ADVERTISEMENT

(കെ.വി. മണികണ്ഠൻ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘IIT മദ്രാസ്’ എന്ന പുസ്തകത്തിൽ നിന്ന്) 

 

വർഗീസ് കൊളുത്തിവിട്ട പുതിയ സംശയത്താൽ ജെന്നിക്ക് മസ്രു ചെയ്യുന്നതെന്തും ചിത്തരോഗിയുടെ ചേഷ്ടകൾ ആയി തോന്നിത്തുടങ്ങി. ക്ലാസ് കഴിഞ്ഞ് മസ്രു വരുമ്പോൾ ജെന്നി ഉറങ്ങുകയായിരുന്നു. വർഗീസ് മൂന്നരയോടെ തിരിച്ചുപോയി. 

 

രാത്രി ഉറക്കമൊഴിക്കേണ്ടതാണല്ലോ എന്ന ചിന്തയിൽ ജെന്നി ഒന്ന് ഉറങ്ങാൻ ശ്രമിച്ചു. ശിവകാമിയുടെ കിടക്കയിലാണല്ലോ താൻ കിടക്കേണ്ടതെന്നു ചിന്തിച്ചപ്പോൾ അവൾക്കൊരു വിറ കയറി. വർഗീസ് പേപ്പൻ കൂടെയുള്ളപ്പോൾ പ്രേതവും പിശാശും പുല്ല്, എങ്കിലും ഒറ്റയ്ക്കാകുമ്പോൾ സീൻ വേറെ! ശിവകാമിയുടെ മേശയിലിരിക്കുന്ന ഫോട്ടോ അവൾ സൂക്ഷിച്ച് നോക്കി. നാലാൾ പിടിച്ചാൽ വട്ടമെത്താത്ത വലിയ മരത്തിന്റെ തടിയിൽ ചാരി ഇരു കൈകളും വിടർത്തി ചിരിച്ചുകൊണ്ടു നിൽക്കുന്ന ശിവകാമി. നല്ല ചന്തമുള്ള കുട്ടി. ജെന്നി എവിടെനിന്നു നോക്കിയാലും ശിവകാമിയുടെ കൃഷ്ണമണികൾ പിന്തുടരുന്നു! ജെന്നിക്ക് ചെറിയ ഭയം തോന്നി. അവൾ ഫോട്ടോ തിരിച്ചുവച്ചു. പിന്നെ ചമ്മലിൽ ഇങ്ങോട്ടേക്കുതന്നെ തിരിച്ചുവച്ച് ശിവകാമിക്കൊരു ഫ്ലയിങ് കിസ് കൊടുത്തു. മേശയ്ക്കരികിലുള്ള ജനാലയ്ക്കൽ നിന്നവൾ പുറത്തേക്കു നോക്കി. നിറയെ മരങ്ങൾ തഴച്ചു വളർന്നുനിൽക്കുന്ന ക്യാംപസ്. തൃശൂർ കേരളവർമയിലെ ഊട്ടിയാണെല്ലാം എന്നു കരുതിയിരുന്ന ജെന്നിക്ക് ഐഐടി അങ്ങനെയുള്ള പതിനായിരം ഊട്ടികളുടെ സംഗമഭൂമിയായി തോന്നിയതിൽ അത്ഭുതമില്ലല്ലോ!  

 

ഓ, ഈ ജനാലയ്ക്കൽ ആണ് അവൻ വന്നത്. ശിവകാമിയുടെ പ്രണയി! കാക്കി! കൃതാവ് വെട്ടിനിർത്തിയ താടിക്കാരൻ. മുടിയൻ! ആകാശത്തേക്കു പറക്കുന്നവൻ! ശരിക്കും ശിവകാമിയുടെ പ്രേതം മസ്രുവിൽ കയറിയോ? ജെന്നിക്ക് കുളിരനുഭവപ്പെട്ടു. പേടി വന്നാൽ രോമാഞ്ചമാണോ വരിക? ശിവകാമി ചുമ്മാ അടിച്ചുവിട്ടൊരു സെക്‌ഷ്വൽ ഫാന്റസി മസ്രുവിൽ കേറിക്കൂടിയോ? എന്റെ കൊരട്ടിമുത്ത്യേയ്. ജെന്നി ഫാൻ ഫുൾസ്പീഡാക്കി വാട്ടർകൂളർ ഓൺ ചെയ്ത് പുതച്ചുമൂടി മസ്രുവിന്റെ കട്ടിലിൽ കേറി കിടന്നു. ഭാഗ്യം! ഉറക്കം അവളെ കടാക്ഷിച്ചു.  

 

അഞ്ചര ആയി മസ്രു വന്നപ്പോൾ. കതകിലെ വലിയ മുട്ടു കേട്ടപ്പോഴാണു ജെന്നി ഞെട്ടി എണീറ്റത്. താൻ എവിടെയാണെന്ന് അവൾക്കാദ്യം പിടികിട്ടിയില്ല. നോക്കുമ്പോൾ ആദ്യം കണ്ട കാഴ്ച ശിവകാമിയുടെ ഫോട്ടോ ആണ്. അവൾ ചിരിക്കുന്നു. പോയി ഡോർ തുറക്കെടി അസത്തെ എന്നു തമിഴിൽ പറയുന്നു! ജെന്നി ഉറക്കപ്പിച്ചിൽ എണീറ്റ് വാതിൽ തുറന്നു. 

 

ബോറടിച്ചു ചത്തോ ജെന്നീ എന്നു ചോദിച്ച് മസ്രു അകത്തു കയറി. ബാഗിൽനിന്നൊരു കൊച്ചു ഫ്ലാസ്കും പൊതിയും എടുത്തു. രണ്ട് സെറാമിക് കപ്പ് എടുത്ത് ബാത്ത്റൂമിലെ പൈപ്പിൽ കഴുകിക്കൊണ്ടുവന്നു. ആവിപൊന്തുന്ന ചുടുചായ പകർന്നു. പൊതി തുറന്നപ്പോൾ അസ്സൽ ഉഴുന്നുവട മണം. ഉഗ്രൻ ചട്ണിയും. ഉറക്കം കുടഞ്ഞെറിയാൻ ഇതിലും ബെസ്റ്റ് എന്താണുള്ളത്, ജെന്നിക്ക് മൂഡായി. ചായ പകുതി ആയപ്പോഴാണ് ജെന്നി ശ്രദ്ധിച്ചത് മസ്രു കുടിക്കുന്ന കപ്പിൽ മസ്രുവിന്റെ പടം. അവൾ തന്റെ കപ്പ് തിരിച്ചുനോക്കി. ശിവകാമി! ഉം കുടി കുടി എന്നവൾ ചിരിച്ചുകൊണ്ട് പറയുന്നപോലെ. ജെന്നിക്ക് വീണ്ടും ഭയത്തിന്റെ രോമാഞ്ചപ്പൂക്കൾ! സ്വന്തം കൈത്തണ്ടയിലെ കുനുകുനാ പൊന്തിയ രോമകൂപങ്ങൾ അവളിങ്ങനെ നോക്കുമ്പോൾ മസ്രു, വായിൽ നിറയെ വട ആയതുകൊണ്ടോ എന്തോ പുരികത്താൽ ‘എന്താണിപ്പൊ ഒരു കുളിര്’ എന്നു ചോദിച്ചു. തോൾ കുലുക്കി ഒന്നുമില്ല എന്ന് ജെന്നിയും. 

 

പക്ഷേ, ആ പുരികം വില്ലുപോലെ കുലപ്പിച്ചപ്പൊ തൊട്ടാണ് ജെന്നിക്ക് മസ്രുവിൽ ശിവകാമി കേറിയോ എന്ന ശങ്ക വീണ്ടും ഉയർന്നത്. അവളൊന്നും മിണ്ടിയില്ല.  

