ADVERTISEMENT

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും സമയവും ചുരുക്കിയും, ഹോസ്റ്റൽ ഫീസ് അടയ്ക്കാനുള്ള കാശ് മനപൂർവ്വം വൈകിപ്പിച്ചും അത് മറിച്ചും, പിന്നെയും വേറെ എന്തൊക്കയോ ചിലവുകളിൽ പിശുക്ക് കാണിച്ചും, അങ്ങിനെയും ഇങ്ങനെയും പിന്നെ എങ്ങിനെയൊക്കയോ മിച്ചംപിടിച്ചും ഉണ്ടാക്കുന്ന കാശുകൊണ്ടാണ് സ്കൂൾ ഓഫ് ഡ്രാമയിലെ ദാരിദ്ര്യം നിറഞ്ഞ ആ പഠനകാലത്ത് തിയറ്ററിൽ മാറി മാറി വരുന്ന ഓരോ സിനിമയും ഞാൻ കണ്ടുകൊണ്ടിരുന്നത്.

എങ്കിലും ഒട്ടും കാശില്ലാത്തതിനാലും മറ്റെന്തെങ്കിലും കാരണങ്ങളാലും ചില സിനിമകൾ എനിക്ക് കാണാൻ സാധിക്കാതെ പോവുമായിരുന്നു. അങ്ങിനെ കാണാൻ സാധിക്കാതെ പോവുന്ന സിനിമകളുടെ കഥ ഒരു സിനിമയും വിടാതെ കാണുന്ന സാൻവിൻ ജോർജിനെക്കൊണ്ടാണ് ഞാൻ പറയിപ്പിക്കുക. സാൻവിൻ കഥ പറഞ്ഞുതന്നാലുള്ള മെച്ചം എന്താണെന്നാൽ പിന്നെ ആ സിനിമ കാണണ്ട എന്നതു തന്നെയാണ് ! ആ സിനിമ കണ്ടവർക്ക് പോലും ലഭിക്കാത്ത ദൃശ്യ ഭംഗിയും, രംഗങ്ങളുടെ വികാര അനുഭൂതികളും വളരെ മനോഹരമായി വാക്കുകളിലൂടെ മനസ്സിലേക്ക് പകർന്ന് സാൻവിൻ ആ സിനിമ എനിക്ക് കാണിച്ചു തരും. അവനെക്കൊണ്ട് ഞാൻ പറയിപ്പിച്ചു കണ്ട സിനിമകൾ എത്രയെത്ര ...!

 

സാൻവിന്റെ കഥപറയാനുള്ള ചാതുരിപോലെ ചില യാത്രാവിവരണ ഗ്രന്ഥങ്ങളുണ്ട് പൊതുവേ മിക്ക യാത്രാവിവരണ ഗ്രന്ഥങ്ങളും വായിച്ചാൽ നമുക്ക് ഉടനെ ആ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള തോന്നൽ ഉണ്ടാക്കുമ്പോൾ അപൂർവ്വം ചില യാത്രാവിവരണ ഗ്രന്ഥങ്ങൾ മാത്രം ആ തോന്നൽ നമ്മളിൽ ഉണ്ടാക്കില്ല ! കാരണം ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലേക്ക് നാം  യാത്ര ചെയ്തുവന്ന അനുഭവംതന്നെ ആ വായന അവസാനിക്കുമ്പോഴേക്കും അതിന്റെ രചയിതാവ് നമ്മിൽ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും! 

 

അതേ സ്ഥലങ്ങളിലേക്ക് യഥാർത്ഥത്തിൽ നാം പിന്നീടൊരു യാത്ര പോവുകയാണെങ്കിൽ തീർച്ചയായും അത് നാം നടത്തുന്ന രണ്ടാം യാത്രയുടെ അനുഭവംപോലെയായി മാറും. അത്തരത്തിലൊരു യാത്രാ വിവരണ ഗ്രന്ഥമാണ് വേണുവിന്റെ‘നഗ്നരും നരഭോജികളും’ എന്നെങ്കിലുമൊരിക്കൽ ഒഡീഷയിലെ റെഡ് കോറിഡോറിലേക്ക് (ദണ്ഡകാരണ്യം) നിങ്ങൾ നടത്താൻ പോകുന്ന ആദ്യയാത്ര രണ്ടാമത്തെയാത്രയാക്കി മാറ്റുന്ന പുസ്തകം !

