ADVERTISEMENT

ഉള്ളതു പറഞ്ഞാല്‍ : ഒരു സന്യാസിയുടെ ഓര്‍മക്കുറിപ്പുകള്‍ 

ഓം സ്വാമി 

വിവര്‍ത്തനം: ആര്‍.എസ്. പ്രവീണ്‍ 

മനോരമ ബുക്സ് 

വില 290 രൂപ 

 

ഹരിദ്വാറിലെ ബദരീനാഥ് ക്ഷേത്രം. വര്‍ണനാതീതമായ ആത്മീയ സ്പന്ദനങ്ങള്‍ നിറഞ്ഞ അഭൗമ അന്തരീ ക്ഷം. വിഷ്ണു വിഗ്രഹത്തിനു മുന്നില്‍ ഒരു യുവാവ് അപേക്ഷാ ഭാവത്തില്‍ നിന്നു. എടുത്തെറിയപ്പെട്ടും വഴി നഷ്ടപ്പെട്ടും അനേക കാതങ്ങള്‍ സഞ്ചരിച്ച മഹാപാപി. ആ യുവാവിന്റെ ഒറ്റയ്ക്കുള്ള യാത്ര തുടങ്ങുന്നതു 18-ാം വയസ്സില്‍. കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വിദേശത്ത് മികച്ച ഭാവി കരുപ്പിടിപ്പിക്കാന്‍. 

 

 

തുടക്കം ഓസ്ട്രേലിയയില്‍. അമേരിക്ക, കാനഡ. ഫ്രാന്‍സ്. അയാളുടെ സാമ്രാജ്യം വിപുലമാകുകയായിരുന്നു. ആ വിജയം താരതമ്യങ്ങളില്ലാത്തത്. പത്തുവര്‍ഷങ്ങള്‍കൊണ്ട് ശതകോടികളുടെ അധിപന്‍. അടുത്ത ചലനങ്ങള്‍ക്കുവേണ്ടി അനേകര്‍ കാത്തുനില്‍ക്കെ, അപ്രതീക്ഷിതമായി അയാളൊരു തീരുമാനമെടുത്തു. പണത്തിനു മുകളില്‍, പദവിയുടെ ഔന്നത്യത്തില്‍, ലോകം കീഴടക്കിയ സന്തോഷത്തില്‍ നില്‍ക്കെ ആര്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത തീരുമാനം. 

 

 

എല്ലാം പരിത്യജിക്കാന്‍. സുഖസൗകര്യങ്ങള്‍.  യൗവനത്തിന്റെ പ്രലോഭനങ്ങള്‍.  ജീവിതവിജയം. കാത്തിരി ക്കുന്ന സമൃദ്ധി.  എല്ലാറ്റിനോടും എല്ലാവരോടും യാത്ര പറഞ്ഞ് അയാള്‍ ജന്മയാത്ര തുടങ്ങുകയായി. ലക്ഷ്യം ഈശ്വരസാക്ഷാത്കാരം. ജന്മലക്ഷ്യം. ആശ്രമങ്ങളിലും ഗുഹകളിലും ഏകാന്തവാസം. ധ്യാനം. ശിഷ്യപ്പെടല്‍. കഠിനയാതനകള്‍. ഗുരുക്കന്‍മാരായി കരുതി ആരാധിച്ചവരില്‍നിന്നുപോലും നേരിട്ട അപമാനവും ശകാരങ്ങളും. തന്റെ ലക്ഷ്യം താന്‍ തന്നെ കണ്ടെത്തണമെന്നും വഴികാട്ടികളില്ലെന്നും തിരിച്ചറിഞ്ഞ അയാള്‍ അവസാനം എത്തിച്ചേര്‍ന്നതു ബദരീനാഥ ക്ഷേത്രത്തില്‍. 

 

 

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അയാള്‍ വിളിച്ചുകേണു: എന്റെ പരാജയം ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ച് ഞാന്‍ കുഴഞ്ഞുപോയി. പരമകാരുണ്യവാനായ, നിത്യദയാലുവായ ശ്രീ ഹരി. എനിക്കിനീ ഒരു ശക്തിയും അവശേഷിക്കുന്നില്ല. എന്നെ ഉപേക്ഷിക്കരുതേ. പകരം അഹങ്കാരിയും ധിക്കാരിയുമായ ഈ വാത്സല്യഭാജനത്തെ അങ്ങ് സ്വീകരിക്കൂ. അങ്ങയുടെ കൃപ, എന്നെ ഈ വാതില്‍പ്പടി വരെ എത്തിച്ചു. ദയവായി എനിക്കുവേണ്ടി ഈ കതകു തുറക്കൂ. എന്നെ പൂട്ടി വെളിയില്‍ ആക്കരുതേ. എന്നെ ഉപേക്ഷിക്കരുതേ. പുണ്യപവിത്രമായ ഈ സ്ഥലത്ത്, അങ്ങയുടെ സാന്നിധ്യത്തില്‍ ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു. അങ്ങു പ്രത്യക്ഷപ്പെടുന്നതുവരെ അങ്ങേക്കു വേണ്ടി കരയുന്നത് അങ്ങയുടെ ഈ കുഞ്ഞ് നിര്‍ത്തില്ല. 

 

 

 

ഉള്ളതുപറഞ്ഞുകൊണ്ടുള്ള, ഉള്ളുരുകിയുള്ള അന്നത്തെ പ്രാര്‍ഥനയുടെ ഫലമാണ് ഇന്നത്തെ ഓം സ്വാമി. ഹിമാലയ താഴ്‍വരയിലെ ആശ്രമത്തില്‍ തപസ്സനുഷ്ഠിക്കുന്ന സന്യാസി. സത്യാന്വേഷി. ഈശ്വര സാന്നിധ്യം നേരിട്ടറിഞ്ഞ, ആത്മസാക്ഷാത്കാരം നേടിയ തപോധനന്‍.  പ്രായോഗിക ജീവിതത്തെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചും ലോകത്തിനു വഴികാണിക്കുന്ന ആത്മീയ വെളിച്ചത്തിന്റെ പ്രഭവകേന്ദ്രം. സ്വന്തം ജീവിതയാത്രയെ അടിസ്ഥാനമാക്കി  ഓം സ്വാമി എഴുതിയ ആത്മകഥ ഇപ്പോള്‍ മലയാളത്തിലും. മനോരമ ബുക്സ് പുറത്തിറക്കിയ ഉള്ളതു പറഞ്ഞാല്‍. ഈഫ് ട്രൂത്ത് ബി ടോള്‍ഡ് എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ മൊഴിമാറ്റം. 

 

 

 

സ്വാമി എന്നും അധ്യാത്മികത എന്നും കേള്‍ക്കുമ്പോഴേ ഓടിമാറുന്നവരെപ്പോലും ആകര്‍ഷിക്കുന്നതാണ് ഓം സ്വാമിയുടെ സത്യപുസ്തകം. തന്റെ ജീവിതയാത്രയുടെ പശ്ഛാത്തലത്തില്‍ സ്വാമിയുടെ വാക്കുകള്‍ വെളിച്ചം വിതറുന്നത് പ്രായോഗിക ജീവിതം നയിക്കുന്നവരിലാണ്. യഥാര്‍ഥത്തില്‍ ഏതു വഴിയെന്ന് ആശങ്കപ്പെടുന്നവര്‍ക്കും, എന്താണു ജീവിതം എന്ന് അസ്വസ്ഥതപ്പെടുന്നവര്‍ക്കും പൂര്‍ണമായി ഉപകരിക്കുന്ന ഗ്രന്ഥം. ഏതെങ്കിലുമൊരു മതത്തിലേക്കോ ആശയത്തിലേക്കോ പ്രത്യയശാസ്ത്രത്തിലേക്കോ നയിക്കുകയല്ല ഈ പുസ്തകം. മറിച്ച് ഉള്ളിന്റെ ഉള്ളിലെ വെളിച്ചം കണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുക മാത്രം. ഏതു വഴിയുമാകാം. ആരുമാകാം. ഹ്രസ്വമായ ജീവിതത്തില്‍ സന്തോഷത്തോടും സ്നേഹത്തോടും കാരുണ്യത്തോ ടും കൂടി ജീവിക്കേണ്ടതിനെക്കുറിച്ച്. യഥാര്‍ഥ ആത്മസാക്ഷാത്കാരം സഫലമാക്കുന്നതിനെക്കുറിച്ച്. 

 

ദൈവം എങ്ങനെ, ഏതു രൂപത്തില്‍, എപ്പോള്‍, ഭക്തനു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ഓം സ്വാമി പറയുന്നത്. യഥാര്‍ഥത്തില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നും. ഏതാണ് യഥാര്‍ഥ മതം. ദൈവം എവിടെയാണ്. മതവിശ്വാസിയായാല്‍ സത്യം സാക്ഷാത്കരിക്കാനാകുമോ. അസ്വസ്ഥതപ്പെടുന്ന ഒരായിരം ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഓം സ്വാമിയുടെ ആത്മകഥ. 

 

 

 

തന്റെ ലക്ഷ്യം നേടിയതിനുശേഷം ഓം സ്വാമി ആദ്യമായി വിളിക്കുന്നത് വീട്ടിലേക്കാണ്. ഒരിക്കല്‍ വ്യക്തമായി യാത്ര പോലും പറയാതെ ഇറങ്ങിപ്പോയ വീട്ടിലേക്ക്. ലക്ഷ്യം നേടിയതിനുശേഷം അദ്ദേഹം വീട് സന്ദര്‍ശിക്കുന്നുമുണ്ട്. തങ്ങളോട് എന്തു പറയാനുണ്ടെന്നു ചോദിച്ച അച്ഛനമ്മമാരോട് ഓം സ്വാമി പറയുന്നു:– ഈ ബ്രഹ്മാണ്ഡം മഹാപത്മങ്ങളോളം വര്‍ഷങ്ങള്‍ പ്രായമുള്ളതാണ്. നമ്മുടെ താരസമൂഹത്തിനും ഗ്രഹത്തിനും ശതകോടിക്കണക്കിനു വര്‍ഷങ്ങള്‍ പ്രായമുണ്ട്. 

 

 

മനുഷ്യവംശത്തിന് ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ പ്രായമുണ്ട്. പക്ഷേ, ഒരു മനുഷ്യജന്മത്തിന്റെ ശരാശരി എഴുപതു വയസ്സാണ്. വളരെ ഹ്രസ്വമായ ജീവിതമാണത്. അത് ആഘോഷിക്കപ്പെടണം. അതു ജീവിക്കപ്പെടണം. നേരിടേണ്ട ഒരു വെല്ലുവിളിയല്ല ജീവിതം. പൊരുതേണ്ട ഒരു ശത്രുവുമല്ല. സത്യത്തില്‍, നിര്‍ധാരണം ആവശ്യമുള്ള ഒരു പ്രശ്നവുമല്ല അത്. ഒഴുകുന്ന നദിയാണത്. അതിനൊപ്പം ഒഴുകുക മാത്രമേ വേണ്ടൂ. ജീവിക്കുക. സ്നേഹിക്കുക. ചിരിക്കുക. നല്‍കുക.... 

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

 

English Summary : Ullathu Paranjal AutoBIOGRAPHY by OM Swami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com