ADVERTISEMENT

മനുഷ്യാന്തരത പലരൂപത്തിൽ ഉയർന്നുവരുന്ന കേരളീയ അന്തരീക്ഷത്തിൽ മലയാളനോവൽ മറ്റൊരു വഴിത്തിരിവിലേക്കു നീങ്ങുന്നതായി കാണാം. ആധുനികതയുടെ  ഭാഗമായി ജനിച്ചുവീണ മലയാളനോവൽ ഓരോ കാലഘട്ടത്തിലെയും സാമൂഹ്യപരിണാമങ്ങളിലൂടെയാണ് അതിന്റെ ഓരോ കാലത്തെയും ഭാവുകത്വത്തെ രൂപപ്പെടുത്തിയത് രണ്ടായിരത്തിനു ശേഷമുള്ള കേരളീയ സാമൂഹ്യാന്തരീക്ഷത്തിലെ ഡിജിറ്റൽ പരിണാമങ്ങളാണ് പുതിയ നോവലിനെ നിർവചിക്കുന്നത്.  മലയാളനോവലിന്റെ പശ്ചാത്തലത്തിൽനിന്ന് നോക്കുമ്പോൾ രണ്ടുതരത്തിലുള്ള മാറ്റങ്ങളായിട്ടാണ് നമുക്കിത് കാണാൻ കഴിയുക.  ആധുനികത നിർവചിച്ച ജനപ്രിയം/ജനപ്രിയേതരം എന്ന നിർവചനത്തെ അപ്രസക്തമാക്കിക്കൊണ്ട് പുതിയ രൂപത്തിലുള്ള ജനുസുകളുടെ കൂടിക്കലരരായിട്ട് നോവൽ മാറുന്നു. അതിലൂടെ നോവൽ ഭാഷ, ഉള്ളടക്കം, പ്രത്യയശാസ്ത്രം എന്നിവയിലൊക്കെ പ്രകടമായിട്ടുള്ള അട്ടിമറിക്കലുകൾ സൃഷ്ടിക്കപ്പെടുന്നു. മുഖ്യധാരാ നോവലുകൾ അവഗണിച്ചിരുന്ന, ജനപ്രിയം എന്നു വിളിച്ച് മാറ്റി നിർത്തിയിരുന്ന കുറ്റാന്വേഷണസാഹിത്യം നോവലിന്റെ പ്രധാനപ്പെട്ട ധാരയായി. ഭാഷാപരമായും ആശയപരമായും കുറ്റാന്വേഷണം എന്ന് പറയുന്ന പ്രക്രിയ ഗൗരവമായി ഉന്നയിക്കുന്ന സൃഷ്ടികൾ നവഭാവുകത്വമായി പ്രത്യക്ഷപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പുതിയ സാമൂഹികതയും  നവവൈജ്ഞാനികതയും പരമ്പരാഗത സാമൂഹികതയെ പൊളിച്ചെഴുന്നതാണ് ഇതിലൂടെ ദൃശ്യമാകുന്നത്. അങ്ങനെ സാഹിത്യപാരമ്പര്യം വലുതായൊന്നും അവകാശപ്പെടാനില്ലാത്ത പുതിയൊരു തലമുറ എഴുത്തുകാര്‍ക്ക് ദൃശ്യത ലഭിക്കുന്നു. അവരുടെ ആവിഷ്കാരങ്ങള്‍ കൂടുതൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നു. ഈയൊരു ഭാവുകത്വത്തെ സവിശേഷ വിളംബരം ചെയ്യുന്നതാണ് കെ പി ജയകുമാറിന്റെ “ആ’’ എന്ന നോവൽ.  കുറ്റാന്വേഷണത്തിന്റെ സ്വഭാവത്തെ പ്രമേയത്തിന്റെ കാതലാക്കിക്കൊണ്ട് സാമൂഹികരംഗത്തെ ഹിംസകളെകുറിച്ചുള്ള അന്വേഷണത്തിലൂടെ പുതിയൊരു ജനുസ്സിന്റെ സാധ്യതകൂടി തുറന്നുവയ്ക്കുകയാണ് ഈ  നോവൽ.  “ആ” എന്ന പേര് സൂചിപ്പിക്കുന്നതുപോലെ മലയാള അക്ഷരത്തിന്റെ സാംസ്കാരിക പാഠങ്ങളാണ് ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന സംവാദ പരിസരമെന്നു പറയാം. 

മലയാള അക്ഷരങ്ങളെ ആധുനികതയിൽ രൂപപ്പെടുത്തിയത് കോട്ടയം നഗരമാണ്. കോട്ടയത്തെത്തിയ സി എം എസ് മിഷനറി ബെഞ്ചമിൻ ബെയിലിയാണ് അച്ചടിയ്ക്കായി മലയാളം അക്ഷരങ്ങളെ വാർത്തതെന്നാണ് ചരിത്രം.  ഇതേ കോട്ടയം തന്നെയാണ്  അക്ഷരവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ രൂപത്തിൽ നിർവഹിച്ച സാക്ഷരതയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേട് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ ആധുനികതയുടെ സവിശേഷത വിദ്യാഭ്യാസത്തിലൂടെയുള്ള സമൂഹത്തിന്റെ ആധുനികവത്കരണമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ പുരോഗതിയായി മുന്നോട്ടുവച്ചത് കൊളോണിയൽ വിദ്യാഭ്യാസത്തിലൂടെയുള്ള വിഭവാർജനമാണ്. ആ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രകിയയിലാണ് കേരളത്തിന്റെ എഴുപതുകളിൽ ശക്തമായ സാക്ഷരതയുടെ ചരിത്രം പ്രധാനമാകുന്നത്. ഈ ബൃഹദ് ചരിത്രങ്ങളിൽ ഇടപെട്ടവരെ വെട്ടിമാറ്റുന്ന കഥകള്‍ ഉയരുന്നിടത്താണ് ചരിത്രം പ്രശ്നവല്കരിക്കപ്പെടുന്നത്. മറവിയിലേക്കുപോയ ആഖ്യാനങ്ങളെ കണ്ടെടുക്കുന്നതിന്റെ രാഷ്ട്രീയം ഉന്നയിക്കപ്പെടുന്നത് ഇവിടെയാണ്. കേരളത്തിന്റെ ആധുനികതയിലെ ചരിത്രത്തിന്റെ പാഠങ്ങളിലെ വിടവുകളിലേക്കു സൂക്ഷ്മനോട്ടം നടത്തുകയാണ് “ആ” ചെയ്യുന്നത്.

അക്ഷരവും ആധുനികതയും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു വിടവുകൂടി കേരളത്തിൽ സംഭവിച്ചിരുന്നു. കൊളോണിയലിസത്തിലൂടെ ആധുനികമാക്കപ്പെട്ട മലയാളസാഹിത്യത്തിൽ 1950 കളോടെ മറ്റൊരു ധാര പ്രത്യക്ഷപ്പെടുന്നുണ്ട്. ചില വാരികകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകൾ സാധാരണ ജനങ്ങൾ വ്യാപകമായി ആസ്വദിച്ചതോടെ സാഹിത്യ ബുദ്ധിജീവികൾ അവയെ മോശപ്പെട്ട സൃഷ്ടികളായി വ്യാഖ്യാനിച്ചതാണ് സംഭവം. അങ്ങനെ ജനപ്രിയ/ ജനപ്രിയേതരം എന്ന വിടവ് സാഹിത്യ പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. ജനപ്രിയ നോവലുകളെ പൈങ്കിളിസാഹിത്യമെന്നു മുദ്രയടിച്ചു. പൈങ്കിളി സാഹിത്യത്തിന്റെ കേന്ദ്രം കോട്ടയം നഗരമായിരുന്നു. അതിനാൽ പൈങ്കിളിസാഹിത്യം അച്ചടിക്കുന്ന വാരികകളെ കോട്ടയം വാരികകളെന്നും മകാരം വാരികകളെന്നും കളിയാക്കിപ്പോന്നു. കേരളത്തിന്റെ ആധുനിക പൊതുമണ്ഡലത്തെ സാധ്യമാക്കിയതിൽ കോട്ടയം നഗരത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്നുാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ പൊതുവിൽ മധ്യവ‍ര്‍ഗ ക്രിസ്ത്യാനികൾക്ക് ആധിപത്യമുള്ള നഗരമായി വ്യവഹരിക്കപ്പെടുന്ന കോട്ടയത്തിന് ഹൈന്ദവാശയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മലയാളസാഹിത്യ പൊതുമണ്ഡലത്തിൽ കാര്യമായ സ്ഥാനമില്ലായിരുന്നു. പൈങ്കളിസാഹിത്യത്തിന്റെ വരവ് അതിന് ആക്കംകൂട്ടുകയും ചെയ്തു. മലയാളസാഹിത്യത്തിന്റെയും ഭാഷയുടെയും ആധുനികീകരണത്തിലെ ചരിത്രത്തിന്റെ ഈ വിടവുകളിലാണ് “ആ” എന്ന നോവൽ ഇടപെടുന്നത്.

