‘മരണമാണ് ഏറ്റവും വലിയ ആഘോഷമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്’

mad-man
പ്രതീകാത്മക ചിത്രം : Photocredit : Cyrsiam / Shutterstock
SHARE

ചെറുവേരുകൾ (കഥ) 

‘‘എന്തൊരു പെങ്കൊച്ചാണിത്, എപ്പോ നോക്കിയാലും അവന്മാർടോടെ തെണ്ടിനടന്നോ,  കുളീം വേണ്ട ജപോം വേണ്ട. ആ മുടി ഇരിക്കണത് കണ്ടാമതി. നീയാ മോളമ്മയെ കണ്ട് പഠി. നാലക്ഷരം പഠിച്ചാ വല്ല ജോലീം കിട്ടും, അല്ലേ എന്നെപ്പോലെ അടക്കളേല് തന്നെ കിടന്നു നരകിക്കാം.’’ ഓടിക്കിതച്ച് വന്ന എന്നെനോക്കിയാണ്  കലിതുള്ളി നിന്ന അമ്മ  സ്ഥിരം പല്ലവി ആവർത്തിച്ചെങ്കിലും, അവസാനത്തെ വാചകം അപ്പനുള്ളതായിരുന്നു. ഞെട്ടിക്കുന്ന ഒരു വാർത്ത വിളമ്പാൻ കിട്ടിയത്തിന്റെ ആവേശത്തിൻ ഞാനതു ഗൗനിച്ചതേയില്ല. 

മോചനം കിട്ടാതെ കൂടിനുള്ളിലിരുന്ന് പൂപ്പലരിക്കാൻ വിധിക്കപ്പെട്ട പഴയ റൊട്ടിക്കഷ്ണങ്ങൾ കണക്കേ, അടുക്കടുക്കായുള്ള പത്തുനൂറു വീടുകളിൽ ഒന്നാണ് എന്റേതും. സയാമീസ് ഇരട്ടകൾ പോലെ ഉsൽ പങ്കിടുന്ന ഒരുവശം. ശ്വാസമെടുക്കാനായി മറുവശത്തു മാത്രമായി ജനാലകൾ. ഇരട്ടവീടുകൾക്കിടയിൽ മണ്ണിനും മണ്ണിരയ്ക്കുമൊക്കെയായി അല്പം ഇടം അവശേഷിപ്പിച്ചിടത്ത് മാവും പ്ലാവും മുരിങ്ങയുമെന്നുവേണ്ട, കൈയ്യൂക്കുള്ളവരൊക്കെ സ്ഥാനം പിടിച്ചിരുന്നു. അവയുടെ അവകാശത്തെ ചൊല്ലിയുള്ള അല്ലറചില്ലറ കോലാഹലങ്ങളാണ് അയൽപക്ക ബന്ധങ്ങളെ സജീവമാക്കി നിർത്തിയിരുന്നത്. അവയ്ക്കിടയിലൂടെ നുഴഞ്ഞു കയറി അതിർത്തി തിരിക്കാനൊരു മുൾകമ്പിവേലിയുമുണ്ട്. എന്തിനാണിങ്ങനെ കമ്പിവേലിക്കിടയിൽ ഓട്ടകളെന്നാലോചിച്ച് ഞാൻ അന്നൊക്കെ തലപുകച്ചിട്ടുണ്ട്. ഇപ്പുറത്തെ തെറിവിളിയും ഗതികേടും അല്പം പോലും അരിച്ചു മാറ്റാതെ അപ്പുറത്തെത്തിക്കാൻ മാത്രമായിട്ടാണ് ഓട്ട ഇട്ടിരിക്കുന്നതെന്ന് വൈകി വന്ന തിരിച്ചറിവാണ്. അതും ഒരുതരത്തിൽ നല്ലതാ, അപ്പുറത്തുള്ളവരും എന്തെങ്കിലും സന്തോഷമറിയണ്ടെ ! 

