ADVERTISEMENT

കഴിഞ്ഞ കുറെ കൊല്ലങ്ങളായി പുതുവർഷത്തിന് രണ്ടുമൂന്നു ദിവസം മുൻപ് കഴിഞ്ഞ കൊല്ലം ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന പതിവ് ഞാൻ തുടർന്നു പോരുന്നുണ്ട്. വരും കൊല്ലം എന്റെ ലക്ഷ്യമെന്താണോ ആ ലക്ഷ്യത്തിലെത്താ‌ൻ എന്തു ചെയ്യണം എന്നത് വിശദമായി എഴുതിവയ്ക്കും. ആ കുറിപ്പ് ആത്മവിചാരണയ്ക്കുള്ള സന്ദർഭമാണ്. അതെഴുതിക്കഴിയുമ്പോൾ എന്റെ ബലങ്ങൾ എന്താണ്, മെച്ചപ്പെടുത്താവുന്നത് എന്തൊക്കെയാണ്, അതെല്ലാം അടുത്തകൊല്ലത്തെ ലക്ഷ്യത്തിൽ നിന്ന് എത്രയകലെയാണ് എന്നെല്ലാമുള്ള കാര്യങ്ങളിൽ വ്യക്തത കിട്ടും. വർഷം മുഴുവൻ ഞാൻ ആ കുറിപ്പുകളിലേക്കു തിരികെ പോകും, അതിൽ കൂട്ടിച്ചേർത്തും മാറ്റം വരുത്തിയും ധൈഷണികമായ രൂപം കൊടുത്തും.

 

 

1975 മധ്യത്തിലെത്തിയപ്പോഴേക്കും മറ്റുള്ളവരുടെ കീഴിൽ ചെയ്യുന്ന അധ്യാപനരീതി മതിയാക്കണം എന്നു തോന്നി. സ്കൂൾ എന്ന സ്വപ്നം പിന്തുടരുന്നതിലായിരുന്നു പിന്നെ താൽപര്യം. ഉയർന്ന ആദർശങ്ങളും ധൈഷണികമായ പുരോഗതിയും ലക്ഷ്യം വയ്ക്കുന്ന സുമനസ്സുകളെ ഒന്നിപ്പിക്കുന്ന ഒരു വിദ്യാലയ മായിരുന്നു എന്റെ സങ്കൽപത്തിൽ.

 

p-c-thomas-01-gif
പി.സി. തോമസും ഭാര്യ എൽസമ്മയും ഗുഡ്ഷെപ്പേഡ് സ്കൂളിനു മുന്നിൽ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

ബ്രീക്സിലെ കാലം പാഴായില്ല. അവിടുത്തെ ചില അധ്യാപകർ എന്റെ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. ചിലരെങ്കിലും അവിടുത്തെ രാഷ്ട്രീയം മടുത്ത് മറ്റു സ്ഥാപനങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. സ്വന്തം കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് അവരങ്ങനെ ചെയ്തത്. ഇതേക്കുറിച്ചറിഞ്ഞപ്പോൾ ഞാനവരോടു ചോദിച്ചു. ഒരു ചെറുപ്പക്കാരന്റെ വലിയ സ്വപ്നങ്ങൾക്കൊപ്പം കൂടാൻ‌വേണ്ടി നിങ്ങൾ നിങ്ങളുടെ തൊഴിൽ‌ജീവിതവും ഭാവിയും അപകടപ്പെടുത്താൻ തയാറാണോ? അതേ എന്നായിരുന്നു ഉത്തരം. എൽസമ്മയും ഞാനും പണിതുയർത്തിയ സാമ്രാജ്യത്തിന്റെ നെടുംതൂണുകളായി അവർ മാറി. 

 

 

ഭാവിയെപ്പറ്റി തീരുമാനമെടുത്തു കഴിഞ്ഞപ്പോൾ അത് പ്രവൃത്തി പഥത്തിലെത്തിക്കാൻ കുറച്ചു സമയമേ ഉള്ളൂ എന്നു ബോധ്യമായി. സ്കൂളിനു വേണ്ടുന്നതെല്ലാം അടുപ്പിക്കാൻ മൂന്നുമാസമേയുള്ളൂ. ആ സമയത്താണ് എന്റെ കുടുംബസ്വത്ത് ഭാഗംവച്ചത്. ഇളയ മകനായതുകൊണ്ടു തറവാട് വീട് എനിക്കായിരുന്നു. ഏറ്റുമാനൂരിൽ വാസം ഉറപ്പിക്കില്ല എന്നു തീർച്ചയുണ്ടായിരുന്നതുകൊണ്ടു ഞാൻ വസ്തുവിനു പകരം അതിന്റെ ഷെയർ കിട്ടുമോ എന്നന്വേഷിച്ചു. നാട്ടിലുള്ള സഹോദരങ്ങൾക്കാണ് ആ വസ്തുക്കൾ കൂടുതൽ പ്രയോജനപ്പെടുക. പ്ലാന്റേഷനുകൾ നന്നായി നടക്കുന്നതിൽ അവരുടെ പ്രയത്നം ഉണ്ടായിരുന്നു. വീടും അവർക്കു കൊടുക്കുന്നതാണ് ഉത്തമം. പൈതൃക സ്വത്തിൽ നല്ലൊരു വിഹിതം എനിക്കു ലഭിച്ചു എന്നു സഹോദരന്മാർ ഉറപ്പുവരുത്തി. സ്കൂളു തുടങ്ങാൻ നല്ല സഹായമായിരുന്നു അത്. 

 

 

good-shepperd-jins-mihael-0023-gif
ഊട്ടി ഗുഡ്ഷെപ്പേഡ് ഇന്റർനാഷനൽ സ്കൂൾ.

എന്നാൽ അതു മതിയാകുമായിരുന്നില്ല. ആദ്യവർഷത്തെ പ്രവർത്തനത്തിന് കുറച്ച് പണം ഇൻവെസ്റ്റ് ചെയ്യാൻ ചില ബന്ധുക്കൾ തയാറായി. എങ്ങനെ മുന്നോട്ടു പോകും എന്നു വിഷാദിച്ചിരുന്ന എൽസമ്മയ്ക്കും എനിക്കും ഇതൊരു ആശ്വാസമായിരുന്നു. പണം ഒരു ഘടകം മാത്രമായിരുന്നു. മറ്റനേക കാര്യങ്ങൾ ചിന്തിക്കാനുണ്ടായിരുന്നു. പാഠ്യപദ്ധതി ഉണ്ടാക്കണം, ബോധനവിദ്യയുടെ പോളിസികൾ, മൂല്യസങ്കൽപങ്ങൾ തുടങ്ങിയവ രൂപപ്പെടുത്തണം.

 

സ്കൂൾ തുടങ്ങാനൊരു സ്ഥലം കണ്ടെത്തണം. സൈനിക സ്കൂൾ ക്യാംപസിലെ ജീവിതത്തിനുശേഷം ഇടുങ്ങിയ ഒരു സ്ഥലം എനിക്ക് തൃപ്തി തരുമായിരുന്നില്ല. ഭരണസംവിധാനം ഒരുക്കണം. ആളുകളെ നിയമിക്കണം എന്നിവ മുതൽ നിസ്സാരമെന്നുതോന്നുന്ന കാര്യങ്ങൾ വരെ _ സ്കൂളിനു പേരു വേണം_ യൂണിഫോം എങ്ങനെയെന്നു തീരുമാനിക്കണം, സ്കൂളിന് ഒരു പ്രാർഥനാഗാനം വേണം. അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. എന്റെ പഠനമുറിയിലുള്ള നീണ്ട ലിസ്റ്റുകളിലേക്കു നോക്കുമ്പോൾ മനുഷ്യന്റെ സാധാരണ ആഗ്രഹങ്ങൾ, നന്നായി ഉറങ്ങുക, അവധിയെടുക്കുക തുടങ്ങിയവ, കുറേക്കാലത്തേ ക്കു മാറ്റിവയ്ക്കേണ്ടി വരും എന്നെനിക്ക് അറിയാമായിരുന്നു. 

 

 

ഒരു റസിഡൻഷ്യൽ സ്കൂളായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. ഒരു കുട്ടിയുടെ വ്യക്തിത്വത്തിന്റെ പൂർണവികാസത്തിന് അത് എത്ര സഹായകമാണെന്ന് അപ്പോഴേക്കും ഞാൻ മനസ്സിലാക്കിയിരുന്നു. അക്കാലത്ത് ഞാൻ ഒരുപാടു സാമൂഹിക കൂട്ടായ്മകളിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് പട്ടാള‌ഉദ്യോഗസ്ഥന്റെ ഭാര്യയായ മിസ്സിസ് മേഴ്സി ജോർജിനെ പരിചയപ്പെട്ടത്. സ്കൂളിനു പേരു കണ്ടുപിടിക്കുന്ന ജോലി അവർ ഏറ്റെടുത്തു. സ്കൂൾ പ്രതിനിധാനം ചെയ്യുന്ന തത്ത്വങ്ങളുടെ ധ്വനി ആ പേരിനുണ്ടാകണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. 