ഓ‍‍ര്‍മ്മകൾ നഷ്ടമാകുന്ന സദാനന്ദന്റെ ഡയറിക്കുറിപ്പുകൾ അയാളുടെ ഡോക്ട‍ര്‍ എഴുത്തുകാരന് നല്കുന്നു. ആ കുറിപ്പുകള്‍ കോട്ടയത്തെ സാക്ഷരതാപ്രശ്നത്തിലേക്ക് എഴുത്തുകാരൻ വഴുതിവീഴുന്നതിന് താകണമാകുന്നു. കോട്ടയം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന സദാനന്ദന്റെ ഓ‍ര്‍മ്മക്കുറിപ്പുകളിൽ നിന്നാണ് കോട്ടയം സാക്ഷരതാ പ്രവ‍ര്‍ത്തനത്തിന്റെ ചരിത്രം വെളിപ്പെടുന്നത്. സാക്ഷരതാ മുന്നേറ്റത്തിന്റെ നേതൃത്വം കളക്ടര്‍ക്ക് ആയിരുന്നില്ലന്നും ഏതാനും അധ്യാപകരുടെയും അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവിനെപ്പോലുള്ള സാധാരണ മനുഷ്യരുടെയും ആഗ്രഹവും അധ്വാനവുമായിരുന്നു അതിനു പിന്നിലെന്നും തിരിച്ചറിയതിവിടെയാണ്. കളക്ട‍ര്‍ നായകനായ ഔദ്യോഗിക ചരിത്രത്തിലെ ഹിംസകളെക്കുറിച്ച് തിരിച്ചറിഞ്ഞതോടെ സാക്ഷരതയുടെ വെട്ടിമാറ്റപ്പെട്ട ചരിത്രത്തിലേക്ക് എഴുത്തുകാരൻ നീങ്ങുന്നു. അക്ഷരം പഠിക്കണം എന്നാഗ്രഹിച്ച രാജുവെന്ന കഞ്ചാവ് വില്പനക്കാരന്റെ ത്വര തിരിച്ചറിഞ്ഞ ജോണ്‍ എന്ന അധ്യാപകനാണ് കോട്ടയത്തെ സമ്പൂ‍‍‍ര്‍ണ സാക്ഷരമാക്കുന്നതിന്റെ പ്രവ‍ര്ത്ത‍നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കോട്ടയം സമ്പൂ‍ര്‍ണ സാക്ഷരയിലേക്ക് വരുന്നതിന് വിലങ്ങുതടിയായി നിന്നുവെന്ന് കരുതപ്പെടുന്നത് കുട്ടപ്പന്‍ എന്ന തെങ്ങുകയറ്റ തൊഴിലാളിയാണ്. അങ്ങനെ രാജുവും കുട്ടപ്പനും ഈ അന്വേഷണത്തിലെ രണ്ട് ധാരകളായിത്തീരുന്നു. സദാനന്ദന്റെ ഓര്‍മ്മകൾ അത്ര നിഷ്കളങ്കമല്ലെന്നു മനസ്സിലാക്കുന്നതോടെ എഴത്തുകാരനും സുഹൃത്ത് രണ്‍ജിത്തും രാജുവിനെയും കുട്ടപ്പനെയും തിരക്കി കുറ്റാന്വേഷകരെപ്പോലെ പുറപ്പെടുന്നു. പലരുടെയും ഓർമ്മകളിലൂടെയും എഴുത്തുകളിലൂടെയും കളക്ടറെന്ന അധികാരി കയ്യടക്കിയ ചരിത്രത്തിലെ ഹിംസകളെ കണ്ടെത്തുന്നു. 'ചോരപൊടിയുമ്പോൾ മാത്രമാണ് നാമതിനെ ഹിംസയെന്ന് വിളിക്കുന്നത്. മനസ്സിനേല്ക്കുന്ന മുറിവുകൾക്ക് ചോരപ്പാടുണ്ടാവില്ല’- സാംസ്കാരിക രംഗത്തെ വെട്ടിമാറ്റലുകളുടെ ഹിംസയെ രണ്‍ജിത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്. 

അക്ഷരം പഠിക്കണമെന്നാഗ്രഹിച്ച രാജുവിനെയും അക്ഷരം പഠിച്ചാലും ആദിവാസിയായ തനിക്ക് നിലവിലെ സാമൂഹിക വ്യവസ്ഥയില്‍ നിന്നും സർക്കാരിൽനിന്നും നീതികിട്ടുകയില്ലെന്നു ശഠിച്ച കുട്ടപ്പനെയും തിരക്കിയിറങ്ങുന്ന എഴുത്തുകാരൻ നഗരത്തിന്റെ അടിത്തട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. അടിത്തട്ടിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ എഴുത്തിൽ തെളിയുന്നത് പ്രബല ചരിത്രത്തിന്റെ മറുപുറമാണ്. ആ ചരിത്രത്തിലാണ് രാജുവിന്റെ കൂട്ടുകാരിയായ ജസീ/ന്ത അന്വേഷണത്തിലേക്ക് കടന്നുവരുന്നത്. രാജുവിലേക്കുള്ള വഴി തന്റെ പിതാവിന്റെ പീഡനത്തെ എതിർത്ത് നാടുവിട്ട ജസീന്തയിലൂടെയാണെന്നു തിരിച്ചറിയുമ്പോൾ കോട്ടയം നഗരത്തിനു പുറത്തേക്ക് കഥയുടെ ഭൂപടം മാറുന്നു. ഹൈറേഞ്ചും തമിഴ്നാടും ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്നു. കോട്ടയം, മൂന്നാ‍ര്‍, തമിഴ്നാട് എന്ന ഭൂമിശാസ്ത്രം ശ്രദ്ധിച്ചാൽ മലയാള സാഹിത്യത്തിന്റെ പൊതുബോധത്തിന് പുറത്തുനില്ക്കുന്ന ഒരുവലിയ ലോകമാണ് നോവലിന്റെ ഭൂപടമെന്നു കാണാം. ഇവിടെത്തളിയുന്ന അടിത്തട്ടിന്റെ ചരിത്രാത്മകതയാണ് ശ്രദ്ധിക്കേണ്ടത്. അതിരമ്പുഴയിലെ കീഴാള ക്രിസ്ത്യാനികളുടെ പോരാട്ടം, മൂന്നാറിലെ കൊളോണിയൽ ഇടപെടലും വേട്ടയുടെ ചരിത്രവും, മൂന്നാര്‍ത തോട്ടങ്ങളിലെ തൊഴിലാളികളുടെ അതിജീവിനത്തിന്റെ പോരാട്ടങ്ങൾ എന്നിങ്ങനെ നോവൽ കേരളത്തിന്റെ സാമൂഹികതയിൽ സവർണരും മറ്റും നടത്തിയിട്ടുള്ള ഹിംസകളുടെ സാമൂഹിക ചരിത്രത്തിലേക്ക് സഞ്ചരിക്കുന്നു.  മലയാളനോവലിന്റെ വഴിപിരിയലിന്റെ ഒരുധാരയാണിത്.  'മനുഷ്യജീവിതാഖ്യാനം' എന്നൊക്കെയുള്ള പൊതുബോധ സാഹിത്യനി‍ര്‍വചനങ്ങളെ തിരസ്കരിച്ച് ചരിത്രത്തിലെ ദമിതമായ വചനങ്ങളെ കണ്ടെടുക്കുന്ന സൂക്ഷ്മമായ പ്രക്രിയയാണിത്. പൊതുബോധം തമസ്കരിക്കുന്ന കാഴ്ചകളുടെ, ചരിത്രത്തിന്റെ, അബോധത്തെ ഒരു വെളിപാടുപോലെ ഉണ‍ര്‍ത്തിയെടുക്കുന്ന ആഭിചാരമാണ് പുതുനോവലുകളുടെ ശരീരമെന്നു പറയാം. ആ ആഭിചാര ക്രിയ ശരീരത്തില്‍ വഹിക്കുന്ന നോവലാണ് “ആ”.

