ADVERTISEMENT

സൈനിക ജീവിതമെന്നു കേൾക്കുമ്പോൾ സൈനികരല്ലാത്തവരുടെ മനസ്സിൽ മിന്നിമറയുന്ന കുറേ ദൃശ്യങ്ങളുണ്ട്. നിറം പിടിപ്പിച്ച കഥകളിൽ നിന്നും ഭാവനയിൽ നിന്നും ഊറിക്കൂടിയവ. ഇതിൽ നിന്നു വ്യത്യസ്തമായി സൈനിക ക്യാംപുകളിലെ യഥാർഥ ജീവിതം മലയാള സാഹിത്യത്തിൽ അവതരിപ്പിച്ചത് നന്തനാരും കോവിലനുമാണ്. മനുഷ്യരെന്ന നിലയിൽ പട്ടാളക്കാരുൾപ്പെടെയുള്ളവരുടെ വ്യഥകളും അസ്തിത്വ പ്രതിസന്ധികളും കഥകളും നോവലുകളുമായി. മുഖ്യധാരാ സാഹിത്യത്തിലെതന്നെ ഈ അപൂർവ ആഖ്യാനങ്ങൾ ഉള്ളടക്കത്തിലും അവതരണത്തിലും വ്യതിരിക്തത പുലർത്തുന്നു. ആവിഷ്ക്കാരത്തിന്റെ പ്രത്യേകതയാൽ സവിശേഷവുമാണവ. എന്നാൽ കന്റോൺമെന്റ് കഥകൾ യഥാർഥ ജീവിതം തന്നെ കഥ പോലെ പറയുന്നു. അനുഭവങ്ങൾ തന്നെ ഒരു ഘട്ടം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ അവ അനുഭവിച്ചവർക്കുപോലും കഥകളാണല്ലോ. പൊട്ടിച്ചിരിപ്പിക്കുന്നവ മുതൽ ഉള്ളു പൊള്ളിക്കുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങൾ വരെ ഈ സമാഹാരത്തിലുണ്ട്. കണ്ടതും കേട്ടതും അനുഭവിച്ചതുമായ പച്ചയായ ജീവിതം. അവയെ മനോഹരമായി അവതരിപ്പിച്ചപ്പോൾ കഥകളുടെ കെട്ടും മട്ടും ആയെന്നുമാത്രം. 

അടിയന്തരാവസ്ഥാ കാലത്ത് എയർഫോഴ്സിൽ കുറച്ചു കാലം ജോലി ചെയ്യേണ്ടിവന്നതിനെക്കുറിച്ചാണ് പ്രശസ്ത എഴുത്തുകാരൻ സി. ആർ. പരമേശ്വരന്റെ കുറിപ്പ്. നക്സലിസവും സാഹിത്യവുമായി വന്നുപോയവൻ. ചെറിയൊരു കാലത്തെ ക്യാംപുകളിലെ ജീവിതം. അവിടെ പരിചയപ്പെട്ടവർ. ഒളി മങ്ങാത്ത സൗഹൃദത്തിന്റെ ഓർമകൾ. അക്കാലത്തു നിന്നും ലഭിച്ച ഏറ്റവും വലിയ സ്വത്ത് സൗഹൃദബന്ധങ്ങളാണെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഒരിക്കൽ നാട്ടിലുണ്ടായിരിക്കെ, വെള്ളിത്തിര കാണണമെന്ന അദമ്യമായ മോഹത്താൽ പരമേശ്വരൻ എറണാകുളത്തെ ഒരു തിയറ്ററിൽ ചെന്നു ക്യൂവിൽ ഇടംപിടിച്ചു. അതാ അഞ്ചു പത്ത് ആളുകൾക്കു മുമ്പിൽ നിൽക്കുന്ന സൈനിക സുഹൃത്ത് കണ്ണനെ കാണുന്നു. അധീനമായി കിട്ടിയ കുറേ പശിങ്കളോട് എഐഎഡിഎംകെയുടെ മേൻമകൾ ബോധ്യപ്പെടുത്തുകയാണ്. പരമേശ്വരൻ ശബ്ദം ലക്ഷ്യമാക്കി നടന്ന് പിന്നിൽച്ചെന്ന് ആകാവുന്നത്ര ശക്തിയിൽ പുറത്ത് കനത്ത ഒരടി കൊടുത്തു. വേദനയിൽ ചൂളി തിരിഞ്ഞുനിൽക്കുമ്പോൾ എന്നെയാണ് കണ്ടത്. ഉടനെ കെട്ടിപ്പിടുത്തമായി. ഞങ്ങൾ ഇരുവരും ക്യൂവിൽ നിന്നു മോചിതരായി ആ രാത്രി മുഴുവൻ കൊച്ചി നഗരത്തിലും  മനോഹരമായ നേവൽ ബേസിലെ മെസ്സിലും ബാറിലും അർമാദിച്ചു കഴിഞ്ഞു.

