങ്ങളും ഗ്രാമീണരും അവരുടെ ജീവിതങ്ങളും ഈ സഞ്ചാരത്തിലെ അവിഭാജ്യ ഘടകങ്ങളാണ്.

ഹിമാലയത്തിലെ കാഴ്ചകൾക്കൊപ്പം പുരാണങ്ങളും ഉപനിഷത്തുകളും ശങ്കര കൃതികളും അടങ്ങുന്ന വലിയൊരു വാങ്മയ സാമ്രാജ്യത്തിലൂടെയും ഗ്രന്ഥകാരൻ വായനക്കാരെ കൊണ്ടുപോകുന്നുണ്ട്. ദാർശനികതയിലൂന്നിയ ശിവ ചൈതന്യത്തെ തേടുന്ന സഞ്ചാരത്തിൽ അനിവാര്യമായൊരു സമാന്തര തീർഥയാത്രയാണ് അത്. മംഗളാനുഭൂതി പകരുന്നതെല്ലാം ശിവമാണ്, ആ അർഥത്തിൽ ഹിമാലയ പാതകളിലെ ശിവാനുഭൂതിയാണ് ഈ യാത്രാവിവരണം.

ഹിമാലയ ശൃംഗത്തിലൂടെ ഒഴുകി എത്തുന്ന നീരുറവകളിലോരോന്നിനും ഗംഗയാറിന്റെ പുണ്യാനുഭൂതി പകരാനാകും. അതിൽ വലുപ്പ ചെറുപ്പം ഘടകമല്ല. അതേ പോലെ പ്രാധാന്യത്താലും സഞ്ചാരപാതയുടെ അനിതര സാധാരണത്തത്താലും വേറിട്ടു നിൽക്കുന്ന പഞ്ചകേദാര, ആദി കൈലാസ യാത്രകളെ അതിന്റെ സഞ്ചാര രസാനുഭൂതി നഷ്ടമാകാതെ പകർന്നു നൽകുന്നു പഞ്ചകേദാര ആദികൈലാസ രഥ്യകളിലൂടെ എന്ന ഗ്രന്ഥം. 

Content Summary: Malayalam Book ' Panchakedara adikailasa rathyakaliloode ' by Asokan Thampan K 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com