ADVERTISEMENT

നിങ്ങളുടെ കൈയ്യിലുള്ള എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇതൊക്കെ വായിക്കാൻ തന്നെയാണോ നിങ്ങൾ വാങ്ങുന്നത്? ഇത്രയും പുസ്തകങ്ങൾ നിങ്ങൾ ഏത് കാലത്ത് വായിച്ചുതീരും? ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കാത്ത വായനക്കാർ കുറവായിരിക്കും. അയാൾ കൊണ്ടുപിടിച്ചു വായിക്കുന്ന ഒരാളാണെങ്കിൽ ഇതിലെ ചില ചോദ്യങ്ങൾ അവരെ അത്രമേൽ പ്രകോപിപ്പിക്കാനും സാധ്യതയുണ്ട്. ഒരു വായനക്കാരൻ എന്ന നിലയിൽ ഇതുപോലുള്ള ചോദ്യങ്ങളെ നേരിട്ടുള്ള ഒരു വ്യക്തിയാണ് സുരേഷ് മേനോൻ.

വിസ്ഡൻ ഇന്ത്യ അൽമനാക്കിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെയുമൊക്കെ എഡിറ്ററായി ഇരുന്നു കൊണ്ട് ക്രിക്കറ്റിനെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള സുരേഷ് മേനോന്റെ പുസ്തകങ്ങളെയും എഴുത്തുകാരെയുമൊക്കെക്കുറിച്ചുള്ള ലേഖന സമാഹാരമാണ്  'വൈ ഡോണ്ട് യൂ റയ്റ്റ് സംതിങ് ഐ മൈറ്റ് റീഡ്' എന്ന പുസ്തകത്തിലുള്ളത്.

തീർച്ചയായും പുസ്തകത്തിന്റെ തലക്കെട്ട് തന്നെയാണ് ഈ പുസ്തകത്തിലേക്ക് എന്നെ ആകർഷിച്ചത്. പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമായും ഇതിനെ കരുതുന്നതിൽ തെറ്റില്ല. ധാരാളമായി വായിക്കുന്നവർ അവരുടെ വായന ജീവിതത്തിലൂടെ കടന്നുപോയ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമൊക്കെ എഴുതിയത് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.. സ്പോർട്സിൽ ഒട്ടും താൽപ്പര്യമില്ലാത്ത തന്റെ ഭാര്യയുടെ, ഞാൻ വായിച്ചേക്കാവുന്ന എന്തെങ്കിലുമൊന്ന് നിങ്ങൾ എന്തു കൊണ്ടെഴുതുന്നില്ല എന്ന ഒറ്റ ചോദ്യത്തിന്റെ പുറത്താണ് മേനോൻ ഈ പുസ്തകമെഴുതാൻ കാരണമായതെന്നു പറയുന്നുണ്ട്.

ഏതൊരാളും വായനയിൽ എത്തിച്ചേരുന്നതിനു പിന്നിൽ പലവിധ കാരണങ്ങളുണ്ടാകാം. ബാല്യകാലമാകണം ഏവരേയും പ്രധാനമായും സ്വാധീനിക്കുന്ന ഒരു കാലഘട്ടം. രോഗം, ഏകാന്തത, കുടുംബ പശ്ചാത്തലം തുടങ്ങിയവ ഒരാളെ വായനയിലേക്കും എഴുത്തിലേക്കും തള്ളിയിടാനുള്ള ഏറ്റവും കുറഞ്ഞ കാരണങ്ങളിൽ ചിലതാണ്.സുരേഷ് മേനോൻ താൻ കുട്ടിക്കാലത്തു തന്നെ വായനയിലേക്കെത്തിപ്പെട്ട ചില വിവരങ്ങളിലൂടെയാണ് പുസ്തകം തുടങ്ങുന്നത്.

എഴുത്തുകാരും പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട കൗതുകരമായ വിവരങ്ങളുടേയും സമൃദ്ധമായ വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒരു ശരാശരി വായനക്കാരന് തന്റെ ജീവിത കാലത്ത് എത്ര പുസ്തകങ്ങൾ വായിച്ചു തീർക്കാൻ കഴിയുമായിരിക്കും അവയിൽ എത്രയെണ്ണം അവരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടാകും? എത്രയെണ്ണം സ്വാധീനിച്ചിട്ടുണ്ടാകും? പുനർവായനക്ക് എടുക്കപ്പെട്ടത് ഏതൊക്കെ? നീണ്ട കാലവായനയിൽ എത്ര എഴുത്തുകാരുടെ പുസ്തകങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും? എന്തായാലും അതിന്റെയൊന്നും മൊത്ത വിവരങ്ങളൊന്നും ഒരു പുസ്തകത്തിലൂടെ മുഴുവനായി അവതരിപ്പിക്കാനാകില്ല. എങ്കിലും ഈ പുസ്തകത്തിൽ ഇവിടെയും പുറത്തുമുള്ള നിരവധി എഴുത്തുകാർ കടന്നു പോകുന്നുണ്ട്. അവരെ സംബന്ധിച്ച വിവരങ്ങൾ, എഴുത്തുകൾ, ഓർമ്മകൾ ഒക്കെ മേനോൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മാർക്കേസ്, നയ്പോൾ, ജോൺ ലെ കാരെ, അഗത ക്രിസ്റ്റി, പ്രൂസ്റ്റ്, ആൽബർട്ടോ മാംഗ്വൽ തുടങ്ങിയവരൊക്കെ അതിൽ ചിലർ മാത്രം. ആ ലിസ്റ്റ് പക്ഷേ അത്യാവശ്യം നീണ്ടതാണ്.

ഒരു അധ്യായത്തിൽ ഗോസ്റ്റ് റൈറ്റിംഗിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് കെന്നഡിയുടെ 'പ്രോഫയൽസ് ഇന്‍ കറെജ്' എന്ന പുസ്തകം പുലിറ്റ്സർ നേടിയിരുന്നു. ആ പുസ്തകത്തിന്റെ പിന്നിൽ പ്രസിഡണ്ടിന്റെ ഉപദേഷ്ടാക്കളും പ്രസംഗം എഴുതി തയ്യാറാക്കുന്നവരുമായിരുന്നു. രാഷ്ടിയ മേഖലയിൽ നിന്നുള്ളവർ മാത്രമല്ല ഡിറ്റക്ടീവ് ഫിക്ഷൻ എഴുതുന്ന ചിലരേക്കുറിച്ചും ഇവിടെ പരാമർശമുണ്ട്. ഗോസ്റ്റ് റൈറ്റിംഗ് വിദേശരാജ്യങ്ങളിൽ ഒരു ബിസിനസാണ് . സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ അതിപ്രശസ്തനായ ഒരെഴുത്തുകാരൻ അന്നത്തെ ഒരു ചാൻസലറുടെ ഒരു പുസ്തകത്തിനുവേണ്ടി അപരനായതിന്റെ വിവരങ്ങളുമുണ്ട്. ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിനു അവാർഡ് നേടി കൊടുത്ത ആത്മകഥ എഴുതിയതും അപരനാണ്.

അപ്പോൾ നമ്മുടെ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥയോ? ഒരു സ്പോർട്സ് ലേഖകനായതുകൊണ്ട് ഇതേക്കുറിച്ച് സുരേഷ് മേനോൻ അഭിപ്രായപ്പെട്ടതിനോട് യോജിക്കാമെന്നു തോന്നുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ജോലി പത്രപ്രവർത്തനമാണ് എന്ന് പറഞ്ഞത് മാർക്കേസാണ്. മദ്രാസിലെ സ്വന്തം വീട്ടിൽ നയ്പോളിനെ സൽക്കരിച്ച സമയത്ത് പത്രപ്രവർത്തനത്തെ വില കുറച്ചു കാണരുത് എന്ന് സുരേഷ് മേനോനോട് പറഞ്ഞതും പിന്നീടുണ്ടായ സംഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മുൻപ് സൂചിപ്പിച്ച പോലെഒരു വായനക്കാരന്റെ ജീവിതത്തെ തൊട്ടുതലോടി പോയ അനുഭവങ്ങളും ഓർമ്മകളുമാണ് പുസ്തകത്തിലുള്ളത്. കോവിഡ് അതിന്റെ രൂപം പൂണ്ട് എല്ലാവരേയും തളച്ചിട്ട സമയത്ത് എഴുതിയ ലേഖനങ്ങൾ പുസ്തക രൂപം കൊണ്ടതാണ് 'വൈ ഡോണ്ട് യൂ റയ്റ്റ് സംതിങ് ഐ മൈറ്റ് റീഡ്'.

കെനിയൻ എഴുത്തുകാനായ എൻ ഗുഗി തിയാങ്ങ്ഗോ തന്റെ 'ഡെവിൾ ഓൺ ദ് ക്രോസ്' എന്ന നോവൽ രഹസ്യമായി എഴുതിയത് ജയിലിൽ വച്ചായിരുന്നത്രെ, അതും ടോയ്ലറ്റ് പേപ്പറിൽ.കാമ്പുള്ളതും മികച്ചതുമായ രചനകളുണ്ടായിട്ടും എന്തുകൊണ്ട് ആ എഴുത്തുകാരന് നോബൽ കിട്ടുന്നില്ല എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. ബാംഗ്ലൂരിലെ ബ്ലോസം ബുക്ക് ഹൗസിന്റെ മായി ഗാഡയുടെയും കൃഷ്ണ ഗൗഢയുടേയും കഥകൾ ഇനിയും അറിഞ്ഞിട്ടില്ലാത്തവർക്ക് തെല്ലൊരത്ഭുതത്തോടെ വായിച്ചു പോകാം.

വായിക്കാത്ത പുസ്തകങ്ങൾ വായിച്ചവയേക്കാൾ അമൂല്യമെത്രേ. ഇവിടെ മേനോൻ എഴുതിയിട്ട പുസ്തകങ്ങളുടെ പിറകെ ചിലരെങ്കിലും നടക്കാനിടയുണ്ട്. ഒരെഴുത്തുകാരന്റെ താൽപര്യങ്ങളും അവന്റെ വായനക്കാരുടെ താൽപ്പര്യങ്ങളും ഒരിക്കലും ഒന്നായിരിക്കില്ല എന്ന് പറഞ്ഞത് കവിയായ വിസ്‌റ്റാൻ ഹ്യൂ ഓഡനാണ്. ഇനി അഥവാ യാദൃച്ഛികമായി അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഭാഗ്യമെന്നേ കരുതേണ്ടൂ.

ഈ പുസ്തകവും അങ്ങനെയുള്ള ഒരു കൂട്ടം വായനക്കാരെ പ്രതീക്ഷിക്കുന്നുണ്ട്. പുസ്തകത്തിന്റെ കവറിൽ കാണുന്ന ശില്പം അദ്ദേഹത്തിന്റെ ഭാര്യ ഡിംപി മേനോൻ വെങ്കലത്തിൽ ചെയ്ത ഇൻ തോട്ട് എന്ന വർക്കാണ്. പുസ്തകങ്ങളുടെയും അതിഗംഭീരവായനയുടേയും നടുവിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി പ്രശസ്തരും അല്ലാത്തവരുമായ ഒരുപാടാളുകളെ നമ്മുടെ ചുറ്റുവട്ടത്തും കാണാം. അവരുടെ കഥകളെഴുതാൻ ഇനി ഏത് സുരേഷ് മേനാനാണ് വരിക?

Content Summary: Book 'Why don't you write something I might read' by Suresh Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com