 

ഇങ്ങനെയൊരു യാത്ര ചെയ്യാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ മനസ്സിനോ, എഴുത്തുകാരന്റെ മനോഹര ഭാഷണത്തിനോ അല്ല ഈ യാത്രയിലും അദ്ദേഹം മറക്കാതെ കയ്യിൽ കരുതിയ ക്യാമറയ്ക്കാവും ഓരോ വായനക്കാരനും ആദ്യം നന്ദി പറയുക... ദിവസങ്ങളോളം ഒരേ മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന കൊവാലകളെപ്പോലെ സഞ്ചരിക്കുന്ന ഓരോ ഇടങ്ങളിലും എഴുത്തുകാരന്റെ കഴുത്തിൽ തൂങ്ങിക്കിടന്ന് തന്നെ അനുഗമിച്ച അദ്ദേഹത്തിന്റെ ക്യാമറയിലൂടെ പകർത്തിയ ചിത്രങ്ങൾക്കൂടി ഈ വിവരണങ്ങൾക്കൊപ്പം ചേർത്ത് കാണുമ്പോൾ  ഇതൊരു വായനയാണെന്നുപോലും നാം മറന്നേക്കാം.

 

പിന്നിടുന്ന വഴികളിലെ ഒരുപാട് മനോഹര ദൃശ്യങ്ങൾ പകർത്തി, പച്ചയായ മനുഷ്യരുടെ മുഖങ്ങൾ പകർത്തി, കറുപ്പിന്റെ അഴക് ബോധ്യപ്പെടുത്തുന്ന സ്ത്രീകൾക്കു മുമ്പിൽ ക്യാമറപിടിച്ച് ക്ലിക്കുകൾ ചെയ്ത്, ആദിവാസികളുടെ അനായാസ സൗന്ദര്യം ഒപ്പിയെടുത്ത് ഏതോ ചിത്രകാരന്റെ എണ്ണച്ഛായചിത്രം പോലെ തോന്നിപ്പിക്കുന്ന ഗ്രാമ വീഥികൾ ലെൻസുകളിലൂടെ വലിച്ചെടുത്ത്, ഒരിക്കലും മദ്യപിച്ചിട്ടില്ലാത്തവരിൽപോലും ഒരിക്കൽ രുചിച്ചു നോക്കാൻ തോന്നിപ്പിക്കുന്ന തരത്തിൽ മൗവ്വാ മരത്തിന്റെ ഉണങ്ങിയ പൂവിൽ നിന്ന് നിർമ്മിക്കുന്ന മൗവ്വാ മദ്യവും, അരിമാവ് പുളിപ്പിച്ച് ഉണ്ടാക്കുന്ന ലാണ്ടയും നിരത്തിവെച്ച് ഇലക്കുമ്പിളിൽ വാങ്ങിക്കുടിക്കാൻ എത്തുന്നവരെ കാത്തിരിക്കുന്ന സ്ത്രീക്കൂട്ടങ്ങളെ കാണിച്ചു തന്നുകൊണ്ട് ,നാം കണ്ടിട്ടില്ലാത്ത ദേശാടകരായ ചില പക്ഷികളെ നമുക്ക് കാണിച്ചു തന്നുകൊണ്ട് പിന്നെയും പിന്നെയും ഒരുപാട് ദൃശ്യങ്ങൾ നമുക്കായി പകർത്തി നടത്തിയ ഈ യാത്ര ഓരോ വായനക്കാരനുവേണ്ടി മാത്രം എഴുത്തുകാരൻ നടത്തപ്പെട്ട യാത്രയാണോ എന്ന് തോന്നിപ്പോകും - ദൃശ്യങ്ങളിൽക്കൂടി അലിഞ്ഞുള്ള ഈ യാത്ര വായനക്കാരനും നടത്താതെ നടത്തിയ മറക്കാനാവാത്ത ഒരു യാത്രാനുഭവമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു .

 

പിന്നെ ഞാൻ ഓർത്തു ... ഇതിൽ അതിശയിക്കാനെന്തിരിക്കുന്നു, അസ്വാഭാവികമായിട്ട് എന്തിരിക്കുന്നു !

 

സോളമനും സോഫിയയ്ക്കുമിടയിൽ മുന്തിരിവള്ളികളുടെ മനോഹാരിതയോടെയും മധുരത്തോടെയും പൂവിട്ട പ്രണയവും (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ), ചിത്രശലഭങ്ങളാകാനും മേഘങ്ങളാകാനും പറവയാകാനും മാനാകാനും ഒരു കന്യകയുടെ ചുണ്ടിലെ മുത്തമാകാനും നിമിഷാർദ്ദം പോലും ആവശ്യമില്ലാത്ത, ഒരു കന്യകയെ പ്രണയിക്കാൻ ഭൂമിയിലേക്കിറങ്ങിയെത്തിയ ഗഗനചാരിയായ ഗന്ധർവ്വന്റെ തേജസും സൗന്ദര്യവും നിറഞ്ഞ മുഖവും (ഞാൻ ഗന്ധർവ്വൻ), ‌തന്നെ തിരിച്ചറിയാത്ത ഗൗരിയെ ശരത് മേനോന് വിട്ടുകൊടുത്ത് ഭർത്താവായ നരേന്ദ്രൻ തമ്പുരാൻകുന്നിന്റെ മലയോരവഴികളിലൂടെ കാറോടിച്ചു പോവുന്ന ആ വേദനയുണർത്തുന്ന കാഴ്ചയും (ഇന്നലെ), ‌ദുർഘടം പിടിച്ച വഴികളിലൂടെ മാത്രം എത്തിപ്പെടാൻ കഴിയുന്ന ഇരുട്ട് നിറഞ്ഞ ആ ഗുഹക്കുള്ളിൽ ഇരുന്ന് തീ വെട്ടത്തിൽ പാടിയും പ്രണയിച്ചുംകഴിഞ്ഞ  ഗുണയേയും അവന്റെ അഭിരാമിയുടേയും പ്രണയവും ഒടുവിൽ പരസ്പരം പുണർന്ന് മലഞ്ചെരുവിലെ കൊക്കയിലേക്ക് ചാടുന്ന അവർ രണ്ടു പേരെയും (ഗുണ), നാഗവല്ലിയോടുള്ള ആരാധനയും തന്മയീഭാവവും വളർന്ന് ഗംഗ തന്നെ നാഗവല്ലിയായി മാറുന്ന ആ രൂപാന്തരം പ്രാപിക്കൽ നിമിഷങ്ങളും ( മണിച്ചിത്രത്താഴ്) തന്റെ എല്ലാം കവർന്നെടുത്ത, ഒടുവിൽ തന്റെ ജീവനുമെടുക്കാൻ നടക്കുന്ന - ഒരിക്കൽ തന്റെ ഉറ്റ ചങ്ങാതിയായിരുന്ന രാജുവിനെ തോട്ട കത്തിച്ചെറിഞ്ഞ് കൊലപ്പെടുത്തി ആ താഴ്​വരകളിലേക്ക് ഇറങ്ങി നടന്നുപോവുന്ന ബാലന്റെ കണ്ണിൽ ഒരേ സമയം നിറഞ്ഞു ജ്വലിച്ച തീയും ശാന്തതയും (താഴ്​വാരം)

 

