ADVERTISEMENT

ഒരു കർഷകന്റെ പാടത്തു നിന്നാണ് ഈ കഥ ആരംഭിക്കുന്നത്. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും അധ്വാനിച്ചതിന്റെ ഫലമായി കർഷകന് അദ്ഭുതകരമായ വിധത്തിൽ കരിമ്പിൻ വിളവ് ലഭിച്ചു. അടുത്തു തന്നെയുള്ള പഞ്ചാസാര ഫാക്ടറിയിൽ കൊണ്ടുപോയി വിളവ് വിറ്റു. അവർ കരിമ്പിൽ നിന്ന് ചാക്കുകണക്കിനു പഞ്ചസാര ഉൽപാദിപ്പിച്ചു. പഞ്ചസാര മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നതോടെ എല്ലാവർക്കും മികച്ച ലാഭം ലഭിക്കും. ആ വർഷം കർഷകരുടെ മക്കൾ പുതുവസ്ത്രങ്ങൾ അണിയും. അവരുടെ വീട്ടിലെ സ്റ്റോർ ഭക്ഷണസാധനങ്ങളാൽ നിറയും. കർഷകരുടെ ഭാര്യമാർ സന്തോഷിക്കും. വീടുകളിൽ ആഹ്ലാദം നിറയും. 

മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നതു വരെ പഞ്ചസാര ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുകയാണ്. സ്റ്റോർ മുറിയിൽ ചാക്കുകളിൽ അട്ടിയട്ടിയായി ചാക്കുകൾ. എന്നാൽ അതേ മുറിയിൽ കുറേ ഉറുമ്പുകൾ താമസിക്കുന്നുണ്ട്. ചാക്കുകെട്ടുകൾ ലക്ഷ്യം വച്ച് ഉറുമ്പുകൾ വരിവരിയായി നീങ്ങാൻ തുടങ്ങി. ആദ്യത്തെ ഉറുമ്പ് ആദ്യത്തെ ചാക്കിൽ നിന്ന് ഒരു പഞ്ചസാരത്തരിയെടുത്ത് തിരികെപ്പോയി. 

അടുത്ത ഉറുമ്പ് ചാക്കിൽ നിന്ന് വേറൊരു പഞ്ചസാര തരിയെടുത്തു മടങ്ങിപ്പോയി. അടുത്തയാളും ചാക്കിൽ കയറി പഞ്ചസാരത്തരിയുമായി മടങ്ങി. 

ഇതിങ്ങനെ തുടരുകയാണ്. കഥ പറച്ചിലുകാരൻ കഥ നിർത്തുന്നില്ല. ഒന്നുകിൽ ഉറുമ്പുകളുടെ നിര അവസാനിക്കണം. അല്ലെങ്കിൽ പഞ്ചസാര തീരണം. രണ്ടും സംഭവിക്കാത്തതിനാൽ ഉറുമ്പുകൾ ചാക്കിലേക്കും തിരിച്ചുമുള്ള ഘോഷയാത്ര തുടരുകതന്നെയാണ്. കഥയും. കഥ കേൾക്കാൻ കൊതിച്ചിരുന്ന രാജാവ് മയങ്ങിവീഴാൻ തുടങ്ങി. ഒരു ദിവസം കടന്നുപോയിട്ടും അതേ കഥ തന്നെ. പിറ്റേന്നും പിറ്റേന്നും. അടുത്തതായി എന്താണു സംഭവിച്ചതെന്നറിയാൻ രാജാവിന് ആകാംക്ഷ. ക്ഷമിക്കൂ രാജാവേ, ഉറുമ്പുകളുടെ ഘോഷയാത്ര അവസാനിക്കട്ടെ എന്നാണ് കഥ പറച്ചിലുകാരൻ പറയുന്നത്. നിർത്താതെ കഥ പറഞ്ഞ് തന്നെ സന്തോഷിപ്പിക്കുന്നയാൾക്ക് രാജ്യത്തിന്റെ പകുതി നൽകാമെന്നു വാഗ്ദാനം ചെയ്ത രാജാവ് വെട്ടിലായി. എന്നാൽ കഥാകാരൻ വാഗ്ദാനം മോഹിച്ചെത്തിയ ആളായിരുന്നില്ല. കഥകളിൽ അമിതമായി 

ആസക്തനാകുകകയും രാജ്യത്തെ പ്രധാന ഭരണ കാര്യങ്ങൾ പോലും അവഗണിക്കുകയും ചെയ്ത രാജാവിനെ യാഥാർഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച വ്യക്തിയായിരുന്നു. അതിനയാൾ കണ്ടുപിടിച്ച ഉപായവും കഥ തന്നെയായിരുന്നു എന്നുമാത്രം. കഥകളിൽ നിന്നു മോചിപ്പിക്കാനും കഥയെ തന്നെ ആശ്രയിച്ച ഈ കഥ പറഞ്ഞത് ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാ മൂർത്തിയാണ്. കഥ പറയാൻ ഒരു മുത്തശ്ശി എന്ന പുസ്തകത്തിലൂടെ. ഗ്രാൻഡ്‌മാസ് ബാഗ് ഓഫ് സ്റ്റോറീസ് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ. ബാലസാഹിത്യ വിഭാഗത്തിൽ ഇത്തവണ കേന്ദ്ര പുരസ്കാരം നേടിയ കൃതി. 

ഏതു പ്രായക്കാർക്കും വായിച്ചു രസിക്കാവുന്ന 20 കഥകളുടെ സമാഹാരമാണിത്. ഗ്രാമത്തിലെ തറവാട്ടിൽ കൊച്ചുമക്കളെ കാത്തിരിക്കുന്ന മുത്തശ്ശിയും മുത്തഛനും. അവധിക്കാലത്ത് കുട്ടികൾ എത്തുന്നു. കഥ കേൾക്കുക, മുത്തശ്ശി തയാറാക്കുന്ന അപൂർവ രുചിയുള്ള വിഭവങ്ങൾ രുചിക്കുക, ഗ്രാമത്തെ അറിയുക, അനുഭവിക്കുക എന്നിവയൊക്കെയാണ് ലക്ഷ്യം. അവരെ പൂർണമായി സന്തോഷിപ്പിച്ചും മനസ്സു നിറച്ചും കഥയുടെ അക്ഷയ നിധി തുറക്കുകയാണ് മുത്തശ്ശി. 

രാജാവും രാജ്ഞിയും കഥാപാത്രങ്ങളാവുന്ന കഥകൾ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, സാധാരണക്കാരുമുണ്ട്. എല്ലാ കഥകൾക്കും എന്തെങ്കിലുമൊക്കെ സന്ദേശങ്ങൾ പകരാനുണ്ട്. പല കഥകളും ഓർമയിൽ തങ്ങിനിൽക്കുന്നവ. അനായാസ വായന സാധ്യമാക്കുന്ന ശൈലിയാണ് മറ്റൊരു സവിശേഷത. ലളിതമായ ആഖ്യാനം പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്. കഥാകൃത്ത് ഷബിതയാണ് മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തത്. 

Content Summary: 'Katha Parayanoru Muthassi' Book By Sudha Murthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com