പേപ്പൻ പറഞ്ഞതു പ്രകാരം അതായത് പുള്ളിയുടെ ഒന്നാം സിദ്ധാന്തപ്രകാരം മസ്രു ഇന്നലെ പറഞ്ഞതൊക്കെ അവളുടെ തോന്നലുകളാകാം. ജെന്നി തർക്കിച്ചതാണ്. അസ്സൽ ഫോട്ടോ ഉണ്ടല്ലോ എന്ന്. അപ്പോ പേപ്പൻ ഫിലോസഫറായി. 

‘അതുണ്ട് പക്ഷേ, അത് ഫോട്ടോഷോപ്പാകാം.’ 

‘എന്തിന്? മസ്രുവിന് ഇതിലെന്തു നേട്ടം?’ 

 

‘എടീ, മാനസികനില തെറ്റിയാൽ പിന്നെ അവർ വേറെ സ്പേസിലാണ്. നീ കണ്ടിട്ടുണ്ടോ റോഡിൽക്കൂടി നടക്കുന്ന എല്ലാ പ്രാന്തന്മാരും പ്രാന്തത്തികളും എക്സ്ട്രീമിലി ഹാപ്പിയാണ്. അവരുടെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ അത്യന്തം ശാന്തമായിരിക്കും. അവർ അതിമോദത്തിലാണ്. കാണുന്ന നമ്മൾക്കാണു പ്രശ്നം. അവരെ സംബന്ധിച്ചിടത്തോളം ഈ റോഡ് ഇന്ദ്രന്റെ കൊട്ടാരത്തിലെ ആകാശവീഥിയാകാം. ആ പോകുന്ന സ്കൂട്ടറിൽ അഗ്നിദേവൻ ഉർവശിയുമായി ഒന്നു ചുറ്റിയടിക്കാൻ പോവുകയാകാം. കുപ്പത്തൊട്ടിയിൽ കിടക്കുന്ന വേസ്റ്റ് പൊറോട്ട അമൃതുകൊണ്ട് ഉണ്ടാക്കിയ ബ്രെഡ് റോസ്റ്റാകാം. അവർ ആയിരം ശതമാനം ഹാപ്പി എങ്കിൽ ഓരോ മിനിറ്റും ടെൻഷനിൽ ജീവിക്കുന്ന മറ്റുള്ളവർക്കെന്തിനാ...’  

‘വാാവ്വ്! പേപ്പൻ പറഞ്ഞു പറഞ്ഞ് എനിക്കു പ്രാന്താവാൻ കൊതിയാകുന്നു.’  

‘ഇതേ അവസ്ഥ കുറച്ചു നേരത്തേക്കു വാടകയ്ക്ക് എടുക്കാൻ പൊഹ അല്ലേൽ ഡ്രഗ്സ് മതി. ഇപ്പൊ മനസ്സിലായോ മസ്രു അങ്ങനെയെങ്കിൽ എന്തൊക്കെ കാണില്ല, എന്തൊക്കെ പറയില്ല എന്ന്.’  

 

ഹോ, അതാ ജെന്നി നോക്കുമ്പോ മസ്രു ഷർട്ടും ജീൻസും ഊരി ഹാങ്ങറിൽ ഇടുന്നു. ശിവകാമിയുടെ കൂടെ ജീവിച്ചതിനാലാകും തുണി മാറുമ്പോ മസ്രുവിൽ യാതൊരു ചമ്മലും കണ്ടില്ല ജെന്നി. ഒരു ബോക്സർ ടൈപ്പ് ട്രൗസർ എടുത്തിട്ട് അവൾ കട്ടിലിലേക്ക് ഒറ്റ ജമ്പ്. വെട്ടിയിട്ടപോലെ ഒരു വീഴ്ച. കൂടെ, ഞാനും ശിവയും ഇങ്ങനെയാണ്. വന്നവഴി ചായയും വടയും അടിച്ച് ഉറങ്ങും. അരമണിക്കൂർ ഉറങ്ങിക്കിട്ടിയാ മതി രാത്രി പിന്നെ ക്ഷീണം വരില്ല എന്നൊരു പറച്ചിലും. ആ ചാട്ടത്തിൽ ചെറിയ വശപ്പിശകില്ലേ?  

