ADVERTISEMENT

ഒരു വാർത്താപത്രം നിഷ്പക്ഷമായി, വിശ്വസനീയമായി ഏറെക്കാലം പ്രസിദ്ധീകരിക്കുക എന്നത് തുലോം ദുഷ്കരമായ കാര്യമാണ്. അതിന് തികഞ്ഞ അർപ്പണബോധവും സാമൂഹികപ്രതിബദ്ധതയും വേണം. ആലങ്കാരികമായിപ്പറഞ്ഞാൽ ആയിരം കണ്ണുമുള്ള ഒരു സത്യസന്ധനുമാത്രമേ അതിനു നേതൃത്വം കൊടുക്കുവാൻ കഴിയൂ. ഇന്ന് ഒന്നേമുക്കാൽ കോടിയോളം വായനക്കാരുള്ള മലയാള മനോരമ ദിനപത്രം മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ഒന്നാം സ്ഥാനം നേടിയത്, അതിനു പിറകിൽ ത്യാഗനിർഭരമായശക്തിയായി പ്രവർത്തിച്ച കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെയും അദ്ദേഹത്തിന്റെ സഹോദരപുത്രനായ കെ. സി. മാമ്മൻ മാപ്പിളയുടെയും തുടർന്ന് ഇന്നുവരെയുള്ള അനസ്യൂതമായ വളർച്ചയ്ക്കു നേതൃത്വം നൽകിയ അനന്തര തലമുറകളുടെ സമർപ്പണബോധവും നേതൃപാടവവും കൊണ്ടാണ്.

കണ്ടത്തിൽ വറുഗീസ് മാപ്പിളയ്ക്കു പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തയും കേരളവർമ വലിയ കോയിത്തമ്പുരാനും ശ്രീമൂലം തിരുനാൾ മഹാരാജാവും ചെയ്ത സഹായം അവിസ്മരണീയമത്രേ. മലയാള മനോരമ എന്ന പേരു നിശ്ചയിക്കുന്നതിൽ വലിയ കോയിത്തമ്പുരാനു പങ്കുണ്ട്. ഒരു പേരു നിർദേശിക്കാന്‍ കണ്ടത്തിൽ വറുഗീസ് മാപ്പിള പലർക്കും എഴുതിയിരുന്നു. കിട്ടിയ പേരുകളിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് സിഎംഎസ് ഹൈസ്കൂളിലെ മലയാളം മുൻഷി വിൽവട്ടത്ത് രാഘവൻ നമ്പ്യാർ അയച്ച ‘മലയാള മനോരമ’ എന്ന പേരാണ്. വലിയ കോയിത്തമ്പുരാൻ അതേ പേരുതന്നെ തിരഞ്ഞെടുക്കുകയായിരുന്നു. തിരുവിതാംകൂർ രാജമുദ്ര തന്നെ ഈഷദ്ഭേദത്തോടെ മലയാള മനോരമയുടെ ആദർശമുദ്രയായി ഉപയോഗിക്കുവാനുള്ള അനുമതി നൽകിയത് ശ്രീമൂലം തിരുനാൾ മഹാരാജാവാണ്. ആദ്യത്തെ പത്രമാഫിസിനുള്ള കെട്ടിടം നൽകിയത് പുലിക്കോട്ടിൽ രണ്ടാമന്‍ മെത്രാപ്പൊലീത്തയാണ്.

പ്രതിവാര പത്രമായാണ് മലയാള മനോരമ ആരംഭിച്ചത്. ആദ്യ ലക്കം പുറത്തിറങ്ങിയ 1890 മാർച്ച് 22 ശനിയാഴ്ച ചരിത്രത്തിൽ സ്വർണരേഖകളിൽ അടയാളപ്പെട്ടിരിക്കുന്നു. പിന്നീട് ആഴ്ചയിൽ രണ്ടു ദിവസവും കുറെക്കഴിഞ്ഞ് മൂന്നു ദിവസവും പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1928 മുതലാണ് ദിനപത്രമായി മാറിയത്.

മലയാള മനോരമയുടെ ഒന്നാം വാർഷികം കോട്ടയത്തുവച്ച് ആഘോഷിച്ചപ്പോഴാണ് 1891 ൽ സാമൂഹിക–രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാഹിത്യ–സാംസ്കാരിക പ്രവർത്തനത്തിനുകൂടി കണ്ടത്തിൽ വറുഗീസ് മാപ്പിള മുന്നിട്ടിറങ്ങിയത്. അങ്ങനെ രൂപംകൊണ്ട ‘കേരള കവിസമാജം’ പിന്നീട് ‘ഭാഷാപോഷിണി’സഭയായി മാറി. ‘ഭാഷാപോഷിണി’ ആദ്യം ത്രൈമാസികയായും പിന്നീട് മാസികയായും പ്രസിദ്ധീകരിച്ചു. അത് ഒട്ടേറെ സാഹിത്യകാരന്മാർക്കും സാഹിത്യശാഖകൾക്കും വളരാനുള്ള വളക്കൂറുള്ള മണ്ണായി.

കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ കാലത്തു രൂപം കൊണ്ട മലയാളി മെമ്മോറിയൽ സർക്കാരിന്റെ അനീതികൾക്കും അഴിമതിക്കുമെതിരെ വാളുയർത്തിയ ജനകീയ പ്രസ്ഥാനമായിരുന്നു. ഇത് പുതിയൊരു സാമൂഹിക–രാഷ്ട്രീയാവബോധം ജനങ്ങളിലുണർത്തി. തുടർന്നു നടന്ന പ്രക്ഷോഭങ്ങളും സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണവും കെ. സി. മാമ്മൻ മാപ്പിളയെ ജയിലിൽവരെ എത്തിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കു വഴിവച്ചു. തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമായി മാറിയ മനോരമ, ഉത്തരവാദ പ്രക്ഷോഭം, നിവർത്തനപ്രസ്ഥാനം, സ്റ്റേറ്റ് കോൺഗ്രസ്, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയ സുപ്രധാനമായ രാഷ്ട്രീയ സാമൂഹിക സംരംഭങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇങ്ങനെ ആത്മാർഥമായി സഹകരിച്ച മലയാള മനോരമയ്ക്കു നേരെ, ബ്രിട്ടിഷ് അധികാരികളുടെ അടിമയായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി. പി. രാമസ്വാമി അയ്യരുടെ അധികാര ഖഡ്ഗം ആഞ്ഞുപതിക്കുവാനിടയായി. അങ്ങനെ, 1938 സെപ്റ്റംബർ 9ന് മലയാള മനോരമയുടെ കോട്ടയത്തെ ഓഫിസ് സർക്കാർ മുദ്രവച്ചു.

എന്നാൽ, ഈ നടപടി അന്നത്തെ പത്രാധിപരായിരുന്ന കെ. സി. മാമ്മൻ മാപ്പിളയ്ക്ക് കൂടുതൽ വീര്യം പകരുകയാണുണ്ടായത്. 1938 സെപ്റ്റംബര്‍ 13 മുതൽ മനോരമ കുന്നംകുളം എആർപി പ്രസിൽ അച്ചടിച്ചു കേരളത്തിലുടനീളം വിതരണം ചെയ്യാൻ തുടങ്ങി. 1939 മേയ് 18 വരെ, ഒൻപതു മാസക്കാലം, തിരുവിതാംകൂറിൽ നിരോധിച്ച ഈ പത്രം കൊച്ചി രാജ്യാതിർത്തിയിൽപെട്ട കുന്നംകുളത്തുനിന്നു മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചത് കേരള പത്രപ്രവർത്തന ചരിത്രത്തിൽ വിപ്ലവകരമായ വിസ്മയാവഹമായ അഭിമാനാസ്പദമായ ഒരു ധീരപ്രവർത്തനമാണ്.

