ADVERTISEMENT

ആശകൾ നിറവേറ്റാൻ വൈകുമ്പോൾ ഹൃദയം രോഗാതുരമാകുന്നു. ആശകൾ തിരിച്ചറിയാൻ പോലും കഴിയാതെ ഇര ജീവിതം ജീവിക്കുമ്പോഴോ. അഭീഷ്ടസിദ്ധി ജീവന്റെ വൃക്ഷമാണ്. അഭീഷ്ടങ്ങൾ എന്നത് അനിഷ്ടങ്ങൾ മാത്രമാകുമ്പോൾ ജീവിക്കുകയല്ലല്ലോ, മരിക്കുകയല്ലേ. മരിച്ചു ജീവിക്കുന്നവർ. അങ്ങനെ കുറേപ്പേർ നമുക്കൊപ്പമുണ്ട്. അവരുടെ ഹൃദയം അനാവരണം ചെയ്യുന്ന താക്കോലുകളാണ് ജിസ ജോസിന് വാക്കുകൾ. കഥകളിൽ തുടങ്ങി മുദ്രിത, ആനന്ദഭാരം, മുക്തിബാഹിനി എന്നീ നോവലുകളിലൂടെ തുടരുന്ന സർഗപ്രക്രിയയുടെ തുടർച്ചയാണ് പുതിയ കഥാസമാഹാരവും; പുഷ്പകവിമാനം. 

അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങിപ്പോകുന്നു എന്ന കഥ പറയുന്നത് രണ്ടു പുരുഷൻമാരാണ്. രണ്ടുതരത്തിൽ അവളുമായി ബന്ധപ്പെടുന്നവർ. അവരുടെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. അവൾ തന്നെയാണു പറഞ്ഞിരുന്നതെങ്കിൽ, നിലവിൽ ഈ കഥ പകരുന്ന തീക്ഷ്ണതയുടെ കുറച്ചുപോലും പകരാൻ കഴിയുമായിരുന്നില്ല എന്നതാണ് കഥയെ സവിശേഷമാക്കുന്നത്. 

പുരുഷന്റെ കണ്ണിനും കാഴ്ചയ്ക്കും കാലാകാലങ്ങളായി ആണധികാരത്തിന്റെയും ആഹങ്കാരത്തിന്റെയും പ്രശ്നങ്ങളുണ്ട്. പെണ്ണിനെ നോക്കുന്നതിൽ. മനസ്സിലാക്കുന്നതിൽ. ഉൾക്കൊള്ളുന്നതിൽ. അവളോടുള്ള സമീപനത്തിൽ. വ്യക്തിയായി അംഗീകരിക്കുന്നതിൽ. അവയൊക്കെ പൂർണമായി പുറത്തുവരുന്നത് അവൻ സ്വന്തം മനസ്സ് തുറക്കുമ്പോഴാണ്. പുറമേ സമർഥമായി ഒളിച്ചുവയ്ക്കുന്നതും അടുപ്പമുള്ളവർക്കു മാത്രം കാണാൻ കഴിയുന്നതുമായ ഇരുൾക്കയങ്ങൾ, ആസക്തിയുടെ അഗ്നിപർവതങ്ങൾ, സ്വാർഥതയുടെയും അധികാര പ്രയോഗത്തിന്റെയും ഇരുട്ട് വീണ തുരങ്കങ്ങൾ. മറ്റൊരു പുരുഷനോടു മാത്രമാണിവ വെളിപ്പെടുത്തുന്നത്. വാക്കുകളിലും സമീപനങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും തെളിയുന്ന വേട്ടക്കാരന്റെ പല്ലും നഖവും. ക്രൂരദംഷ്ട്രകൾ. ഇരകൾക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കൊതിയും ആക്രാന്തവും. എന്നാൽ പൗരുഷം എന്ന കെട്ടുകഥയുടെ, ആദ്യത്തെ ആഘാതത്തിൽത്തന്നെ തകർന്നുപോകുന്ന കുമിളയുടെ വ്യാജ വീമ്പും ഇരവാദവും മാത്രമല്ല ജിസ ജോസിന്റെ കഥകളിലുള്ളത്. ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ എന്ന കഥയിലുള്ളത് രണ്ടു യുവതികളാണ്. ഇരുദിശകളിലേക്കു സഞ്ചരിക്കുന്ന രണ്ടുപേർ. ദാരിദ്ര്യം, കഷ്ടപ്പാട് എന്നിവയിൽ നിന്ന് കുറിപ്പുകളുണ്ടാക്കി ഫെയ്സ്ബുക്കിൽ ലൈക്ക് കൂട്ടുന്ന യുവതിയും അതിനെ സംശയത്തോടെ നോക്കുന്ന സുഹൃത്തും. ജീവന്റെ വൃക്ഷം എന്ന കഥയിൽ മൂന്നു സ്ത്രീകളാണുള്ളത്. രണ്ട് ഉദ്യോഗസ്ഥകളും അവരുടെ വീട്ടുടമയും അവർക്ക് കള്ള് ഉൾപ്പെടെ എന്ത് ആവശ്യത്തിനും ആശ്രയിക്കാവുന്ന മുഖമില്ലാത്ത സഹപ്രവർത്തകനും. ഇവിടെ പെണ്ണിനെ സംശയത്തോടെ നോക്കുന്ന പെണ്ണിനെത്തന്നെ കാണാം. പെണ്ണിനെ ഒളിഞ്ഞുനോക്കുന്ന പെണ്ണിനെ കാണാം. അതേ, പുരുഷൻമാർ നിർമിച്ച ഇടുക്കുതൊഴുത്ത് മാത്രമല്ല സ്ത്രീകളെ തടവിലാക്കുന്നത്. ഇരുകൂട്ടരും വാശിയോടെ, സംശയത്തോടെ, വീണ്ടും വീണ്ടും ഇരുട്ടിലേക്കു തള്ളിയിടുകയാണ്. മോചനം ഇനിയുമകലെയാകുന്നു. 

ഒരു വശത്തുനിന്നുമാത്രമല്ല ജിസ ജീവിതം കാണുന്നത്. ആണുങ്ങളെക്കുറിച്ചുള്ള അധിക്ഷേപത്തിൽ മുക്കിയ വാക്കുകളുടെ ധാരാളിത്തം മാത്രമല്ല ഇവിടെയുള്ളത്. സങ്കീർണമെന്നും കടലുപോൽ അഗാധമെന്നും അകാശം പോലെ വിശാലമെന്നുമൊക്കെ വാഴ്ത്തപ്പെട്ട സ്ത്രീയുടെ മനസ്സും ഹൃദയവും മനസ്സിലാക്കാനുള്ള ശ്രമമാണ്. വിവാഹം ഉൾപ്പെടെയുള്ള ഘട്ടത്തിലേക്ക് എത്തുന്നതിനു മുമ്പുതന്നെ കുട്ടിക്കാലത്തിലും കൗമാരത്തിലും നേരിടേണ്ടിവന്ന ക്രൂരതകളിൽ നിന്ന് ജീവിതം പഠിക്കുന്ന രണ്ടു പെൺകുട്ടികളാണ് പുഷ്പകവിമാനത്തിലുള്ളത്. എത്ര യാദൃഛികവും അപ്രതീക്ഷിതമായുമാണ് അവരിലൊരാൾ കൂട്ടായി മറ്റൊരു പെൺകുട്ടിയെ കണ്ടെത്തുന്നതും അവളിൽ സാഹോദര്യത്തിന്റെ ദൃഢത കണ്ടെത്തുന്നതും. 

പെണ്ണെഴുത്തിന്റെ കുടുസ്സുമുറിയിലേക്ക് ഒതുക്കാവുന്നതല്ല ജിസയുടെ കഥകൾ. അനുഭവത്തിന്റെ തീക്ഷ്ണതയാൽ അസ്വസ്ഥരാക്കുന്ന അക്ഷരലോകമാണത്. പ്രതിപാദനത്തിന്റെ അപ്രതീക്ഷിതത്വം കഥാപരിസരത്തെ ചലനാത്മകമാക്കുന്നു. അച്ചടിവാക്യങ്ങളിൽ നിന്നു വ്യത്യസ്തമായി, ജീവസ്സുറ്റ സംഭാഷണങ്ങളും തനിമയുള്ളതും വ്യത്യസ്തവുമായ ശൈലിയും കഥകളെ വേറിട്ടുനിർത്തുന്നു. 

പക്ഷം പിടിച്ചുള്ള രചനയും പ്രത്യേക ആശയങ്ങളോടുള്ള ആഭിമുഖ്യവും സൃഷ്ടികളെ വികലമാക്കിയതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട് സാഹിത്യചരിത്രത്തിൽ. ആശയങ്ങളല്ല, ആഭിമുഖ്യമല്ല, പൊള്ളുന്ന അനുഭവങ്ങളാണെന്ന വാദം ഉയർത്തിയാൽപ്പോലും അവ കഥയുമായി ഇഴുകിച്ചേർന്നില്ലെങ്കിൽ പരാജയപ്പെടും. ഏതെങ്കിലുമൊരു വാദത്തിന്റെ പ്രചാരകരാകാതിരിക്കാനുള്ള ജാഗ്രത കൂടി എഴുത്തുകാരിൽ നിന്ന് കാലം ആവശ്യപ്പെടുന്നുണ്ട്. ആ ജാഗ്രത കൂടിയാണ് കഥകൾക്ക് മുള്ളും മുനയും മൂർച്ചയും നൽകുന്നത്. കാലത്തെ അതിജീവിക്കാൻ പ്രപ്തമാക്കുന്നതും. 

Content Summary: Malayalam Book ' Pushpakavimanam ' by Jisa Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com