ADVERTISEMENT

മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗീതാ ബക്ഷി മലയാള മനോരമ വാർഷികപ്പതിപ്പിൽ എഴുതിയ ‘തായി’ എന്ന ആത്മകഥനം പുസ്തകമാകുന്നു. സ്നേഹചിത്രണങ്ങൾ കൂടി ചേർത്ത്  മനോരമ ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ കവർ മലയാള മനോരമ ലീഡർ റൈറ്ററും തിരക്കഥാകൃത്തുമായ ഹരികൃഷ്ണൻ സമൂഹമാധ്യമത്തിലുടെ പ്രകാശനം ചെയ്തു. 

ഹരികൃഷ്ണൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ്

എന്നെ സംബന്ധിച്ചിടത്തോളം,  ഈ പുതുവർഷാരംഭത്തിലെ ഏറ്റവും മനോഹരമായൊരു  വിശേഷത്തെക്കുറിച്ചു  പറയട്ടെ. അതു പറയുന്നതിനുമുൻപു നമുക്കൊക്കെ അറിയാവുന്നൊരു പഴയ കഥ ഒാർമിക്കാനുണ്ട് : പണ്ടു പണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ അതേ കഥ: 

അവർ അസ്തമയത്തിലാറാടി നിന്ന ഒരു താഴ്‌വരയിലെത്തി. 

‘ഇതിന്റെ അപ്പുറം കാണണ്ടേ?’  ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.. 

‘പച്ചപിടിച്ചു നിൽക്കുന്ന താഴ്‌വര’ ...ഏട്ടത്തി പറഞ്ഞു. ‘ഞാനിവിടെ തന്നെ നിൽക്കട്ടെ’. 

‘എനിക്കു പോകണം’ .അനുജത്തി പറഞ്ഞു. 

അവളുടെ മുന്നിൽ നീണ്ടുകിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി. 

‘നീ ചേച്ചിയെ മറക്കുമോ?’ ഏട്ടത്തി ചോദിച്ചു. 

‘മറക്കില്ല’. അനുജത്തി പറഞ്ഞു. 

‘മറക്കും’. ഏട്ടത്തി പറഞ്ഞു. ‘ഇതു കർമപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ.’ 

അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്‌വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽക്കുരുന്നിൽനിന്നു വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ചു ചില്ലകൾ പടർന്നു തിടം വച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട് ഒരു പെൺകുട്ടി ചെതലിയുടെ താഴ്‌വരയിൽ പൂവിറുക്കാനെത്തി. അതിനിടെ തനിച്ചുനിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോൾ ചമ്പകം പറഞ്ഞു, ‘അനുജത്തീ, നീയെന്നെ മറന്നല്ലോ ’. 

എനിക്കെഴുതാനുള്ളത്, ഏട്ടത്തിയെ എന്നിട്ടും മറക്കാതിരുന്ന ഒരു അനുജത്തിയെക്കുറിച്ചാണ്. 

എന്റെ ഇത്തിരിവട്ട ജീവിതത്തിൽ, ഞാൻ കേട്ട ഏറ്റവും ഗംഭീരമായ സ്നേഹാന്വേഷണത്തെക്കുറിച്ചാണ് . 

ആ അനുജത്തി എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്.: ഗീത!   

malayalam-journalist-author-geetha-bakshi
ഗീതാബക്ഷി

ഗീതാബക്ഷി - പേരിന്റെ രണ്ടാം പാതിയിൽ ഒരു വിസ്‌മയം കാത്തുവച്ച മലയാളി മാധ്യമപ്രവർത്തക. നീണ്ടകാലത്തെ പത്രപ്രവർത്തനത്തിനിടയിൽ  ഗീത എത്രയോ ‘ഹ്യൂമൻ ഇന്ററസ്‌റ്റ് സ്‌റ്റോറി’കളെഴുതിയിട്ടുണ്ടെങ്കിലും, തന്റെ രണ്ടാം പേരിന്റെ കൈപിടിച്ച് ഗീതാബക്ഷി ആദ്യമായി സ്വന്തം ജീവിതം എഴുതിയപ്പോൾ അതു സമീപകാലത്തു മലയാളം കേട്ട ഏറ്റവും വികാരാർദ്രവും നാടകീയവുമായ കഥകളിൽ ഒന്നായിത്തീർന്നു. 

അച്‌ഛന്റെ മൂത്ത മകളെത്തേടി ഇളയമകൾ നടത്തുന്ന കഠിനയാത്രയുടെ കഥയാണത്.  

മലയാള മനോരമ വാർഷികപ്പതിപ്പിൽ  രണ്ടു ലക്കങ്ങളിലായി ഗീതാബക്ഷി എഴുതിയ ആ ആത്മകഥനത്തിൽ ചേച്ചിയും അനുജത്തിയും തമ്മിലുള്ള പിരിയലും തേടലും 32 വർഷത്തിനുശേഷമുണ്ടായ ചേരലുമുണ്ട്. സ്നേഹാന്വേഷണങ്ങളുടെ  മുഴുവൻ സങ്കടവും സൗന്ദര്യവും നാടകീയതയുമൊക്കെ  നിറഞ്ഞ അക്കഥ അന്ന് എത്രയോ വായനക്കാർക്കു പ്രീയങ്കരമായിത്തീർന്നു. ഇപ്പോഴിതാ, കുറച്ചു വർഷങ്ങൾക്കുശേഷം, തീവ്രാനുഭവങ്ങളുടെ ആ കഥ പുതിയ സ്നേഹചിത്രണങ്ങൾ കൂടി ചേർത്ത് മനോരമ ബുക്സ് പുസ്തകമാക്കുന്നു. ഉടൻതന്നെ അതു പ്രകാശനം ചെയ്യുകയാണ്. 

geetha-bakshi-with-sister-smitha-bakshi
സാഹോദരി സ്മിത ബക്ഷിയോടൊപ്പം ഗീതാബക്ഷി

തന്റെ ജീവിതകഥയ്‌ക്ക് ഗീത ‘തായി’ എന്നാണു പേരിട്ടത്.  ആ വാക്കിനു മറാഠിയിൽ ചേച്ചി എന്നർഥം. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കണ്ടെടുക്കലിന്റെ കഥയ്‌ക്കു പിതൃഭാഷയിൽതന്നെയല്ലേ തലക്കെട്ടിടേണ്ടത്? 

അപൂർവസുന്ദരവും  ഹൃദയാർദ്രവുമായ ഈ കഥയെഴുത്തിന്റെ ‘പ്രേരണാകുറ്റം’  അഭിമാനത്തോടെ  ഏറ്റെടുത്ത്,  ഉറ്റചങ്ങാത്തത്തിന്റെ മുഴുവൻ അവകാശത്തോടെയും  ഈ പുസ്തക കവർ ഈ പുതുവർഷത്തലേന്ന് സ്നേഹത്തോടെ അവതരിപ്പിക്കട്ടെ. ഗീത, പുസ്തകത്തിനു കാത്തിരിക്കുകയാണ്, ഞാനും.

 

English Summary : Geetha Bakshi's Book 'Thai'  published by Manorama Books cover release.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com