ഇങ്ങനെ മുഖത്തോട് മുഖം നോക്കിനിൽക്കുന്ന നീണ്ട രണ്ടു വരി വീടുകൾക്ക് നടുവിലായി വീതികുറഞ്ഞതെങ്കിലും ടാറിട്ട റോഡുതന്നെ. അതിലെ സൈക്കളും ചില സ്കൂട്ടറുകളും മാത്രമേയങ്ങനെ കൂടുതലും പോകാറുള്ളു.  അമ്പാസിഡർ കാറും ജീപ്പുമൊക്കെ ദിവസത്തിൽ ഒന്നോ രണ്ടോ. ഇത്തിരി വലിയ ചേട്ടന്മാരും ചേച്ചിമാരും സൈക്കളോടിക്കാൻ പഠിക്കുന്നത് ഇതിലേയാണ്.  എങ്ങനെയും അവരോളമെത്തിയിട്ട് വേണം അപ്പൻ്റെ സൈക്കിളിൽ സ്വന്തമായി സവാരിക്കിറങ്ങാനെന്നതും അക്കാലത്തെ ഒരു കൊച്ചു സ്വപ്നമങ്ങനെ. 

വൈകുന്നേരങ്ങളിൽ പെറ്റിക്കോട്ടു മാത്രമിട്ട ഞാനും, ബട്ടൻസും സിപ്പും പോയാൽ പിന്നുകുത്തി നിക്കറിടുന്ന കുറേ ചെക്കന്മാരും ഈ റോഡിലുണ്ടാകും. വേറെയും പെൺപിള്ളേരൊക്കെയൊണ്ടേലും എന്റെ കളികൾ കൂടുതലും ഈ ചെക്കന്മാർക്കൊപ്പമാണ്. അവരാകുമ്പോ പിണങ്ങിയാലും ഇണങ്ങാനങ്ങനെ പുറകെ നടന്ന് കെഞ്ചണ്ട. ഇത്തിരി ജാതിഭേദങ്ങൾ അതിനിടയിൽ ഇടംപിടിക്കാറുണ്ടായിരുന്നു എന്നതും ഒരു സത്യം. 

വലിയ അവധിക്ക് സ്കൂള് പൂട്ടിയാൽ  കൂട്ടത്തിൽ ചെറിയ ഞാൻ തന്നെ കുരുത്തക്കേടിനൊക്കെ ചരടുവലിക്കുന്ന ചട്ടക്കാരി.  ഉച്ചയൂണു കഴിഞ്ഞാൽ പിന്നെ പരിസരത്തെ അമ്മച്ചിമാര് അങ്ങിറങ്ങും അഞ്ചും എട്ടുമൊക്കെ പ്രായമുള്ള പെൺപിള്ളേരെ ഓടിച്ചിട്ട് പിടിച്ച് കൂട്ടമായി തലയിലെ പേൻപിടിക്കാൻ.  കൂട്ടത്തിൽ പേൻ കൂടുതലുള്ള എൻ്റെ തലയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. ചാകരയ്ക്ക്  കടൽതീരത്ത് മത്തിയടിയുന്ന പോലെയാണ് പല തലകളിൽ നിന്നായി, ഇളയതും മൂത്തതും ഈരുകുഞ്ഞുങ്ങളുമൊക്കെയായി കളം നിറയുന്നത്.  ഞെക്കികൊന്നും ഞൊട്ടികൊന്നും അവറ്റകളുടെ തല പൊട്ടിത്തെറിക്കുന്ന  ശബ്ദം അവർ അങ്ങ് ആസ്വദിച്ചു. അമ്മച്ചിമാരുടെ ഉള്ളിൽനിന്ന് പരോളിലിറങ്ങുന്ന കൊലയാളികൾ കലിതീരുവോളം അങ്ങനെ വിളയാടും. ഇതിനിടയിൽ വീണു കിട്ടുന്ന ചില അന്തർജന വിശേഷങ്ങൾ ഇവിടുന്ന് ചോർത്തിയെടുത്ത് ചെക്കൻമാർക്കിടയിൽ അവതരിപ്പിച്ചാണ് പലപ്പോഴും ഞാൻ കേമിയാകുന്നത്.  അതിനു വേണ്ടി മാത്രമാണ് പേൻകടിയേക്കാൾ അസഹ്യമായ പേൻ ചീപ്പിനെ ഞാൻ സഹിച്ചിരുന്നത്. 