കടൽ കൊണ്ടുപോയ തന്റെ കൊച്ചുമകൻ പാച്ചുവിന്റെ മൃതദേഹം കണ്ടെത്തി  അന്ത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനിടെ പാച്ചുവിന്റെ മുത്തച്ഛൻ ബലിച്ചോറുമായി കടലിലേക്ക് ഇറങ്ങിപ്പോകുന്ന ആ മനംതകർക്കുന്ന കാഴ്ചയും നമ്മളേക്കാളൊക്കെ മുമ്പെ മൂവി ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ ആദ്യംകണ്ട, ലക്ഷകണക്കിന് -കോടി കണക്കിന് ജനങ്ങൾക്കായി ആ ദൃശ്യങ്ങളും അതിലേറെ എത്രയോ ദൃശ്യങ്ങളും മനോഹരമായി പകർത്തിയ ഒരാൾക്ക് ക്യാമറ എടുക്കാതെ, അല്ലെങ്കിൽ ക്യാമറ മറന്ന് വെച്ചുകൊണ്ട് ഒരു യാത്ര എങ്ങിനെ സാധ്യമാവും.!?

 

ആ ക്യാമറയിലൂടെ പകർത്തിയ നിമിഷങ്ങളൊക്കെ നമ്മെ കാണിക്കാതെ എങ്ങനെ ഒരു പുസ്തകം രചിക്കാനാവും !

അതെ, നല്ല ദൃശ്യങ്ങൾ തേടി നടക്കാനും, താൻ കാണുന്ന ദൃശ്യങ്ങൾ അതേ മികവോടും അതിലേറെ തനിമയോടെയും മറ്റുള്ളവർക്കായി പകർത്താനും മാത്രമായി ഭൂമിയിൽ ജനിച്ചൊരു മനുഷ്യന്റെ യാത്രയാണിത് !

 

ആർക്കും ഒരിക്കലും തനിച്ചൊരു യാത്ര സാധിക്കില്ല എന്നും തനിയെ ആരംഭിക്കുന്ന യാത്ര അവസാനിക്കുമ്പോഴേക്കും ഒരുപാട്പേർ നമുക്കൊപ്പം വന്നുചേർന്നും, കൊഴിഞ്ഞുപോയും  ഒരുപാട്പേർ ഒത്തൊരുമിച്ചു നടത്തിയ യാത്രയായി അത് മാറിയിട്ടുണ്ടാവുമെന്നും തന്റെ രണ്ടാമത്തെ പുസ്തകത്തിലൂടെ വീണ്ടും എഴുത്തുകാരൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. പ്രത്യേകിച്ച് മറ്റുള്ളവരോട് ചിരിക്കാനും മനസ് തുറക്കാനും മനസ്സുള്ള ഒരാൾ ഒരു യാത്രയിലും തനിച്ചാവില്ല.

 

ഇതിൽ നാം കാണുന്ന സാംഗ്വനും, മസ്താനും,സതീശും ,പോഷയും ,കോമുവും ,മുണ്ടോയും , ശിവ്റാമും പച്ച മനുഷ്യർ, നിഷ്കളങ്കർ, ആങ്കലേയ ഭാഷയിൽ ഹമ്പിൾ&സിമ്പിൾ തുടങ്ങിയ പദങ്ങൾക്ക് തികച്ചും അർഹരായവരാണ് .. അല്ല ഇവർക്കൊക്കെ വേണ്ടിയാണ് ഭൂമിയിൽ ഈ വാക്കുകൾ കണ്ട് പിടിച്ചത് ! അഭിനയങ്ങളില്ലാത്ത ഇത്തരം മനുഷ്യരെക്കൂട്ടിമുട്ടാനുള്ള ആഗ്രഹം കൂടിയാണ് ഈ പുസ്തകത്തിലെ താളുകൾ നമ്മളിലുണ്ടാക്കുന്നത്.

 

യാത്രകൾ ചെയ്താൽ മാത്രം നമ്മിലേക്കെത്തുന്ന തിരിച്ചറിവുകളും, നമുക്കുള്ളിൽ തച്ചുടയ്ക്കപ്പെടുന്ന അബദ്ധധാരണകളും ഉണ്ട് ഈ ഗ്രന്ഥവും അങ്ങിനെ പലതും വെളിപ്പെടുത്തുന്നുണ്ട് ... അതിൽ നാം നിരന്തരം കേൾക്കുന്ന,ഭീകരരായി മാത്രം നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്ന  മാവോയിസ്റ്റുകൾ എന്നവർ എന്താണെന്നും, അവർ എങ്ങിനെ ജനിക്കുന്നു, എന്തെല്ലാം കാരണത്താൽ ഇന്നും അവർ നിലനിന്നു പോവുന്നു എന്നുമുള്ള പാഠങ്ങളുമുണ്ട്.

ഇതിലെ ചില ദൃശ്യങ്ങളും വിവരണങ്ങളും വായിച്ചപ്പോൾ എനിക്ക് അരുന്ധതിറോയിയുടെ ‘യുദ്ധഭാഷണ’ത്തിലെ(War Talk) ചില വാക്കുകളാണ് ഓർമ വന്നത്...

 

‘‘ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്’’ എല്ലാ വേദികളിലും നാം ഈ ഉദ്ബോധനം കേൾക്കുന്നു. മണ്ണാങ്കട്ട! സർക്കാരിന്റെ അനേകതന്ത്രങ്ങളിൽ മറ്റൊന്ന്. ഇന്ത്യ അവളുടെ ഗ്രാമങ്ങളിൽ മരിക്കുകയാണ്. ചവിട്ടിമെതിക്കപ്പെടുകയാണ്. ഇന്ത്യ അവളുടെ നഗരങ്ങളിലാണ്. നഗരങ്ങൾക്ക് വിടുപണി ചെയ്യാൻ മാത്രമാണ് ഗ്രാമങ്ങൾ ജീവിക്കുന്നത്..’’ - അരുന്ധതിയുടെ ഈ വാക്കുകൾ വളരെ  സത്യമാണെന്ന് ഇതിലെ ചില താളുകൾ,ചില മനുഷ്യരുടെ ജീവിതങ്ങൾ നിങ്ങൾക്കു കാണിച്ചു തരും ...

അതുകൊണ്ട് തന്നെയല്ലെ താൻ കൃഷി നടത്തേണ്ടിയിരുന്നതോ വീടു പണിയേണ്ടതോ ആയ സ്ഥലം റോഡായി മാറ്റിയതിനാൽ അതിലെ കടന്നുപോവുന്ന കാറുകളെ തടഞ്ഞു നിർത്തി കരം മേടിക്കാൻ രണ്ടു കല്ലുകളും നീളൻ വടിയുമായി ആ മനുഷ്യന് കാത്ത് നിൽക്കേണ്ടിവരുന്നത് .... അതുകൊണ്ടല്ലേ ...പെട്ടെന്ന് ആശുപത്രിയിൽ എത്തിപ്പെടാൻ വാഹനങ്ങൾ ഇല്ല എന്നതിനാലോ വാഹനങ്ങൾ ഉണ്ടെങ്കിലും തന്നെ രക്ഷിക്കാൻ അടുത്തൊന്നും നല്ലആശുപത്രികൾ ഇല്ല എന്നതുകൊണ്ടോ കിരായത്ത്  (Krait Snake) പാമ്പ് കടിച്ചിട്ടും ജീവൻ രക്ഷിക്കാൻ ഉപാധികളൊന്നുമില്ലെന്ന് ഉറപ്പിച്ച് ശിവറാമിന്റെ അച്ഛൻ പുകയിലചവച്ച് വീട്ടുമുറ്റത്തെ കയറു കട്ടിലിൽ മരണത്തെ കാത്തു കിടക്കേണ്ടി വന്നത്.. കണ്ടില്ലാത്ത ദൃശ്യങ്ങളോടൊപ്പം കണ്ടിട്ടും നമുക്ക് മനസ്സിലാക്കാൻ സാധക്കാത്ത സാധരണക്കാരിൽ സാധാരണക്കാരായ ഒരുപാട് മനുഷ്യരുടെ ജീവിതങ്ങൾക്കൂടി കാണിച്ചു തരുന്നതാണ് ഈ യാത്ര.