 

ദീർഘമായ സംവാദങ്ങൾക്കുശേഷം ഞങ്ങൾ മൂന്നു പേരുകളിലെത്തി. ഗുഡ് സമരിറ്റ, ഹോളി ട്രിനിറ്റി, ഒടുവിൽ ഗുഡ് ഷെപ്പേഡ്. ആ പേര് കേട്ടപ്പോൾ തന്നെ എനിക്കും എൽസമ്മയ്ക്കും കൊള്ളാമെന്നു തോന്നി. അങ്ങനെ സ്കൂളിന് ഗുഡ്ഷെപ്പേഡ് എന്നു പേരിട്ടു. പിന്നീടുള്ള കാര്യങ്ങൾ, അവർ പറയുന്നതുപോലെ, ചരിത്രമാണ്. ഹൃദയാലുവായ മിസ്സിസ് മേഴ്സി ജോർജ് സ്കൂളിന് എംബ്ലവും ഉണ്ടാക്കിത്തരാമെന്നേറ്റു. കുന്നുകളുടെ പശ്ചാത്തലത്തിൽ നീലയും വെള്ളയും നിറങ്ങളും വിവേകത്തിന്റെ പ്രതീകമായി ഒരു ദീപം ജ്വലിക്കുന്നതും ഒക്കെയായിരുന്നു മനസ്സിൽ. കുറച്ചു ദിവസങ്ങൾക്കകം ഞാനാഗ്രഹിച്ച ആശയങ്ങളുടെ ശക്തവും സുന്ദരവുമായ പ്രതീകംപോലെ ഒരു എംബ്ലം അവർ ചിത്രീകരിച്ചു തന്നു.

 

 

ഗുഡ് ഷെപ്പേഡ് സ്കൂളിന്റെ അടിസ്ഥാന‌തത്ത്വങ്ങളെന്തെന്നു ചിന്തിച്ചപ്പോൾ എനിക്ക് രണ്ടു വിചാരങ്ങളു ണ്ടായി. രക്ഷാകർത്താക്കളെന്ന നിലയിൽ നാം കുട്ടികളെ എപ്പോഴും പഠിപ്പിക്കുന്നത് സത്യത്തിന്റെ വഴി പിന്തുടരാനാണ്. സ്കൂളിന്റെ കാര്യവും വ്യത്യസ്തമല്ല. മറ്റൊന്ന് വിശ്വസ്തതയായിരുന്നു. സ്കൂളിൽ നിന്നു പുറത്തുവരുമ്പോൾ അവർക്ക് അവരുടെ വിശ്വസ്തതകൊണ്ട് ലോകത്തെ കീഴ്പ്പെടുത്താനാകണം. Truth, Trust ആ രണ്ടു വാക്കുകൾ എഴുതിക്കഴിഞ്ഞപ്പോൾ മൂന്നാമത്തെ പദം സ്വാഭാവികമായും വന്നു. Triumph  സത്യവും ഒരുമിച്ചു‌നിന്നാൽ അതു സ്വാഭാവികമായും വിജയത്തിലേക്കു നയിക്കുമല്ലോ. 

 

 

 

നമ്മുടെ ഉള്ളിലുള്ള കാഴ്ചപ്പാടിനു വ്യക്തതയും രൂപദാർഢ്യവും നൽകാൻ പേരിനു സാധിക്കും എന്നത് അത്ഭുതകരമാണ്. സ്കൂളിന് പേരുണ്ടായപ്പോൾത്തന്നെ നൂറുകണക്കിനാശയങ്ങൾ എന്റെ മനസ്സിലേക്കിരമ്പിവന്നു. അതെല്ലാം പ്രായോഗികമാക്കാനുള്ള വിചാരവും തുടങ്ങി. സ്കൂൾ തുടങ്ങാൻ പറ്റിയ ഒരിടം കണ്ടെത്തലായിരുന്നു അടുത്ത‌കാര്യം. ആദ്യവർഷങ്ങളിൽ പ്രൈമറി സ്കൂൾ കുട്ടികൾ മാത്രമേ ഉണ്ടാകൂ എന്നുള്ളതിനാൽ വിശാലമായ ഒരു ബംഗ്ലാവ് മതിയാകും. തുറന്നയിടങ്ങളും പൂന്തോട്ടവുമുള്ള ഒരു ബംഗ്ലാവ്. ബ്രിട്ടിഷുകാർ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ അവരുടെ വേനൽക്കാലവാസം ഊട്ടിയിലായിരുന്നു. അതുകൊണ്ട് കൊളോണിയൽ കാലത്തു പണികഴിപ്പിച്ച അനേകം ബംഗ്ലാവുകൾ അവിടെ ഉണ്ടായിരുന്നു. 

 

 

ഞാനൊരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ സഹായത്തോടെ പല വീടുകളും കോട്ടേജുകളും പോയിക്കണ്ടു. പക്ഷേ എന്റെ മനസ്സിലുള്ള ചിത്രങ്ങളുമായി ഇണങ്ങുന്നതായിരുന്നില്ല അതൊന്നും. ഒന്നുകിൽ ബംഗ്ലാവുകൾ വാസയോഗ്യമല്ലായിരുന്നു. അല്ലെങ്കിൽ എത്തിപ്പെടാൻ പ്രയാസമുള്ള ഇടങ്ങളിലായിരുന്നു. ജലത്തിന്റെ ലഭ്യതയായിരുന്നു മറ്റൊരു പ്രശ്നം. കൊച്ചു‌കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനു സുലഭമായി വെള്ളം വേണം. ഒടുവിൽ ഹാവ്ലോക്ക് റോഡിൽ മനോഹരമായ ഒരു ബംഗ്ലാവു കണ്ടു. എത്തിപ്പെടാൻ എളുപ്പമുള്ള ഒരു സ്ഥലത്തായിരുന്നു അത്. ഏതാണ്ട് നൂറു കുട്ടികളെ താമസിപ്പിക്കാൻ വേണ്ടുന്ന സൗകര്യങ്ങളും ഉണ്ടായിരുന്നു. 

 

 

ഞാനതിന്റെ ഉടമസ്ഥനെ കണ്ട് വാടക നിശ്ചയിച്ചു. പിന്നീടുള്ള ആഴ്ചകളിൽ ഞങ്ങൾ സ്കൂളിനു വിശദമായ പ്രോസ്പെക്ടസ് തയാറാക്കി. സ്കൂളിന്റെ ആദർശങ്ങളും തത്ത്വങ്ങളും എന്തെന്ന് അതിൽ വിശദമാക്കിയി രുന്നു. വിദേശത്തുള്ള കുട്ടികളെ അയയ്ക്കാൻ സാധ്യതയുള്ള മാതാപിതാക്കന്മാർക്ക് അതയച്ചു കൊടുത്തു. മെല്ലെ സ്കൂളിനെപ്പറ്റിയുള്ള വിവരങ്ങൾ പടരാൻ തുടങ്ങി. അഭ്യുദയകാംക്ഷികളിൽനിന്നും സുഹൃത്തുക്കളുടെ സുഹൃത്തുക്കളിൽനിന്നും അന്വേഷണങ്ങൾ വന്നു‌തുടങ്ങി. വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രബലമായ പല സ്കൂളുകളുമുള്ള സ്ഥലത്ത് പലരും ഞങ്ങളിൽ വിശ്വാസമർപ്പിച്ചത് ആഹ്ലാദകരമായിരുന്നു. അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. അവരുടെ പ്രതീക്ഷകൾക്കനുസരിച്ച് ഞങ്ങൾ ഉയരേണ്ടിയിരിക്കുന്നു. പുസ്തകങ്ങളുടെ ശേഖരണം, അധ്യാപകരുെടയും അനധ്യാപകരുടെയും നിയമനം തുടങ്ങിയ കാര്യങ്ങളിലേക്കു ഞങ്ങൾ കടന്നു. 

 

 

പണം ചെലവാക്കുന്നതിൽ വളരെ ശ്രദ്ധയോടെയാണ് ഓരോ കാര്യവും ചെയ്തത്. അടുത്ത ഒക്ടോബർ ആയപ്പോഴേക്കും ഞാൻ ഏതാണ്ട് തയാറായി ക്കഴിഞ്ഞിരുന്നു. പക്ഷേ, അസുഖകരമായ ഒരത്ഭുതം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കാര്യങ്ങൾ സുഗമമായി നടക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ഇടയ്ക്കിടെ ബംഗ്ലാവു സന്ദർശിക്കുമായിരുന്നു. ഒരു വൈകുന്നേരം അവിടെ ഞാനൊരു അപരിചിതനെ കണ്ടു. ദൂരെ എവിടെനിന്നോ വണ്ടിയോടിച്ചുവരുന്നതിന്റെ ലക്ഷണമുണ്ടായിരുന്നു. അയാളുടെ മുടി പാറിപ്പറന്നും മുഖം ക്ഷീണിതമായും ഇരുന്നു. വഴിതെറ്റി വന്നതാകും എന്നു കരുതി. പക്ഷേ ഞാനാണ് ഞെട്ടിയത്. 1977 മാർച്ച് വരെ ബംഗ്ലാവ് അയാളുടെ കമ്പനി പാട്ടത്തിനെടുത്തിരിക്കുകയാണ്. ഇതെന്തോ വഷള ഫലിതമാണെന്നാണ് ആദ്യം ഞാൻ വിചാരിച്ചത്. ജനുവരി മുതൽ എനിക്ക് വാടകയ്ക്കു തന്നിട്ടുണ്ട് എന്ന് ഞാൻ അറിയിച്ചു. സംഭാഷണം വാഗ്വാദമായി വളർന്നപ്പോൾ ഉടമസ്ഥനെ കണ്ട് സംസാരിക്കുന്നതാണ് നല്ലതെന്നെനിക്കു തോന്നി. 

 

 

കൊച്ചിയിലെ ഒരു ഫിഷറീസ് കമ്പനിക്ക് വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു എന്നയാൾ സമ്മതിച്ചു. ഞാൻ ക്രുദ്ധനായി. ജനുവരിയിൽ തന്നെ കെട്ടിടം കൈമാറാമെന്നു പറഞ്ഞ് അയാൾ തന്നെ എന്നെ ആശ്വസിപ്പിച്ചു. ഞാൻ കണ്ട ക്ഷീണിതനായ മനുഷ്യൻ കമ്പനി പ്രതിനിധി ആയിരുന്നിരിക്കണം. ഞാൻ വീട്ടിലെത്തിയ ഉടനെ കൊച്ചിയിൽനിന്ന് ഒരു ലൈറ്റനിങ് കോൾ വന്നു. കൊച്ചിയിലെ ഫിഷറീസ് കമ്പനിയുടെ ഉടമ അടുത്ത വർഷം മാർച്ചിനു മുൻപ് ബംഗ്ലാവ് ഒഴിഞ്ഞു തരാൻ തയാറല്ല. ഞാനാകെ വിഷമത്തിലായി. ജനുവരിക്ക് മുൻപ് ഇതുപോലൊരിടം ഞാനെവിടെ കണ്ടെത്തും. ഊട്ടിയിലെ എല്ലാ തെരുവിലും ഞാനലഞ്ഞതാണ്. മനസ്സിനിണങ്ങിയ ഒരിടവും കണ്ടെത്താനായില്ല. മാത്രമല്ല, ഈ വിലാസം അച്ചടിച്ച പ്രോസ്പെക്ടസ് രക്ഷിതാക്കൾക്കെല്ലാം അയച്ചുകഴിഞ്ഞു. 

 

 

ചിന്തിക്കാൻ നേരമുണ്ടായിരുന്നില്ല. പിറ്റേന്നുതന്നെ ഞാൻ കൊച്ചിക്കു പുറപ്പെട്ടു. കമ്പനി ഉടമയെ നേരിൽ കണ്ടു സംസാരിച്ചാൽ ശത്രുത ഒഴിവാകും എന്ന പ്രതീക്ഷയിൽ. അവർ എന്തു വ്യവസ്ഥ പറഞ്ഞാലും അനുസരിക്കാൻ  ഞാൻ തയാറായിരുന്നു. ഫിഷറീസ് കമ്പനിയുടെ ഉടമയുടെ സുഹൃത്തുക്കളായിരുന്ന രണ്ടുപേർ എന്നെ സഹായിക്കാമെന്നേറ്റു. ശ്രീമാൻ ജോസും, ശ്രീമാൻ കരുണാകരനും. ഫിഷറീസ് ഓഫിസിൽ എന്നെ സ്വീകരിച്ച രൂപം ഒട്ടും സുഖകരമായ കാഴ്ചയായിരുന്നില്ല. ചുരുട്ട് വലിച്ച് മദ്യലഹരിയിൽ ആയിരുന്നു അയാൾ. ഇറങ്ങി പുറപ്പെടേണ്ടായിരുന്നു എന്നു തോന്നി. അത് കൈവിട്ടുതരാൻ തയാറല്ലെന്ന് അയാൾ പരുഷമായി പറഞ്ഞു. ഞാ‌ൻ തകർന്നു പോയി. പക്ഷേ മുൻപോട്ടു പോയേ പറ്റൂ. എന്റെ വാക്കുകേട്ട് നാലഞ്ച് അധ്യാപകർ മറ്റു സ്കൂളുകളിലെ ജോലി രാജിവച്ചിരുന്നു. സ്കൂൾ തുറക്കാനായി അവർ കാത്തിരിക്കുന്നു. ഉടമ്പടിപോലും വയ്ക്കാതെ വീട്ടുടമയുടെ വാക്കുകൾ വിശ്വസിച്ചത് വിഡ്ഢിത്തമായിപ്പോയി എന്നു തോന്നി. 

 

ഭാവിയിലേക്കുള്ള ഒരു പാഠമായിരുന്നു അത്.ദൃഢനിശ്ചയത്തോടുകൂടി ഞാൻ ഊട്ടിയിലേക്കു മടങ്ങി; യുദ്ധത്തിൽ പങ്കെടുക്കാനും നന്നായി യുദ്ധം ചെയ്യാനും ഉറച്ച്. സ്വപ്നങ്ങൾകൊണ്ടു മാത്രം ലക്ഷ്യത്തിലെത്താൻ കഴിയുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഉള്ളു കുരുങ്ങുമ്പോൾ പലപ്പോഴും ഞാൻ പുസ്തകങ്ങളിലേക്കു മടങ്ങും. ഒരു കവിതയുടെ ശകലമോ ഒരു സന്ദേശമോ എന്നെ പ്രചോദിപ്പിച്ചുകൊണ്ട് അവിടെയുണ്ടാകും. അലൻ ഡ്രോംഗൂളിന്റെ The Bridge Builder എന്ന കവിത എനിക്കു പ്രചോദനമായി.

 

നല്ല കൂട്ടുകാരാ, അവ പറഞ്ഞു.ഞാൻ വന്നവഴിയിൽ ഇപ്പോൾ വരെ പിൻപറ്റുന്ന ഒരു ചെറുപ്പക്കാരനുണ്ട് ഈ ക്ലിഷ്ടതകൾ എനിക്കു വേണ്ടിയല്ല മങ്ങിയ വെട്ടത്തിൽ പോകേണ്ടുന്ന ആ സുന്ദരയുവാവിനു വേണ്ടിയാണു കൂട്ടുകാരാ, ഈ പാലം അവനുവേണ്ടി പണിയുന്നതാണ്.ആ വരികളിൽ പ്രസരിച്ച പ്രത്യാശ എന്റെ ഹൃദയത്തെ തൊട്ടുവിളിച്ചു. മറ്റൊരു സ്ഥലമന്വേഷിച്ച് ഞാൻ പുറപ്പെട്ടു; ഒരു മാസത്തിനകം സ്ഥലം കണ്ടെത്തുമെന്ന ദൃഢനിശ്ചയത്തിൽ. 

 

 

ഒരു സായാഹ്നത്തിൽ ഫേൺഹില്ലിലുള്ള ഇംഗ്ലിഷുകാരുടെ ഒരു പഴയ ബംഗ്ലാവിന്റെ മുന്നിലൂടെ ഞാൻ നടക്കുകയായിരുന്നു. മൗബ്രേ ഹൗസ് എന്നെ ക്ഷണിക്കുന്നതായി തോന്നി. ഉള്ളിലേക്കു നടക്കുമ്പോഴേക്കും ഞാൻ ആ ബംഗ്ലാവുമായി പ്രണയത്തിൽ വീണിരുന്നു. കൊളോണിയൽ ശൈലിയിൽ നിർമിക്കപ്പെട്ട ബംഗ്ലാവിന്റെ കമാനങ്ങൾ ഒരു പൂന്തോപ്പിലേക്കു തുറന്നിരുന്നു. കോട്ടേജിന്റെ വിസ്തൃതിയിൽ വിശാലമായ ജനൽപ്പാളികൾ, ഉള്ളിലെ ഓരോ മുക്കിലും മൂലയിലും പ്രകാശം നിറച്ചുകൊണ്ട് ബർമയിൽനിന്നുള്ള തേക്കുകൾ പാകിയിരുന്നു. ഭാരമുള്ള വിക്ടോറിയ ഫർണിച്ചർ ചില പലകകൾക്കു തിളക്കം നൽകിയിരുന്നു. 

 

കോട്ടേജുകളുടെ ഉൾവശം ഏതു വിധത്തിലും റീ ഡിസൈൻ ചെയ്യാവുന്നത്ര വിശാലമായിരുന്നു. മുറികളിലൂടെ ഒരു പര്യവേക്ഷകനെപ്പോലെ ഞാൻ നടന്നു. ഓരോ മുറിയും ക്ലാസ്മുറിയോ ഡോർമിറ്ററിയോ ആയി സങ്കൽപിച്ചുകൊണ്ട.് മൗബ്രേ ആ വാക്കുതന്നെ എനിക്ക് രുചികരമായി തോന്നി. എൽസമ്മയും ഞാനും ഞങ്ങളുടെ ഇതിഹാസത്തിന്റെ രചന ഇവിടെ തുടങ്ങുമെന്ന് തീരുമാനിച്ചു. മൗബ്രേ ഹൗസിന്റെ ഉടമയായ സുന്ദരരാജനെ ഞാൻ കാണുന്നത് നവംബറിലാണ്. 

