ADVERTISEMENT

ഞാനാലോചിച്ചുപോകാറുണ്ട്. ഇലകൾ മുഴുവൻ ഉതിർക്കുകയും പിന്നീട് തളിർക്കുകയും ചെയ്യുന്ന ചില വൃക്ഷങ്ങൾ പോലെ കയ്പും ചവർപ്പുമായ സ്മരണകൾ കുരുങ്ങിയ ദിവസങ്ങളെ പൊഴിച്ച് പുതിയവയായി കിളിർക്കാൻ കഴിഞ്ഞെങ്കിലെന്ന്. 

ഏറ്റവും നല്ല ഓർമകൾ സ്വന്തമെന്ന് അഭിമാനിക്കുന്നവർ പോലും ഈ ആഗ്രഹത്തിൽ നിന്ന് മുക്തരല്ല. ഏതൊക്കെ ഓർമകൾ എപ്പോഴൊക്കെയാണ് സന്തോഷിപ്പിക്കുന്നതെന്നോ  വേദനിപ്പിക്കുന്നതെന്നോ ആർക്കാണു പറയാനാവുക. ഏറ്റവും നല്ല ഓർമകളാണെങ്കിൽപ്പോലും പുനർജൻമം ആരാണ് ആഗ്രഹിക്കാത്തത്. അക്ഷരാർഥത്തിൽ വ്യർഥമെന്നു തോന്നുമെങ്കിലും മനുഷ്യർക്കും പുനർജൻമം സാധ്യമാണ്. നിലവിലെ ജീവിതത്തിൽ തന്നെ. പങ്കുവയ്ക്കുന്നതിലൂടെ. പങ്കു പറ്റുന്നതിലൂടെ. കത്തുകൾ, സന്ദേശങ്ങൾ.....ചില ഓർമകൾ നാം സൗഹൃദത്തിനു സമ്മാനിക്കുകയാണ്. ഹൃദയം തുറന്നു പറയുന്നതോടെ എത്രയോ ഓർമകൾ അവയുടെ ചാരം പോലും അവശേഷിപ്പിക്കാതെ മനസ്സിന്റെ കൂടൊഴിഞ്ഞുപോകാറുണ്ട്. നിനച്ചിരിക്കാത്ത നേരങ്ങളിൽ വീണ്ടും വരുമായിരിക്കാം. എന്നാൽ ആഘാതം എത്രയോ കുറവായിരിക്കും. ആർക്കാണ് എഴുതുക. അങ്ങനെ ഒരു സുഹൃത്തുണ്ടോ. പങ്കുവയ്ക്കുന്ന രഹസ്യങ്ങളെ അതേ പവിത്രതയോടെ, പരിപാവനതയോടെ സൂക്ഷിക്കുമെന്ന് ഉറപ്പുള്ള സുഹൃത്ത്. സാന്നിധ്യം പോലും വേണമെന്നില്ല. ഒരു കത്തിലൂടെ. സന്ദേശത്തിലൂടെ. ആ ബന്ധം സജീവമായിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെയൊരു ബന്ധത്തിന്റെ തോണിയിലേറി തുഴഞ്ഞുകയറാൻ കഴിയുന്ന കടലുകൾ. ആ തുഴ പോലും ലഭ്യമല്ലാതിരിക്കുമ്പോഴാണ് ചിലർ സ്വയം ഹത്യയുടെ വഴി തേടുക. 

നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലിലൂടെ പൊള്ളുന്ന ജീവിതത്തിന്റെ ദുരന്തഭീകരതയുടെ വെളിപാടുകൾ പകർന്ന ഷെമി പുതിയ പുസ്തകമായ കള്ളപ്പാട്ടയിൽ കിലുക്കമുണ്ടാക്കാതെ കിടന്ന രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ്, പ്രിയപ്പെട്ട ഡെയ്സിക്ക് എഴുതുന്ന കത്തുകളിലൂടെ. 

പ്രിയപ്പെട്ടെ ഡെയ്സീ, ഈ അടുത്ത കാലത്ത് എന്നിലേക്ക് ഇടിച്ചുകയറിയിരിക്കുന്ന ഒരു വികാരാവസ്ഥ എന്താണെന്നുവച്ചാൽ...പഴയ കാലത്തിൽ അനിവാര്യമായിരുന്ന ചില സമ്പ്രദായങ്ങളോട് വല്ലാത്ത ഒരാകർഷണം. അതിൽ പ്രധാനമായിട്ടുള്ള ഒന്ന് കടലാസും മഷിപ്പേനയും ഉപയോഗപ്പെടുത്തി കത്തെഴുതണം. തപാൽമാർഗ്ഗത്തിലൂടെതന്നെ ഉദ്ദേശിച്ചവർക്കെത്തിക്കണം. ഇതിനെല്ലാം മുമ്പ് നിന്നോട് ഞാൻ ക്ഷമ ചോദിക്കേണ്ടതുമുണ്ട്. 

മറ്റുള്ളവരാൽ ഉപദേശിക്കപ്പെടേണ്ടുന്നതും മറ്റുള്ളവരോട് മാപ്പ് പറയേണ്ടിവരുന്നതുമായ അവസരങ്ങൾ സൃഷ്ടിക്കാനേ പാടില്ലെന്ന് കരുതിയിരുന്നാലും എന്ത് ചെയ്യാൻ. ഈ ജീവിതമുണ്ടല്ലോ....  

എഴുതുമ്പോൾ വ്യക്തമാണ്. ആ മുഖം. കാത്തിരിക്കുന്ന ആ കണ്ണുകൾ. ഓരോ വാക്കിലും ആവേശം കൊള്ളുന്ന മനസ്സ്. തുടി കൊട്ടുന്ന ഹൃദയം. ആൾക്കൂട്ടമല്ല. ആൾ തന്നെ. ആ ആൾക്കു വേണ്ടിയാണ് ഓരോ വാക്കും കടലാസിലേക്കു കുതിക്കുന്നത്. വാക്കുകൾക്ക് ജീവന്റെ ചിറകു നൽകുന്നത് നീയാണ്. ശ്വാസം പകരുന്നത്. ഊതിയൂതി ഉണർത്തുന്നത്. വെള്ളവും വളവും നൽകി വളർത്തുന്നത്. നീ ചോദിക്കുമ്പോഴാണ്, അപ്പോൾ മാത്രമാണ്, എഴുതിയിട്ട് കുറേയായല്ലോ എന്നാലോചിക്കുന്നത്. എഴുതേണ്ടതുണ്ടല്ലോ എന്ന് അറിവിലേക്ക് ഉണരുന്നത്. പ്രിയപ്പെട്ട.....മനസ്സ് ചാവുപുരയല്ല. നീ നട്ട വാക്കുകൾ ഇനിയും കിളിർക്കാനുണ്ട്. മുള വന്നിട്ടും പടരാൻ ചില്ല തേടുന്നവയുണ്ട്. നിന്റെ കണ്ണുകളുടെ വെളിച്ചത്തിൽ മാത്രം ജീവൻ തുടിക്കുന്നവ. വായിക്കാൻ നീ കാത്തിരിക്കുമ്പോൾ പൊള്ളയല്ല എന്റെ കള്ളപ്പാട്ടകൾ. കടലാസില്ലെങ്കിൽ ഹൃദയഭിത്തിയിൽ. പേനയില്ലെങ്കിൽ വിരലുകളാൽ. മഷി നിറയ്ക്കാൻ ബാക്കിയാണല്ലോ ഞരമ്പുകൾ. എന്റെ രക്തത്താൽ ചുവന്ന വാക്കുകൾ നിന്നെ സ്നേഹഭരിതയാക്കട്ടെ. സ്നേഹരാജ്യത്തിന്റെ ചക്രവർത്തിനി നീ തന്നെ. 

നീ തന്നൊരീ വാക്കുകൾ നിനക്കു തന്നെ സമർപ്പിച്ച് ...വീണ്ടും എഴുതും വരെ... 

Content Summary: Malayalam Book ' Kallappatta ' written by Shemi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com