നക്സലൈറ്റ് അനുഭാവവും ഇ‌ടതുപക്ഷ സാഹിത്യ വായനയ്ക്കും ഒപ്പം ആധുനികതയുടെ കൊടിയേറ്റത്തിനു സാക്ഷിയായി കലുഷമായ കാലത്തുനിന്ന് അന്യനാട്ടിൽ ചെന്ന് രോഗങ്ങളോട് പൊരുതിയും രാജ്യത്തെ സേവിക്കുന്ന സൈനികരുടെ ജീവിതം മെച്ചപ്പെടുത്താനും നടത്തിയ പരിശ്രമങ്ങളിൽ ഒരു കാലഘട്ടത്തിന്റെ കഥയുണ്ട്. ഒരു തലമുറ അനുഭവിച്ച അസ്തിത്വ ദുഃഖങ്ങളുടെ പരുഷ ഭാവങ്ങളുണ്ട്. ദ്രോഹിക്കാൻ മാത്രം അറിയുന്ന ചില മലയാളി ഉദ്യോഗസ്ഥരുടെ ക്രൂരതകളും അവയോട് പൊരുതി നിന്നതിന്റെ ധീരമായ ഓർമകളും. 

‌‌ധോഡാ ജൽദി ദേനയാർ എന്ന ലഘു അനുഭവ വിവരണത്തിൽ രഘു മേനോൻ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത് അനുവാദത്തോടെ അനൗദ്യോഗിക ലീവെടുത്ത് ഏതാനും മണിക്കൂർ വീട്ടിൽ പോകാൻ നടത്തിയ ഒരുക്കമാണ്. ഈ കൊച്ചു വിവരണത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട് കുടുംബത്തോട് സൈനികർ പുലർത്തിയ മമതയും ഏതാനും നിമിഷങ്ങളുടെ സ്നേഹത്തിനു വേണ്ടി നടത്തിയ ത്യാഗങ്ങളും. ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സമാഹാരത്തിലെ എല്ലാ അനുഭവങ്ങളും. സാധാരണ ജീവിതത്തിൽ അലസമായി തള്ളിനീക്കുന്ന നിമിഷങ്ങൾ സൈനികർ എത്ര കരുതലോടെയാണു സ്വീകരിച്ചതെന്ന വസ്തുത മാത്രം മതിയാകും സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു ജീവിച്ചവരുടെ ത്യാഗത്തിന് അടിവരയിടാൻ.

ഏതോ പ്രേതഭൂമിയിലാണ് ഞാനിരിക്കുന്നതെന്ന തിരിച്ചറിവ് ബോധമനസ്സിലേക്ക് മെല്ലെ അരിച്ചിറങ്ങുന്നത് ഞാനറിഞ്ഞു. ചുറ്റും വിജനത. നദിക്കക്കരെ പുൽമേടിൽ മേഞ്ഞിരുന്ന ചെമ്മരിയാടിൻ കൂട്ടവും ഇടയൻമാരും മറ‍ഞ്ഞുകഴിഞ്ഞിരുന്നു. എനിക്കു ചുറ്റും പേരെഴുതിയ തറകളും ഫലകങ്ങളും കൂടിക്കൂടി വന്നു. നദിയിലെ ഒഴുക്കിന്റെ ശബ്ദം ഉച്ചത്തിലായതുപോലെ. ഞാൻ പുറത്തേക്കു നോക്കി. താഴ്‌വരയിൽ ഇരുട്ടിന് കട്ടി കൂടിയിരിക്കുന്നു. ആ വല്ലാത്തൊരവസ്ഥയിൽ, നിസ്സഹായതയിൽ ഞാനിരുന്നു. കശ്മീരിലെ ലേയിൽ സിന്ധൂ നദീതീരത്തെ ഒരു സായാഹ്നത്തിന്റെ ഭീകരമായ ഓർമ സൈനികർക്കുള്ള ആദരാഞ്ജലിയായി മാറുന്നതിന്റെ ഉജ്വല ചിത്രമാണ് ഇ.പി. മുരളി അവതരിപ്പിക്കുന്നത്. 

കന്റോൺമെന്റ് കഥകൾ ഓർമക്കുറിപ്പാണ്. ഇപ്പോഴത്തെയും ഇനി വരാനിരിക്കുന്നതുമായ ജീവിതത്തിലേക്കുള്ള മുന്നറിയിപ്പും. ഇങ്ങനെ തന്നെയാണോ ജീവിക്കേണ്ടതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുന്നു.

Content Summary: Malayalam Book 'Cantonment Kadhakal' by Hari Arayammakul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com