നാനാദേശത്തുനിന്നും വാർത്തകൾ ശേഖരിച്ചു പ്രസാധനം ചെയ്യുന്നത് ഇക്കാലത്ത് ആയാസരഹിതമാണെങ്കിലും 19–ാം നൂറ്റാണ്ടിലും 20–ാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലും അത് ഏറെ പ്രയാസമുള്ളൊരു ജോലി തന്നെയായിരുന്നു. ടെലിഫോൺ, മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയ വിവരസാങ്കേതിക വിദ്യാ സംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. എന്നിട്ടും മലയാള മനോരമ പത്രം മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചതിനു പിറകിലുള്ള ആസൂത്രണ വൈഭവം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെന്നല്ല, ഭാരതത്തിലെ അന്യദേശങ്ങളിലും വിദേശരാജ്യങ്ങളില്‍പോലും അന്നന്നുണ്ടാകുന്ന വാർത്താപ്രാധാന്യമുള്ള സംഭവങ്ങൾ പിറ്റേദിവസത്തെ കുന്നംകുളം മനോരമയിൽ പ്രത്യക്ഷപ്പെട്ടുവെന്നത് എത്ര ആശ്ചര്യജനകമാണ്! കമ്പിയില്ലാക്കമ്പി മാത്രമാണ് അന്നു വാർത്താവിനിമയ മാധ്യമം. ശ്രദ്ധയും ആത്മാർഥതയുമാണ് ഊർജം. കേരളത്തിന്റെ പത്രപ്രവർത്തനത്തിന്റെ മാത്രമല്ല, മലയാളികളുടെ സാമൂഹിക–രാഷ്ട്രീയ–സാംസ്കാരികാവബോധത്തിന്റെ തീക്ഷ്ണതയുടെയും തെളിമയുടെയും നന്മയുടെയും പ്രതിഫലനമാണ് ഈ മനോരമ പത്ര ചരിത്രം.

കുന്നംകുളം മനോരമയുടെ ഒൻപതു മാസത്തെയും ലക്കങ്ങൾ മുഴുവന്‍ പഴയ എആർപി പ്രസിൽ നിന്നും ശേഖരിച്ചു സമർപ്പിത ചേതസ്സായ ഡോ. രാജൻ ചുങ്കത്ത് എന്ന കുന്നംകുളത്തുകാരൻ പൊടി തട്ടി വൃത്തിയാക്കി വിശദമായി പരിശോധിച്ച് സവിസ്തരമായൊരു പഠനം തയാറാക്കിയിരിക്കുകയാണ്. ആരും എളുപ്പത്തിനൊന്നും കടന്നുചെല്ലാന്‍ തയാറാവാത്ത വിജ്ഞാനമേഖലകളിലാണ് അദ്ദേഹത്തിന് എന്നും കമ്പമുള്ളത്. അദ്ദേഹത്തിന്റെ തളരാത്ത ജിജ്ഞാസയും ചരിത്ര സാംസ്കാരിക വിഷയങ്ങളിലുള്ള അഭിരുചിയും ഗവേഷണത്വരയും ഔചിത്യപൂര്‍ണമായ വിഷയസമീപനവും തെളിമയുറ്റ ഭാഷയും ഈ പഠനത്തെ അത്യന്തം സമാകർഷകമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അതിൽ തെല്ലും അദ്ഭുതം തോന്നുകയില്ല. സാഹിത്യ–സാംസ്കാരിക സമ്മേളനങ്ങളിൽ മാത്രമല്ല, വേദപണ്ഡിതന്മാരായ നമ്പൂതിരിമാർ യാഗം ചെയ്യുന്ന വേദികളിലും പലപ്പോഴും ഡോ. രാജൻ ചുങ്കത്തിന്റെ ആത്മാർഥമായ സാന്നിധ്യം ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. ശ്രൗതം, സ്മാർത്തം, അതിരാത്രം, ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, പന്തിരുകുലത്തിന്റെ പിൻഗാമികൾ, പറയിപെറ്റ പന്തിരുകുലം – ഐതിഹ്യം, ചരിത്രം, ഭാരതപ്പുഴ, ബാലിദ്വീപിൽ, Nila Through Time and Space തുടങ്ങിയ ഒട്ടേറെ കനപ്പെട്ട പുസ്തകങ്ങളും ഈടുറ്റ അനേകം പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ അസാധാരണമായ രചനാവ്യക്തിത്വം വ്യക്തമാക്കുന്നുണ്ട്.

ഒൻപതു മാസത്തെ മനോരമപത്ര പ്രസിദ്ധീകരണം മുൻനിർത്തി പത്തധ്യായങ്ങളുള്ള, ഒട്ടും വാചാലതയില്ലാത്ത, കാര്യമാത്ര പ്രസക്തമായ ഈ പഠനം തയാറാക്കിയതിൽ പ്രകാശിക്കുന്ന വൈഭവം അഭിനന്ദനീയമാണ്. സുപ്രധാനമായ പ്രസിദ്ധീകരണ വിവരങ്ങളെല്ലാം സമാഹരിച്ചിട്ടുണ്ട്. മലയാള മനോരമയുടെ ആരംഭവും ആദ്യകാല പ്രവർത്തനങ്ങളും പ്രസിദ്ധീകരണം കോട്ടയത്തുനിന്നു കുന്നംകുളത്തേക്കു മാറ്റുവാനുണ്ടായ സാഹചര്യങ്ങളും കുന്നംകുളം മനോരമ–ചരിത്രവഴികൾ എന്ന ഒന്നാം അധ്യായത്തിൽ വിവരിക്കുന്നു. എആർപി പ്രസ്, കുന്നംകുളം മനോരമ ഒന്നാം ലക്കം, മനോരമയിലെ വാർത്താ കൗതുകങ്ങൾ, സപ്ലിമെന്റുകൾ, പരസ്യങ്ങൾ എന്നിങ്ങനെ മനോരമയുടെ രൂപഭാവങ്ങൾ ആലേഖനം ചെയ്യുന്ന അധ്യായങ്ങൾ വഴിയേ കാണാം. ‘വാർത്തയിൽ നിറഞ്ഞ് സർ സിപി’ എന്ന അധ്യായം വളരെ ശ്രദ്ധേയമായ ഒരു ചരിത്രാഖ്യാനമാണ്. ഏതെല്ലാം വക്രമാർഗങ്ങളിൽ ദിവാൻ പദവി ദുർവിനിയോഗം ചെയ്ത അഹന്താപ്രതീകമാണ് സി. പി. രാമസ്വാമി അയ്യർ എന്ന വസ്തുത വസ്തുനിഷ്ഠമായ വാർത്തകളിൽ ഊന്നിനിന്നു വിശദമാക്കുവാൻ ഡോ. രാജൻ ചുങ്കത്തിനു കഴിഞ്ഞിട്ടുണ്ട്.

മഹത്തായൊരു പ്രസിദ്ധീകരണ സംരംഭത്തിന്റെ ഉദ്വേഗഭരിതമായ ചരിത്രരേഖയാണ് ഈ പുസ്തകം. അതിലപ്പുറം, രാഷ്ട്രീയ–സാമൂഹിക–ചരിത്ര വിദ്യാർഥികൾക്കും സംസ്കാരചരിത്രാന്വേഷകർക്കും ഗവേഷകർക്കും മാത്രമല്ല, ഭാരതത്തെയും മലയാളത്തെയും സ്നേഹിക്കുന്നവർക്കെല്ലാം തന്നെ വെളിച്ചം തരുന്ന നിബന്ധമാണിത്. പ്രതിപാദ്യാനുസാരിയായ ആഖ്യാനഭദ്രതകൊണ്ട് ഔചിത്യവേദിയായ ഡോ. രാജൻ ചുങ്കത്ത് ഈ പുസ്തകത്തിന്റെ പാരായണത്തെ ഏറെ സമ്പന്നമാക്കിയിരിക്കുന്നു

സഹൃദയരായ സുഹൃത്തുക്കൾക്കു മുൻപാകെ മനോരമാഹൃദയാർപ്പണം സമർപ്പിക്കുന്നതിൽ എനിക്ക് അളവറ്റ ചാരിതാർഥ്യമുണ്ട്.

(കുന്നംകുളം മനോരമ എന്ന പുസ്തകത്തിന്റെ അവതാരികയിൽനിന്ന് )

Content Summary: ' Kunnamkulam Manorama ' Book Written by Dr. Rajan Chungath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com