ഗാന്ധിയുടെ പ്രണയം, നരകത്തീയും; കനലടങ്ങാതെ ഓർമകൾ

ഡി സി ബുക്സ്
വില : വില: 550 രൂപ
Mail This Article
അനുനിമിഷം ഊർജം നിറയ്ക്കുന്ന ഓർമയാണ് മഹാത്മാഗാന്ധി. പ്രശസ്തരും പ്രതിഭാശാലികളും മഹാൻമാരും എന്നറിയപ്പെടുന്ന എത്രയോ പേരുണ്ട്. മൺമറഞ്ഞുപോയവരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരും. എന്നാൽ, ഒന്നിലധികം തവണ വായിക്കാവുന്ന ജീവിതം ജീവിച്ച എത്രപേരുണ്ട് അവരിൽ എന്നു ചിന്തിക്കുമ്പോഴാണ് ഗാന്ധിജി ക്ലാസ്സിക് കൃതിയാകുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതിയ വെളിപാടുകളിലേക്കു നയിക്കുന്നവയാണ് ഇതിഹാസങ്ങൾ; ഗാന്ധിജിയും. ജീവിതം നിസ്സാരമാണെന്ന നിരാശാ ബോധത്തിലേക്കു വഴുതി വീഴുമ്പോൾ, പിടിച്ചെഴുന്നേൽപ്പിക്കാനാവും ഇതിഹാസങ്ങൾക്ക്; ഗാന്ധിജിക്കും. ഇനിയൊന്നും ബാക്കിയില്ലെന്നും എല്ലാം വെറുതെയാണെന്നും തോന്നുന്ന അഭിശപ്ത ചിന്തയ്ക്ക് ഇതിഹാസങ്ങളേക്കാൾ മികച്ച ഔഷധമില്ല; ഗാന്ധിജിയേക്കാളും. ആഴത്തിലാഴത്തിൽ, വീണ്ടും വീണ്ടും വായിക്കുമ്പോൾ ഗാന്ധിജി എന്ന വിളക്ക് കൂടുതൽ തെളിയുകയാണ്. ആ വെളിച്ചത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയാണ്. ചിന്തകൾ മാറിമറിയുകയും ആശയ്ക്കും നിരാശയ്ക്കുമിടയിലൂടെ എങ്ങോട്ടെന്നില്ലാതെ അലയുകയും ചെയ്യുമ്പോഴും ഗാന്ധിജി അസ്തമിക്കാത്ത നക്ഷത്രമാണ്. തേജോമയനായി. വഴികാട്ടിയായി. വഴികാണിക്കാൻ വേണ്ടി മാത്രം പൊലിഞ്ഞ നക്ഷത്രമായി. ചരിത്രകാരനും നിരൂപകനുമായ എം.ഗംഗാധരന്റെ സ്വപ്ന പുസ്തകമാണ് ഗാന്ധി; ഒരന്വേഷണം. വളരെ നേരത്തേ അദ്ദേഹം പൂർത്തിയാക്കാൻ ആഗ്രഹിച്ച അന്വേഷണം. ഒരു ദിവസമോ മാസമോ വർഷമോ കൊണ്ടല്ല ഈ കൃതി പൂർത്തിയാക്കിയത്. ജീവിതം കൊണ്ട്. എന്നാൽ, ലളിതമായും സാരവത്തായും ഗാന്ധിജിയുടെ ജീവിതത്തെ സംഗ്രഹിക്കാനും പ്രവർത്തനങ്ങൾ വ്യാഖ്യാനിച്ച് മഹത്വത്തിന്റെ നിർവചനം കണ്ടെത്താനും ഗ്രന്ഥകർത്താവിനു കഴിയുന്നു. മൗലികശോഭയോടെ.
പ്രണയമുണ്ടായിരുന്നു ഗാന്ധിജിക്കും. പൗത്രൻ രാജ്മോഹൻ ഗാന്ധി അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. പഞ്ചാബിൽ വച്ചാണ് ആ അദ്ഭുതം ഗാന്ധിജിയുടെ ജീവിതത്തിൽ വെള്ളിടി പോലെ സംഭവിക്കുന്നത്. രവീന്ദ്ര നാഥ ടാഗോറിന്റെ സഹോദരി സ്വർണ്ണകുമാരിയുടെ മകൾ സരളാദേവിയാണ് ഗാന്ധിജിയെ ആകർഷിച്ചത്. അന്നവർക്ക് 47 വയസ്സുണ്ട്. രാംഭുജ് ദത്ത് ചൗധരിയുടെ ഭാര്യയുമാണ്. അക്കാലത്ത് ഭർത്താവ് ജയിലിലായിരുന്നതിനാൽ സരളാദേവി ഹിന്ദുസ്ഥാൻ എന്ന പത്രം എഡിറ്റ് ചെയ്യുന്നുണ്ടായിരുന്നു. 1901 ഡിസംബറിലാണ് ഗാന്ധിജി, സരളാദേവിയെ ആദ്യം കാണുന്നത്. അമ്പതിലേറെ പാട്ടുകാർക്കൊപ്പം അന്നവർ സംഗീതകച്ചേരി നടത്തിയിരുന്നു. പാട്ടു രചിച്ചതും അവർ തന്നെയായിരുന്നു. ഗാന്ധി അന്നവരെ പരിചയപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല. നല്ല രൂപഭംഗിയുള്ള അവർ എഴുത്തുകാരി കൂടിയായിരുന്നു. സമരവീര്യമുള്ള ദേശീയ ഗാനങ്ങൾ പാടാൻ ബംഗാളി യുവാക്കളെ പരിശീലിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദന്റെ അനുയായി ആയിരുന്നു. ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കിടെ അവരെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം നേരത്തേ ശക്തമായിരുന്നു. ഇതൊഴിവാക്കാൻ കൂടിയാണ് ഒരു പഞ്ചാബുകാരനുമായി വീട്ടുകാർ സരളാദേവിയുടെ വിവാഹം നടത്തിയത്. അന്നു പഞ്ചാബിലെത്തുന്ന പല ദേശീയ നേതാക്കളും അവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. 1919 ൽ ഗാന്ധിജിയും അതേ വീട്ടിൽ തന്നെയാണ് താമസിച്ചത്. ഒരു സുഹൃത്തിന് എഴുതിയ കത്തിൽ സരളാദേവിയെക്കുറിച്ച് ഗാന്ധിജി എഴുതിയിട്ടുണ്ട്. അവരുമായുള്ള സംസർഗ്ഗം വളരെ പ്രിയംകരമാണ്, അവർ എന്നെ നന്നായി പരിചരിക്കുന്നുണ്ട് എന്നായിരുന്നു ഗാന്ധിയുടെ വാക്കുകൾ.
ഒരു വർഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയിലെ സുഹൃത്ത് കല്ലൻബാക്കിലെഴുതിയ കത്തിൽ വീണ്ടും സരളാ ദേവി കടന്നുവന്നു. അവരുമായുള്ള ബന്ധം നിർവചിക്കാനാവാത്തതാണ് എന്നായിരുന്നു കുറ്റസമ്മതം. സരളാദേവിയുടെ രാഷ്ട്രീയ സ്വഭാവമുള്ള പ്രസരിപ്പും മധുരമായ ശബ്ദവും ഗാന്ധിജിക്ക് ഹൃദ്യമായിരുന്നു. എന്നാൽ താൻ നരകത്തീയിൽ ചാടാതിരുന്നത് കസ്തൂർബായെക്കുറിച്ചുള്ള ചിന്ത കൊണ്ടും മഹാദേവ് ദേശായിയും ചില ബന്ധുക്കളും ഇടപെട്ടതുകൊണ്ടാണെന്നും ഗാന്ധി പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തനിക്കുള്ളിൽ ഉറങ്ങിക്കിടന്ന വികാരങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിലും അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. ഒളിഞ്ഞുകിടന്ന, ഉറങ്ങിക്കിടന്ന ആ അനുഭവം സരളാദേവിയെക്കുറിച്ചുള്ളതാണ്. 77–ാം വയസ്സിൽ 18 വയസ്സുകാരിക്കൊപ്പം ഒരേ കിടക്കയിൽ കിടന്ന് തനിക്ക് ലൈംഗികാസക്തിയില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട് അദ്ദേഹം. അന്ന് ആശ്രമത്തിലെ പലരും എതിർത്തിട്ടും ആ പരീക്ഷണം അദ്ദേഹം ഏറ്റെടുത്തു; വിജയിപ്പിച്ചു. സ്വന്തം ശരീരത്തിലുള്ള അവിശ്വാസം കൊണ്ടും മനസ്സിലുള്ള വിശ്വാസം കൊണ്ടുമാണ് ഗാന്ധി അന്നങ്ങനെ ചെയ്തത്. അതുകൊണ്ടുകൂടിയാണ് ആ ജീവിതം സത്യാന്വേഷണ പരീക്ഷണമായത്. മഹത്വം എന്ന ഔന്നത്യം സ്വാഭാവികമായി ആർജിച്ചതും.
ഗാന്ധിജിയെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള പുസ്തകങ്ങളിൽ വിലമതിക്കാനാവാത്തതാണ് എം. ഗംഗാധരന്റെ അന്വേഷണം. സത്യം തേടിയ ഒരു എഴുത്തുകാരന്റെ ചരിത്രാവബോധത്തിന്റെയും മൗലിക നിരീക്ഷണങ്ങളുടെയും ആകെത്തുകയുമാണ്.
Content Summary: Malayalam Book ' Gandhi Oranweshanam ' by M. Gangadharan