ADVERTISEMENT

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം പറയുന്നത്. ഞങ്ങൾ വിയർപ്പൊഴുക്കിയ ഒരു കപ്പയുടെ മൂട് പറിച്ചാൽ അതിനു ശിക്ഷിക്കാൻ നിയമമുണ്ട്. പൊലീസുണ്ട്. പക്ഷേ, ഞങ്ങളെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊന്നാൽ, ഞങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങൾ ചികിത്സ കിട്ടാത്തതുകൊണ്ടു മാത്രം മരിച്ചാൽ ശിക്ഷിക്കാൻ നിയമമില്ല. പൊലീസില്ല. അപ്പോൾപ്പിന്നെ ഞങ്ങൾ ഈ കോടതികളെ ബൂർഷ്വാ കോടതികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് ? 

അടിയോരുടെ പെരുമൻ സഖാവ് വർഗീസിന്റെ നേതൃത്വത്തിൽ നടന്ന നക്സലൈറ്റ് ആക്രമണങ്ങളുടെ പേരിൽ വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ച റാവുള ഗോത്രത്തിൽനിന്നുള്ള പി.കെ. കരിയൻ കോടതിയിൽ എഴുതി വായിച്ച രാഷ്ട്രീയ പ്രസ്താവന ഇങ്ങനെയാണു തുടങ്ങുന്നത്. അഭിഭാഷകർ വേണ്ടെന്നു വച്ച് (വേണമെന്നു വച്ചാലും പണമില്ല) സ്വയം വാദിക്കാനും കോടതിയിൽ സത്യം ബോധ്യപ്പെടുത്താനും തയാറായാണ് ജയിലിലുള്ള ചില വിദ്യാർഥികളുടെ സഹായത്തോടെ പ്രസ്താവന തയാറാക്കുന്നത്. വർഗീസിനെ കണ്ടിട്ടുണ്ട്. അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളോട് ആരാധന തോന്നിയിട്ടുണ്ട്. വർഗീസ് ചെയ്യേണ്ടതു തന്നെയാണ് ചെയ്യുന്നത് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. അതായിരുന്നു കുറ്റം. അതു മാത്രമായിരുന്നു. അതിന്റെ പേരിലാണ് തൃശിലേരി നക്സൽ ആക്രമണത്തിന്റെ പേരിൽ‌ എണ്ണം തികയ്ക്കാൻ പൊലീസ് പിടിച്ചുകൊണ്ടുപോയവരിൽ പി.കെ.കരിയൻ ഉൾപ്പെടെയുള്ള പല ആദിവാസികളും ഉൾപ്പെട്ടത്. എന്നാൽ, വർഷങ്ങളുടെ ജയിൽവാസത്തിനും വൈകിവന്ന വിചാരണയ്ക്കും ശേഷം വിട്ടയച്ചപ്പോഴേക്കും കരിയൻ മാർക്സിസ്റ്റും സഖാവുമായി മാറിയിരുന്നു. സ്വന്തം സമുദായത്തിനും ഗോത്ര വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്നും അതു തന്റെ കടമയാണെന്നും ഉറച്ചു വിശ്വസിക്കുകയും തന്നാലാവുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. എന്നാൽ, ഉൻമൂലന സിദ്ധാന്തത്തിൽ അദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ജയിലിലായിരിക്കെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം ഉൾപ്പെടെയുള്ള കൃതികൾ വായിക്കുമ്പോഴും ആ അഭിപ്രായത്തിൽ ഒരു മാറ്റവും വന്നുമില്ല. 

ആളുകളെ കൊന്നത് ശരിയായില്ല എന്ന് അന്നും ഞാൻ പറയാറുണ്ട്. ഇന്നും എന്റെ അഭിപ്രായം അങ്ങനെതന്നെയാണ്. ആളുകളെ കൊന്നതുകൊണ്ടൊന്നും ഒരു വിപ്ലവവും നടക്കുന്ന് എനിക്കു തോന്നുന്നില്ല. വിജയിക്കുകയുമില്ല. ഭരണകൂടത്തോടാണ് നമ്മള് മത്സരിക്കേണ്ടത്. അവരോടാണ് ജനാധിപത്യമായ രീതിയിൽ നമ്മൾ യുദ്ധം ചെയ്യേണ്ടത്. ഇതൊക്കെയാണ് ഞാൻ അവിടെ പറയുക. പുസ്തകമൊക്കെ വായിച്ചുകഴിഞ്ഞ് എനിക്ക് എന്റേതായ ചിന്ത വരുമല്ലോ. എനിക്ക് ഇങ്ങനെത്തന്നെയാണ് തോന്നിയത് – കരിയന് ജീവിതം തുറന്ന പുസ്തകമാണ്. ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ ഒന്നുമില്ലാത്ത ഒന്ന്. ചരിത്രവും വിപ്ലവവും ഇഴചേർന്ന ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ, തൃശ്ശിലേരിയുടെ മണ്ണിൽ സഫലമായ ജീവിതം പൂർത്തിയാക്കി ശാന്തമായി ഉറങ്ങുന്ന റാവുളൻ. 

കരിയന്റെ സ്വന്തം ഭാഷയിലാണ് ഈ ജീവിതപുസ്തകം എഴുതിയിരിക്കുന്നത്. ആത്മഭാഷണം. അച്ചടിഭാഷയേക്കാൾ സംസാരഭാഷയിൽ പറഞ്ഞ ജീവിതകഥ. ഇതിൽ കാലമുണ്ട്, ജീവിതമുണ്ട്. സംസ്കാരവും ചരിത്രവുമുണ്ട്. വർത്തമാനവും ഭാവിയുമുണ്ട്. ഒപ്പം നക്സലൈറ്റുകളെക്കുറിച്ചും വയനാട്ടിൽ പാർട്ടിയുടെ വളർച്ചയെക്കുറിച്ചുമുള്ള സത്യസന്ധമായ വിവരണവും. വർഗീസിനെക്കുറിച്ച് ഇതിനോടകം പല പുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്ര അടുത്തുനിന്നും എന്നാൽ കാൽപനികതയുടെ അതിഭാവുകത്വമില്ലാതെയും എഴുതപ്പെട്ട വിവരണങ്ങൾ കുറവാണ്. 

ഹൈസ്കൂൾ ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെയാണ് കരിയൻ വർഗീസിനെ കാണുന്നത്. വർഗീസും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമാണ് ജീവിതം മാറ്റിമറിക്കുന്നതും. എന്നാൽ വിദ്യാഭ്യാസം തുടരാനായില്ല. അതിനെക്കുറിച്ച് ഖേദമുണ്ടോ എന്ന ചോദ്യത്തിനു കരിയനു മറുപടിയില്ല. ഉള്ളിൽനിന്നുള്ള വേദനയുടെ ചീള് കണ്ണിലൂടെ കടന്നുപോകുന്നതു കാണാമെന്നു മാത്രം. 

വർഗീസ് മരിച്ചപ്പോ ഇവിടെയുള്ളോര് രണ്ടു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. മാത്രമല്ല, ഞങ്ങള് വർഗീസിനു വേണ്ടി പെല നടത്തി. ഞങ്ങളപ്പോ ജയിലിലായിരുന്നു. പെല നടത്താനുള്ള പൈസ എല്ലാവരും കൂടി പിരിച്ചെടുത്തു. എന്റെ അറിവ് ശരിയാണെങ്കി അതിനു മുന്നെയോ ശേഷമോ ഞങ്ങളുടെ സമുദായത്തിലല്ലാത്ത വേറൊരാൾക്കും വേണ്ടി പെല നടത്തീട്ടില്ല. വർഗീസ് ഞങ്ങൾക്ക് അങ്ങനെയായിരുന്നു. മുപ്പരില്ലായിരുന്നെങ്കി ഞങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റോം ഉണ്ടാവില്ലായിരുന്നു. ഞങ്ങൾക്കുവേണ്ടി സഖാവ് അതൊക്കെ ചെയ്തതുകൊണ്ട് ബാക്കിയുള്ള ജൻമിമാർക്കൊക്കെ എന്തെങ്കിലും ചെയ്യാൻ പേടിയായി  – കരിയൻ പറയുന്നു. 

വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നൊരാളുടെ ഏറ്റവും ആത്മാർഥമായ വാക്കുകളാണിത്. സ്വന്തം അനുഭവങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സഖാവ് വർഗീസിനോട് അനുഭാവം കാണിക്കുകയും അതിന്റെ പേരിൽ ഏഴു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ജനാധിപത്യ രീതിയിൽ സ്വന്തം സമൂഹത്തിൽ പ്രവർത്തിക്കുകയും ജീവിതാവസാനം മാത്രം സമുദായ പ്രവർത്തനത്തിൽ ആകൃഷ്ടനാകുകയും ചെയ്ത റാവുളന്റെ ജീവിത കഥ. ഗദ്ദിക കലാകാരന്റെ ആത്മകഥ. റാവുള വിഭാഗത്തിന്റെ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും താൽപര്യം കാണിക്കാതിരുന്ന കരിയൻ അവസാനം മാത്രമാണ് അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നതും അതിനുവേണ്ടി പ്രവർത്തിക്കുന്നതും. 

ഫസീല മെഹറിന്റെ വാക്കുകളിൽ ആർജവമുണ്ട്. 2020 ലാണ് കരിയൻ ജീവിതത്തിൽ നിന്നു വിടവാങ്ങുന്നത്. അന്ന് ശ്രദ്ധിക്കപ്പെട്ടത് ഒരാളുടെ അഭാവമായിരുന്നു. സഖാവ് വർഗീസിന്റെ ജീവിച്ചിരുന്നെങ്കിൽ (അഥവാ 50 കൊല്ലം മുമ്പേ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ) കരിയന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ പടവുകൾ കയറി ഒരു എൺപത്തൊന്നുകാരൻ പ്രായത്തിലും കെടാത്ത വിപ്ലവവീര്യം മുഴക്കി കരിയന്റെ ദേഹത്തിനരികെ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമായിരുന്നു. 

ഇവിടെ കുറേ മനുഷ്യർ, ഒരു ജനത, സംസ്കാരം എന്നിവ ജീവിച്ചിരിക്കുന്നുവെന്ന് നാളെ ലോകം അറിയേണ്ടതുണ്ട് എന്നു മാത്രമാണ് കരിയൻ ആഗ്രഹിച്ചത്. ഒരു റാവുളന്റെ ജീവിത പുസ്തകം ആ ആഗ്രഹത്തിന്റെ സാഫല്യമാണ്. അരികുകളിൽ ജീവിക്കുന്നവരുടെ ചരിത്രങ്ങളും വിലപ്പെട്ടതാണെന്ന വിശ്വാസത്തിന്റെ ഉറച്ച പ്രഖ്യാപനം. 

Content Summary: Malayalam Book 'Oru Ravulante Jeevitha Pusthakam' Written by P K Kariyan and Faseela Mehar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com