ജെന്നി ഓർത്തു.  

 

നിന്നനിൽപിൽ ചാടിയ മസ്രു കിടക്കയിൽ പാരലലായി ആണു വീണത്. ജിംനാസ്റ്റിക്കുകൾക്കേ അങ്ങനെ പറ്റൂ. പ്രേതം കൂടിയ ശരീരങ്ങൾക്ക് അമാനുഷികശക്തി കിട്ടുമെന്നൊക്കെ വായിച്ചിട്ടുണ്ട് ജെന്നി. ഹ! രാവിലെ മുതൽ ക്ലാസ്സിലിരുന്ന് ഉച്ചയ്ക്കു തന്നെ വിളിച്ച് കൂടെ ലഞ്ച് കഴിപ്പിച്ച് ഇപ്പൊ ചുടുചായേം വടേം കൊണ്ടുവന്ന് തീറ്റിച്ച അത്രയും സ്നേഹത്തോടെ പെരുമാറുന്ന ഈ മസ്രു എന്ന സുന്ദരിക്കുട്ടിയെപ്പറ്റിയാണോ താനിതെല്ലാം‌ം ചിന്തിക്കുന്നതെന്നോർത്തപ്പോ ജെന്നി സ്വയം തലയ്ക്കടിച്ചു. അപ്പോഴാണു കണ്ണടച്ചു കിടന്നിരുന്ന മസ്രു ചാടിയെണീറ്റ് ചമ്രം പടിഞ്ഞിരുന്നത്. 

പെറ്റിക്കോട്ടിലും കുട്ടിനിക്കറിലും അവളൊരു സ്കൂൾകുട്ടിയെപോലെ! 

 

ഇരുന്നവഴി ജെന്നിയെ ഒന്നു തുറിച്ചുനോക്കി. ശേഷം തന്റെ ഇടതുകാലിലെ പെരുവിരൽ ഒന്ന് ഇളക്കിനോക്കി. അതു വലിച്ച് ഞൊട്ട പൊട്ടിച്ചു. പിന്നെ ഓരോ കാൽവിരലും ഞൊട്ടപൊട്ടിച്ചു. പിന്നെ ഝിഡീന്ന് ഒറ്റ കിടക്കൽ. ചുമരിനോടു തിരിഞ്ഞ് തലയിണ എടുത്ത് കാൽക്കലേക്കു കേറ്റി അതിനെ കെട്ടിപ്പിടിച്ച് മസ്രു ഉറങ്ങാൻതുടങ്ങി! 

ജെന്നിക്കു മതിയായി. ആകെമൊത്തം ടോട്ടൽ പിശകാണല്ലോ, അവളോർത്തു! ഈ ഡ്യൂട്ടിയൊന്നും വേണ്ടായിരുന്നു. പേപ്പന്റെ കൂടെ നടന്നുള്ള കേസന്വേഷണം മതിയാർന്ന്. ഇങ്ങനെയൊക്കെ ഓരോന്നോർത്ത് കസേരയിൽ ചാരി ഇരുന്ന് അവൾ വീണ്ടും ഉറങ്ങിപ്പോയി. ജെന്നി ഉണരുന്നത് മസ്രു‌ കുലുക്കിവിളിച്ചപ്പോഴാണ്. ജനൽ വഴി നോക്കുമ്പോൾ ഇരുട്ട് മൂടിയിരിക്കുന്നു. സമയം ഏറെ വൈകിപ്പോയി. ജെന്നിക്ക് ഒന്നു കുളിക്കണമെന്നുണ്ടായിരുന്നെങ്കിലും 

 

