അറിയണ്ടേ മൗഗ്ലിയുടെ പുതിയ വിശേഷങ്ങൾ....

Mowgli-1
SHARE

കാട്ടുനായ്ക്കളുടെ കടന്നാക്രമണം

കാട്ടിലെ കടുത്ത വേനൽക്കാലം കഴിഞ്ഞുപോയി. മഴക്കാലം  എത്തിയതോടെ എങ്ങും പച്ചപ്പിന്റെ ഉത്സവം. മരങ്ങളും ചെടികളും താരും തളിരുമണിഞ്ഞു.
മൗഗ്ലിയുടെ  ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ ഒരു കാലഘട്ടം ആരംഭിച്ചു. കാട്ടിൽ വസിക്കുന്ന ഇവരുമായി അവൻ നല്ല ചങ്ങാത്തത്തിലായി. അവൻ നല്ല മനസ്സാക്ഷിയും നീതി ബോധവും ഉള്ളവനായിരുന്നു. കാട്ടിലെ ജന്തു ജാലങ്ങൾക്ക് അവനെ ശരിക്കും പേടിയും ബഹുമാനവുമായിരുന്നു.  
വനവാസകാലത്ത് മൗഗ്ലി കാട്ടിൽ അങ്ങോളമിങ്ങോളവും സഞ്ചരിച്ചു. ചിലപ്പോൾ ചെന്നായ്  സഹോദരങ്ങൾ നാലും അവനോടൊപ്പം ഉണ്ടാകും. മറ്റു ചിലപ്പോൾ അവൻ തനിയെ ആയിരിക്കും ചുറ്റിത്തിരിയാൽ. അക്കാലത്ത് അവൻ പല തരം മൃഗങ്ങളുമായി ഇടപെടുകയും സഹകരിക്കുകയും ചെയ്തു.

rudyard-kliping

ആ നാളുകളിൽ എന്തെല്ലാം സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അവൻ കടന്നു പോയി. എത്ര പറഞ്ഞാലും തീരാത്തത്ര കാര്യങ്ങൾ. അവയിൽ ചിലത്, ചിലതു മാത്രം ചുരുക്കിപ്പറയാം.

മാണ്ഡലയിൽ ഒരാനയ്ക്കു മദമിളകി. അത് സർക്കാർ ഖജനാവിലേക്ക് സ്വർണനാണയങ്ങൾ കൊണ്ടുപോകുന്ന കാളവണ്ടിയെ ആക്രമിച്ചു. മൊത്തം പതിനൊന്നു കാളവണ്ടികൾ. അവ വലിക്കുന്ന ഇരുപത്തിരണ്ടു കാളകൾ. എല്ലാറ്റിനെയും ആന ചവിട്ടിയരച്ചു. തകർന്ന കാളവണ്ടിയിൽ നിന്നും സ്വർണനാണയങ്ങൾ എമ്പാടും ചിതറിത്തെറിച്ചു.

മൗഗ്ലി ചുമ്മാതങ്ങനെ ചുറ്റിത്തിരിഞ്ഞു നടക്കുമ്പോഴുണ്ട്, ഭ്രാന്തുപിടിച്ച ആന അവന്റെ നേർക്ക് പാഞ്ഞുവരുന്നു. പക്ഷേ മൗഗ്ലിയുടെ വിദഗ്ധമായ ഒഴിഞ്ഞുമാറൽ കൊണ്ട് മാത്രം അവന്റെ പിടിയിൽനിന്നും അത്ഭുതകരമായി അന്ന് രക്ഷപ്പെട്ടു.  

വടക്കൻ പ്രദേശങ്ങളിലെ ചതുപ്പുകളിലൊന്നിൽ വച്ച്, അവൻ ജക്കാല  എന്ന മുതലായുമായി ഏറ്റുമുട്ടിയത് ശരിക്കും ഒരു വീരസാഹസികത തന്നെയായിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന സംഘട്ടനം. ഒടുവിൽ മൗഗ്ലി തൻ്റെ കഠാര കൊണ്ട് ആ ഭീകരജന്തുവിൻ്റെ മുതുകിലെ ചെതുമ്പലുകളിൽ ആഞ്ഞാഞ്ഞു കുത്തിയാണ് അവനെ വകവരുത്തിയത്.

മറ്റൊരിക്കൽ ഒരു കാട്ടുപന്നി ഒരു മനുഷ്യനെ കൊന്നു കളഞ്ഞു. മൗഗ്ലി അതിന്റെ കാലടയാളങ്ങൾ പിന്തുടർന്നുചെന്ന് അതിനെ തൽക്ഷണം കുത്തിമലർത്തി. കാട്ടിലെ ഭീകരമായ വരൾച്ച അവനെയും ബാധിച്ചു. ആ കൊടിയ പട്ടിണിക്കാലത്ത് മറ്റു മൃഗങ്ങൾക്കൊപ്പം മൗഗ്ലിയും കഷ്ടപ്പെട്ടു.
ഒരിക്കൽ ഒരു പടുകുഴിയിൽ വീണുപോയ നമ്മുടെ ഹാഥി  ആനയെ രക്ഷിച്ചു കരകയറ്റിയത്‌ മൗഗ്ലി തന്നെ. തൊട്ടടുത്തദിവസം എന്താണ് പറ്റിയതെന്നോ, അതിവിദഗ്ധമായി ഒരുക്കിവച്ച ഒരു പുലിക്കെണിയിൽ നമ്മുടെ കഥാനായകൻ പെട്ടുപോയി. അന്ന് ഹാഥി  കൃത്യസമയത്തു അവിടെയെത്തി അവനെ കുടുക്കിയ കട്ടിയുള്ള തടിക്കഷ്ണങ്ങൾ തകർത്തു തരിപ്പണമാക്കി, ആ കെണിയിൽനിന്നും സ്വാതന്ത്രനാക്കി. പിന്നെയൊരുനാൾ ചതുപ്പുനിൽ വച്ച് കാട്ടുപോത്തിനെ കറന്നു പാൽ....

Mowgli-2

ഓ, പറയാൻ പോയാൽ സംഭവങ്ങൾ ഇവിടെയൊന്നും നിൽക്കുകയില്ല. അതുകൊണ്ട് ഒരു സമയത്ത് ഒരു കഥാമാത്രം വിവരിക്കുകയാകും നന്ന്. എന്ത് പറയുന്നു?
ഇതിനിടയ്ക് പ്രായാധിക്യത്താൽ അച്ഛൻ ചെന്നായയും അമ്മച്ചെന്നായിയും മരിച്ചുപോയി. അത് മൗഗ്ലിയെ അഗാധമായ സങ്കടത്തിലാഴ്ത്തി.അവരുടെ മരണശേഷം അവൻ വലിയൊരു കല്ലെടുത്ത് അവർ വസിച്ചിരുന്ന ഗുഹയുടെ കവാടം അടച്ചു.
എന്നിട്ട് അവരുടെ ഓർമയ്ക്കായി ഒരു ചരമഗീതം ആലപിച്ചു.  

ബാലുവാശാനും  പ്രായമേറെയായി. ഭഗീരന്റെ ഉരുക്കുപോലുള്ള ഞരമ്പുകളും ഇരുമ്പുകട്ടിപോലുള്ള മാംസപേശികളും അയഞ്ഞു തുടങ്ങി. അങ്ങേർക്കു പണ്ടത്തെപ്പോലെ ഇരപിടിക്കാൻ വൈദഗ്ധ്യം കുറഞ്ഞു തുടങ്ങി.
അകേലന്റെ ചാരനിറമുള്ള രോമങ്ങൾ വാർദ്ധക്യം നിമിത്തം മുഴുവൻ വെളുത്തുപോയി. ഏറ്റവും ക്ഷീണം തട്ടിയത് അങ്ങേർക്കാണ്. ശരീരം ശോഷിച്ചുപോയി.
വാരിയെല്ലുകൾ ഇരുവശത്തും എഴുന്നേറ്റുനിൽക്കുന്നു. തടികൊണ്ടുണ്ടാക്കിയ ചട്ടക്കൂടുപോലെ തീരെ ഉശിരില്ലാതെ പ്രാഞ്ചിയാണ് അങ്ങേരുടെ നടത്തം. കഴിഞ്ഞകുറച്ചു കാലങ്ങളായി അകെലന്  വേണ്ടി ഇര പിടിക്കുന്നത് മൗഗ്ലിയാണ്.

റഡ്യർഡ് കിപ്ലിങ് എഴുതിയ വിശ്വവിഖ്യാതമായ ജംഗിള്‍ ബുക്കിന്റെ പരിഭാഷ
വിവർത്തനം: റോസ്  മേരി
പ്രസാധനം : മനോരമ ബുക്സ്

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Kattile Kadhakal from Manorama Books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA