ADVERTISEMENT

പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ മുന്നേറാനൊരു വഴികാട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്ന ഷെഫ് സുരേഷ് പിള്ളയുടെ ജീവിതാനുഭവങ്ങൾ. കോവിഡ് കാലം പലർക്കും തീരാനഷ്ടങ്ങളായപ്പോൾ അത് മികച്ച അവസരങ്ങളാക്കി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നു തിരിച്ചറിയുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയുമാണ് സുരേഷ് പിള്ള. ഇളംതീയിലെ തേങ്ങാപ്പാലിൽ തിളച്ച കൊതിപ്പിക്കുന്ന മത്സ്യവിഭവം ‘നിർവാണ’യിലൂടെ ലോകമെങ്ങും ആരാധകരെ നേടി. ആറ് വന്‍കരകളിലും ഒരു മലയാളിയെങ്കിലും ‘നിർവാണ’ ഉണ്ടാക്കാത്ത ദിവസമില്ല എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. രുചി നാവുകള്‍ ഇന്ന് ഗൂഗിളിൽ ഏറ്റവുമധികം തിരയുന്ന വിശ്വ മലയാള പേരുകളിലൊന്നായി ഷെഫ് സുരേഷ് പിള്ള മാറിയ അനുഭവ വഴികൾ അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ വായിച്ചറിയാം.

സാധാരണ ചേരുവകൾകൊണ്ട് നമ്മൾ പതിവായി വീട്ടിലുണ്ടാക്കുന്ന ഒരു നാടൻ വിഭവത്തെ മാന്ത്രിക വിരൽസ്പർശവും വിറകടുപ്പിലെ ചൂടും കറിവേപ്പിലയും കല്ലുപ്പുംകൊണ്ട് അസാധാരണ രുചിവൈഭവത്തോടെ അവതരിപ്പിക്കുന്നതാണ് ഷെഫ് സുരേഷ് പിള്ളയുടെ ചെറു പാചക വിഡിയോകൾ. ഇളംകാറ്റ് തഴുകുന്നതുപോലെ ഗൃഹാതുരമായ പാട്ടും ചേരുവയായപ്പോൾ ഊഷ്മളതയോടെ അത് ഓരോ മലയാളിയുടെയും നെഞ്ചിനുള്ളിലാണ് കൂടൊരുക്കിയത്.

‘വർക്കിങ് ഫ്രം ഹോം’ എന്നു പറഞ്ഞാൽ വീട്ടിലിരുന്ന് പാചക പരീക്ഷണമൊക്കെ നടത്തി ഓൺലൈനായി ഓഫിസ് ജോലിയും ചെയ്യുക എന്നർഥം; ‘കുക്കിങ് ഫ്രം ഹോം’ എന്നു പറഞ്ഞാൽ വീട്ടടുക്കളയിലെ ‘സുരേഷ് പിള്ള’യാവുക എന്നും. ലോക് ഡൗൺ കാലത്തെ വീർപ്പുമുട്ടലിൽനിന്നു മോചനം തേടി ഓരോ മലയാളിയും അടുക്കളയിലെ പരീക്ഷണങ്ങൾക്കായി ഗൂഗിളിൽ പിന്നെയും തിരഞ്ഞു – ഷെഫ് പിള്ള.

ഓലമേഞ്ഞ ചായക്കടയിലെ വിളമ്പുകാരനിൽനിന്ന് പ‍ഞ്ചനക്ഷത്രഹോട്ടലിലെ അടുക്കളയിലേക്ക് നടന്നു കയറിയ നിശ്ചയ ദാർഢ്യം. തിരസ്കാരങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട മനസ്സുറപ്പ്. ക്ഷമയും അച്ചടക്കവും കഠിനാധ്വാനവും ചേരുവകളാക്കി ജീവിതത്തിലെയും തൊഴിലിലെയും ഓരോ പടവുകളും കരുതലോടെ പിന്നിട്ട് വിഖ്യാതമായ ബിബിസി മാസ്റ്റർ ഷെഫ് വേദിയിലേക്ക് എത്തിയ കോരിത്തരിപ്പിക്കുന്ന ജീവിതാനുഭവങ്ങൾ.

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് ശ്രീലങ്കൻ കൊത്തു പൊറോട്ട ഉണ്ടാക്കാൻ ലണ്ടനിൽനിന്ന് നിന്നനിൽപിൽ ബിസിനസ് ക്ലാസിൽ കരീബിയൻ ദ്വീപിലേക്ക് പറന്നതു മുതൽ അഷ്ടമുടിക്കായലിൽ നിന്ന് ഊണു നേരത്ത് പിടിച്ച പിടയ്ക്കണ കരിമീൻ കൊണ്ട് ക്രിസ് ഗെയിലിന് ആദ്യമായി നിർവാണ ഉണ്ടാക്കിക്കൊടുത്ത് രുചിലോകം കീഴടക്കിയതുപോലുള്ള അതിശയിപ്പിക്കുന്ന കഥകൾ. കോളജിൽ ചേരാനാവാതെ സങ്കടപ്പെട്ട പത്താം ക്ലാസുകാരൻ കരീബിയൻ ദ്വീപിലെ ബഹാമസ് സർവകലാശാലയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു. ഷെഫുമാരുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രമായ ‘സിഗ്നേചർ’റെസിപ്പി പോലും സ്നേഹം വാരി വിതറി പങ്കുവയ്ക്കുന്ന സുരേഷ് പിള്ള പറയുന്നത്, ചതുരംഗംകളിയിലെ നീക്കങ്ങൾപോലെ ജീവിതം പ്ലാന്‍ ചെയ്യൂ, വിജയം സുനിശ്ചിതം എന്നാണ്.

കേരള രുചികളുടെ പെരുമ കടൽകടത്തി രുചിലോകത്തെ ബ്രാൻഡ് അംബാസിഡറായ ഷെഫ് സുരേഷ് പിള്ളയുടെ അസാധാരണമായ ജീവിതാനുഭവങ്ങൾ തലമുറകൾക്ക് വഴികാട്ടിയാണ്.

ആരംഭിച്ച് ആറു മാസംകൊണ്ട് മലയാളി സ്റ്റാർട്ടപ് റസ്റ്ററന്റ് ഷെഫ് പിള്ള ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ബെംഗളൂരു വൈറ്റ് ഫീൽഡിലെ ആദ്യ റസ്റ്ററന്റ് അൻപതിനായിരം സംതൃപ്ത കസ്റ്റമേഴ്സിനാണ് വിരുന്നൊരുക്കിയത്. ഒരു വർഷം കൊണ്ട് ബെംഗളൂരുവിലും കൊച്ചിയിലുമായി 1,40,000 പേരാണ് അതിഥികളായെത്തിയത്. അവരെല്ലാം ഏലം, ഗ്രാമ്പൂ, ജാതിപത്രി, ജാതിക്ക, കർപ്പൂരം ഇവ ചേർന്ന പഞ്ചസുഗന്ധത്തിന്റെ മായികത ആസ്വദിക്കുന്നു. തേങ്ങാപ്പാലിന്റെ രുചിക്കാറ്റിന്റെ നിർവാണമടയുന്നു.

അടുത്ത ഒരു വർഷത്തിനകം ആയിരം തൊഴിലവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി 25 റസ്റ്ററന്റുകൾ ആരംഭിക്കുകയാണ് ടീം ആർസിപി. ലോകത്തെ ആറ് വൻകരകളിലായി എണ്ണായിരത്തോളം ഹോട്ടലുകളുമായി പരന്നു കിടക്കുന്ന മാരിയറ്റ് ഗ്രൂപ്പിന്റെ കൊച്ചിയിലെ മെറിഡിയനിൽ, റസ്റ്ററന്റ് ഷെഫ് പിള്ളയുടെ കേരളത്തിലെ ആദ്യ ഹോട്ടൽ ആരംഭിച്ചു. കലർപ്പില്ലാത്ത ‘ഫൈന്‍ ഡൈനിങ്’ അനുഭവത്തെ തികഞ്ഞ ആദരവോടെ മലയാള രുചിമുകുളങ്ങൾ ഏറ്റെടുത്തു, ഓരോ അതിഥിയെയും രുചികൊണ്ടും സ്നേഹംകൊണ്ടും കീഴടക്കി, ഈ പാചക പോരാളി. മലയാളികളുടെ ഒരു കൊച്ചു സ്റ്റാർട്ടപ്പിനെ മൈക്രോ സോഫ്റ്റ് പോലൊരു ബഹുരാഷ്ട്ര സൈബർ ഭീമൻ ഏറ്റെടുക്കുന്നതിനു സമാനമാണ് ഹോട്ടൽ മേഖലയിൽ ഈ രുചി പങ്കിടൽ.

വായിച്ചും ക്യൂആർ കോഡ് സ്കാൻ ചെയ്തും അടുത്തറിയാം ഷെഫ് സുരേഷ് പിള്ളയുടെ ജീവിതാനുഭവങ്ങൾ. കാത്തിരിക്കാം, ഇനിയും വിരൽത്തുമ്പിൽ വിസ്മയങ്ങൾ ഒളിപ്പിച്ച പാചകത്തിന്റെ ഗ്രാൻഡ് മാസ്റ്റർ ഷെഫ് സുരേഷ് പിള്ളയുടെ കൊതിയൂറും കരുനീക്കങ്ങൾക്കായി.

(രുചി നിർവാണ, ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം എന്ന പുസ്തകത്തിന്റെ ആമുഖം )

Content Summary: Malayalam Book ' Ruchi Nirava - Chef Suresh Pillayude Jeevitham ' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com