മെസ്ഹാൾ അടയ്ക്കുമെന്നു പേടിച്ച് അവർ ഡിന്നർ കഴിച്ചു വന്നു. മസ്രു എല്ലാവർക്കും ജെന്നിയെ കൂട്ടുകാരി എന്നാണു പരിചയപ്പെടുത്തിയത്. ഒറ്റയ്ക്കു കിടക്കാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ കുറച്ചു ദിവസത്തേക്കു ബാബ പെർമിഷൻ വാങ്ങി തന്നതാണെന്നും. ഫ്ലാസ്ക് നിറയെ കട്ടൻകാപ്പിയുമായി അവർ തിരിച്ചെത്തി.  

രാത്രി ഉറക്കമൊഴിക്കേണ്ടതാണല്ലോ, ജെന്നി പെട്ടന്നു നന്നായി ഒന്നു കുളിച്ചു.  

 

അഥവാ ഈ കാനനസത്വം വരികയാണെങ്കിൽ ക്യാമറയിൽ പതിയാൻ ചില വിദ്യകൾ ജെന്നി ഒപ്പിച്ചു. ശിവകാമിയുടെ ഫോട്ടോയെ ഫോക്കസ് ചെയ്യുമാറ് ടേബിൾലാംപ്. അകലെ നിന്നേ ജനൽ തുറന്നെന്നും ടേബിളിൽ ശിവകാമിയുടെ ഫോട്ടം ഇരിപ്പുണ്ടെന്നും മനസ്സിലാകും. അകത്തു നിന്നിപ്പോൾ ജനാലയ്ക്കൽ നിൽക്കുന്നവന്റെ മുഖം നന്നായി ക്യാമറയിലും കിട്ടും. കൂടാതെ ജനൽ ഫോക്കസിൽ വരുമാറ് ലാപ്ടോപ് ക്യാമറ സെറ്റാക്കി. സ്ക്രീൻ സേവർ ഡിസേബിളാക്കി. സമയാസമയങ്ങളിൽ കാട്ടാളൻ മെസേജുകൾ അയയ്ക്കുന്നുണ്ടായിരുന്നു. എസെമ്മെസ് ആണ് എല്ലാം. സിഗ്നൽ ഇല്ലാത്ത അവസരങ്ങളിലും എസെമ്മെസ്സിനെങ്കിലുമുള്ള സിഗ്നൽ ബാക്കിയുണ്ടാകുമെന്നാണത്രെ അനുഭവം. 

 

കുറെ സമയം മസ്രു പഠിക്കുകയോ നോട്ട് തയാറാക്കുകയോ മറ്റോ ചെയ്ത് ഇരുന്നു. ജെന്നി വായിക്കാൻ പുസ്തകങ്ങളും എടുത്തിരുന്നു. അവസാനം മസ്രു കിടന്നു. രാത്രി ഒരു മണിവരെ ലൈറ്റ് അണയ്ക്കരുതെന്നും ഒന്നേകാലോടെ ലൈറ്റ് അണയ്ക്കമെന്നും ആയിരുന്നു വർഗീസിന്റെ ഓർഡർ. ശിവകാമിയുടെ ഫോട്ടോ ഒരു കാരണവശാലും ജനലിൽനിന്നു കയ്യെത്തും ദൂരത്ത് വയ്ക്കരുതെന്നും എന്നാൽ അധികം അകലേക്ക് നീക്കരുതെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാം സെറ്റ് ചെയ്ത് ജെന്നി കസേരയിലിരുന്നു.  മസ്രുവാകട്ടെ ഉറക്കവും തുടങ്ങി. ജെന്നി മസ്രുവിന്റെ കട്ടിലിലേക്ക് കാൽ നീട്ടിവച്ച് ഉറങ്ങാതിരിക്കാൻ ശ്രമിച്ച് കസേരയിൽ ഇരിപ്പാരംഭിച്ചു. ടേബിൾലാംപിന്റെ പ്രകാശത്തിൽ ശിവകാമിയും ജനലും കുളിച്ചു നിന്നു.  

