ADVERTISEMENT

ഫർസാന എഴുതിയ 'വേട്ടാള', ആനുകാലികങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച പതിനൊന്നു കഥകളുടെ സമാഹാരമാണ്. മാതൃഭൂമി ബുക്സ് ആണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'കണ്ണീരിനെ പൂക്കളാക്കിയ പെൺകുട്ടിയുടെ കഥ' എന്ന കഥാകാരിയുടെ  തന്നെ ഒരു ചെറുകുറിപ്പ് കഥകൾക്ക് ആമുഖമായി നൽകിയിരിക്കുന്നു. അതിജീവനത്തിനായാണ് താൻ കഥകൾ എഴുതുന്നതെന്നും തന്നെ നവീകരിക്കാൻ സഹായിച്ച  കഥകളാണിവ എന്നും കഥാകാരി പറയുന്നു. നാടിനു പുറമെ ഇതരദേശങ്ങളും കഥാപശ്ചാത്തലമാവുന്നു. ചില കഥകൾ അരങ്ങേറുന്നത് ചൈനയിലാണ്. അവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും പൂക്കളും തെരുവുകളും ഗ്രാമങ്ങളും നമുക്ക് അനുഭവവേദ്യമാകുന്നു. വയലറ്റ് പൂക്കൾ വീണ തെരുവിലൂടെ നമ്മളും സഞ്ചരിക്കുന്നു. വില്ലോ മരങ്ങളും സൈപ്രസ് മരങ്ങളും നമുക്കും പരിചിതമാകുന്നു.

സമാഹാരത്തിലെ ആദ്യ കഥയായ 'ചെന്താരകം', പോളണ്ടിൽ നടക്കുന്ന കഥയാണ്.  ബെഞ്ചമിൻ, ഇന്ത്യക്കാരിയായ സുഹൃത്ത് ജാനകി, ബെഞ്ചമിന്റെ മുത്തച്ഛൻ, മുത്തച്ഛന്റെ കൗമാരകാലത്തെ പ്രണയിനി ചെന്താരകം എന്ന് അദ്ദേഹം വിളിച്ചിരുന്ന പോപ്പി എന്ന പെൺകുട്ടി. വിപ്ലവവും പ്രണയവും ഒരുമിച്ചു വന്നാൽ രാജ്യസ്നേഹത്താൽ വിപ്ലവത്തെ വരിച്ച... എന്നാൽ ജീവിത കാലമത്രയും പ്രണയത്തെ ഉള്ളിൽ കൊണ്ട് നടന്ന മുത്തച്ഛൻ...

'പതിവ് സമാഗമ സ്ഥലങ്ങളിൽ അവനിലെ പ്രണയിയെ തേടി അവൾ എത്തി. ചന്ദ്രവെട്ടത്തിൽ തുളുമ്പിവീണ ചെന്താരകത്തെപ്പോലെ നിർമ്മലമായുള്ള പോപ്പിയുടെ നിൽപ്പ് കണ്ടിട്ടും ഒരിക്കൽപോലും അവൻ അങ്ങോട്ടേക്ക് പോയതേയില്ല. ഗത്യന്തരമില്ലാതെ നദിക്കരയിൽ അവർക്ക് മാത്രമറിയാവുന്ന സ്ഥലത്ത് വെളുത്ത ചെറിയ പരുത്തിത്തുണികളിൽ അവനായുള്ള ഒരു കൂട്ടം സന്ദേശങ്ങൾ അവൾ സൂക്ഷിച്ചു വച്ചു. - ഒരിക്കലെങ്കിലും  എന്റെ അരികിലേക്ക് വരൂ പ്രിയനേ - അവിചാരിതമായി അവൻ കണ്ട സന്ദേശങ്ങൾക്കെല്ലാം ഒരേ ചുവയായിരുന്നു.

ഇടയ്ക്കെല്ലാം അവളുടെ കൈപ്പത്തിയുടെ ഊഷ്മളതയോർത്ത് അവൻ വല്ലാതെ മോഹിതനാവും. ഒന്ന് കാണാൻ തിടുക്കം തോന്നും. പക്ഷെ അപ്പോഴെല്ലാം ചുവപ്പൻ പുസ്തകത്തിലേക്ക് അവൻ കൈകൾ നീട്ടി. നീ ആത്മാർഥമായി പോപ്പിയെ പ്രണയിച്ചിരുന്നില്ലേ..? അവന്റെയുള്ളിൽ എല്ലാ രാത്രികളിലും ഈ ചോദ്യമുണരും . അതെ അവളെന്റെ സത്യമായ പ്രണയം തന്നെയാണ്. പക്ഷെ ഒന്നാമത്തെ പ്രണയം രാജ്യത്തോടാണ്. എല്ലാ രാവുകളിലും ഒരേയുത്തരം അവൻ സ്വയം നൽകും.'

