ADVERTISEMENT

അന്ന് ‘വനിത’ മാസികയിലേക്കായി ഒരു ലേഖനമെഴുതാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. വിഷയം; ‘ഭക്ഷണനിയന്ത്രണം രോഗ പ്രതിരോധത്തിന്.’ മാസികകളിൽ ഈ വിഷയത്തെക്കുറിച്ച് ഞാൻ നിരന്തരം ലേഖനങ്ങളെഴുതാറുണ്ടായിരുന്നു. ഇതിനകം ലേഖനസമാഹാരം ഒരു പുസ്തകമായി പുറത്തിറങ്ങുകയും ചെയ്തു. ലേഖനത്തിന്റെ തലക്കെട്ടെഴുതിക്കൊണ്ടിരുന്നപ്പോൾ ഫോൺ നിർത്താതെ ബെല്ലടിച്ചു. ഓരോ മണിയടിയും എനിക്കു പേടിസ്വപ്നമാണ്. 

 

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നമാണ് ചില അനാവശ്യ ഫോൺകോളുകൾ. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചേ ഞാൻ ഫോൺ കൈകാര്യം ചെയ്യാറുള്ളൂ. സന്ധ്യ കഴിഞ്ഞാൽ ഒരു കോഡുനമ്പറിൽനിന്നു മൂന്നു പ്രാവശ്യം വിളിച്ചാലേ ഞാൻ ഫോണെടുക്കൂ എന്നൊരു  മുന്നറിയിപ്പ് ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊക്കെ കൊടുത്തിരുന്നു. ഇത്തരം ഫോൺകോളുകളുടെ ഭീഷണിയും ദുഷിച്ച നോട്ടങ്ങളും ഭയന്നാണ് പൊതുപരിപാടികളിൽനിന്നെല്ലാം പിൻവാങ്ങി ഞാൻ വീട്ടിൽ ഒതുങ്ങിക്കൂടിയത്. സാമൂഹിക–സാംസ്കാരികവേദികളിൽ പ്രസംഗിക്കാൻ സംഘാടകർ ക്ഷണിച്ചു കൊണ്ടുപോകുമ്പോൾ യാത്രയാക്കാനും തിരിച്ചു കാറിൽ വന്നിറങ്ങുമ്പോൾ സ്വീകരിക്കാനും ഭർത്താവുണ്ടായിരുന്നപ്പോൾ ഞാനെത്ര സ്വതന്ത്രയായിരുന്നു. ഇപ്പോൾ ഏതൊക്കെയോ അദൃശ്യകരങ്ങൾ എന്നെ അസ്വാതന്ത്ര്യത്തിന്റെ വിലങ്ങണിയിക്കുന്നതുപോലെ.  അങ്ങനെ എഴുത്തിലേക്കു തിരിഞ്ഞു. ഞാനും എന്റെ പേനയും എഴുത്തുമേശയും മാത്രമുള്ള ഈ ലോകത്ത് ആരെയും ഭയക്കേണ്ടല്ലോ. 

ഈ ഫോൺകോൾ ഞാൻ അച്ഛന്റെ സ്ഥാനം നൽകി ബഹുമാനിച്ചിരുന്ന ഒരു ബന്ധുവിന്റേതാണ്. ഇദ്ദേഹം ഇടയ്ക്കൊക്കെ വിളിച്ചു സ്നേഹാന്വേഷണം നടത്തുമായിരുന്നു. 

 

എന്നാൽ ഇക്കുറി സംസാരത്തിലൊരു പന്തികേട്. കനിവും ഭയവും സ്നേഹവും വാത്സല്യവും എല്ലാം കൂടി ചേർത്തു കുഴച്ചൊരു ശബ്ദം. 

‘നീ ഒറ്റയ്ക്കായിപ്പോയല്ലോ. ഞാനങ്ങോട്ടു വരുന്നുണ്ട്...’ സംഭാഷണത്തിലെ സ്പെല്ലിങ് മിസ്റ്റേക്കുകൾ ഞാനത്ര കാര്യമാക്കിയില്ല. തൊട്ടടുത്ത ദിവസം കോളിങ് ബെൽ കേട്ട് ഞാൻ നോക്കുമ്പോൾ അതാ നിൽക്കുന്നു അയാൾ ഒരു ഇളിഭ്യച്ചിരിയുമായി. ആ മനുഷ്യനോടുണ്ടായിരുന്ന ബഹുമാനം അപ്പോഴേക്കും നഷ്ടമായിരുന്നു. 

അടുത്ത ബന്ധുവായിപ്പോയില്ലേ. അകത്തു കയറ്റിയിരുത്തിയിട്ട് ചായ ഇടാനായി ഞാൻ അടുക്കളയിലേക്കു ചെന്നു. അപ്പോഴതാ, എന്റെ പിന്നാലെ... വേഗം വെള്ളമെടുത്ത് സ്റ്റൗവിൽ വച്ചു ഞാൻ പൂമുഖത്തേക്കു തന്നെ പോന്നു. പിന്നാലെ അയാളും. 

‘നിങ്ങളിവിടെയിരിക്ക്. ഞാൻ ചായയെടുത്തോണ്ടു വരാം.’ ഞാൻ കടുപ്പിച്ചു പറഞ്ഞു. 

അയാൾ വിടാനുള്ള ഭാവമില്ല. 

 

‘എനിക്ക് നിന്നെക്കുറിച്ചോർക്കുമ്പോൾ വലിയ വിഷമമാണ്. എങ്ങനെയാണ് നീ ഒറ്റയ്ക്കു കഴിയുന്നത്. പ്രത്യേകിച്ച് രാത്രിയിൽ...’ ഒരു ശൃംഗാരച്ചിരി അയാളുടെ മുഖത്തു തെളിഞ്ഞു. 

‘എനിക്കു ധാരാളം എഴുതാനുണ്ട്. പഠിക്കാനുണ്ട്. പ്രബന്ധങ്ങൾ തയാറാക്കാനുണ്ട്. പി.എച്ച്ഡി വിദ്യാർഥികൾക്ക് ഗൈഡൻസ് കൊടുക്കണം. വീട്ടുകാര്യങ്ങൾ നോക്കാൻപോലും എനിക്കു നേരം കിട്ടുന്നില്ല.’ ഞാൻ പറഞ്ഞു. 

‘ഓ, അതൊന്നും നിന്റെ ഏകാന്തത ഇല്ലാതാക്കുന്നതല്ലല്ലോ.’ 

‘നിങ്ങൾ അവിടെയിരിക്കൂ. ഞാൻ ചായയെടുത്തിട്ടു വരാം.’ സ്വരമുയർത്തി പറഞ്ഞിട്ട് ഞാൻ പോയി ചായയുമായി വന്നു. 

 

എതിർവശത്തെ കസേരയിലിരുന്ന് ഞാൻ ഒന്നു മുതൽ നൂറുവരെ എണ്ണാൻ തുടങ്ങി. വികാരവിക്ഷുബ്ധത പരിഹരിക്കാനുള്ള എന്റെ ഒറ്റമൂലിയാണത്. 

‘നിന്നെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നു. നീയാണ് നിന്റെ വീട്ടിലേക്കും മിടുക്കി. ഒന്നുകൊണ്ടും വിഷമിക്കരുത്. എന്തു കാര്യത്തിനും ഞാനുണ്ട്.’ 

തൽക്കാലം ഒന്നുമറിയാത്ത ഭാവത്തിലിരിക്കുകയേ വഴിയുള്ളൂ. പക്ഷേ, പ്രതികരിക്കാതിരിക്കാൻ വയ്യാത്ത അവസ്ഥയിലേക്കാണ് അയാളുടെ പോക്ക്. എന്നോടുള്ള അനുകമ്പ ഉരുകിയൊലിക്കാൻ തുടങ്ങിയിരിക്കുന്നു. അയാളുടെ മുഖത്തെ ശൃംഗാരവെയിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നത് എനിക്കു കാണാം. 

 

‘ഇനിയിപ്പോൾ നിനക്കാരുമില്ലല്ലോ...’ 

ഞാൻ പതുക്കെ എഴുന്നേറ്റു. 

അപ്പോൾ കിതച്ചുകൊണ്ട് അയാൾ: ‘നീ എവിടെപ്പോകുന്നു? ഇവിടെയിരിക്കൂ. ഞാൻ പറയട്ടെ...’ 

 

‘നിങ്ങളവിടെയിരുന്നു ചായ കുടിച്ചിട്ട്  സാവകാശം പോയാൽ മതി. എനിക്കത്യാവശ്യമായിട്ടൊന്നു പുറത്തുപോകണം.’ ആ ശല്യത്തെ ഒഴിവാക്കാനായി ഞാനങ്ങനെ പറഞ്ഞു. ഉടനെ അടുത്ത അടവ് അയാൾ ചവിട്ടി: 

‘അതിനെന്താ ഞാൻ കൊണ്ടുപോകാമല്ലോ. ഞാൻ കാറുംകൊണ്ടാണ് വന്നത്.’ 

ഇനി ഒളിച്ചുകളികൊണ്ടു കാര്യമില്ലെന്ന് എനിക്ക് ബോധ്യമായി. ഈ ഒഴിയാബാധയെ ഇപ്പോൾത്തന്നെ തുരത്തിയേ പറ്റൂ. 

‘ദേ എനിക്ക് തനിയെ പോകാനറിയാം. എല്ലാം ഞാൻ തനിച്ചല്ലേ ചെയ്യുന്നത്?’ 

‘ഇനി അതു വേണ്ടെന്നല്ലേ ഞാൻ പറയുന്നത്. നിനക്കെന്തു വേണമെങ്കിലും എന്നോടു പറയാം.’ 

ദേഷ്യംകൊണ്ട് എനിക്ക് കണ്ണു കാണാൻ വയ്യെന്നായി. അരിശം നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ഉച്ചത്തിൽ പറഞ്ഞു: 

‘എനിക്ക് ആരുടെയും സഹായം വേണ്ട. ഒന്നു പോകാമോ?’ 

അതു കേട്ടതും അയാൾ ചാടിയെഴുന്നേറ്റു. ‘നീ എന്താ എന്നെപ്പറ്റി കരുതിയത്? വേണ്ടതു നേടിയെടുക്കാൻ എനിക്കറിയാം. എന്നെ പിണക്കിയാൽ നിന്റെ മക്കളുൾപ്പെടെ എല്ലാവരോടും ഞാൻ പറയും, നീ വെറുതെ പതിവ്രത അഭിനയിക്കുകയാണെന്ന്.’ 

 

മക്കൾ എന്ന ദൗർബല്യത്തെ വച്ചാണ് അയാൾ എന്നോട് വില പേശുന്നത്. ഇവിടെ ഞാൻ തളർന്നു പോകാൻ പാടില്ല. അയാളിലെ മോഹസർപ്പത്തെ നോവിച്ചുവിട്ടാൽ പോരാ. അതിനി ഒരിക്കലും ഫണം വിരിക്കാത്തവിധം വെട്ടിനുറുക്കണം. ഞാൻ സർവധൈര്യവും 

സംഭരിച്ചുകൊണ്ട് പറഞ്ഞു: 

‘താൻ ആരോടു വേണമെങ്കിലും എന്തു വേണമെങ്കിലും പറഞ്ഞോ. എന്റെ മക്കളോടും പറഞ്ഞോ. എന്നെ അറിയുന്നവർക്കെല്ലാം സത്യം മനസ്സിലാവും. തന്റെ തനിസ്വരൂപത്തെക്കുറിച്ച് പറയേണ്ടവരോടൊക്കെ പറയാൻ എനിക്കുമറിയാം.’ 

ആ തിരിച്ചടി അയാൾ ഒട്ടും പ്രതീക്ഷിച്ചതല്ല. എന്നെ അനുനയിപ്പിക്കാനെന്നവണ്ണം എന്റെയടുത്തേക്കുവന്ന് കയ്യിൽ പിടിക്കാൻ ശ്രമിച്ചുകൊണ്ട് ആവർത്തിച്ചു. 

 

‘എനിക്കു നിന്നെ ഒരുപാടിഷ്ടമാണെന്നറിയാമല്ലോ...’ 

ഞാൻ അലറി. ‘മതി മതി. തന്റെ ഇഷ്ടമൊക്കെ ഇപ്പോൾ ശരിക്കും മനസ്സിലായി. പോയി വേറെ ആളെ നോക്ക്.’ 