കഞ്ചാവുവില്പനക്കാരനായ രാജുവിന്റെ കാഴ്ചകളും പറച്ചിലുകളും ലഹരിയിലായിരിക്കുമ്പോഴുള്ള തോന്നലുകളാണെന്ന് നോവലിൽ ഒരിടത്ത് പറയുന്നത് ഇവിടെ പ്രധാനമാണ്. തന്റെ തോന്നലുകളിലൂടെയം വിഭ്രാന്തികളിലൂടെയും രാജു ആഖ്യാനങ്ങളുടെ ചിട്ടയെ തക‍ര്‍ക്കുകയും ആരും കാണാത്ത കാഴ്ചകളിലേക്ക് ഭാഷയെ തുറന്നിടുകയും ചെയ്യുന്നു. ലഹരി കിട്ടുമ്പോഴുള്ള തോന്നലുകളായി ചരിത്രം മാറുന്നതോടെ ബോധത്തിന്റെ ക്രമത്തെ ഇല്ലാതാക്കുന്ന അബോധത്തിന്റെ ഭാഷണമായി ചരിത്രം പ്രത്യക്ഷപ്പെടുന്നു. രാജു ആണതിന്റെ കേന്ദ്രബിംബം. ഈ തോന്നലുകൾ മുദ്രപ്പെടുത്താനാണ് അയാൾ അക്ഷരംപഠിക്കണമെന്ന് ശാഠ്യംപിടിച്ചത്.

രാജുവിൽ മാത്രമല്ല നോവലിലുടന്നീളം കഞ്ചാവ് കടന്നുവരുന്നുണ്ട്. നോവലിന്റെ തുടക്കിത്തിൽ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിൽവച്ച് എഴുത്തുകാരൻ കഞ്ചാവ് ലേഹ്യം കഴിച്ച്  രണ്ടുമുന്നുദിവസം ബോധമില്ലാതെ കിടന്നത് വിവരിക്കുന്നുണ്ട്. പിന്നീട് പലയിടത്തും കഞ്ചാവ് കടന്നുവരുന്നു. നോവലവസാനിക്കുന്നത് രാജു എഴുതിയതായി കരുതുന്ന വേട്ടയുടെ കഥപറയുന്ന നോവലിനുള്ളിലെ നോവലോടെയാണ്. കഞ്ചാവ് കാടിനുള്ളിലെ രഹസ്യസ്ഥാനങ്ങളിലാണ് വളരുന്നത്. പുറംലോകത്തിന്റെ കാഴ്ചയെത്താത്ത അതിന്റെ സ്ഥാനം പുറംലോകം അമർത്തിയ ചരിത്രത്തിന്റെ പ്രതീകമാണ്. പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത കാടും അതിലെ വേട്ടയുടെ ചരിത്രവും നിരന്തരം കടന്നുവരുന്ന ആഖ്യാനംതന്നെ രഹസ്യസ്ഥലത്ത് വളരുന്ന ഗൂഢമായി കൈമാറ്റംചെയ്യുന്ന കഞ്ചാവിനെ സൂചിപ്പിക്കുന്നു. ആധുനികതയുടെ പോലീസും ഭരണകൂടവും ലഹരിയെ നിയന്ത്രിക്കുന്ന വെട്ടയാടുന്ന ശക്തികളാണ്. ആ ശക്തികളെ തിരസ്കരിക്കുകയാണ് നോവലെന്നു പറയാം. കോട്ടയത്തിന്റെ കളക്ടർ, സാക്ഷരതാ പദ്ധതി തുടങ്ങിയ ഭരണകൂടത്തിന്റെ പ്രത്യക്ഷ രൂപത്തോടുള്ള കലഹമാണ് നോവലിന്റെ ആശയലോകമെന്നത് ഈ കഞ്ചാവ് ബിംബം വ്യക്തമാക്കുന്നു.

