ADVERTISEMENT

പിറ്റേദിവസം രാവിലെ ഏഴെട്ടുമണിയായപ്പോഴേക്കും ശ്രുതി പത്തനംതിട്ടയിൽ നിന്നു വന്നവരുടെ മുറികളിൽ ചെന്നു കൊട്ടിവിളിച്ചു. റെഡിയായാൽ വിളിക്കണം. നഴ്‌സ് മുറിവു വച്ചുകെട്ടാൻ വരുന്നുണ്ട്. 

നഴ്‌സോ, എവിടുന്ന്? 

വേറെ എവിടുന്നാ? ഈ ഞാൻ തന്നെ. അസിസ്റ്റന്റുമുണ്ട്. അരുന്ധതി. 

ഓ, അപ്പോൾ ആശുപത്രി മൊത്തമായാണല്ലോ. 

പ്രത്യുഷ് കളി പറഞ്ഞു. 

കോളജിൽ പഠിപ്പിക്കുമ്പോൾ നാഷണൽ സർവീസ് സ്‌കീമിന്റെ ചുമതലക്കാരിയായിരുന്നു ശ്രുതി. അത്യാഹിതസന്ദർഭങ്ങളിൽ സേവനം ചെയ്യാനുള്ള പരിശീലനം കിട്ടിയിട്ടുണ്ട്. വേദ ഭാരത് മിത്ര് ഉണ്ടാക്കി ഗ്രാമങ്ങളിലേക്കിറങ്ങുമ്പോൾ അവർക്ക് ആളുകളെ ആകർഷിക്കാനായത് ഈ സേവനപ്രവർത്തനങ്ങൾ കൊണ്ടാണ്. യുവാക്കളുടെ കൂട്ടം എപ്പോഴും ശ്രുതിക്കു പിന്നാലെയുണ്ടായിരുന്നു. അവർ ചേരികളിൽ പോയി മാലിന്യങ്ങൾ നീക്കി. ഓടകൾ വൃത്തിയാക്കി. രോഗികളെ പരിചരിച്ചു. വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തു. 

നാറ്റവും അഴുക്കും പട്ടിണിയും കൂടിക്കുഴഞ്ഞു കിടന്ന ചേരികളെ മണവും സന്തോഷവും സമാധാനവുമുള്ള  ഇടങ്ങളാക്കി. 

പക്ഷേ, ചെറുപ്പക്കാരുമായി ഒന്നിച്ചിരിക്കുമ്പോഴും ക്ലാസെടുക്കുമ്പോഴും  ശ്രുതിയുടെ ഉള്ളിലെ ക്ഷോഭങ്ങൾ പുറത്തുവരുമായിരുന്നു. രാജ്യത്തെ ഇല്ലാതാക്കാൻ നടക്കുന്ന തീവ്രവാദികളെ തോൽപിക്കേണ്ടതിനെക്കുറിച്ച് അവർ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ഭർത്താവും വളർത്തുമകളും ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന ഒരു സ്ത്രീയുടെ ആത്മരോഷങ്ങൾ.... 

 സ്വയം എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചല്ല, സർക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചാണ് അവർ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. സമൃദ്ധിയുടെ പുഷ്പവാടികളാക്കി മാറ്റേണ്ട സ്ഥലങ്ങളെ അരാജകത്വം വിതച്ച് മരുഭൂമികളാക്കുകയാണ് തീവ്രവാദികൾ. അവരെ നേരിടാൻ കഴിയാതെ പോവുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുമ്പോൾ സർക്കാരും ചെയ്യുന്നത് അതു തന്നെ. തുടർച്ചയായുള്ള ഇത്തരം കോപപ്പേച്ചുകൾ കേട്ടുകേട്ട് ചോര തിളച്ചതുകൊണ്ടായിരിക്കാം അവരുടെ ചില ക്ലാസുകളിൽ പങ്കെടുത്ത മൂന്നു കുട്ടികൾ പോയി ആ ബോംബ് സ്‌ഫോടനം നടത്തിയത്. അവർ ശ്രുതിയുടെ സംഘടനയിലെ അംഗങ്ങളായിരുന്നില്ല. പക്ഷേ, ശ്രുതിയുടെ  ക്ലാസുകളാണ് കൃത്യം ചെയ്യുന്നതിലേക്കു തങ്ങളെ നയിച്ചതെന്ന് അവർ പൊലീസിനോടു പറഞ്ഞു. അങ്ങനെയാണ് അന്ന് അറസ്റ്റിലായതും വിചാരണക്കാലത്ത് ജയിലിൽ കിടന്നതും. എന്തായാലും രണ്ടുവർഷം കൊണ്ട് കേസന്വേഷണം പൂർത്തിയാവുകയും സംഭവവുമായി ശ്രുതിക്ക് നേരിട്ട് ബന്ധമില്ലെന്ന് ബോധ്യമാവുകയും ചെയ്തതിനെ തുടർന്ന് കോടതി വിട്ടയച്ചു. 