ഞാൻ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങിനിന്നു. എന്റെ ഹൃദയമിടിപ്പ് പുറത്തേക്ക് കേൾക്കാനാവും. ഇത്രയും കാലം പിതൃതുല്യനായി കണ്ടിരുന്ന ഒരാളിൽനിന്ന് ഇങ്ങനെയൊരനുഭവമുണ്ടാകുമെന്ന് ചിന്തിക്കാൻപോലും എനിക്കാവുമായിരുന്നില്ല. പക്ഷേ, തോറ്റുകൊടുക്കാൻ ഞാൻ തയാറായില്ല. ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഇല്ലാതിരുന്നില്ല. 

 

പിറ്റേന്നു മുതൽ സമയത്തും അസമയത്തും അയാൾ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു. പിന്നെ ആരുടെയും ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥയായി. കുടുംബാംഗങ്ങൾക്കായി പുതിയ കോഡുണ്ടാക്കി. രാത്രിയായാൽ ഗെയ്റ്റും പൂട്ടാൻ തുടങ്ങി. (അക്കാലത്ത് 

ആരും ഗെയ്റ്റ് പൂട്ടുന്ന പതിവില്ലായിരുന്നു). പിന്നീടൊരിക്കൽ അയാൾ ശത്രുത തീർക്കാനായി എന്റെ മകനെ ഫോണിൽ വിളിച്ച് എന്നെപ്പറ്റി എന്തോ അനാവശ്യം പറഞ്ഞു. എല്ലാം പ്രതീക്ഷിച്ചിരുന്നതാണല്ലോ. മകനോട് എങ്ങനെ ആ സംഭവങ്ങൾ പറയും എന്നതിനെക്കുറിച്ച് ഒരു രൂപവും കിട്ടിയില്ല. പറയാതിരുന്നാൽ അതിലേറെ പ്രശ്നം. ഒടുവിൽ ഒരു പോംവഴി കിട്ടി. ആയിടയ്ക്കാണ് നാലരലക്ഷം രൂപയുടെ യുജിസി മേജർ റിസർച്ച് സ്കോളർഷിപ്പ് എനിക്കു കിട്ടിയത്. വാർത്ത പത്രത്തിൽ വന്നിരുന്നു. ആ പിടിവള്ളി പിടിച്ച് ഞാൻ മകനോടു വിശദീകരിച്ചു. 

 

സ്കോളർഷിപ്പു തുക കടം ചോദിച്ച് വന്ന ബന്ധു ഇവിടെ വന്നിരുന്നുവെന്നും കൊ

ടുക്കാത്തതിന്റെ ദേഷ്യം ഇങ്ങനെ തീർത്തതാണെന്നും. അവനത് കേട്ടതേ വിശ്വസിച്ചു. എനിക്കു ശ്വാസം നേരെ വീണു. എന്നെക്കുറിച്ച് ചില ബന്ധുക്കളോടും അയാൾ മോശമായി പറഞ്ഞു. ആ സംഭവം കഴിഞ്ഞിട്ടിപ്പോൾ രണ്ടു പതിറ്റാണ്ടായി. കുടുംബപരമായ ചടങ്ങുകളിൽ വെറുക്കപ്പെട്ട ആ മനുഷ്യന്റെ സാന്നിധ്യം എന്നെ ശ്വാസം മുട്ടിക്കും. കാണാത്തപോലെ ഒഴിഞ്ഞുമാറി നിൽക്കാനാണ് ശ്രമിക്കുക. 

 

ഈ അനുഭവത്തെ തുടർന്ന് നല്ല പുരുഷന്മാരെപ്പോലും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന അസുഖം എനിക്കുണ്ടായി. എന്റെ പ്രവർത്തനമണ്ഡലം ചുരുക്കിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് ഒതുങ്ങിക്കൂടിയിരിക്കുവാൻ ഇതു പ്രേരണയായി. കടലാസും പേനയും മാത്രമായി എന്റെ സംവേദനമാർഗം. 

 

ഡോ. റഹീന ഖാദർ എഴുതിയ ‘ഒരു വിധവയുടെ അസാധാരണ ജീവിതം’ എന്ന പുസ്തകത്തിൽ നിന്ന്. പ്രസാധനം – മനോരമ ബുക്സ്, വില 130 രൂപ. പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Content Summary: Oru Vidhavayude Asadharana Jeevitham book by Dr. Raheena Khader                                                                  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com