 

രണ്ടേമുക്കാൽവരെ ആ ഇരിപ്പിരുന്നു. ജനലിൽക്കൂടി ജെന്നിക്ക് ഇരുണ്ട ഐഐടി വനങ്ങൾ കാണാമായിരുന്നു. രാത്രിയിൽ ഇത്രയധികം ഒച്ചകൾ ഉണ്ടെന്ന് അവൾക്ക് പുതിയ അറിവായിരുന്നു. ഇടയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും ചില കിളികളുടെ ഉച്ചത്തിലുള്ള കരച്ചിൽ. നത്തുകളുടെ കുറുകൽ. ചന്ദ്രൻ കാടിനെ ആകെ ഡിം ലൈറ്റിൽ പ്രകാശിപ്പിച്ചിരിക്കുന്നു. എല്ലാം കൊള്ളാം. രോമം! ഈ കാത്തിരിപ്പു മാത്രം എളുപ്പമല്ല. ജെന്നി ലാപ്ടോപ് ക്യാമറയിൽ പതിഞ്ഞ ജനൽ ദൃശ്യത്തിന്റെ ഫയൽ ഡിലീറ്റ് ചെയ്ത് 

വീണ്ടും ക്യാമറ റിക്കോർഡിലിട്ടു. തിരികെ കസേരയിൽ ഇരുന്നു. മൂന്നാവാൻ അഞ്ചു മിനിറ്റുള്ളപ്പോ ജെന്നി ഉറങ്ങിപ്പോയി. ആ ഇരിപ്പിൽ തന്നെ. അവൾ ഉണരുന്നത് ജനാലയ്ക്കൽ പർവതം വന്നിടിച്ചപോലൊരു ഒച്ച കേട്ടിട്ടാണ്. കിടുങ്ങിപ്പോയി ജെന്നി. കാലുകൊണ്ടവൾ മസ്രുവിനെ ശക്തിയായി ചവിട്ടിയുണർത്തി. ജനാലയ്ക്കൽ അവൻ. 

 

 

കാക്കി! 

 

ടേബിൾലാംപ് വെളിച്ചത്തിൽ അവർക്കു വ്യക്തമായി കാണാമായിരുന്നു. അവൻ മുരളലോടെ കൈനീട്ടുന്നു. ശിവകാമിയുടെ ഫോട്ടോതന്നെ ലക്ഷ്യം. ജെന്നി വ്യക്തമായി കണ്ടു. ഉശിരൻ മസിലുകൾ. തയാറാക്കിവച്ചിരുന്ന സ്മാർട്ട് ഫോൺ വിഡിയോ മോഡിൽ അവൾ അനങ്ങാതെ ഷൂട്ട് ചെയ്തു. തനിക്കിത്ര ധൈര്യം വന്നതെങ്ങനെയെന്ന് ജെന്നി അത്ഭുതപ്പെട്ടു. അഥവാ കാക്കി വന്നാൽ ഒച്ചവച്ച് ആളെ കൂട്ടരുതെന്ന് വർഗീസ് ഇവരെ ചട്ടം കെട്ടിയിരുന്നു. മസ്രുവും കിടന്നകിടപ്പിൽ എല്ലാം കാണുകയാണ്. ജെന്നി പയ്യെ പയ്യെ കിടക്കയിലേക്കു തെന്നി. ഫ്രെയിം തെറ്റിക്കാതെ ഷൂട്ട് ചെയ്യുന്ന ക്യാമറ മസ്രുവിന് കൊടുത്തു. എന്നിട്ടവൾ തറയിലേക്കൂർന്നിറങ്ങി ഇഴഞ്ഞു ജനാലയ്ക്കരികിലെത്തി. സകല ശക്തിയുമെടുത്ത് ഒറ്റചാട്ടത്തിനു കാക്കിയുടെ കൈ അവൾ രണ്ട് കയ്യാലും മുറുകെപ്പിടിച്ചു. കൈ എങ്ങനെയെങ്കിലും വളച്ചുകിട്ടിയാൽ അവനെ വിടാതെ പിടിക്കാമെന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ. എന്നിട്ട് മസ്രുവിനോട് അവന്റെ വിഗ് ഊരാൻ വിളിച്ചുപറയാനും. 

തന്റെ കൈത്തണ്ടയിൽ വന്നുവീണ ആ രണ്ടു കൈകളുടെ പൂട്ടൽ ആ സത്വം പ്രതീക്ഷിച്ചതല്ലായിരുന്നു. അതിന്റെ പതറിച്ചയിൽ ജെന്നിക്ക് എഡ്ജ് കിട്ടി. അവളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ചവൾ ആ കയ്യിൽ തൂങ്ങിക്കിടന്നു. പക്ഷേ, അവൻ പെട്ടന്ന് ജനാലയ്ക്കൽ എഴുന്നേറ്റു നിന്നു. അവളെയുംകൊണ്ട് ആ കൈ ഉയർന്നു. കുത്തനെ അഴികളുള്ള ഒരാൾപൊക്കമുള്ള ജനലാണ്. ഇപ്പോൾ ജെന്നി ആ‌ കയ്യിൽ തൂങ്ങി വായുവിൽ ആടുകയാണ്. നിസ്സാരമായി അവൻ അവളെ ഉയർത്തി. അല്ല അവന്റെ 

കൈ ഉയർത്തി, അതിൽനിന്നു വിടാത്തത് ജെന്നിയാണ്. ഉടുമ്പുപിടുത്തം. അവന്റെ വെറും കൈകുടച്ചിലിൽ ജെന്നി നിലത്തു വീണു. എന്നാൽ ജനൽപ്പടിയിൽ ചന്തി കുത്തി വീണ ജെന്നിക്ക് അവന്റെ ഷൂവിൽ പിടി കിട്ടി. മുട്ടുകുത്തി അവൾ ആ ഷൂവിൽ പിടുത്തമിട്ടു. അതിശക്തമായ ഒരു കാൽ കുടഞ്ഞുവലിയിൽ അവൾ തറയിലോട്ടു മലച്ചു. ആ കാറ്റർപ്പില്ലർ ഷൂ അവളുടെ നെഞ്ചിലും. 

 

മസ്രു പക്ഷേ, എന്തുവന്നാലും ക്യാമറ മാറ്റിയിരുന്നില്ല. അവൻ ജനാലയ്ക്കൽ തിരിഞ്ഞു പറക്കാനുള്ള ഭാവമെന്നു കണ്ടപ്പോഴും അവൾ ഫോക്കസ് തെറ്റാതെ ക്യാമറയുമായി ജനാലയ്ക്കൽ വന്നു. അവൻ ഇത്തവണ താഴേക്കാണു ചാടിയത്. മൂന്നുനില താഴേക്ക് എത്തുംമുമ്പ് ഒന്നു കരണം മറിഞ്ഞു. രണ്ടുകാലിൽ ലാൻഡ് ചെയ്തെങ്കിലും മുന്നോട്ടു വീണു. അവിടെനിന്നെണീറ്റ് ശരവേഗത്തിൽ മരങ്ങൾക്കിടയിലൂടെ ഓടി. ഞൊണ്ടലുണ്ടായിരുന്നു ആ ഓട്ടത്തിന്. കാറ്റർപില്ലർ ഷൂവുമായി തറയിൽ കിതച്ചു കിടക്കുന്ന ജെന്നി അങ്ങനെ കിടന്നുകൊണ്ട് കാട്ടാളനെ വിളിച്ചു.  

 

‘പേപ്പാ. കം ഫാസ്റ്റ്. കാക്കി ഈസ് റിയൽ. കം... നൗ... നൗ...’ 

 

കെ.വി. മണികണ്ഠൻ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘IIT മദ്രാസ്’ എന്ന പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Summary: IIT Madras book written by K V Manikandan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com