തന്റെ ക്ലാസുകൾക്ക് അങ്ങനെയൊരു അപകടസാധ്യതയുള്ളതായി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴൊന്നും അവർ വിചാരിച്ചില്ല. എങ്കിലും സംഗതി കൈവിട്ടുപോയതോടെ  അവർ സംഘടന പിരിച്ചുവിട്ടു. കുട്ടികൾ കാട്ടിയ അവിവേകത്തിന് ലോകത്തോട് മാപ്പു ചോദിച്ചു.ആയിടയ്ക്കാണ് ആസാദിനെ വീണ്ടും ഫെയ്‌സ്ബുക്കിൽ കണ്ടുമുട്ടി കൂട്ടാവുന്നതും അയാളെ തേടി വരുന്നതും. 

Mudippechu-1200-b

പഴയ സേവനപ്രവർത്തനങ്ങളുടെ ഓർമയിൽ അന്ന് ശ്രുതി അരുന്ധതിയെയും കൂട്ടി എല്ലാ മുറികളിലും ചെന്ന് ഓരോരുത്തർക്കും  അപകടത്തിലുണ്ടായ മുറിവുകൾ കഴുകി വൃത്തിയാക്കി മരുന്നുവച്ചു. അവരവരുടെ മുറിവുകളിൽ മരുന്നുവയ്ക്കാൻ രണ്ടുപേരും പരസ്പരം സഹായിച്ചു. എല്ലാവർക്കും കഴിക്കാനുള്ള ഗുളികയും മുറിവിൽ പുരട്ടാനുള്ള മരുന്നും ആശുപത്രിയിൽ നിന്നു കൊടുത്തുവിട്ടിരുന്നതിനാൽ ലോക്ഡൗണിന്റെ ബാധയേൽക്കാതെ അതങ്ങു നടത്തി. 

അന്നാരും കുളിച്ചില്ല. 

കാപ്പികുടി കഴിഞ്ഞ് എല്ലാവരും കൂടി ലാബിലേക്കു നടക്കാൻ തുടങ്ങുമ്പോഴാണ് വർഗീസിന്റെ മൊബൈൽ റിങ് ചെയ്തത്. ഭാര്യയാണ്. ഒരു മിനിട്ട് എന്നു പറഞ്ഞിട്ട് അദ്ദേഹം ഫോണുമായി ഇടനാഴിയുടെ അങ്ങേയറ്റത്തേക്കു നടന്നു പോയി. വർഗീസ് സാർ കൂടി വരട്ടെ എന്നു പറഞ്ഞ് മറ്റുള്ളവർ തിരിച്ചുവന്ന് ഊണുമേശയുടെ ചുറ്റിനുമിരുന്നു. ഓരോരുത്തരായി മൊബൈൽ എടുത്ത് പരിശോധന തുടങ്ങി. ചിലർ വാട്‌സാപ് നോക്കുന്നതിൽ മുഴുകിയപ്പോൾ ചിലർ ഫെയ്‌സ്ബുക് നോട്ടമായി. ഇൻസ്റ്റഗ്രാം നോക്കാനായിരുന്നു മറ്റു ചിലർക്കു താൽപര്യം. മെയിൽ പരിശോധിച്ചവരുമുണ്ട്. സംഭാഷണമവസാനിപ്പിച്ച് തിരികെ അവർക്കരികിൽ വന്നിരുന്ന വർഗീസ് പറഞ്ഞു. 

