വിഷപ്പുക പടരുമ്പോള്‍ എന്തു മുന്‍കരുതലെടുക്കണം?

HIGHLIGHTS
  • നിത്യജീവിതത്തിലെ ആരോഗ്യസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ലളിതമായ ഉത്തരം നല്‍കുന്ന അമൂല്യ സമാഹാരം
Brahmapuram Fire | Photo: Tony Dominic / Manorama
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം. (Photo: Tony Dominic / Manorama)
SHARE

വേനല്‍ക്കാലം അപ്രതീക്ഷിത തീപിടുത്തങ്ങളുടെ കാലം കൂടിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-മാലിന്യങ്ങളും പെരുകിയതോടെ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പുകയെ നിസ്സാരമായി കരുതാനാവില്ല. പ്ലാസ്റ്റിക്  മാലിന്യങ്ങള്‍ കത്തുമ്പോള്‍ പലതരത്തിലുള്ള രാസഘടകങ്ങള്‍ പുറംതള്ളപ്പെടും. അര്‍ബുദം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകാം. കത്തുന്ന പ്ലാസ്റ്റിക്കില്‍നിന്നും പുറപ്പെടുന്ന വിഷപ്പുകയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ താറുമാറാക്കുന്നു.

വിഷപ്പുകയിലെ പ്രധാന ഘടകമാണ് ഡയോക്‌സിന്‍. ഇതു ശ്വസിച്ചാല്‍ അര്‍ബുദസാധ്യത, തൈറോയ്ഡ് തകരാറുകള്‍, ഹൃദയധമനി രോഗങ്ങള്‍, ശ്വസനതകരാറുകള്‍, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ട്.  താലൈറ്റ്‌സ് എന്ന ഘടകമാകട്ടെ  കുട്ടികളില്‍ വളര്‍ച്ചാമുരടിപ്പ്, തൈറോയ്ഡ് തകരാറുകള്‍ ഹോര്‍മോണ്‍ തകരാറുകള്‍, വന്ധ്യത, തുടര്‍ച്ചയായ ഗര്‍ഭം അലസല്‍, അലര്‍ജി, ആസ്മ എന്നിവയ്ക്കു കാരണമാകുന്നു. പുകയിലെ  ബ്രോമിന്‍ സംയുക്തങ്ങള്‍  ചുമ, ശ്വാസതടസ്സം, അര്‍ബുദം എന്നിവയ്ക്കും ബെന്‍സോ പൈറിന്‍ എന്ന ഘടകം ഹൃദ്രോഗം, എംഫസിമ, ചര്‍മരോഗങ്ങള്‍, അര്‍ബുദം എന്നിവയ്ക്കും കാരണമാകാം.  പോളിസ്റ്റൈറിന്‍  ശ്വാസതടസ്സം, കണ്ണിനു ചുവപ്പ്, നാഡീതകരാറുകള്‍ എന്നിവ സൃഷ്ടിക്കാം.

ഇതുകൂടാതെ ചുമ, ശ്വാസംമുട്ടല്‍, ആസ്മ, സിഒപിഡി ഗുരുതരമാകുക, രക്തം ചുമച്ചു തുപ്പുക, അലര്‍ജിയെ തുടര്‍ന്ന് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ന്യൂമോണൈറ്റിസ്,  ക്രോണിക് ബ്രോങ്കൈറ്റിസ്, ശ്വാസകോശാര്‍ബുദം, ഇന്റര്‍സ്റ്റീഷ്യല്‍ ലങ് ഡിസീസ് (ഐഎല്‍ഡി) എന്നിവയ്ക്കും സാധ്യതയുണ്ട്. വിഷപ്പുക നിസ്സാരക്കാരനല്ല എന്നു സാരം.

വിഷപ്പുകയുടെ തുടര്‍ച്ചയായ ശ്വസനം തലവേദന, തലകറക്കം, ഓര്‍മക്കുറവ്, ചര്‍മം ചൊറിഞ്ഞു തടിക്കുക, ചര്‍മത്തിനു പൊള്ളല്‍, കണ്ണിനു ചുവപ്പ്, ചൊറിച്ചില്‍ എന്നിവയും സൃഷ്ടിക്കാം.

വിഷപ്പുക സ്വയം പ്രതിരോധിക്കാം

∙ അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ പുറത്തിറങ്ങരുത്. 

∙ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടരുത്. 

∙ നടക്കാനും ജോഗിങ്ങിനും മറ്റു വ്യായാമങ്ങള്‍ക്കുമായി പുറത്തിറങ്ങുന്ന ശീലം വായുമലിനീകരണം ഇല്ലാതാകുന്നതുവരെ ഒഴിവാക്കുക.

∙ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.

∙ പുറത്തിറങ്ങേണ്ടിവരുമ്പോള്‍ ച95 മാസ്‌ക് ഉപയോഗിക്കുക.

∙ വീടിനുള്ളില്‍ വിറകടുപ്പു കത്തിക്കുന്നതും പുകയുണ്ടായി വായുമലിനീകരണം ഉണ്ടാകുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കുക.

∙ മുറിക്കുള്ളിലും വാഹനത്തിനുള്ളിലും എയര്‍കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ പുറത്തെ മലിനവായു ഒഴിവാക്കുന്നതിനായി റീസര്‍ക്കുലേറ്റ് മോഡില്‍ പ്രവര്‍ത്തിപ്പിക്കുക.

∙ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും ചെയ്യുക.

∙ ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചുവയ്ക്കുക. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കൈകളും മുഖവും വായും വൃത്തിയായി കഴുകുക.

∙ ആസ്മ, സിഒപിഡി പോലെയുള്ള ദീര്‍ഘകാല ശ്വാസകോശരോഗങ്ങളുള്ളവര്‍ മരുന്നുകള്‍ കൃത്യമായി കഴിക്കുക. ഇന്‍ഹേലറുകള്‍ ഉപയോഗിക്കുക.

∙ ചുമ, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.

∙ പുകവലി പൂര്‍ണമായും ഒഴിവാക്കുക.

വിഷപ്പുക ശ്വസിച്ചാല്‍ പ്രഥമശുശ്രൂഷ

∙ എത്രയും വേഗം ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തേക്കു മാറ്റിക്കിടത്തുക.

∙ മുറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കുക. മലിനവസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക.

∙ വിഷപ്പുക ശ്വസിച്ച വ്യക്തിയുടെ പള്‍സ്, ശ്വാസോച്ഛ്വാസം എന്നിവ നിരീക്ഷിക്കുക. ശ്വസനസ്തംഭനത്തിന്റെയോ ഹൃദയസ്തംഭനത്തിന്റെയോ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സിപിആര്‍ നല്‍കുക.

∙ ഛര്‍ദിക്കുകയാണെങ്കില്‍ ഒരുവശത്തേക്കു ചെരിച്ചു കിടത്തുക.

∙ അബോധാവസ്ഥയിലുള്ള വ്യക്തിക്ക് കഴിക്കാനോ കുടിക്കാനോ കൊടുക്കരുത്.

∙ വ്യക്തി തണുത്തുവിറയ്ക്കുകയാണെങ്കില്‍ കൈകാലുകള്‍ തിരുമ്മിക്കൊടുക്കുക. കട്ടിയുള്ള പുതപ്പുകൊണ്ടു പുതപ്പിക്കുക.

∙ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.

book-family-doctor

(മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഫാമിലി ഡോക്ടര്‍ പ്രിപബ്ലിക്കേഷന്‍ സമാഹാരത്തില്‍നിന്നും)

നിത്യജീവിതത്തിലെ ആരോഗ്യസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ലളിതമായ ഉത്തരം നല്‍കുന്ന ഈ അമൂല്യ സമാഹാരം സൗജന്യവിലയില്‍ ഇപ്പോള്‍ പ്രി ബുക്ക് ചെയ്യാം.

Content Summary: Tips From Book Family Doctor, A Complete Practical Health Companion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA