ADVERTISEMENT

ആത്മഹർഷത്തിന്റെ ഉത്സവവേളകളെക്കുറിച്ചു പറയുന്നുണ്ട് ചാർലി ചാപ്ലിൻ ആത്മകഥയുടെ ആദ്യ അധ്യായത്തിൽ. എന്നാൽ പ്രവേശികയിൽ അമ്മയെ കാത്തിരിക്കുന്ന ഭീകരവിധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ഹാസ്യനടിയായി സ്റ്റേജിൽ തിളങ്ങുകയും യഥാർഥ ജീവിതത്തിൽ ദയനീയമായി പരാജയപ്പെടുകയുമായിരുന്നു ചാപ്ലിന്റെ അമ്മ.

അമ്മയുടെ പഴയ സുഹൃത്തുക്കളുടെ വീട്ടിലേക്കു ദിവസവും പോകുന്ന പതിവുണ്ടായിരുന്നു കുട്ടിക്കാലത്ത് ചാപ്ലിന്. 12 വയസ്സ് ആയിരുന്നു അന്ന് ആ ബാലന്. സ്വന്തം വീട്ടിൽ സന്തോഷമുള്ള അന്തരീക്ഷമുണ്ടായിരുന്നില്ല. കഴിക്കാൻ ഭക്ഷണവും. സുഹൃദ് വീട്ടിൽ പോയാൽ സമപ്രായക്കാർക്കൊപ്പം കളിക്കാം. അവർ ചായ കുടിക്കാൻ വിളിക്കും. അങ്ങനെ അന്നത്തെ ഭക്ഷണവും അവിടെ നിന്നു തരമാവും. എന്നാൽ ഏറ്റവും വിഷാദവതിയായി അമ്മയെ കണ്ട ഒരു ദിവസം അമ്മയ്ക്കൊപ്പമിരിക്കാൻ ചാപ്ലിൻ തീരുമാനിച്ചു. അമ്മയുടെ കണ്ണുകളിൽ ശൂന്യതയായിരുന്നു. വീട്ടിൽ ഭക്ഷണമൊന്നുമില്ലാത്തതിനാൽ വേഗം പതിവുപോലെ പുറത്തുപോകൂ എന്ന് അമ്മ മകനെ നിർബന്ധിച്ചു. സ്വരത്തിലെ പാരുഷ്യം പോലും കണക്കിലെടുക്കാതെ അമ്മയ്ക്കൊപ്പമിരിക്കാനാണ് തനിക്കിഷ്ടമെന്ന് ചാപ്ലിൻ ആവർത്തിച്ചു. എന്നാൽ, വേണം, പോകണം, വേഗം ഓടിപ്പോകൂ എന്ന് അമ്മ മകനെ നിർബന്ധിച്ചു. കെഞ്ചിപ്പറഞ്ഞിട്ടും കൂട്ടാക്കിയില്ല. പരിതാപകരമായ ആ അവസ്ഥയിൽ അമ്മയെ വിട്ടിട്ട്, കുറ്റബോധത്തോടെ ചാപ്ലിൻ പോയി.

ലോകത്തെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചാപ്ലിന്റെ ആത്മകഥയുടെ ഓരോ താളിലുമുണ്ട് കണ്ണീർ നനവ്. നഷ്ട ദുഃഖങ്ങളും മോഹഭംഗങ്ങളും. ലോക സാഹിത്യത്തിലെ എണ്ണപ്പെട്ട പുസ്തകം കൂടിയാണ് 500 ൽ അധികം പേജുള്ള ആ ആത്മകഥ. ഏറ്റവും നന്നായി കരയുന്നവർക്കേ ഏറ്റവും നന്നായി ചിരിക്കാനും ചിരിപ്പിക്കാനുമാവൂ എന്നോർമിപ്പിക്കുന്ന പുസ്തകം. ആത്മകഥയിലെ പല വാചകങ്ങളും ഇന്നും പലരുടെയും പ്രിയപ്പെട്ട ഉദ്ധരണികളുമാണ്. സിനിമാ ലോകത്തുനിന്ന് സാഹിത്യത്തിനു ലഭിച്ച ഏറ്റവും മികച്ച ഉപഹാരം കൂടിയാണ് ഇന്നും ചാപ്ലിന്റെ ജീവിതകഥ. 

ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകം ആത്മകഥയല്ലെന്ന് സലിം കുമാർ പറയുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രിയപ്പെട്ടവരുടെ യാത്രാ വിവരണം പോലൊന്ന്. ജനനമെന്ന സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് മരണം എന്ന ഫിനിഷിങ് പോയിന്റിലേക്കു നടത്തുന്ന യാത്ര. ഇതിനിടെ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ. അനുഭവങ്ങൾ. അവയൊക്കെ പങ്കുവയ്ക്കുക. 

ആത്മപരിഹാസമാണ് എല്ലാക്കാലത്തും ഹാസ്യതാരങ്ങളുടെ ഏറ്റവും വിലപ്പെട്ട ആയുധം. സ്വന്തം മുഖത്തേക്കും സ്വഭാവസവിശേഷതകളിലേക്കും പ്രവൃത്തികളിലേക്കും നോക്കി കാലുഷ്യമില്ലാതെ ചിരിക്കാനുള്ള കഴിവ്. മറ്റൊരാളെ  കഥാപാത്രമായി കാണുന്നതുപോലെ തന്നെത്തന്നെയും മാറി നിന്നു കാണാനുള്ള കഴിവ്. സലിം കുമാറും ഈ സവിശേഷ സിദ്ധിയാൽ അനുഗ്രഹീതനാണ്. ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകം സലിം കുമാറിനെക്കുറിച്ച് അദ്ദേഹത്തെ ഏറ്റവും നന്നായി നിരീക്ഷിച്ച മറ്റൊരാൾ എഴുതിയതാണെന്നുപോലും തോന്നും. അത്രമാത്രം തന്നിൽ നിന്നു മാറിനിൽക്കാൻ അദ്ദേഹത്തിനു കഴിയുന്നു. ആ അകലം കൂടുന്തോറും നിഷ്കളങ്കമായ പൊട്ടിച്ചിരിയും മുഴങ്ങുന്നു. സ്വയം നോക്കി ചിരിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളെയും  വെറുതേ വിടുന്നില്ല. ഭാര്യയും മക്കളും മാത്രമല്ല, അച്ഛനും അമ്മയും സഹോദരന്മാരും നാട്ടുകാരും ഈ കഥകളിലുണ്ട്. സ്വാഭാവികമായും സിനിമ, നാടകം, മിമിക്രി എന്നീ രംഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരും. എന്നു കരുതി പരദൂഷണമോ കുറ്റാരോപണമോ ഇല്ല താനും. ഇതിൽ കഥാപാത്രങ്ങളായവർ വായിച്ചാലും മനസ്സു തുറന്നു ചിരിച്ച് സലിം കുമാറിനെ അഭിനന്ദിക്കുമെന്ന് ഉറപ്പ്. 

100 ശതമാനം സത്യസന്ധമാണ് തന്റെ വാക്കുകൾ എന്ന് അദ്ദേഹം ഉറപ്പു തരുന്നുണ്ട്. എന്നാൽ, താൻ കണ്ട എല്ലാ കാഴ്ചകളും അനുഭവങ്ങളും ഇവിടെ പകർത്തിയിട്ടില്ല എന്നു സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് സമഗ്രമായ ആത്മകഥ എന്ന് അനുഭവ വിവരണത്തെ വിശേഷിപ്പിക്കാത്തതും. എന്നാലും സലിം കുമാർ എന്ന വ്യക്തിയേക്കാളധികം അദ്ദേഹം നേരിട്ട അനുഭവങ്ങളും കണ്ട കഥാപാത്രങ്ങളും തന്നെയാണ് കഥകളെ സവിശേഷമാക്കുന്നത്. 

ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ കഥാരചനാ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് സലിംകുമാർ. കഥ വായിച്ച് അധ്യാപകൻ പറഞ്ഞു: ഞാൻ ഒരുപാട് ചെറുകഥകൾ വായിച്ചിട്ടുണ്ട്. എന്നാൽ മൂന്നു ബലാൽസംഗവും അഞ്ചു സംഘട്ടനവുമുള്ള ഒരു ചെറുകഥ ആദ്യമായി വായിക്കുകയാണ്. നിനക്കിത് എവിടുന്നു കിട്ടി ? 

സിനിമ കണ്ടതിൽ നിന്നാണെന്ന് സലിം കുമാർ പറഞ്ഞു. 

സിനിമ കണ്ടല്ല കഥയെഴുതേണ്ടത്. പുസ്തകങ്ങൾ വായിക്കണമെന്ന് അധ്യാപകൻ ഉപദേശിച്ചു. 

ചെറിയൊരു പുസ്തകമാണ് ആദ്യം വായിക്കാൻ എടുത്തത്. എംടിയുടെ മഞ്ഞ്. വായിച്ചുതീർത്ത ശേഷം കഥാരചന തുടങ്ങി. മഞ്ഞിലെ ഇഷ്ടപ്പെട്ട വാക്കുകളും വാക്യങ്ങളുമൊക്കെ ചേർത്ത് ഒരു രചന. ഒരു പേജിൽ നിന്ന് ഒരു വാക്കേ എടുക്കൂ എന്ന നിർബന്ധം ആദിമധ്യാന്തം പുലർത്തിയിരുന്നു. വായിച്ചുനോക്കിയപ്പോൾ മനോഹര കവിത. മാഷിനെ കാണിച്ചു. 

ഒരു കഥ വായിച്ചപ്പോഴേക്കും നീ ഒരു കവിത എഴുതി. എങ്കിൽ ഒരുപാട് വായിച്ചിരുന്നേൽ വലിയ കുഴപ്പം ആയിപ്പോയേനേം. അതുകൊണ്ട് ഇന്നു മുതൽ നീ ഒന്നും വായിക്കണ്ട! 

തലയാട്ടി സലിം കുമാർ എന്ന കുട്ടി കവിതയും വാങ്ങി തിരികെപ്പോന്നു. ഇപ്പോഴിതാ ഒരു പുസ്തകത്തിൽ നിന്നും മോഷ്ടിക്കാതെ, തന്റെ സ്വതസിദ്ധവും മൗലികവുമായ ശൈലിയിൽ അദ്ദേഹം ജീവിതം പറയുന്നു. സലിം കുമാറിന്റെ ഹിറ്റ് സിനിമകളിലൊന്നെന്ന പോലെ സന്തോഷത്തോടെ വായിക്കാം. ഹൈസ്കൂളിൽ സലിം കുമാറിനെ പഠിപ്പിച്ച അധ്യാപകൻ ഈ പുസ്തകമാണു വായിക്കേണ്ടിയിരുന്നത്. ആ അഭിനന്ദനം നഷ്ടമായാലും ഈ പുസ്തകത്തിലൂടെ ആരാധകരുടെ എണ്ണം കൂടുമെന്ന് ഉറപ്പ്. 

Content Summary: Malayalam book 'Eshwara Vazhakkillallo' Written by Salim Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com