 

 

1976 ഡിസംബർ ഒന്നാം തീയതി മുതൽ അതു വാടകയ്ക്കു തരാമെന്ന് അദ്ദേഹം സമ്മതിച്ചു. കൂടുതൽ വിവേകിയായ ഞാൻ കൊടുത്ത 40,000 രൂപയുടെ റെസിപ്റ്റ് കൃത്യമായി വാങ്ങിവച്ചു. വീട്ടിൽ മടങ്ങിയെത്തി പ്രോസ്പെക്ടസ് വിലാസമാറ്റത്തോടെ വീണ്ടും അച്ചടിപ്പിച്ചു. എല്ലാ രക്ഷാകർത്താക്കൾക്കും കത്തെഴുതി. കൊറിയർ സർവീസോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന ആ കാലത്ത് തപാൽ മാത്രമായിരുന്നു ആശ്രയം. അല്ലെങ്കിൽ ട്രങ്ക് കോളുകൾ ബുക്ക് ചെയ്ത് ക്ഷമയോടെ കാത്തിരിക്കണം. അച്ചടി അതിലും വിഷമമാ യിരുന്നു. കംപ്യൂട്ടറുകളോ സോഫ്റ്റ്‌വെയറോ, കളറിൽ അച്ചടിക്കാനുള്ള സൗകര്യങ്ങളോ ഇല്ലെങ്കിലും ഞങ്ങൾക്ക് ഒരു വിലാസം ഉണ്ടായിക്കഴിഞ്ഞിരുന്നു. 

 

 

ഇത്തരം പ്രവൃത്തികളുടെ തിരക്കിൽ ഡിസംബർ മുമ്പോട്ടു പോയി. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഞങ്ങൾ നാട്ടിലെത്തി. പുതിയ സംരംഭം തുടങ്ങുന്നതിനുമുൻപ് മുതിർന്നവരുടെ അനുഗ്രഹം തേടണമായിരുന്നു. ഞങ്ങളാദ്യം സന്ദർശിച്ചത് രാമകൃഷ്ണപിള്ള സാറിനെയായിരുന്നു. ഒരു പകൽ മുഴുവൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. കഴിഞ്ഞ ഒരു കൊല്ലം ഞാനനുഭവിച്ച ദുരിതങ്ങളെല്ലാം അദ്ദേഹത്തോടു വിശദമായി പറഞ്ഞു. അദ്ദേഹം ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു. അർഹതയുള്ളവർക്കും അത്രയെളുപ്പമല്ല ജീവിതവിജയം എന്നു പറഞ്ഞു.

 

അദ്ദേഹത്തിന്റെ അനുഗ്രഹത്തിൽ എന്റെ ആത്മവിശ്വാസം ഇരട്ടിയായി. മക്കളുടെ സാന്നിധ്യം ആ ഒഴിവുദിനങ്ങളെ അർഥപൂർണമാക്കി. ജൂലിക്ക് കഷ്ടിച്ച് രണ്ടു വയസ്സേയുള്ളൂ. അതിശയത്തോടെ ലോകത്തെ കണ്ടുപിടിക്കുന്നതിന്റെ ഉത്സാഹത്തിലായിരുന്നു ലിജു. അവനെല്ലായിടവും പരതി നടന്നു. കളിപ്പാട്ടങ്ങൾ പൊട്ടിച്ചും പുതിയ വാക്കുകൾ കണ്ടെത്തിയും കുഞ്ഞുപെങ്ങളെ കുത്തിനോവിച്ചും അടുത്ത ക്ഷണം ഉമ്മവച്ചും, അങ്ങനെ. അവനെ നിയന്ത്രിക്കാ‌ൻ പ്രയാസമായിരുന്നു, അത് ആഹ്ലാദകരവുമായിരുന്നു. എല്ലാവരുടെയും ആശീർവാദത്തോടു കൂടി ഞങ്ങൾ മടങ്ങി വന്നു; 1947 ഫെബ്രുവരി 21–ാം തീയതി ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളിന്റെ വാതായനങ്ങൾ തുറക്കാൻ തയാറെടുത്തുകൊണ്ട്. 

 

 

ഊട്ടിയിലേക്കു മടങ്ങിയ ഞങ്ങൾ നേരെ മൗബ്രേ ഹൗസിലേക്കാണ് ഓടിയെത്തിയത്. ഞങ്ങളുടെ കുടുംബത്തിനു താമസിക്കാനുള്ള സ്ഥലം കൂടി ആ ബംഗ്ലാവിനുണ്ടായിരുന്നു. അടച്ചുപൂട്ടിയിരിക്കുന്ന ഗേറ്റിനു മുന്നിൽ വിഷണ്ണരായി ഞങ്ങൾ നിന്നു. കോട്ടയത്തുനിന്നുള്ള നീണ്ട യാത്രയുടെ ക്ഷീണത്തിലും മൗഢ്യത്തിലുമായിരുന്നു ഞങ്ങൾ. എന്താണു സംഭവിച്ചതെന്നന്വേഷിച്ചുവരാമെന്നു പറഞ്ഞു  ഡ്രൈവർ പോയി.

 

രാജന്റെ അച്ഛനായ പി. ചെട്ടിയാരോടൊപ്പമാണു പുറത്തേക്കു വന്നത്. എത്രയും പെട്ടെന്നു സ്ഥലം വിടാൻ അയാൾ ഞങ്ങളോടു പറഞ്ഞു. കേരളത്തിലേക്കുടൻ മടങ്ങിപ്പോകണമെന്ന്. തമിഴ്നാട്ടിലെ ദ്രാവിഡപ്രസ്ഥാനം ഒരു തമിഴ് മുന്നേറ്റപ്രസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു. പുറത്തുള്ളവരാരും അവരുടെ സംസ്ഥാനത്ത് കാലുകുത്തരുതെന്ന തീവ്രവാദം വളർന്നുവന്നു. നീലഗിരിക്കുന്നിൽ ഞാനാഗ്രഹിച്ച ഒരു പള്ളിക്കൂടം തുടങ്ങുന്നത് ദ്രാവിഡപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടാകുന്ന കാര്യമായിരുന്നില്ല. അതുകൊണ്ട് വിധി എനിക്കെതിരെ നടത്തുന്ന ഒരു ഗൂഢാലോചനയായിട്ടേ തോന്നിയുള്ളൂ.

 

 

യഥാർഥത്തിൽ അയാളുടെ ക്രോധം എന്നോടായിരുന്നില്ല. അയാളുടെ മകനുമായി ഉള്ള ഉടമ്പടിയിന്മേലാ യിരുന്നു. സുന്ദരരാജൻ അക്കാലത്ത് അച്ഛനുമായി അകന്നിരുന്നു. വാടകപ്പണം മുഴുവൻ അയാൾക്ക് കിട്ടണമെന്നായിരുന്നു ഉദ്ദേശം. അച്ഛനും മകനും തമ്മിലുള്ള യുദ്ധത്തിലേക്കു ഞാൻ വലിച്ചിഴയ്ക്കപ്പെട്ടത് യാദൃച്ഛികമെങ്കിലും എനിക്കൊട്ടും സന്തോഷം തരുന്ന കാര്യമായിരുന്നില്ല.

 

ചെട്ടിയാരു പറയുന്നതനുസരിച്ച് എനിക്കാ വസ്തുവിന്മേൽ ഒരവകാശവും ഉണ്ടായിരുന്നില്ല. അയാളുടെ ഭാഗവും ശരിയായിരുന്നു. സുന്ദരരാജന്റെ അച്ഛന് ഒരു വക്കീലിന്റെ സഹായം ഞാൻ ഏർപ്പാടാക്കികൊടുത്തു. പക്ഷേ, അതോടുകൂടി സുന്ദരരാജൻ കൂടുതൽ പ്രകോപിതനായി. അയാളുടെ പ്രകൃതം അത്ര ശരിയായിരുന്നില്ല. മറ്റുള്ളവരുടെ ദുരിതത്തിൽ ആഹ്ലാദിക്കുന്ന ഒരു സ്വഭാവം അയാൾക്കുണ്ടായിരുന്നു. സ്കൂൾ തുറക്കുമ്പോൾ തന്നെ അതിന്റെ സൂചനയുണ്ടായി. ഏതൊരു റസിഡൻഷ്യൽ സ്കൂളും എന്നപോലെ സ്കൂൾ തുറക്കുന്നതിനു രണ്ടുദിവസം മുമ്പുതന്നെ കുട്ടികൾ ക്യാംപസിലെത്തിച്ചേരണമെന്ന് ഞങ്ങൾ അപേക്ഷിച്ചിരുന്നു. അധ്യാപകരുമായും മറ്റുള്ളവരുമായും ചുറ്റുപാടുകളുമായും കുട്ടികൾ പരിചയപ്പെടാൻ വേണ്ടിയായിരുന്നു അത്. പക്ഷേ, ആ ശനിയാഴ്ചയുടെ പ്രഭാതം ഭീകരമായ ഒരു ദുർഗന്ധത്തിലേക്കാണ് ഞങ്ങൾ ഉണർന്നത്. 

