ADVERTISEMENT

പുനർവായനകളും വ്യാഖ്യാനങ്ങളുമാണ് ഇതിഹാസങ്ങളുടെ കരുത്ത്. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമായി ഇതിഹാസങ്ങൾ മാറുന്നത് അങ്ങനെയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാകുന്നതും. വാമൊഴിയായും പിന്നീട് വരമൊഴിയാലും പ്രചരിച്ച് തലമുറകളുടെ തലോടലേറ്റ് ഇന്നും നിലനിൽക്കുന്ന ആഖ്യാനം. കാലാതിവർത്തി എന്ന വിശേഷണം അക്ഷരാർഥത്തിൽ അവകാശപ്പെടാവുന്നത്. ഒന്നുകൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ വീണ്ടും തെളിഞ്ഞുവരുന്ന പഴയ മുഖങ്ങളുടെ പുതിയ ഭാവങ്ങൾ. ഭാവുകത്വം. അനുദിനം, അനുനിമിഷം മാറുകയല്ല, മാറ്റത്തിനൊത്ത് പുതിയ രൂപവും ഭാവവും ആർജിച്ച് അതിജീവിക്കുകയാണ്. കൂട്ടിച്ചേർത്താലും കൂട്ടിക്കുറിച്ചാലുമൊന്നും ഒരു പോറലും സംഭവിക്കാത്ത ആദികവിയുടെ ആദികാവ്യത്തിന്റെ പുതിയൊരു വായനയാണ് കാസർകോടൻ രാമായണം. ഇനിയും വായിക്കാനെന്തുള്ളൂ, ഇനിയും എന്താണു ബാക്കി എന്ന സംശയങ്ങളെയും ആശങ്കകളെയും ദൂരീകരിച്ച് ആദ്യ വരി മുതൽ നവീനമായ ലോകം സൃഷ്ടിക്കുന്ന നോവൽ.  

വാത്മീകി സീതയോട് പിന്നേം ചോദിച്ചു.

അല്ല, സീതേ, രാമനെന്തിന് നിന്ന പൊറത്താക്യേത്? നീ നല്ലൊരു പെണ്ണല്ലെ?

എന്റെ വയറ്റിൽത്തെ കുഞ്ഞി രാമന്റേതല്ലെന്ന് നാട്ട്കാരിലാരോ പറഞ്ഞു. രാവണന്റേതോലും.

ഹമ്പടാ വമ്പാ .... 

ക്രൗഞ്ചപ്പക്ഷികളിൽ ഇണയുടെ ദുഃഖം സഹിയാതെ കവിത ചുരന്ന ആദി കവി തന്നെ സ്വന്തം കൃതിയിൽ മാറ്റം വരൂത്തി. 

രാമായണം എയ്തീറ്റ് കഴിഞ്ഞല്ലപ്പോ, രാമന്റെ കീർത്തി എങ്ങോട്ടെല്ലോ പാടി നടക്കാനും തൊടങ്ങി. ഈന്റെട്ക്ക് ഇങ്ങൺത്തൊരു അറുവല ഇണ്ടാവൂന്ന് വിചാരിച്ചിറ്റ... എന്തായാലും നീയെന്റെ ആശ്രമത്തില് കയ്ഞ്ഞൊ. പേറ് കയ്യോളം നിന്നോ. പേറ് കയ്ഞ്ഞാ മക്കളെ പറഞ്ഞയയ്ക്കാ.... ‌

അതുവരെ പാടിക്കേട്ടതല്ല രാമായണം. ‌ട്വിസ്റ്റ് വന്നിട്ടേയുള്ളൂ. ഇനിയും എന്തും സംഭവിക്കാം. അതിനുശേഷം നടന്ന സംഭവങ്ങൾ ഒഴിവാക്കി രാമായണം ഇന്ന് ആർക്കെങ്കിലും ചിന്തിക്കാനാവുന്നുണ്ടോ. അശ്വമേധവും സീതാപരിത്യാഗവും അമ്മയുടെ മടിയിലേക്കുള്ള സീതയുടെ മടക്കയാത്രയുമില്ലാത്ത രാമായണം അപൂർണമെന്ന് ആർക്കാണറിയാത്തത്.