ഭാര്യക്കു വലിയ പേടി. പെട്ടെന്നു തിരിച്ചു ചെല്ലണമെന്ന്. പക്ഷേ, എങ്ങനെ സാധിക്കും. ഒരു വിധം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ഒറ്റയ്ക്കല്ലേ. അതിന്റെയാ. സ്വതവേ പേടിക്കാരിയാ. ഇപ്പോൾ കുറച്ചു കൂടി. മുകളിലത്തെ നിലയിൽ വാടകക്കാരുണ്ട്.എന്നാലും അതു പോരാ. 

പേടി സാറിനെയോർത്താണോ, അതോ സ്വയം ഓർത്താണോ? 

ശ്രുതിയാണു ചോദിച്ചത്. 

എന്നെക്കുറിച്ചാണെന്നു  തോന്നുന്നില്ല. മകളെ നഷ്ടപ്പെട്ട ശേഷം തുടങ്ങിയതാണ്. അകാരണമായൊരു ഭയം. എപ്പോഴും മൗനം. മോളിനി തിരിച്ചുവരില്ലെന്നുറപ്പായതോടെ അതുകൂടി. മറ്റാരെയും വിശ്വാസമില്ല. സ്വന്തം നിഴലിനെപ്പോലും  ഭയമാ.  ഒന്നിച്ചു താമസിക്കുന്നുവെന്നേയുള്ളൂ. ഞങ്ങൾ രണ്ടുപേരും രണ്ടു ലോകത്താ. തീർത്തും ഒറ്റപ്പെട്ടവർ. അവളെ ചികിൽസിച്ചു ചികിൽസിച്ച് എനിക്കും ഒറ്റയ്ക്കിരിക്കാൻ തോന്നിയ സമയമുണ്ട്. കുറച്ചുദിവസം അങ്ങനെ ഇരുന്നപ്പോഴാണ് അപകടം മനസ്സിലായത്. നമ്മൾ അങ്ങോട്ട് ഇടപെടാൻ വിസമ്മതിച്ചുനിന്നാൽ മിക്കയാളുകളും നമ്മളെയും ഒഴിവാക്കും. അങ്ങനെ എല്ലാവരും ഒഴിവാക്കിക്കഴിഞ്ഞാൽ പിന്നെ ജീവിതം കൊണ്ട് എന്തർഥം. നമ്മുടെ ഓരോരുത്തരുടെയും ജീവിതം മറ്റു പലർ കൂടിയാ ഇങ്ങനെ ജീവനോടെ നിലനിർത്തുന്നേ. ആ തോന്നൽ ഇടയ്ക്കിടെ തികട്ടി വന്നുകൊണ്ടിരുന്നപ്പോൾ ഞാൻ ആളുകളെ അങ്ങോട്ടുചെന്നു കാണാൻ തുടങ്ങി. അങ്ങനാ നിങ്ങടടുത്തേക്കും വന്നത്. ഇപ്പോഴും ഒരു കുഴപ്പമുണ്ട്. ഇങ്ങനെ കൂട്ടുകൂടി ഇരിക്കുമ്പോൾ തന്നെ ചിലപ്പോൾ തോന്നും, ആരുമില്ലാത്തവനാണെന്ന്. സ്‌നേഹദാരിദ്ര്യം പിടികൂടിയിരിക്കുന്നുവെന്ന്. 

അരുന്ധതിക്കു സംസാരിക്കണമെന്നു തോന്നി. 

പുസ്തകങ്ങൾ തരുന്ന സനാഥത്വത്തെക്കുറിച്ച് മുൻപ്  ഞാൻ പറഞ്ഞെങ്കിലും അങ്ങനെയിരിക്കുമ്പോൾ വലിയ അനാഥത്വം തോന്നാറുണ്ട്. ശ്രുതിയും അങ്ങനെ പറയുന്നതു കേട്ടിട്ടുണ്ട്. 

അപ്പോൾ പ്രത്യുഷ് പറഞ്ഞു. 

നിങ്ങൾ എന്നെ കണ്ടു പഠിക്ക്. എനിക്കാരാ ഉള്ളത്. പൊന്നുപോലെ സ്‌നേഹിച്ചുകൊണ്ടു നടന്ന അമ്മ പോയി. പെങ്ങൾ അവരുടെ ലോകത്ത്. നോക്കാനാളില്ലാതെ വീടു നശിക്കുന്നു. സ്‌നേഹിക്കാനും പങ്കുവയ്ക്കാനും സ്വന്തമെന്നു പറയാൻ ആരുമില്ല.  പക്ഷേ, ഞാൻ നിരാശനായിരിക്കുന്നുണ്ടോ? ഓരോന്നോരോന്നു ചെയ്ത് സമയം മുഴുവൻ എൻഗേജ്ഡ് ആക്കിവയ്ക്കുന്നു. 

അപ്പോൾ അൻവർ പറഞ്ഞു. 

ഒറ്റപ്പെട്ട മനുഷ്യർക്ക് പ്രതീക്ഷ നൽകിയവരാണ് നമ്മൾ കണ്ടും സംസാരിച്ചും കൊണ്ടിരിക്കുന്ന നവോത്ഥാന നായകരെല്ലാം. ആരും തുണയില്ലാത്തവർക്ക് കൂട്ടായി നിന്ന് ആശ്വാസമായവർ. അവരെക്കുറിച്ചു പറയുകയും വിചാരിക്കുകയും ചെയ്യുമ്പോൾ തന്നെ നമ്മുടെ അനാഥത്വവേവലാതികൾ ഇല്ലാതാവണം. ആരുമില്ലെന്നു  തോന്നാനേ പാടില്ല. 

അത്രയുമായപ്പോൾ ഉതുപ്പാൻ പറഞ്ഞു. 

ഒറ്റയല്ലാ എന്നു സ്ഥാപിക്കാൻ വേണ്ടി ഓരോ മനുഷ്യനും നടത്തുന്നൊരു പാഴ്ശ്രമത്തിനെയല്ലേ നമ്മൾ ജീവിതം എന്നു വിളിക്കുന്നത്. അതെക്കുറിച്ചിങ്ങനെ വിചാരപ്പെട്ടിട്ടു കാര്യമെന്ത്?  എല്ലാവരും ഒന്നെഴുന്നേറ്റേ. വൈക്കം സത്യഗ്രഹത്തിലെ മുദ്രാവാക്യങ്ങൾ  ലാബിൽ നിറഞ്ഞുനിൽക്കുകയാണ്. നമുക്കങ്ങോട്ടു പോകാം. 

1924 ഒക്‌ടോബർ 1 എന്ന ലിഖിതം തെളിഞ്ഞ ഫലകം കണ്ടുകൊണ്ടാണ്  സംഘം സ്‌ക്രീനിലേക്കു ചെന്നുകയറിയത്. സ്ഥലം, വൈക്കം ക്ഷേത്രത്തിനു മുൻവശം. അംഗനയായി മാറിയ കാലചക്രം  പറഞ്ഞു. 

തിരുവനന്തപുരത്തേക്കുള്ള സവർണജാഥയാണ് പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നത്. നമുക്കു വേണമെങ്കിൽ കാഴ്ചക്കാരായി കൂടെ കൂടാം. 

പ്രത്യുഷ്  പറഞ്ഞു. 

 

കാൽനടയാത്രയാണ്. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ്  ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. നമ്മൾ നടന്നു കുഴയും. 

കാലാംഗന  പറഞ്ഞു. 

നടക്കണ്ട. ചക്രത്തിലിരുന്നാൽ മതി. പക്ഷേ, വേഗം കാൽനടയുടേതായിരിക്കും എന്നു മാത്രം. 

നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയാണ് മന്നത്തു പത്മനാഭപിള്ള. വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ  അയിത്തജാതിക്കാർക്ക്  കാൽനടയവകാശത്തിനുവേണ്ടി നടത്തിവരുന്ന  സമരത്തിലെ വഴിത്തിരിവാണ്. അവർണ, സവർണ ഭേദമില്ലാതെ ആയിരങ്ങൾ ആറുമാസം  വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യത്തെ മുറുകെപ്പിടിച്ചിരുന്നിട്ടൊന്നും ഫലമില്ലാതെ വന്നപ്പോൾ തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും  തീരുമാനിക്കുകയായിരുന്നു. വൈക്കത്തു നിന്നും നാഗർകോവിലിൽ നിന്നും ഒരേ സമയം രണ്ടു  നടപ്പുകൾ. രണ്ടിലും സവർണർ മാത്രം.  വൈക്കത്തു നിന്നുള്ള നടപ്പുകാരെ നയിക്കുക മന്നം. നാഗർകോവിൽ നടപ്പുകാരുടെ നായകൻ  ഡോ. എം.ഇ. നായിഡു. 

മന്നം നയിക്കുന്ന ജാഥയ്ക്ക് അഞ്ചു പേർ കമാൻഡർമാർ. നായർ  സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും ഇപ്പോൾ മലബാറിലെ കോൺഗ്രസ് നേതാവുമായ  കേളപ്പൻ നായരെന്ന കെ. കേളപ്പൻ, മാതൃഭൂമി പത്രത്തിനു തുടക്കം കുറിച്ച പത്രാധിപർ കെ.പി. കേശവമേനോൻ,  ഇടവനാട്ട് പത്മനാഭമേനോൻ, പ്രാക്കുളം പരമേശ്വരൻപിള്ള, കെ.ജി. കുഞ്ഞുക്കൃഷ്ണപിള്ള. 

ലെഫ്റ്റനന്റുമാർ: മന്നത്തിന്റെ അനുജൻ മന്നത്തു നാരായണൻ, കണ്ണന്തോടത്ത് വേലായുധമേനോൻ, ഡോ. എസ് കെ. നാരായണപിള്ള, വി. പി. ഗോവിന്ദൻ നായർ, എസ്. ബാലകൃഷ്ണപിള്ള, കെ.ജി. ശങ്കർ, ചിറ്റേടത്ത് ശങ്കുപ്പിള്ള, എസ്. ചെല്ലപ്പൻപിള്ള, കെ.ജി. നായർ, എസ്.കെ. കൃഷ്ണൻ നായർ, എൻ.കെ. നാഥൻ. 

ഡോ. പി. സി. കേശവപിള്ളയും  ഡോ. കൃഷ്ണപ്പിഷാരടിയുമാണ് ക്യാപ്റ്റൻമാർ. 

ഉപനായകർ: കൈനിക്കര പത്മനാഭപിള്ള, എം.എൻ. നായർ, കുമ്മനം ഗോപാലപിള്ള. 

കുളിച്ച് വൈക്കത്തമ്പലത്തിലെ തൊഴീലിനു ശേഷം കുറിയിട്ടു നിൽപാണ് ജാഥാംഗങ്ങൾ. സഞ്ചാര സ്വാതന്ത്ര്യം എല്ലാവരുടെയും ജന്മാവകാശം എന്നെഴുതി കയ്യിൽ പിടിച്ചിട്ടുണ്ട്. ചിലരുടെ കയ്യിൽ 

കോൺഗ്രസിന്റെ കൊടി. ക്യാപ്റ്റൻ മന്നം മുന്നിൽ തന്നെയുണ്ട്. അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും വേഷം ഖദർ മുണ്ടും ഉടുപ്പുമാണ്. തൊപ്പിയുമുണ്ട്. നിറം  മഞ്ഞ. ദൂരെ നിന്നു കണ്ടാൽ കുറെ മഞ്ഞക്കിളികൾ കൂട്ടംകൂടി നിൽക്കുന്നതുപോലെയുണ്ട്. ങാ, അവർ നടക്കാൻ തുടങ്ങുകയാണ്. പാട്ടും പാടിയാണ് നടപ്പ്. 