 

‌ഒരു കാര്യം ഉറപ്പു തരാം  യാത്രകൾക്ക് വിലക്കുകളുള്ള, കടലേഴും താണ്ടി എത്തുന്ന വിമാനങ്ങൾ പറന്നിറങ്ങാൻ മിക്ക രാജ്യങ്ങളും വിസമ്മതിക്കുന്ന ഈ ദിനങ്ങൾ കഴിഞ്ഞ ഉടൻ പട്ടായയിലേക്കോ, മാൽഡീവ്സിലേക്കോ, മലേഷ്യയിലേക്കോ, സിംഗപ്പൂരിലേക്കോ ബഡ്ജറ്റിനിണങ്ങുന്ന മറ്റേതെങ്കിലും രാജ്യത്തേക്കോ ഒരു യാത്ര നടത്താൻ കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനെല്ലാം മുമ്പെ പച്ച മനുഷ്യരുടെ മണം തേടി, കറുത്ത തൊലിയും വെളുത്ത മനസുമുള്ള ഇന്ത്യയുടെ ആത്മാവായ ആദിവാസികളേയും അവരുടെ ഗ്രാമങ്ങളും തേടി ഒരു യാത്ര നടത്താൻ നിങ്ങളെ ശക്തമായി പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

 

ആഡംബര ഹോട്ടലുകളിലെ ശയനത്തേക്കാൾ നിങ്ങളെ കൊതിപ്പിക്കുക സുക്മ പോലെയുള്ള സ്ഥലങ്ങളിലെ മുളയും പനയോലകളും കൊണ്ട് നിർമിച്ച ആദിവാസി വീടുകളാവും. ആഡംബരത്തിന്റെ ഉയരത്തിലുള്ള യാത്രകളിൽ നിന്ന് താഴേയ്ക്കിറക്കി മണ്ണിന്റെ ഗന്ധമറിഞ്ഞുള്ള , പൊയ്മുഖങ്ങളില്ലാത്ത പാവം മനുഷ്യരെ തൊട്ടുരുമ്മിയുള്ള, അസാധാരണത്വമുള്ള സാധാരണ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ നിങ്ങളെ കൊതിപ്പിക്കുന്ന അത്തരം യാത്രകളോടുള്ള പ്രേമം നിങ്ങളിൽ വളർത്തുന്ന ഒരു ഗ്രന്ഥമായിരിക്കും ഇതെന്ന് നിസ്സംശയം പറയുന്നു.

 

മനോഹരമായ ഒരു സിനിമയുടെ കഥയും കഥാന്ത്യവും അത് കാണാൻ പോകുന്ന ഒരുവനോട് ഒന്നുവിടാതെ വെളിപ്പെടുത്തിക്കൊടുക്കുന്നതിനോളം തന്നെ അരോചകവും, അപക്വവുമായ പ്രവർത്തിയാണ് നിങ്ങളുടെ വായനയിലേക്കെത്തിപ്പെടാൻ പോവുന്ന ഒരു  പുസ്തകത്തെ കൂടുതൽ വിവരിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയാവുന്നതിനാൽ വിരലുകൾ മൊബൈൽ സ്ക്രീനിൽ നിന്ന് എടുക്കുകയാണ് ! തീർച്ചയായും നഗ്നരേയും നരഭോജികളേയും നിങ്ങളും അറിയുക.

വായനയിലൂടെ യാത്രകളേയും യാത്രകളിലൂടെ മനുഷ്യരേയും സത്യസന്ധമായി സ്നേഹിക്കാൻ നിങ്ങൾക്കാവട്ടെ...

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Cinematographer Venu's Nagnarum Narabhojikalum Book published by Manorama Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com