ഹരീഷ് നടത്തുന്നത് രാമായണത്തിന്റെ പുനർവായനയല്ല. വ്യാഖ്യാനവുമല്ല. രാമായണ കഥയുടെ നോവൽ രൂപവുമല്ല. കേട്ടതും കേൾക്കാത്തതും വായിച്ചതും വായിക്കാത്തതുമായ വ്യത്യസ്ത രാമായണ കഥകളിൽ നിന്ന് തികച്ചും പുതിയ ഒരു സൃഷ്ടിയാണ്; അതും കാസർകോടൻ ഭാഷയിൽ. 

ഭാഷ മാറുമ്പോൾ, വാക്കുകളും അക്ഷരക്കൂട്ടുകളും മാറുമ്പോൾ ഭാവുകത്വവും അടിമുടി മാറുന്നു. എങ്ങോ കേട്ട പഴയ കഥയല്ല ഹരീഷ് പറയുന്നത്. വർത്തമാനത്തിന്റെ മറ്റൊരു കഥയാണ്. അല്ലെങ്കിൽ നിന്റെ സപ്പോട്ട് എനക്കു വേണ്ട എന്ന് എങ്ങനെയാണ് സീതയ്ക്ക് പറയാൻ കഴിയുന്നത്.    

നിന്നെ കൊന്നിറ്റ് കമ്പീല് കോർത്തിറ്റ് ഫ്രൈയാക്കും എന്നാണ് ജഡായുവിനോട് രാവണന്റെ ഭീഷണി. 

എഴുത്തച്ഛന്റെ രാമായണം, ആനന്ദ രാമായണം, അദ്ഭുത രാമായണം, വാത്മീകി രാമായണം, ഗുണഭദ്രന്റെ ഉത്തര രാമായണം തുടങ്ങിയവയിൽ നിന്നെല്ലാം പല ഘടകങ്ങളും സ്വീകരിച്ചിട്ടുണ്ട് ഹരീഷ്. എന്നാൽ, അവയെയെല്ലാം കാസർകോടൻ ഭാഷയെന്ന ചരടിൽ പൂക്കളെപ്പോലെ കോർക്കാനും മോഹിപ്പിക്കുന്ന മാല്യമാക്കാനും കഴിഞ്ഞിടത്താണ് നോവലിസ്റ്റ് വിജയിക്കുന്നത്. 

ആദിമധ്യാന്തം ഗദ്യത്തിൽ രാമായണ കഥ വീണ്ടും വായിപ്പിക്കുകയല്ല ഹരീഷ് ചെയ്യുന്നത്. അങ്ങനെയൊരു ഉദ്യമം പുതിയ കാലത്ത് ഫലം കാണണമെന്നുപോലുമില്ല. പുതിയ ഭാഷയുടെ ലാവണ്യത്തിൽ ഹരീഷിന്റെ നോവലിൽ പരിചയപ്പെടുന്ന സീതയും രാമനും രാവണനും പകരുന്നത് ഇതുവരെ പരിചയിക്കാത്ത അനുഭൂതികളാണ്.

രാവണൻ എടക്കെടക്ക് സീതേരട്ത്ത് പോവും. സീതേരെ മനസ്സില് എങ്ങനെ കേറിപ്പറ്റാന്ന് നോക്കും. കാമുകനായിറ്റായിരിക്കും ആദ്യം പോവ്വല്. അപ്പോ രാവണന് സംഗീതം ബില്യ ഇഷ്ടാവും. കിളിക്കൊഞ്ചലിനെപ്പറ്റി പറയും. രാവ് വിടരുന്നതും വെളുക്കുന്നതും ഇഷ്ടപ്പെടും. രാവണന്റെ മോത്ത് അപ്പോ നല്ല സന്തോഷുണ്ടാവും. 

രാവണൻ മാത്രമല്ല, മൈരാവണനും ഐരാവണനുമൊക്കെ ഇവിടെ ഭാവം പകരുന്നുണ്ട്. പഴയ രാവണന്റെ പുതിയ മുഖം മാത്രമല്ല, രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പുനരവതാരങ്ങൾ തന്നെ വായനയ്ക്കു സുഖം പകരുന്നു. ചിരിപ്പിക്കുന്നു. ചിന്തിപ്പിക്കുന്നു. പുതിയ സാധ്യതകളിലേക്ക് വാതിൽ തുറന്നിടുന്നു. 

Content Summary: Malayalam Book 'Oru Kasarkodan Ramayanam' by V. Hareesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT