ADVERTISEMENT

സാധാരണ തൊഴിലാളിയായിരുന്നു ദേവി റാം. വയസ്സ് 40. എന്നാൽ ഹൃദയം പിണങ്ങിയതോടെ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ. ഡോ. പി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന്റെ ഹൃദയം മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു. എന്നാൽ രാജ്യത്തെ തന്നെ മറ്റു ഡോക്ടർമാരും സാധാരണ ജനങ്ങൾ പോലും സംശയത്തോടെയാണ് ആ നീക്കത്തെ കണ്ടത്. നേരത്തേ ദക്ഷിണാഫ്രിക്കയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. വിജയത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു എല്ലാവരും. എന്നാൽ വേണുഗോപാലും സംഘവും പിൻമാറാൻ തയാറായിരുന്നില്ല. എബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പിൽപെട്ട ദാതാവിനെയായിരുന്നു അവർക്കാവശ്യം. ഇന്ത്യ ഗവൺമെന്റിന്റെ അനുമതിയും. 1994 ഓഗസ്റ്റ് 2. വേണുഗോപാൽ ഐസിയു പരിസരത്തു തന്നെയുണ്ടായിരുന്നു.

പല ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫോൺ വിളികൾ. നീണ്ടുപോകുന്ന ചർച്ചകൾ. ഡോക്ടറുടെ മനസ്സിൽ പോലും സംശയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ചരിത്രനേട്ടം വഴിമാറിപ്പോകുമെന്ന ഭയം. ദേവീ റാമിന്റെ ജീവൻ അപകടത്തിലാകുന്നു. ഒടുവിൽ കാത്തിരുന്ന ആ കോൾ എത്തി. ഒരു കുടുംബം തയാറായി മുന്നോട്ടുവന്നു. 30 വയസ്സു കഴിഞ്ഞ സ്ത്രീ. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തി. അതോടെ, വേണുഗോപാലും സംഘവും പ്രവർത്തന നിരതരായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാലും അവസാനവട്ട ഒരുക്കങ്ങൾ അതിവേഗം പുരോഗമിച്ചു.  

പുലർച്ചെ രണ്ടു മണിയോടെ അവരെ ശസ്ത്രക്രിയാ മുറിയിലേക്കു കൊണ്ടുവന്നു. ഡോ. ഭാബ നന്ദ ദാസിന്റെ നേതൃത്വത്തിൽ ഹൃദയം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. തൊട്ടടുത്ത മുറിയിൽ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിൽ ദേവീ റാമിൽ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിച്ചു. 3 മണിയോടെ ഭാബ നന്ദ ദാസ് ഐസ് പാക്കറ്റിൽ ദേവീ റാമിനുള്ള ഹൃദയവുമായി വരുന്നത് വേണുഗോപാൽ കണ്ടു. സ്വപ്ന നിമിഷം. അതോടെ ധൃതഗയിയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു.  

നേരത്തേ ഒരിക്കൽ രാജ്യത്തു തന്നെ ഹൃദയം മാറ്റിവയ്ക്കൽ ശ്രമം നടന്നതാണ്. അന്ന് ശസ്ത്രക്രിയാ മുറിയിൽ തന്നെ രോഗി മരിക്കുകയായിരുന്നു. ഇനി ഒരിക്കൽക്കൂടി അതാവർത്തിക്കരുതെന്ന് ഡോക്ടർക്ക് നിർബന്ധമുണ്ടായിരുന്നു. അടുത്ത 59 മിനിറ്റുകളിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ രാജ്യം അക്ഷരാർഥത്തിൽ പുതിയൊരു പ്രഭാതത്തിലേക്ക് ഉണരുകയായിരുന്നു. ദേവീ റാമിൽ പുതിയ ഹൃദയം മിടിക്കാൻ തുടങ്ങി. അടുത്ത 5 മണിക്കൂർ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫുകളും അടങ്ങുന്ന സംഘം കണ്ണടയ്ക്കാതെ നിമിഷങ്ങളെണ്ണി കാത്തിരുന്നു. 5 മണിക്കൂറിനു ശേഷവും പുതിയ ഹൃദയവുമായി ദേവി റാം ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ ഡോ. വേണുഗോപാൽ ആശുപത്രിക്കു പുറത്തേക്കിറങ്ങി. ചരിത്രം പിറന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും അതിന്റെ ആവേശം ഉണ്ടായിരുന്നില്ല. വീട്ടിൽ ചെന്ന് കുളിച്ച് നവോൻമേഷത്തോടെ തിരിച്ചുവന്ന് ഡോ.ദാവെയോട് വിവരം പറഞ്ഞു. ഇരുവരും കൂടി കേന്ദ്ര ആരോഗ്യ മന്ത്രി ബി. ശങ്കരാനന്ദിനെ കണ്ടു. അദ്ദേഹത്തിന്റെ നിർബന്ധത്തിൽ പത്രക്കുറിപ്പ് പുറത്തിറങ്ങി. ആ വാക്കുകളിലൂടെയാണ് രാജ്യം വാർത്ത അറിഞ്ഞത്. ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. 1994 ഓഗസ്റ്റ് 4 രാജ്യത്തെ, ലോകത്തെ മെഡിക്കൽ ചരിത്രത്തിൽ ഇടം നേടി. അഭിമാന നേട്ടവുമായി ഡോ. വേണുഗോപാലും. 

ഒട്ടേറെ ചരിത്ര നേട്ടങ്ങൾക്കുടമയായ വേണുഗോപാൽ ഇതാദ്യമായി തന്റെ ജീവിതം പറയുകയാണ്. ഹൃദയം തുറക്കുകയാണ്. പ്രിയ സർക്കാരിനൊപ്പം. എയിംസിൽ ചരിത്ര നേട്ടം കറിച്ച അദ്ദേഹം പിന്നീട് വിവാദ നായകനുമായി. കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങി. സംഭവ ബഹുലമായ ഒരു ജീവിതം. അതത്രയും ലളിതമായ എന്നാൽ ഹൃദയത്തെ സ്പർശിക്കുന്ന ഭാഷയിൽ ഈ കൃതിയിലൂടെ പുറത്തുവന്നിരിക്കുന്നു. 

ആന്ധ്ര പ്രദേശിലെ രാജമുണ്ഡ്രിയിൽ ജനിച്ച് ഹൃദയങ്ങൾക്ക് സൗഖ്യം പകർന്ന് ഇന്നും ഹൃദ്യമായി മുന്നോ‌ട്ടു പോകുന്ന അദ്ദേഹത്തിന്റെ ജീവിത കഥ: ഹൃദയസ്പർശം. 

മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വാക്കുകളിൽ തുടങ്ങുന്ന ഈ പുസ്തകം ഹൃദയത്തിനൊപ്പം മനസ്സിനെയും സന്തോഷിപ്പിക്കും. 

Content Highlights: Heartfelt | P Venugopal | Book Review | Literature 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com