കഞ്ചാവുപോലെ നോവലിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു അടയാളമാണ്  പൈങ്കിളിസാഹിത്യം. കഞ്ചാവുപോലെ ആളുകളിലേക്ക് കേവല വികാരങ്ങൾ കുത്തിവച്ച് മയക്കുന്ന സാഹിത്യമെന്നാണ് ഒരുകാലത്ത് ബുദ്ധിജീവികൾ പൈങ്കിളിസാഹിത്യത്തെ വിശേഷിപ്പിച്ചിരുന്നത്. ഉന്മാദത്തിലേക്ക് നയിക്കുന്ന കഞ്ചാവും പൈങ്കിളിസാഹിത്യവും കൂടിച്ചേരുന്നിടത്താണ് നോവലിന്റ ചരിത്രഭൂപടം അതിന്റെ രാഷ്ട്രീയം സംസാരിക്കുന്നത്. രാജു എഴുതിയ നോവലിലാണ് അപൂര്‍ണ്ണ നോവല്‍ അവസാനിക്കുന്നത്. ഈ നോവലെഴുതാൻ രാജുവിന് പ്രേരണയാകുന്നത് അയാൾ ജസീന്തയെക്കൊണ്ട് വായിപ്പിച്ച് കോട്ടയം വാരികകളിലെ നോവലുകളാണ്. അക്ഷരമറിയാത്ത രാജു തൊട്ടറിയുന്ന സാഹിത്യം പൈങ്കിളിവാരികളുടേതാണ്. ഈ സാഹിത്യം മലയാളത്തിലെ പ്രബലസാഹിത്യത്തിന് പുറത്താണെന്നാണ് ബുദ്ധിജീവികൾ സ്ഥാപിച്ചത്. ഈ പൈങ്കിളിസാഹിത്യമാണ് കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതെന്ന് ചിന്തകർ ചൂണ്ടിക്കാട്ടാറുണ്ട്. വായിക്കാൻ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകാതിരുന്ന സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമായ ഈ വാരികകൾ വായനയ്ക്കുള്ള വിഭവങ്ങളായി മാറി. അവയുടെ ലളിതമായ ആഖ്യാനഘടനയും ഭാഷയും അവർക്ക് സുഗമമായ വായനാനുഭവം നല്കുകയും ചെയ്തു. കോട്ടയം പുഷ്പനാഥിന്റെയൊക്കെ കുറ്റാന്വേഷണനോവലുകൾ ആകാംക്ഷയുടെ മുൾമുനയിൽ വായനക്കാരെ നിർത്തി. അത്തരം നോവലുകൾക്ക് ലക്ഷക്കണക്കിന് വായനക്കാരുണ്ടായിരുന്നുവെന്നാണ് ചരിത്രം.

കേരളീയ ആധുനികതയിലാണ് പുസ്തകവായനയെന്ന പ്രക്രിയ രൂപപ്പെടുന്നത്. ആ പ്രക്രിയയെ സവിശേഷമായി ജനകീയമാക്കുന്നത് സാക്ഷരതയും കോട്ടയം വാരികകളുമാണ്. ആധുനികതയിൽ രൂപപ്പെട്ട വായനയെന്ന പ്രക്രിയ ബുദ്ധിജീവികളുടെ ഗൗരവ വായനയായെങ്കിൽ പൈങ്കിളിവാരികകൾ അതിനെ ജനകീയവല്കരിച്ചു. അങ്ങനെ സാക്ഷരതാ ചരിത്രത്തിലെ വെട്ടിമാറ്റലിനെക്കുറിച്ചു് അന്വേഷിച്ചിറങ്ങുന്ന കതാകാരന്‍  പൈങ്കിളിനോവലുകൾ വായിച്ചുകേട്ട, അക്ഷരമറിയാത്ത ഒരാളെഴുതിയ നോവൽ കണ്ടെടുക്കുന്ന കഥകൂടി പറയുന്നു. ജനപ്രിയം/ ജനപ്രിയേതരം എന്ന വിഭജനം ഇല്ലാതായ മലയാളനോവലിന്റെ ഭൂമികയ്ക്ക് കൃത്യമായ അടയാളംവയ്ക്കുകയാണ് ഇവിടെ “ആ” എന്ന നോവല്‍. എല്ലാത്തരം സാംസ്കാരിക/ബൗദ്ധിക വിഭജനങ്ങളെയും നിർവീര്യമാക്കുന്ന ഡിജിറ്റൽകാലത്ത് സാഹിത്യത്തിലെ ജനപ്രിയം/ ജനപ്രിയേതരം എന്ന വിഭജനത്തെ ഈ നോവൽ അപ്രസക്തമാക്കുന്നത് ആധുനികതയുടെ വിടവുകളിലെ ചരിത്രത്തെ കണ്ടെടുക്കുന്നതിലൂടെയാണ്. ആ ചരിത്രത്തിന്റെ ഭ്രമാത്മകമായ സഞ്ചാരമാണ് “ആ” എന്ന നോവലിന്റെ രാഷ്ട്രീയം.

Content Summary: Malayalam Book 'Aa' by K P Jayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com