 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമര പ്രക്ഷോഭം തുടങ്ങിയിട്ട് കുറെയായി. കഴിഞ്ഞവർഷം ഡിസംബറിൽ കാക്കിനഡയിലെ  എഐസിസി സമ്മേളനത്തിൽ പങ്കെടുത്തവരെ ഒരു പ്രത്യേക പ്രമേയം വളരെയേറെ  ആകർഷിച്ചു. ടി.കെ. മാധവൻ അവതരിപ്പിച്ചത്. ഇന്ത്യയിലെ അയിത്ത ജാതിക്കാർക്കു വേണ്ടി സർവേന്ത്യാ കോൺഗ്രസ് കമ്മിറ്റിയോട് ചെയ്യുന്ന അഭ്യർഥന എഐസിസി പ്രസിഡന്റ് മൗലാനാ മുഹമ്മദാലിക്കും  അംഗങ്ങൾക്കും മുന്നേ വിതരണം ചെയ്തിരുന്നു. ഏകമനസ്സോടെ അവരതു പാസാക്കി. 

കെ.പി. കേശവമേനോനും ടി.കെ. മാധവനും സർദാർ കെ.എം. പണിക്കരും ഒന്നിച്ചാണ് മദ്രാസിൽ നിന്ന് കാക്കിനഡയിലേക്കു പോയത്. പോയ വഴിക്കും മടക്കത്തിലും അവരുടെ സംസാരം പ്രമേയത്തിനു ചുറ്റും ഉലാത്തി. 

വൈകാതെ, എറണാകുളത്ത്  സംസ്ഥാന കോൺഗ്രസ് കമ്മിറ്റി യോഗം. അയിത്തോച്ചാടനം ഉടൻ നടപ്പിലാക്കണമെന്ന് പൊതു തീരുമാനം.  കെ. കേളപ്പൻ കൺവീനറായി നടപ്പിലാക്കൽ സമിതി.  ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ എ.കെ. പിള്ള, ഹസ്സൻകോയ മുല്ല, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ.പി. കേശവമേനോൻ. ഒരു ദിവസം മൂന്നു സ്ഥലം എന്ന രീതിയിൽ തിരുവിതാംകൂറിലെമ്പാടും  പ്രസംഗിച്ചും പറഞ്ഞും നീങ്ങിയ  കേശവമേനോനും കൂട്ടുകാരും  24 -ാം ദിവസം വൈക്കത്ത്. പൊതുയോഗത്തിൽ കേശവമേനോൻ പറഞ്ഞു. 

അന്യദേശക്കാരുടെ അനീതിക്കെതിരെ  പ്രതിഷേധിക്കുന്ന നാം, നമ്മുടെ നാട്ടുകാരോട് നീതി കാണിക്കാത്തത് എന്തുകൊണ്ടാണ്? അയിത്തജാതിക്കാരോടു കാണിക്കുന്ന ഈ അനീതി, നീക്കം ചെയ്യുവാനുള്ള ബാധ്യത നമുക്കില്ലേ? 

കയ്യടികളുയർന്നു.  കേശവമേനോന്റെ ശബ്ദവും. 

കൈകൊട്ടുവാൻ പ്രയാസമില്ല. കാര്യം നടത്താൻ തുടങ്ങുമ്പോഴാണ് കുഴപ്പങ്ങൾ. അയിത്ത ജാതിക്കാരോടൊരുമിച്ച് ക്ഷേത്ര റോഡിൽ കൂടി  ഘോഷയാത്ര പോയാൽ ഇവിടെയിരിക്കുന്നവരിൽ എത്ര പേർ  പങ്കെടുക്കും? 

എല്ലാവരും, എല്ലാവരും. 

യോഗം ആർത്തു വിളിച്ചു. 

എന്നാൽ നാളെ നമുക്കൊന്നിച്ചു പോകാം. 