 

 

എന്താണു സംഭവിക്കുന്നതെന്നറിയാൻ പുറത്തേക്കിറങ്ങിയ എന്റെ മനസ്സിടിഞ്ഞു. ഒരു വണ്ടി നിറയെ വിസർജ്യം പ്രധാന വഴിയിൽ കൊണ്ടിട്ടിരുന്നു. സ്കൂളിലേക്കു വരുന്ന കുട്ടികൾക്കോ അച്ഛനമ്മമാർക്കോ പ്രവേശിക്കാൻ പറ്റാത്തവിധം. ഞാൻ എന്റെ ഡ്രൈവറായ പുട്ട് രാജിനെ വിളിച്ചു. അയാൾ അപ്പോഴേക്കും ഓഫിസ് അസിസ്റ്റന്റും അക്കൗണ്ടന്റും ഒക്കെയായി മാറിക്കഴിഞ്ഞിരുന്നു. അയാൾ കുറച്ചാളുകളെ കൊണ്ടുവന്ന് ഉച്ചയോടെ എല്ലാം വൃത്തിയാക്കി. പക്ഷേ വിസർജ്യത്തിന്റെ ദുർഗന്ധം മാറ്റാൻ  ആർക്കും കഴിഞ്ഞില്ല. ദുർഗന്ധം സ്ഥിരമായിട്ടുള്ളതല്ല എന്ന് കുട്ടികളുടെ രക്ഷാകർത്താക്കളെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു വിഷമമായി. അവർ ഏൽപിച്ച കുട്ടിയുടെ പുതിയ വീടുകൂടിയായിരുന്നല്ലോ അത്. ഞാനും എൽസമ്മയും ആതിഥ്യമര്യാദയുടെ പുതിയ പാഠങ്ങൾ പഠിക്കുകയായിരുന്നു.

 

 

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഞങ്ങൾക്കുള്ള ആത്മാർഥമായ താൽപര്യം അവരെ ബോധ്യപ്പെടു ത്തുകയായിരുന്നു ആദ്യ കാര്യം. ഭക്ഷണവും താമസസൗകര്യങ്ങളും നല്ല രീതിയിൽ കൊണ്ടുപോവുക എന്നത് ഒരു ബോർഡിങ് സ്കൂൾ തുടങ്ങുന്നതിന്റെ ആദ്യ തത്വമാണ്. കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കുമോ, അവർക്ക് പോഷകമൂല്യമുള്ള ഭക്ഷണം കിട്ടുമോ എന്നെല്ലാമുള്ള കാര്യങ്ങൾ മാതാപിതാക്കൾ അന്വേഷിക്കുമല്ലോ. ഭാഗ്യത്തിന് എല്ലാവരെയും ബോധ്യപ്പെടുത്താൻ  ഞങ്ങൾക്കു കഴിഞ്ഞു. പലരെയും ഞങ്ങൾ ഭക്ഷണത്തിനു ക്ഷണിച്ചു. ഞങ്ങളുടെ സംസ്കാരത്തിലലിഞ്ഞു ചേർന്നിരുന്ന ആതിഥ്യമര്യാദ ഞങ്ങളെ അതിനു പ്രേരിപ്പിച്ചു. അമ്മമാർക്കെങ്കിലും അത് വളരെ സന്തോഷകരമായി. മൂന്നു വയസ്സുള്ള കുഞ്ഞുങ്ങളെ എവിടെങ്കിലും വിട്ടിട്ടുപോകുന്നത് അത്ര സുഖകരമല്ലല്ലോ.

 

 

ആദ്യത്തെ ആഴ്ച സംഭവബഹുലമല്ലാതെ കടന്നുപോയി. വിസർജ്യത്തിന്റെ പ്രശ്നം ചെട്ടിയാരുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് ഞാനാഗ്രഹിച്ചിരുന്നെങ്കിലും അതു നടന്നില്ല. ഒരു റസിഡൻഷ്യൽ സ്കൂളിന്റെ ആദ്യ ദിവസങ്ങൾ അഭിമുഖീകരിക്കുന്നത് അത്ര എളുപ്പമല്ല. എനിക്ക് ശ്വാസം വിടാൻതന്നെ സമയം കിട്ടിയില്ല. ഉത്സാഹം കൂടുതലുള്ള കുട്ടികൾ, വീട്ടിലേക്കു മടങ്ങാൻ നിലവിളിച്ച് ബഹളം വയ്ക്കുന്ന കുട്ടികൾ, ശുദ്ധ തെമ്മാടികൾ, ഉൾവലിഞ്ഞവർ അങ്ങനെ. കാര്യങ്ങളിൽ ശാന്തത വരുത്താൻ പരിശ്രമിക്കുന്ന അധ്യാപകർ. വീടകന്നുള്ള താമസത്തിലേക്കു കുട്ടികളെ കൊണ്ടുവരിക എന്നത് എളുപ്പമുള്ള ജോലിയായിരുന്നില്ല. ഗുഡ് ഷെപ്പേഡ് സ്കൂളിന്റെ ദർശനം രൂപപ്പെടുത്തുന്നതിൽ എൽസമ്മയും ഞാനും പഠിച്ച ആദ്യപാഠം അതായിരുന്നു. വീടുവിട്ടുള്ള ഒരു വീടായിരിക്കണം സ്കൂൾ. വീടിനു പകരം‌വയ്ക്കുന്നതൊന്നും വീടാവില്ല എന്നറിയാം. പക്ഷേ കുഞ്ഞുങ്ങൾക്ക് ആഹ്ലാദം തരുന്ന ഒരന്തരീക്ഷം ഒരുക്കിയെടുക്കാ‌ൻ കഴിയുമെന്ന് ഞങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു. 

 

മിസിസ് ഫിലോമിന സോളമസ് ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ അധ്യാപകരിലൊരാൾ (ഗുഡ്ഷെപ്പേഡിയൻസിന്റെ മുത്തശ്ശിയായിട്ടാണ് ഇന്നവർ അറിയപ്പെടുന്നത്). തിളങ്ങുന്ന കണ്ണുകളും വശ്യമായ മുഖഭാവവുമുള്ള അവർ കുഞ്ഞുങ്ങളെയെല്ലാം കയ്യിലെടുത്തു. വേറെയും നാലുപേർ ഉണ്ടായിരുന്നു. അവരോടൊപ്പം മിസിസ് ബഷാ, മിസിസ് അബ്രാഹാം, മിസ്റ്റർ ശാന്തി, മിസിസ് സരസ്വതി. കിന്റർഗാർട്ടൻ മുതൽ 5–ാം ക്ലാസ് വരെയുള്ള കാര്യങ്ങൾ അവരാണ് നോക്കിയിരുന്നത്. മിസിസ് മീനയായിരുന്നു ആദ്യത്തെ േമട്രൻ. മിക്കവാറും എല്ലാവരും സ്കൂളിൽത്തന്നെയാണു താമസിച്ചിരുന്നത്. വാച്ചുനോക്കിയായിരുന്നില്ല അക്കാലത്ത് അവർ ജോലി ചെയ്തിരുന്നത്. 

 

 

സ്കൂളിലെ ആദ്യത്തെ ആഴ്ച പല കാരണങ്ങൾകൊണ്ടും അവിസ്മരണീയമായി. കുട്ടികൾ എത്തിത്തുടങ്ങിയതോടെ ജൂലിയും ലിജുവും ഞങ്ങളോടൊപ്പം വീട്ടിൽ താമസിക്കാൻ വിസമ്മതിച്ചു. അവർ അവരുടെ സഹപാഠികളോടൊപ്പം ഡോർമിറ്ററിയിൽ പോയി താമസം തുടങ്ങി. സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കു മാതൃകയാകുംവിധം ഞങ്ങളുടെ കുട്ടികളും ബോർഡിങ്ങിൽ താമസം തുടങ്ങി. എല്ലാ സ്റ്റാഫംഗങ്ങളുടെയും മക്കൾ ബോർഡിങ്ങിൽ താമസിക്കണമെന്ന നിയമം പിന്നീടാണു വരുന്നതെങ്കിലും കുട്ടികളുടെ ഈ തീരുമാനംകൊണ്ട് സ്കൂൾ നടത്തിപ്പിനു കൂടുതൽ സമയം ഞങ്ങൾക്കു കിട്ടി.

 

 

അൻപത്തിനാലു കുട്ടികൾ സ്കൂളിൽ ചേർന്നു. സ്കൂൾ തുറക്കുന്നതിനു മുൻപുള്ള ഞായറാഴ്ച ദിവസം അവർ സ്വന്തം അലമാരികളിൽ വസ്ത്രങ്ങൾ അടുക്കിയും യൂണിഫോം ഇട്ടുനോക്കിയും ചെലവഴിച്ചു. കൂട്ടുകാരെ കണ്ടെത്തുന്നതിലായിരുന്നു കൂടുതൽ ഉത്സാഹം. ഒരുപാടു പൊടിക്കുഞ്ഞുങ്ങൾ ഞങ്ങളോടൊപ്പം ചേർന്നു. കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഇരട്ടകളായ മുത്തമ്മയെയും പൊന്നമ്മയെയും മറക്കാൻ കഴിയില്ല. പേരുമാറ്റിപ്പറഞ്ഞ് അവർ ഞങ്ങളെ നിരന്തരം പറ്റിച്ചുകൊണ്ടിരുന്നു. മൂന്നാംക്ലാസ്സിൽ അവരുടെ ജ്യേഷ്ഠൻ കുശലപ്പയുമുണ്ടായിരുന്നു. നാമക്കലിൽനിന്നു വന്ന സെന്തിലായിരുന്നു ഗുഡ്ഷെപ്പേഡ് സ്കൂളിലെ ആദ്യ വിദ്യാർഥി. 

