ADVERTISEMENT

നേരിൽ കണ്ടൊരു നന്ദി വാക്കു പറയാനാകാതെ ഇത്രകാലം ഹൃദയത്തിൽ സൂക്ഷിച്ച ആ ഭാരം ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം ഇറക്കിവച്ചു. കൈവിട്ടു പോയെന്നു കരുതിയ ജീവിതം ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിൽ വന്ന് ഒറ്റ സെക്കന്റിൽ തിരികെ നൽകി കൺമുന്നിൽ നിന്നു മറഞ്ഞുപോയ ബേബി എന്ന കെ. കെ. തോമസിന്(83) ഈ ദിവസം മറക്കാനാവാത്തതായി. ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം എഴുതിയ ‘ഹൃദയം തൊട്ട് – ഒരു കാർഡിയാക് സർജന്റെ കുറിപ്പുകൾ’ എന്ന ഗ്രന്ഥം മന്ത്രി പി. രാജീവിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. 

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രമായി മാറിയ ഡോക്ടറുടെ ജീവിതവും ചികിത്സാ അനുഭവങ്ങളും പങ്കുവയ്ക്കുന്ന പുസ്തകമാണ് ഹൃദയം തൊട്ട്. കുസാറ്റ് സെമിനാർ കോംപ്ലക്സ് ഹാളിൽ മന്ത്രി പി. രാജീവ് പുസ്തകം പ്രകാശനം ചെയ്തു. മനോരമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

ഇപ്പോൾ അറിയപ്പെടുന്ന ഡോക്ടറായി മാറിയതിനു പിന്നിൽ ഒരു ടാക്സി ഡ്രൈവറുടെ കാരുണ്യമുണ്ടെന്ന രഹസ്യം ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം കാര്യമായി ആരോടും പങ്കുവച്ചിരുന്നില്ല. നവംബറിൽ മനോരമ ഞായറാഴ്ചയിൽ അനുഭവങ്ങൾ പങ്കുവച്ചപ്പോഴാണ് 1985ൽ അയർലൻഡിൽ എഫ്ആർസിഎസ് ബിരുദപഠനത്തിനു രജിസ്റ്റർ ചെയ്യാൻ പോകുമ്പോൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചു പാസ്പോർട് നഷ്ടമായതിനെക്കുറിച്ചും ബേബി എന്ന ടാക്സി ഡ്രൈവർ അതു തിരികെ നൽകിയതിനെക്കുറിച്ചും തുറന്നെഴുതിയത്. 

 

അന്നതു തിരികെ ലഭിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജീവിതം മറ്റൊന്നായി മാറുമായിരുന്നെന്നു ഡോക്ടർ ഓർമക്കുറിപ്പിലെഴുതി. തന്റെ ജീവിതത്തിന്റെ കാവൽ മാലാഖയായിരുന്നു ആ ഡ്രൈവറെന്ന് എഴുതി അവസാനിപ്പിച്ച ആ കുറിപ്പു വായിച്ച ബേബിയുടെ സുഹൃത്തുക്കളിൽ ഒരാൾ ബേബിയെ വിവരം അറിയിക്കുന്നു. ഓർമയിൽ നിന്ന് ആ ദിവസം തിരികെപ്പിടിച്ച് അദ്ദേഹം മനോരമയിലേയ്ക്കു വിളിച്ചു; ആ കാവൽ മാലാഖ താനാണെന്ന വിവരം പങ്കുവച്ചു. ബേബി എന്ന പേരു മറക്കാതെ തന്നോടു ഹൃദയം നിറയെ നന്ദി പേറുന്ന ഡോക്ടറാണു ജോസ് ചാക്കോ പെരിയപ്പുറം എന്നത് കെ.കെ. തോമസിനെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 

 

പുസ്തക പ്രകാശന ചടങ്ങിനു മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. ലിസി ആശുപത്രി ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു കടവിൽ, കാർഡിയാക് അനസ്തീസിയ വകുപ്പു മേധാവി ഡോ. ജേക്കബ് ഏബ്രഹാം, ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം, ലിമി റോസ് ടോം എന്നിവർ പ്രസംഗിച്ചു.

ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം എഴുതിയ ‘ഹൃദയം തൊട്ട് – ഒരു കാർഡിയാക് സർജന്റെ കുറിപ്പുകൾ’ എന്ന പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Summary: Hrudayam Thottu book written by Dr. Jose Chacko Periyappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com