കഥ അവസാനിക്കുമ്പോൾ പണ്ടെങ്ങോ ഞെട്ടറ്റ് വീണ ഒരു ചെന്താരകത്തെ തേടി നദിയ്ക്ക് നേരെ നടക്കുകയാണ് മുത്തച്ഛൻ. നമുക്ക് അത്ര പരിചിതമല്ലാത്ത ദേശത്തെ കാഴ്ചകൾ ഒരു ചലച്ചിത്ര ത്തിലെന്നോണം ആവിഷ്കരിക്കുകയാണ് കഥാകാരി. വായിച്ചു തീരുമ്പോൾ പോപ്പിയുടെ പ്രണയം ഉള്ളിൽ ഒരു നീറ്റലായി അവശേഷിക്കും. ഭാരമില്ലാത്തതെങ്കിലും ചിറകുകൾ സ്വന്തമായുണ്ട് എന്നു പറയുന്ന കഥാകാരി, വേട്ടാള എന്ന ഒരു പുതിയ പദം കൂടി പരിചയപ്പെടുത്തുകയാണ്. വേട്ടാളന്റെ അഥവാ വേട്ടാവളിയന്റെ സ്ത്രീലിംഗം. മണ്ണിൽ ഉമിനീർ ചേർത്ത് ഉരുട്ടിക്കുഴച്ചു മൺകൂടു രൂപത്തിൽ ഉണ്ടാക്കിയ കുഞ്ഞൻ കൂടുകൾ.  വേട്ടാള എന്ന കഥയിലെ സൂസന്ന,

ചൈനയിൽ നിന്നെത്തി  ക്വാറന്റൈനിൽ കഴിയേണ്ടി വന്ന ആളാണ്. ചില നേരങ്ങളിലെങ്കിലും എല്ലാ മനുഷ്യരിലും ഒരു പ്രവാചകൻ പിറക്കും എന്നും തന്റെ വേദനയും മറന്ന് അന്യന്റെ മുറിവേറ്റ ഹൃദയത്തെ അവൻ ഊതി തണുപ്പിക്കുമെന്നും സൂസന്ന പറയുന്നു. ഏകാന്തതയെ മനോഹരമായി വരഞ്ഞിട്ടിരിക്കുന്ന കഥ കൂടിയാണിത്.

സ്വർണം ചായം പൂശിയ തലമുടിയുള്ള ചെങ് ഷീയുടെ വിഭ്രാത്മകമായ മനസിന്റെ സഞ്ചാരമാണ് 'ഒരു ചൈനീസ് തെരുവ്' എന്ന കഥ. ചിനാർ മരങ്ങൾ തണലിന്റെ കുട ചൂടി നിൽക്കുന്ന, യുദു താഴ്‌വരകളെ തലോടിയെത്തുന്ന ശരത്‌കാല കാറ്റ് മെല്ലെ വീശുന്ന, ചൈനീസ് തെരുവുകൾ... ഒരിക്കലും പിരിയാനാവാത്ത രണ്ട് ആത്മാക്കളുടെ ബന്ധനമാണ് പ്രണയം എന്ന് ജിയാ ലിങ് പറയുന്നത് ചെങ് ഷീയുടെ വെറും തോന്നൽ ആയിരുന്നോ? ചെങ് ഷീയുടെ വേദന നമ്മുടെ ഉള്ളു പൊള്ളിക്കും. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ സ്ക്രീനിംഗ് ടെസ്റ്റ്‌ നല്ല നിലയ്ക്ക് പാസ്സായിട്ടും ഡോക്ടർ പണിക്ക് പോവാതെ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ആന്റിക് സാധനങ്ങൾ വിൽക്കുന്ന കട നടത്തുന്ന ജാവേദ് ആണ് ചൈനീസ്ബാർ ബിക്യു എന്ന കഥയിലെ നായകൻ. കിഴക്കൻ ചൈനയിലെ നാൻ ഫങ് ദാഷയിൽ നടക്കുന്ന പുരാവസ്തു എക്സിബിഷൻ കാണാൻ എത്തുകയാണ് ജാവേദ്. ഗ്വാങ്ലിൻ എന്നയാളുടെ വീട്ടിലെ ജാവേദിന്റെ രാത്രിതാമസവും തുടർന്നുള്ള നിഗൂഢതകളും ഭ്രമാത്മകതയും ഓരോ വരിയിലും നിറയുന്ന ഉത്കണ്ഠയും കഥയെ മുന്നോട്ട് നയിക്കുന്നു. 

'ആകാശവണ്ടി' എന്ന കഥ വായിച്ചവസാനിപ്പിക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടാകും. ഹൈറുമ്മയുടെ മനസിലേക്ക് നമ്മൾ മനസ് ചേർക്കും. ഒഴുക്ക് നിലച്ച പുഴ പോലെ വേദന തളം കെട്ടി നിൽക്കും. അമേരിക്കയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കാർലോസ് എന്ന അറുപതുകാരനും അയാളുടെ തോട്ടത്തിൽ റബ്ബർ ടാപ്പിങ്ങിനെത്തുന്ന സെബാൻ എന്ന യുവാവും ആണ് 'തുരങ്കം' എന്ന കഥയിലെ കഥാപാത്രങ്ങൾ. കാർലോസിനെ, പണ്ട് അയാൾ ആടി തിമിർത്ത പാതിരി പള്ളിയിലേക്ക് സ്നേഹം ഭാവിച്ച്, വിശ്വാസം ആർജിച്ച് എത്തിക്കുന്ന സെബാൻ...

തുരങ്കവഴികൾ പോലെ നിഗൂഢതകൾ പേറുന്ന 'തുരങ്കം' എന്ന ഈ കഥയിൽ സൂക്ഷ്മമായ കയ്യടക്കം കഥാകാരി പുലർത്തിയിരിക്കുന്നു. പുരുഷന്റെ മനസിലൂടെ ഉള്ള എഴുത്തുകാരിയുടെ സഞ്ചാരം. എത്ര ശക്തമായ പ്രമേയം..! 'ഒപ്പീസ്' എന്ന കഥ, തളർന്നു കിടപ്പിലായ ഭാര്യയെ ശുശ്രൂഷിക്കുന്ന ജോസഫിന്റെയും മീനയുടെയും പ്രണയത്തിന്റെ കഥയാണ്. 'തളിരില അടർന്നു വീഴുന്ന ലാഘവത്തോടെ നീ അടർന്ന് വീണപ്പോ, കയ്യീന്ന് ഊരിപ്പോയത് എന്റെ ജീവനാണ്' എന്ന് പറയുന്ന ജോസഫ്.

മീനയുടെ വേർപാടിൽ നെഞ്ച് നീറി കരയുന്ന ജോസഫിനെ അന്നേ വരെ കണ്ട മനുഷ്യരിൽ വച്ചേറ്റവും വിശുദ്ധൻ എന്നും മീനയുടെ സ്വസ്ഥവും ശാന്തവുമായ മൃതദേഹം ഈ ഭൂമിയിലെ ഏറ്റവും അനുഗ്രഹീതയായ പെണ്ണിന്റേതാണെന്നു തോന്നുമെന്നും കഥ പറച്ചിലുകാരി. പ്രണയം എന്നത് കേവലം ശാരീരികമായ അടുപ്പത്തിനും അപ്പുറം പരസ്പരം ചേർന്ന് നിൽക്കുന്ന രണ്ട് ആത്മാക്കളുടെ ലയനം ആണെന്ന് 'ഒപ്പീസ്' എന്ന കഥ നമ്മോട് പറയുന്നു. 'ച്യേ' എന്ന കഥ വാങ് ലങ്ങ് എന്ന കുട്ടിയുടെ ഒറ്റപ്പെടലിന്റെ കഥയാണ്. ചരിത്രം കൂടി ഇഴചേരുന്ന മനോഹരമായ ഒരു കഥ. 'ഇഫ് രീത്ത് എന്നു പേരുള്ള ഒരു പെൺ ജിന്നിന്റെ കഥ',  'ഇരട്ട  നാളങ്ങൾ 'എന്നീ രണ്ട് കഥകളും കൂടി ചേരുന്നതാണ്  വേട്ടാള. ആത്മാക്കളോട് സംവദിക്കാൻ സാധിക്കുന്ന ഒരു പെൺകുട്ടിയുടെ മാനസിക സഞ്ചാരങ്ങളും ആത്മാവിന്റെ മറുപാതിക്കായുള്ള അന്വേഷണങ്ങളും ഇവയ്ക്ക് പ്രമേയമാകുന്നു.

സമാഹാരത്തിലെ ഒടുവിലത്തെ കഥയായ 'പാവക്കൂട്ട്', നിസ്സഹായരായ മനുഷ്യരുടെ കഥയാണ്. ഒരുമിക്കാനാവാതെ പോയ പ്രണയം, ഭർത്താവ് തന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ല എന്നു മനസിലാക്കേണ്ടി വരുന്ന വേദന, ഭ്രൂണഹത്യ, എല്ലാ ദിവസവും തന്റെ പ്രണയ കാലങ്ങളിലേക്ക് ഡയറിയിലൂടെ യാത്ര നടത്തുന്ന ഫിലിപ്പ്... എല്ലാവരും ഓരോ തരത്തിൽ ഒറ്റയായവർ. പ്രണയത്തിന്റെയും വേദനയുടെയും മുഖങ്ങൾ.

കഥകൾ വരുന്ന വഴി മുൻകൂട്ടി നിശ്ചയിക്കുക വയ്യ. ചുറ്റിലേക്കും തുറന്നു പിടിച്ച കണ്ണിൻ മുനകളിൻമേൽ എങ്ങുനിന്നോ പറന്നെത്തിയ ഒരു ഹിമകണം വന്നു പതിക്കുന്നയത്രയും സ്വഭാവികതയോടെയാവണം വഴികൾ സൃഷ്ടിക്കപ്പെടേണ്ടത്. എന്നു കഥാകാരി ആമുഖത്തിൽ പറയുന്നുണ്ട്. വേട്ടാളയിലെ കഥകൾ എല്ലാം ഇത്തരത്തിൽ ഒട്ടും കലർപ്പില്ലാത്ത, സ്വാഭാവികമായി സംഭവിക്കുന്നവയാണ്. കഥാപാത്രങ്ങൾ എല്ലാം നമുക്ക് അടുത്ത് പരിചയം ഉള്ളവരാണെന്ന് തോന്നും. വേട്ടാള എന്ന സമാഹാര ത്തിലെ കഥകൾ മാത്രം മതി മലയാള കഥാസാഹിത്യത്തിൽ ഫർസാന എന്ന പേര് എന്നും തിളങ്ങി നിൽക്കാൻ. ഈ സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തവും മികച്ചതുമാണ്. കഥകളുടെ ക്രാഫ്റ്റ് മനോഹരമാണ്. ഓരോ കഥയിലെയും വിവരണങ്ങളും ദൃശ്യങ്ങളും  കണ്മുന്നിൽ നടക്കുന്ന സംഭവങ്ങൾ പോലെ നമുക്ക് അനുഭവപ്പെടും. ഈ കഥകൾ സ്ത്രീയുടെ, പുരുഷന്റെ, കുട്ടിയുടെ, വൃദ്ധരുടെ... എല്ലാവരുടെയും മനസ്സറിഞ്ഞുള്ള സഞ്ചാരം കൂടിയാണ്.

ഒറ്റ ഇരുപ്പിൽ നിങ്ങൾക്ക് ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഓരോ കഥയും അവസാനിക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ വന്നു നിറയും. വേട്ടാളൻ  കൂടു തകർത്തു വെളിയിൽ വരുന്ന കഥാപാത്രങ്ങൾ വായനക്കാരന്റെ മനസിലേക്കാണ് ചേക്കേറുന്നത്. മനസ്സിൽ നിന്ന് വിട്ട് പോകാൻ മടിക്കുന്ന കഥാപാത്രങ്ങൾ. ചെറുകഥകൾ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ വേട്ടാളയും നിങ്ങളുടെ വായനയിൽ ചേർക്കാം. ഫർസാനയുടെ കഥകൾ കഥാപരിസരം പോലെ കാലദേശങ്ങളെ അതിജീവിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Content Highlights:  Book Review | Malayalam Literature | Malayalam Book | Vettala Book by Farzana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com