 

ഒക്ടോബറിലെ ഒരു ദിവസം സെന്തിലിന്റെ അച്ഛൻ സ്കൂളിൽ വന്നു. കുറച്ചുനേരം സംസാരിച്ചിട്ടു മകന്റെ അഡ്മിഷനുമെടുത്തുപോയി. സ്കൂളിൽ കുട്ടികളെ ചേർക്കാൻ വന്ന കൂട്ടുകാരും അവരുടെ പരിചയക്കാരും സ്കൂളിനെപ്പറ്റി വലിയ സങ്കൽപങ്ങൾ വളർത്തുന്നതായി ഞാൻ മനസ്സിലാക്കി. അവർ ഞങ്ങളിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ കടമ. 

 

 

1977 ഫെബ്രുവരി 21–ാം തീയതി തിങ്കളാഴ്ച പ്രസന്നമായ പ്രഭാതമായിരുന്നു. ഉച്ചകഴിഞ്ഞായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കുഞ്ഞുങ്ങളുടെ മനസ്സിടിക്കുന്ന എന്തെങ്കിലും പരിപാടിയുമായി സുന്ദരരാജൻ എത്തുകയില്ല എന്നു ഞാനാഗ്രഹിച്ചു. അൻപത്തിനാലു കുട്ടികളും അധ്യാപകരും മൗബ്രേഹൗസിലെ തിളങ്ങുന്ന ഇടനാഴികളിൽ മുഖ്യാതിഥിയെ കാത്തുനിന്നു. റവറന്റ് ഫാദർ മൊൺസിഞ്ഞ്യോർ സിറിയക് കുന്നത്ത് ഒരു തൈ നട്ടുകൊണ്ടാണ് സ്കൂൾ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. 

 

 

സമൂഹത്തിന് ഗുണകരമാകുംവിധം വേരുകളാഴ്ത്തിപ്പടരാൻ സഹായിക്കുന്നതാവണം വിദ്യാഭ്യാസം എന്നതിന്റെ പ്രതീകംപോലെ. മദ്രാസ് റജിമെന്റ് സെന്ററിലെ കമാൻഡറായ കേണൽ ജെ.ഡി. ഖഡ്കർ സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. സ്കൂളിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായ ശ്രീമാൻ തോമസിന്റെ കീഴിൽ ഈ വിദ്യാലയം ഉയരങ്ങളിലേക്കെത്തും. സത്യം, വിശ്വാസം, വിജയം എന്നിവയുടെ മേലുള്ള ദീപത്തിന്റെ പ്രകാശം.

 

 

സ്കൂൾ‌ഗീതം ആദ്യമായി ആലപിക്കുന്നതിനായി കുട്ടികൾ എഴുന്നേറ്റു. അതിന്റെ വരികൾ പല രാത്രികളിൽ ഇരുന്നാണ് ഞാൻ എഴുതിയുണ്ടാക്കിയത്. വെസ്റ്റേൺ ക്ലാസ്സിക്കൽ മ്യൂസിക്കിൽ അഗാധമായ ജ്ഞാനമുണ്ടായിരുന്ന ഡോ. മിസിസ് മാത്യൂസാണ് അതിന് സംഗീതം നൽകിയത്. ഊട്ടിയിലെ പല സ്കൂളുകളിലും സംഗീത അധ്യാപികയായിരുന്ന അവർ ആരോഗ്യം മോശമായതിനെത്തുടർന്ന് വിശ്രമിക്കുകയായിരുന്നു. എന്റെ അഭ്യർഥനപ്രകാരം പല സായാഹ്നങ്ങളിലും ഞങ്ങളൊരുമിച്ചായിരുന്നു. പാട്ടിനെയീണത്തോടും ഈണത്തെ പാട്ടിനോടും ചേർത്തെടുക്കാൻ പ്രയത്നിച്ച് അന്വേഷിക്കുന്നത് കണ്ടെത്തിയ ഒരാൾ നമ്മെ നോക്കുമ്പോൾ കണ്ണുകളിൽ നക്ഷത്രം മിന്നും. 

 

ഡോ. മിസിസ് മാത്യൂസ് എന്നെയങ്ങനെയൊന്നു നോക്കി. കവിതയിൽ ഈണം ലയിക്കുന്ന അപൂർവ സന്ദർഭമായിരുന്നു അത്. കുട്ടികൾ ആ പാട്ടുകൾ പാടിയപ്പോൾ കേൾവിക്കാർ പുഞ്ചിരിക്കുന്നതും സമ്മതഭാവത്തിൽ തലയാട്ടുന്നതും ഞാൻ കണ്ടു. തുടക്കം നന്നായി എന്നർഥം.എന്നെ സംബന്ധിച്ചിടത്തോളം ആ ദിവസം വളരെ ശുഭകരമായി എന്നു സുന്ദര‌രാജന് തോന്നിയിരിക്കാം. വൈകുന്നേരത്തോടെ അയാളെത്തി. ഈ പള്ളിക്കൂടം വച്ചുപൊറുപ്പിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. കുട്ടികൾ അവരുടെ സ്വാസ്ഥ്യത്തിലേക്കു മടങ്ങിയിരുന്നു. ഉദ്ഘാടനച്ചടങ്ങുകൾ കഴിഞ്ഞ് വിശ്രമത്തിലേക്കു മറ്റുള്ളവരും. 

 

പരിപാടിയിൽ പങ്കെടുത്തതിനു നന്ദി പറഞ്ഞുകൊണ്ട് കേണൽ ഖട്കറിന് ഞാൻ കത്തെഴുതുകയായിരുന്നു (ഞാൻ ഇപ്പോഴും കൈവിടാത്ത ശീലങ്ങളിലൊന്നാണിത്). എന്റെ മുറി തള്ളിത്തുറന്ന് അയാൾ കടന്നു വരുന്നത് ഞാൻ കണ്ടു.നിങ്ങൾ നന്നായി തുടങ്ങിയെന്നാണു നിങ്ങളുടെ വിചാരം അല്ലേ. എനിക്ക് വിദ്യാഭ്യാസം ഇല്ല, എന്നെ ഒന്നിനും കൊള്ളില്ല എന്നൊക്കെയാണ് വിചാരം. നിങ്ങളുടെ പള്ളിക്കൂടം പൂട്ടിക്കാൻ എന്നെക്കൊണ്ടാകുന്നതെല്ലാം ഞാൻ ചെയ്യും. സീ... മിസ്റ്റർ ഞാനെന്തും ചെയ്യും. ഇന്ന് രാത്രി ഞാൻ നിങ്ങളുടെ വാട്ടർടാങ്കിൽ പിടിച്ചുകയറും. അതിൽ വിഷം കലക്കും. അപ്പോൾ നിങ്ങൾക്കും നിങ്ങൾടെ സാറന്മാർക്കും പിള്ളേർക്കും ഒരുമിച്ചു സ്വർഗത്തിൽ പോകാം.

 

 

അച്ചടിക്കാൻ കൊള്ളാത്ത കുറേ തെറികൾകൂടി പറഞ്ഞ് അയാൾ ആടിയാടി നിന്നു. എനിക്ക് കടുത്ത ദേഷ്യം വന്നു. എന്നെ ആക്ഷേപിക്കുന്നത് ഞാൻ സഹിക്കുമായിരുന്നു. പക്ഷേ നിഷ്കളങ്കരായ കുട്ടികളെ വിഷം കലർത്തി കൊല്ലുമെന്നയാൾ പറഞ്ഞത് എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഭാഗ്യത്തിനു പുട്ടുരാജ് പുറത്തുതന്നെയുണ്ടായിരുന്നു. സാഹചര്യം മനസ്സിലാക്കി അയാൾ പെട്ടെന്നു കടന്നുവന്നു സുന്ദരരാജനെ ബലാൽ പിടിച്ചുപുറത്താക്കി. മദ്യപിച്ചു ലക്കുകെട്ടിരുന്നതുകൊണ്ടു പുട്ടുരാജിന്റെ ജോലി എളുപ്പമായി. പക്ഷേ, എന്റെ സമാധാനം തകരാൻ അതു മതിയായിരുന്നു. അയാളുടെ ഭീഷണി വെറുതെയാണോ അല്ലയോ എന്ന ഭാഗ്യം പരീക്ഷിക്കാ‌ൻ അപ്പോൾ എനിക്കാകുമായിരുന്നില്ല. പിന്നീടുള്ള പല മാസങ്ങളും രാപകൽ ഭേദമെന്യേ ഞങ്ങൾ സ്കൂളിനു കാവൽ‌നിന്നു. അനാവശ്യമായ ആകാംക്ഷയായിരുന്നു അത്. പക്ഷേ, അത് പല രാത്രികളിലും എന്റെ ഉറക്കം കെടുത്തി.

 

 

അയാൾ കഷ്ടിച്ച് സ്കൂളിനു പുറത്തേക്കു പോയതേയുള്ളൂ. കലക്ടറുടെ ഓഫിസിൽനിന്ന് ഒരു സന്ദേശ വാഹകൻ എത്തി. സ്കൂളിലേക്കുള്ള വഴികാട്ടിക്കൊടുക്കുന്ന ബോർഡ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ഉത്തരവുമായി. കേറ്ററിങ്‌കാരുടെയും ഹോട്ടലുകാരുടെയും ആയിരക്കണക്കിനു പരസ്യപ്പലകകൾ ഉള്ള ഊട്ടിപ്പട്ടണത്തിൽ ഒരു സ്കൂളിലേക്കുള്ള വഴികാട്ടി പെട്ടെന്നു നിയമവിരുദ്ധമായതെങ്ങനെയെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. കലക്ടറുടെ ഓഫിസിലേക്കു ഞാൻ വിളിപ്പിക്കപ്പെട്ടു. പല രീതിയിൽ ഞാ‌ൻ അദ്ദേഹത്തോട് അപേക്ഷിച്ചു നോക്കിയെങ്കിലും സംഭാഷണം എവിടെയും എത്തുന്നില്ലെന്ന് മനസ്സിലായപ്പോൾ ഞാനദ്ദേഹത്തോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി. പുറത്തേക്കുള്ള വാതിൽ ശബ്ദത്തോടെയാണു തുറന്നടഞ്ഞത്. അതിനെപ്പറ്റി അപ്പോൾ ഞാനൊന്നും വിചാരിച്ചില്ല.

 

പക്ഷേ, അതെന്റെ അഹങ്കാരമായാണു മനസ്സിലാക്കപ്പെട്ടതെന്നു പിന്നീടറിഞ്ഞു. ഊട്ടിയിലെ ഒരു പ്രമുഖൻ ഇക്കാര്യം എന്നെ വിളിച്ചറിയിച്ചു. തിരികെപ്പോയി ക്ഷമ പറയുന്നതാണു നല്ലത് എന്നും പറഞ്ഞു. എനിക്കാശ യക്കുഴപ്പമായി. എന്താണു ഞാൻ ചെയ്ത തെറ്റ്. സ്കൂളിനു പുറത്തുള്ള വഴികാട്ടിപ്പലക എടുത്തു മാറ്റരുതെ ന്നപേക്ഷിച്ചതോ? കതകു വലിച്ചടയ്ക്കുന്നതൊക്കെ കൗമാരക്കാരുടെ പരിപാടികളല്ലേ? പക്ഷേ ഞാൻ കലക്ടറുടെ ഓഫിസിലേക്കു മടങ്ങിപ്പോയി. കലക്ടറെ കണ്ടില്ല. കതകിനു ചില്ലറ കുഴപ്പങ്ങൾ ഉണ്ടെന്നു സെക്രട്ടറി പറഞ്ഞു. എന്റെ ക്ഷമാപണം കലക്ടറെ അറിയിക്കാമെന്നും. ഭാഗ്യത്തിന് ആ ബോർഡ് അവിടെത്തന്നെ വയ്ക്കാൻ അനുവാദം കിട്ടി.

 

തിരിച്ചുള്ള യാത്രയിൽ ഞാൻ പതിവിലേറെ നിശ്ശബ്ദനായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് എന്റെ ഡ്രൈവർ ആൻഡ്രു മടിച്ചിട്ടാണെങ്കിലും ചോദിച്ചു. ഞാൻ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. എന്റെ പ്രയാസങ്ങൾ  ആൻഡ്രുവിനു മനസ്സിലാകുമായിരുന്നില്ല. ആൻഡ്രുവിനെന്നല്ല ആർക്കും. ഉദ്ഘാടനച്ചട ങ്ങൊഴിച്ച് ബാക്കിയെല്ലാം അവതാളത്തിലായിക്കഴിഞ്ഞിരുന്നു. സുന്ദരരാജന്റെ ഭീഷണികൾ എന്നെ വേട്ടയാടി. ഒപ്പം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂറോക്രാറ്റിനെ ഞാൻ പിണക്കുകയും ചെയ്തിരുന്നു. അന്നു വൈകിട്ട് ഒരു സുഹൃത്തിനോടു രാത്രിഭക്ഷണത്തിനിടയിൽ ഞാനെന്റെ പ്രശ്നങ്ങൾ പറഞ്ഞു. തോമസേ, ഞാനാണെങ്കിൽ ഇപ്പോൾ വെടിവച്ചു മരിച്ചേനെ. പക്ഷേ നിങ്ങൾ ഇതിനെയൊക്കെ അതിജീവിക്കുമെന്നെനിക്കറിയാം.

 

 

മൗബ്രേ ഹൗസിലെ ആദ്യ സ്കൂൾ ദിനങ്ങൾ അങ്ങനെ കടന്നുപോയി. കുട്ടികൾ അപ്പോഴേക്കും സ്കൂളിൽ സ്വസ്ഥരായിക്കഴിഞ്ഞിരുന്നു. അധ്യാപകരുടെയും  എൽസമ്മയുടെയും  അക്ഷീണമായ പ്രയത്നം അതിനു പിന്നിലുണ്ടായിരുന്നു. കുട്ടികളുടെ കാര്യം പൂർണമായും എൽസമ്മ ഏറ്റെടുത്തു. ഞാൻ െപാതുഭരണത്തിലും അക്കാദമിക് കാര്യങ്ങളിലും ശ്രദ്ധയൂന്നി. എൽസമ്മയ്ക്ക് അധ്യാപനത്തിൽ ശ്രദ്ധി‌ക്കണ‌മെന്നാഗ്രഹമു ണ്ടായിരുന്നെങ്കിലും അതു പറ്റാത്തവിധം ഉത്തരവാദിത്തങ്ങൾ ആയിക്കഴിഞ്ഞിരുന്നു. ജോലിക്കാരുടെ എണ്ണം പരിമിതമായതിനാൽ അവൾക്കു പല വേഷങ്ങളും കെട്ടേണ്ടിവന്നു. വെളുപ്പിനു നാലുമണിക്ക് ഞങ്ങൾ പ്രവൃത്തിയിൽ പ്രവേശിക്കും. 

 

പച്ചക്കറികളും മറ്റും വാങ്ങിക്കാൻ ആൻഡ്രുവിനൊപ്പം എൽസമ്മ പുറപ്പെടും. ഊട്ടിയിലെ മാർക്കറ്റിനു വെളിയിൽ കർഷകർ നിരന്നിരുന്നു പച്ചക്കറി വിൽക്കും. അതേ പച്ചക്കറി ചന്തയ്ക്കകത്തെത്തുമ്പോൾ വില നാലിരട്ടിയാകും. ഇതു മനസ്സിലാക്കിയപ്പോൾ ഞങ്ങൾ കർഷകരിൽ നിന്നു നേരിട്ടു പച്ചക്കറി വാങ്ങിക്കാൻ തുടങ്ങി. അതു വളരെ നന്നായി. ഏറ്റവും ഫ്രെഷായ പച്ചക്കറികൾ ഞങ്ങൾക്കു കിട്ടി. എൽസമ്മ മടങ്ങിയെത്തിയാൽ അടുക്കള ഉണരും. കുട്ടികൾക്ക് രാവിലെ കൊടുക്കേണ്ടുന്ന പാലും പ്രഭാതഭക്ഷണവും തയാറാകും. പാചകക്കാർക്കു കറിക്കൂട്ടുകൾ പറഞ്ഞുകൊടുത്തുകൊണ്ട് എൽസമ്മ അവിടുണ്ടാകും. 

 

 

അതുകഴിഞ്ഞ് അവൾ ഡോർമറ്ററികൾ സന്ദർശിക്കും. വീടുവിട്ടുനിൽക്കുന്നതിൽ സങ്കടമുള്ള പല കുഞ്ഞുങ്ങ ൾക്കും എൽസമ്മയുടെ സന്ദർശനം സ്വപ്നം യാഥാർഥ്യ മായതുപോലെയായിരുന്നു. അവൾ ചേർത്തുപിടിക്കുന്നതും അവരോടു കൊഞ്ചുന്നതും ഉമ്മ വയ്ക്കുന്നതും അവരുടെ ഗൃഹാതുരതയ്ക്കുള്ള ഔഷധമായിരുന്നു. പാഠ്യപദ്ധതി സൂക്ഷ്മമായി എടുക്കുന്നതിലും അധ്യാപകർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിലും ആയിരുന്നു ഞാൻ ശ്രദ്ധ കൊടുത്തത്. ഒരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന അനേകം പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ഉത്തരവാദിത്തവും ഉണ്ടായിരുന്നു.

 

 

ആഴ്ച മുഴുവൻ പ്രയോജനമുള്ള പ്രവൃത്തികളിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നത് എളുപ്പമല്ലാത്ത ഒരു പ്രവൃത്തിയായിരുന്നു. ഞായറാഴ്ചകളിലും മറ്റ് അവധിദിനങ്ങളിലും കുട്ടികൾക്ക് എന്തെങ്കിലും പ്രയോജനമുള്ള പ്രവൃത്തി നൽകണം. മിക്ക ബോർഡിങ് സ്കൂളിലെയും കുട്ടികൾ കളികളിലും സ്പോർട്സിലും മികവു പുലർത്താൻ ഉത്സാഹിക്കുന്ന കാലമാണത്. ഇത്തരം പ്രയത്നങ്ങൾ അതിപ്രഭാതത്തിൽ തുടങ്ങണം. എഴുപതുകളിലെ ഊട്ടി ഇന്നത്തേതിനെക്കാൾ തണുപ്പുള്ളതായിരുന്നു. സൂര്യനുദിച്ച്ചൂടുപിടിക്കുന്നതു വരെ പുതപ്പിൽ ചുരുണ്ടുറങ്ങാനായിരുന്നു പലരുടെയും ആഗ്രഹം. കുട്ടികൾക്കായിരുന്നു ഏറ്റവും പ്രയാസം. എങ്കിലും നേരം വെളുക്കും മുൻപ് അവർ വ്യായാമത്തിനു തയാറാകും. എല്ലാ തിങ്കളാഴ്ചയും രാവിലെ കുട്ടികളെയും അധ്യാപകരെയും ഞാൻ അഭിസംബോധന ചെയ്യും. 

 

 

ഒന്നിരാടം അസംബ്ലിയുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ മറ്റ് അധ്യാപകർ കുട്ടികളോടു സംസാരിക്കും. അവരുടെ കളികൾ, ഹോബികൾ, കരകൗശലവിദ്യകൾ എന്നിവ വളർത്തിയെടുക്കണം. നല്ല പ്ലാനിങ്ങില്ലാതെ ഇതൊന്നും നടക്കുകയില്ല. കുട്ടികളുടെ മെഡിക്കൽ പരിശോധന, ദിനചര്യകൾ, ചില്ലറ വിനോദയാത്രകൾ എന്നിവ പ്ലാൻ ചെയ്യണം. ആ വർഷം പെട്ടെന്നു കടന്നുപോയി. സ്കൂളിനെപ്പറ്റിയുള്ള അന്വേഷണങ്ങൾ കൂടിക്കൊണ്ടിരുന്നു. അധ്യയനവർഷത്തിന്റെ പകുതിയിൽപ്പോലും പുതിയ കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കാൻ ഞാൻ നിർബന്ധിതനായി. പെട്ടെന്നുണ്ടാകുന്ന സ്ഥലംമാറ്റ ഉത്തരവുകൾകൊണ്ടു കുടുംബം മുഴുവൻ മാറിത്താമസി ക്കണ്ടി വരുമ്പോഴോ, വിദേശത്തുനിന്നു പെട്ടെന്നു നാട്ടിലേക്കു മടങ്ങേണ്ടിവരുമ്പോഴോ കുട്ടികളെ എടുക്കേണ്ടുന്ന സാഹചര്യമുണ്ടാകുന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കുട്ടികളെയുംകൊണ്ടു വരുന്നവരുമുണ്ട്. 1977 അധ്യയനവർഷം അവസാനിച്ചപ്പോൾ ഞങ്ങളുടെ അംഗബലം ഇരട്ടിയായിക്കഴിഞ്ഞിരുന്നു. 122 കുട്ടികൾ. 

 

 

അഞ്ചാം‌ക്ലാസ്സിലെ കുട്ടികൾ ഉയർന്ന ക്ലാസിലേക്കു നീങ്ങുകയാണ്. മൗബ്രേ ഹൗസിലെ സ്ഥലസൗകര്യം മതിയാവില്ലെന്ന് ഉറപ്പായി. പഴയതുപോലെ ഞാൻ വീണ്ടും സ്ഥലമന്വേഷണം തുടങ്ങി. എന്റെ ഒരു നല്ല സ്നേഹിതനായിരുന്ന സക്കറിയ, അറിയപ്പെടുന്ന ഒരു റസിഡൻഷ്യൽ സ്കൂൾ നടത്തിയിരുന്നു. ദിൽകുഷ് ബംഗ്ലാവിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ പേര് ക്ലിഫ് സ്കൂൾ എന്നായിരുന്നു. ഡിസംബറിൽ അദ്ദേഹം സ്ഥലമൊഴിഞ്ഞുകൊടുക്കുകയാ ണെന്നറിഞ്ഞു. സ്കൂളായി പ്രവർത്തിച്ചിരുന്ന കെട്ടിടമായതുകൊണ്ട് അവിടെ പുതിയ മാറ്റങ്ങൾ ആവശ്യമില്ലായിരുന്നു. 

 

 

പ്രൈമറി വിഭാഗത്തിലെ കുട്ടികളെ ദിൽകുഷ് ബംഗ്ലാവിലേക്കു മാറ്റാനും 5,6,7 മൗബ്രേ ഹൗസിൽ തുടരാനും തീരുമാനിച്ചു. ഞാൻ സ്കൂളിന്റെ ഉടമസ്ഥനെക്കണ്ട് ഒരു കൊല്ലത്തെ വാടക മുൻകൂറായി ഏൽപിച്ചു. പക്ഷേ, രണ്ടു സ്ഥലങ്ങളും തമ്മിൽ അരമണിക്കൂറോളം ദൂരവ്യത്യാസം ഉണ്ട്. രണ്ട് വ്യത്യസ്ത അടുക്കളകളും അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകളും വേണ്ടിവന്നു. മിക്കവാറും ഞാൻ ഒരിടത്തു നിൽക്കുമ്പോഴായിരിക്കും മറ്റെ ഇടത്തേക്കു വിളി വരിക. രണ്ടു സ്കൂളുകളിലായി പഠിക്കുന്ന സഹോദരങ്ങൾക്ക് ആഴ്ചാന്ത്യത്തിൽ ഒരുമിച്ചുകൂടാൻ വാഹനസൗകര്യം ഉണ്ടാക്കണം. പലതരത്തിലും സുന്ദരമായിരുന്നു ദിൽകുഷ് ബംഗ്ലാവ്. അതിലെ വിശാലമായ ഹാൾ ഞങ്ങൾ ലൈബ്രറിയാക്കി. എത്രയോ കുട്ടികൾ അവിടെയിരുന്ന് വായനയുമായി നിത്യമായ പ്രണയത്തിൽ വീണു.

 

 

1978 ൽ സ്കൂളിൽ ചിക്കൻപോക്സ് പടർന്നുപിടിച്ചു. മധ്യവേനലവധി കഴിഞ്ഞു വീട്ടിൽപോയ ഒരു കുട്ടിയിൽനിന്ന് സ്കൂൾ മുഴുവൻ അതു പടർന്നു. ഒന്നു രണ്ടു ഡോർമിറ്ററികൾ ഐസൊലേഷൻ വാർഡുകളായി. പക്ഷേ, കുട്ടികൾ നല്ലതുപോലെ രസിക്കുന്നുണ്ടായിരുന്നു. ക്ലാസുകളെല്ലാം ക്യാൻസൽ ചെയ്തിരുന്നു. അവർ സുഖം പ്രാപിച്ച ദിവസം വായനയും വർത്തമാനവും സിനിമ കാണലും ഒക്കെയായി ചെലവഴിക്കാൻ അനുവദിച്ചു. അതു പിന്നീട് ഗുഡ്ഷെപ്പേഡ് സ്കൂളിലെ ആചാരമായി. എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും സിനിമ പ്രദർശനമുണ്ട്.

 

അടുത്ത കൊല്ലമായപ്പോഴേക്കും എട്ടാം ക്ലാസുകൂടി തുടങ്ങണമെന്ന് രക്ഷിതാക്കളുടെ ഭാഗത്തുനിന്നു നിർബന്ധമുണ്ടായി. അതിനർഥം 1980 ആകുമ്പോഴേക്കും കുട്ടികളെ പത്താംക്ലാസിലേക്ക് അയയ്ക്കാൻ തയാറെടുക്കണം എന്നാണ്. ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ കൗൺസിലിന്റെ അംഗീകാരം 1980 ൽ ലഭിച്ചു. സ്കൂളിനെപ്പറ്റിയുള്ള ദർശനം വിപുലമാക്കാൻ ഞാൻ നിർബന്ധിതനായി. ദിൽകുഷ് ബംഗ്ലാവ് ഒരു കൊല്ലത്തേക്കേ വാടകയ്ക്ക് എടുത്തിരുന്നുള്ളൂ. രണ്ടു ക്യാംപസുകൾ നിലനിർത്തിക്കൊണ്ടു പോകുന്നതു ദുഷ്കരമാണെന്നും ഞാൻ മനസ്സിലാക്കി. സ്കൂൾ നടത്താൻ വേണ്ടുന്ന എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങുകയായിരുന്നു. പ്രയാസങ്ങൾ ഉണ്ടായെങ്കിലും സഫലമായ രണ്ടു വർഷങ്ങളാണ് കഴിഞ്ഞുപോയത്. പക്ഷേ, അത്ഭുതങ്ങൾ സംഭവിക്കാനിരിക്കുന്നുണ്ടായിരുന്നു. യാത്ര തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

 

English Summary : Jeevitham Enna Eliya Samrambham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com