അഞ്ചു മിനിറ്റ് നീണ്ടു നിന്നു കയ്യടിശബ്ദം.  യോഗം പിരിഞ്ഞു. കേശവമേനോൻ താമസ സ്ഥലത്തെത്തുമ്പോൾ മജിസ്‌ട്രേറ്റ്, തഹസിൽദാർ, പൊലീസുദ്യോഗസ്ഥർ, പൗര പ്രമാണികൾ ഒക്കെ കാത്തുനിൽക്കുന്നു. കടുത്ത ശാസനയുമായി. 

അയിത്ത ജാതിക്കാരുമൊത്ത്  അടുത്ത ദിവസം ക്ഷേത്രറോഡിൽ കൂടി പോയാൽ വലിയ ലഹളയും രക്തച്ചൊരിച്ചിലും  ഉണ്ടാകും. ഘോഷയാത്ര നടത്തരുത്. 

കേശവമേനോൻ കൂടെയുള്ളവരുമായി ആലോചിച്ചു. ഒരു മാസം കൊണ്ട് അനുകൂല അന്തരീക്ഷമുണ്ടാക്കുക. ഘോഷയാത്ര പിന്നെ. മേനോൻ കോഴിക്കോട്ടേക്കു മടങ്ങി.  കോൺഗ്രസ് ജോലി തുടർന്നു. സമ്മേളനങ്ങൾ, പ്രസംഗങ്ങൾ, ലഘുലേഖകൾ... ദേവസ്വം അധികൃതർക്ക് മനംമാറ്റമില്ല. 

വൈക്കത്തെ സ്ഥിതി വിവരിച്ചും  സത്യഗ്രഹത്തിന്  അനുഗ്രഹം തേടിയും കേശവമേനോൻ മഹാത്മാഗാന്ധിക്കു കത്തെഴുതി. അക്രമത്തിലേക്കു തിരിയരുത് എന്ന ഉപദേശത്തോടെ  ഗാന്ധിജി അനുമതിയയച്ചു. 

മേനോൻ വീണ്ടും വൈക്കത്ത്. സത്യഗ്രഹത്തെ സഹായിക്കാൻ പലേടങ്ങളിൽ നിന്ന് സന്നദ്ധ സേവകർ. മന്നത്തു പത്മനാഭപിള്ള, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, എം.എൻ. നായർ, സി. വി. കുഞ്ഞുരാമൻ, ആലുംമൂട്ടിൽ ചാന്നാർ എന്നിങ്ങനെ നായർ, ഈഴവ സമുദായനേതാക്കൾ വേറെ. 

1924 മാർച്ച് 30.  നേരം പുലർന്നു. സത്യഗ്രഹ ക്യാംപിലുള്ളവർ കുളിച്ചു കുറിയിട്ട് ക്ഷേത്രറോഡിലേക്കു പോകാനൊരുങ്ങി.   

 ആദ്യ ദിവസത്തെ സത്യഗ്രഹത്തിനു തിരഞ്ഞെടുക്കപ്പെട്ടവർ- കുഞ്ഞപ്പി, ബാഹുലേയൻ,  ഗോവിന്ദപ്പണിക്കർ. കാലത്ത് ഏഴുമണിക്ക് എല്ലാവരും  പുറപ്പെട്ടു.  ഒരു നാഴിക ദൂരം.  രണ്ടുപേർ വീതമാണ് നടക്കുന്നത്. സാവധാനം നടന്ന് എല്ലാവരും ക്ഷേത്രറോഡിൽ എത്തുമ്പോൾ പൊലീസുകാരും കാഴ്ചക്കാരുമടങ്ങിയ വലിയ ആൾക്കൂട്ടം. അയിത്ത ജാതിക്കാർക്ക് ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല എന്നെഴുതിയ  പലക ക്ഷേത്രത്തിനു മുന്നൂറടിയകലെ റോഡിൽ നിൽക്കുന്നു. 

പലകയ്ക്ക്  150 അടി അകലെ എല്ലാവരും  നിന്നു. സത്യഗ്രഹത്തിനുള്ള മൂന്നുപേർ മാത്രം മുന്നോട്ടു നടന്നു. മറ്റുള്ളവരുടെ മുഖത്തും മനസ്സിലും ഉൽക്കണ്ഠ. പൊലീസുകാർ  കാഴ്ചക്കാരെ നിയന്ത്രിച്ചു.  മൂന്നു സത്യഗ്രഹികളും പലകയ്ക്കടുത്തെത്തി. നിരന്നു നിൽക്കുന്ന  പൊലീസുകാരിലൊരാൾ ചോദിച്ചു. 

നിങ്ങളുടെ ഓരോരുത്തരുടെയും ജാതി എന്താണ്? 

പുലയൻ. 

ഈഴവൻ. 

നായർ. 

ഓരോരുത്തരും പറഞ്ഞു. 

നായർക്കു കടന്നുപോകാം. മറ്റു രണ്ടു പേരും ഇതിലെ പോകാൻ പാടില്ല. 

പൊലീസുകാരൻ ആജ്ഞാപിച്ചു. 

അവരെ രണ്ടുപേരെയും ഈ വഴിക്കു കൊണ്ടുപോകാനാണ്  ഞാൻ വന്നിരിക്കുന്നത്. അവരുടെ കൂടെയേ ഞാനും പോകൂ.   

ഗോവിന്ദപ്പണിക്കർ ഉറച്ച സ്വരത്തിൽ പറഞ്ഞു. പൊലീസുകാർ വഴി തടഞ്ഞു നിന്നു.  സത്യഗ്രഹികളും പൊലീസുകാരും മുഖത്തോടുമുഖം.  സമയം കുറെക്കഴിഞ്ഞു. 

ഒന്നുകിൽ ഞങ്ങളെ ഈ വഴി പോകാൻ അനുവദിക്കണം. അല്ലെങ്കിൽ അതിനു ശ്രമിച്ചതിന് അറസ്റ്റ് ചെയ്യണം. അല്ലാതെ ഞങ്ങൾ മടങ്ങാൻ ഭാവമില്ല. 

സത്യഗ്രഹികൾ അവിടെ ഇരുന്നു. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് മേധാവിയും കൂടിയാലോചിച്ചു.  സത്യഗ്രഹികളെ അറസ്റ്റ് ചെയ്യാൻ കൽപന. അവരെ പൊലീസ് കൊണ്ടുപോയ ശേഷം മറ്റുള്ളവർ മടങ്ങി. ആദ്യ ദിവസത്തെ സത്യഗ്രഹം  കഴിഞ്ഞു. പിറ്റേദിവസം മജിസ്‌ട്രേറ്റ് അവരെ വിചാരണ ചെയ്ത് ആറുമാസം വീതം വെറും തടവിനു ശിക്ഷിച്ചു. വേറെ മൂന്നുപേർ അന്നും സത്യഗ്രഹം അനുഷ്ഠിച്ചു. അവരെയും അറസ്റ്റ് ചെയ്തു. 

അയിത്തക്കാർ അമ്പലത്തിൽ പ്രവേശിക്കാൻ പോകുന്നു, ലഹളയ്‌ക്കൊരുങ്ങുന്നു എന്നൊക്കെ പ്രചരിപ്പിച്ചുകൊണ്ട്, അയിത്തക്കറ പിടിച്ച് മനസ്സ് ഇരുണ്ടുപോയ എതിർപക്ഷവും അവരുടെ മർക്കടമുഷ്ടികൾ ചുരുട്ടി ഉയർത്താൻ തുടങ്ങി. സമാധാനം പാലിച്ചല്ലാതെ പ്രതിഷേധമരുതെന്ന ഗാന്ധിനിർദേശം സമരക്കാർ പരമവിശുദ്ധിയോടെ അനുസരിച്ചു. എതിർപ്പുകാരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കണമെന്ന തോന്നലായി നേതാക്കൾക്ക്. സത്യഗ്രഹത്തിന് രണ്ടു നാൾ ഇടവേള. 

(രവിവർമ തമ്പുരാന്റെ മുടിപ്പേച്ച് നോവലിൽ നിന്നുള്ള ഭാഗം)

രവിവർമ തമ്പുരാൻ എഴുതിയ മുടിപ്പേച്ച് ഒാൺലൈനായി വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Mudipech - Novel by Ravi Varma Thampuran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com