അയാൾക്ക് ഭ്രാന്താണെന്നാണ് എങ്ങനൊക്കെയോ മുതിർന്നുപോയവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്. ത്രികോണാകൃതിയിലുള്ള മുഖത്തെ ലോല ഭാവങ്ങളെ മറയ്ക്കുമാറ് വളർന്ന് പന്തലിച്ച താടിയും മുടിയും അയാൾക്ക് ആവശ്യത്തിൽ കവിഞ്ഞ ഭ്രാന്ത് ചാർത്തി കൊടുത്തു. കൂട്ടത്തിൽ അരക്കെട്ടും കഴിഞ്ഞ് താഴേയ്ക്ക് നീളുന്ന  നീണ്ട വള്ളികളുള്ള ഒരു തുണിസഞ്ചിയും, പോക്കറ്റ് തൂങ്ങിയ ഒരു മുഷിഞ്ഞ ജുബയും. ഇത്രയൊക്കെ തന്നെ ധാരാളമാണ് ഒരാൾക്ക് ഭ്രാന്തനാവാൻ.

ഇടയ്ക്ക്  ഭ്രാന്ത് മൂർച്ഛിക്കുമ്പോ ഊളൻപാറയിൽ കൊണ്ടുപോകുമെന്നുള്ള കുട്ടികൾക്കിടയിലെ അടക്കംപറച്ചിൽ  എന്റെ ഭ്രാന്താലയ സങ്കല്പങ്ങൾക്ക് ആൾരൂപമേകി.... ഷോക്കടിപ്പിക്കുമ്പോൾ അടിമുടി  വിറയ്ക്കുന്ന രംഗം അഭിനയിക്കുന്നത് ഓമനക്കുട്ടന്റെ കുത്തകയാണ്. കപ്പ (മരച്ചീനി ) യുടെ ഇല അങ്ങോട്ടുമിങ്ങോട്ടും തിരിച്ച് മാലയുണ്ടാക്കിയുള്ള ഓസ്കർ സമ്മാനമെന്നും അവനുള്ളതാ.. 

കാടാറുമാസം നാടാറുമാസം എന്ന കണക്കേ, വല്ലപ്പോഴും മാത്രം കാണുന്ന കഥാനായകൻ അവശേഷിക്കുന്ന കാലം ഭ്രാന്താലയത്തിലെ അന്തേവാസിയായിരിക്കുമെന്ന്  എന്റെ കുഞ്ഞു മനസ്സ് ഉറപ്പിച്ചു. അക്രമിയായി ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും, ഭ്രാന്തിന്റെ നിർവചനത്തിൽ ഞാൻ അതും ഉൾപ്പെടുത്തി. ടിവി വന്നിട്ടില്ലാത്ത കാലമായതുകൊണ്ടും മൃഗശാലയിലൊന്നും  പോയിട്ടുമില്ലാത്തകൊണ്ടും, ഒരു ഏഴുവയസ്സുകാരിയുടെ പേടിസ്വപ്നങ്ങളിലെ നിത്യസന്ദർശകനായി ചാത്തൻകുട്ടി ചേട്ടനെന്ന ഈ അയൽവാസി.... 

ആളെണ്ണം കൂടുതലുള്ള വീടുകളിൽ എല്ലാവർക്കും അകത്തു കിടക്കാനിടമില്ലാത്തകൊണ്ട്, മുറ്റത്ത് വീടിനോട് ചേർത്ത് ഷീറ്റുപോലൊന്ന് വലിച്ചുകെട്ടിയ ചിലതും അക്കൂട്ടത്തിലുണ്ട്. അങ്ങനൊന്നാണ് ചാത്തൻകുട്ടി ചേട്ടന്റേതും. സമപ്രായക്കാരായ ആരും തന്നെ അവിടെയില്ല. ജാതീയമായും സാമ്പത്തികമായും ഏറ്റവും താഴെയാണവർ. എനിക്ക്, ഒരു ബ്ലൗസും ലുങ്കിയും മാത്രമുടുത്ത മുടിയോളം തന്നെ കറുത്ത് മെലിഞ്ഞ ചാത്തൻകുട്ടി ചേട്ടന്റെ അമ്മ ഒരിക്കലും അമ്മമാരുടെ ഗണത്തിലായിരുന്നില്ല. അലിവുമില്ല ആദരവുമില്ല. 

ഒരു കൈയകലത്താണ് വീടുകളെങ്കിലും അങ്ങനെ പല പല കാരണങ്ങൾകൊണ്ട് അവരുമായുള്ള സമ്പർക്കം നന്നേ കുറവാണ്. പോരാത്തതിന് ഭ്രാന്തുള്ള കുടുംബവും ! . 

നന്നായി ചിത്രം വരയ്ക്കുന്നയാളാണ് ഈ ഭ്രാന്തൻ ചേട്ടൻ. വീടിന്റെ മുൻഭിത്തിയിൽ മഞ്ഞയും നീലയും ചുമപ്പുമൊക്കെ കലർന്ന ഒരു സ്ത്രീരൂപം വരച്ചിട്ടിട്ടുണ്ട്. ഞാൻ അങ്ങോട്ട് അധികം നോക്കാറില്ല, പേടിയാണ്; നാക്കൊക്കെ നീട്ടിയ ആ ചേച്ചിയെ നോക്കിയാൽ ഭ്രാന്തു പകരുമെന്ന പേടി! 

തൊട്ടടുത്ത് ഞാനൊരിക്കലേ പോയിട്ടുള്ളൂ. ഭ്രാന്തില്ലാത്ത സമയമാണതെന്നൊക്കെ കൂട്ടുകാരിൽ നിന്നറിഞ്ഞിരുന്നു. അങ്ങനെ ഒരുദിവസം ചിക്കിപ്പറിച്ച് നടക്കുന്ന കോഴിയെപ്പോലെ ഒരു കോലും കൊണ്ട് തേരാപാരാ നടക്കുന്ന എന്നെ വിളിച്ചതാണ്. ‘‘ശൂ ശൂ ഇങ്ങു വാ.’’

പോകണോ വേണ്ടയോ? കൈയ്യിൽ കോലുണ്ടല്ലോ എന്ന ധൈര്യത്തിൽ അല്പം അകലം പാലിച്ച് അടുത്തുചെന്നു നിന്നു. ‘‘ഈ പടം വേണോ ? അമ്പലക്കുളത്തിലെ താമരയാ.’’

അമ്പലക്കുളം എനിക്കന്ന് പേടിയാ. എന്നിട്ടും പക്ഷേ അമ്പലക്കുളത്തിലെ താമരയുടെ ചിത്രം ഞാൻ വാങ്ങി. എനിക്കാദ്യമായി കിട്ടിയ ഒരു സമ്മാനം ! 

സ്കൂളിൽ പോയിവരുന്ന വഴിയിൽ അല്പം ദൂരം ആളൊഴിഞ്ഞ ഒരു റബ്ബർ തോട്ടത്തിലൂടെ നടന്നാൽ എളുപ്പം വീട്ടിലെത്താം. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് മാത്രമേ സൂര്യൻ കനിയൂ. ഇരുട്ടാണ് കൂടുതലും. കൂട്ടം തെറ്റി ഒറ്റയ്ക്കുവരുന്ന ദിവസങ്ങളിൽ ഞാൻ കുടുതലും പിന്നോട്ട് നോക്കിയാണ് മുന്നോട്ട് നടക്കാറ്. ഇരുട്ടിൽ വരുന്ന പ്രേതങ്ങളെയാണ് എനിക്ക് അവിടെ എത്തുമ്പോൾ ഓർമ്മവരുന്നത്. കൂട്ടത്തിൽ ഭ്രാന്തൻ അയൽവാസിയെയും. രണ്ടും എനിക്ക് ഒരേപോലെ. 

അതൊരു ശനിയാഴച്ചയായിരുന്നു. കളികഴിഞ്ഞ് ഊണുകഴിക്കാൻ ഞങ്ങൾ പിരിഞ്ഞു. എല്ലാരും തിരിച്ചെത്തിയ ശബ്ദങ്ങൾ കേൾക്കാം. ഞാൻ മാത്രം കഴിച്ചിട്ടില്ല. അമ്മയ്ക്ക് തലേന്ന്തൊട്ട് ആരോടോ എന്തിനോടോ ഉള്ള കലിപ്പ് തീർന്നിട്ടില്ല, അതുകൊണ്ട് എല്ലാം പയ്യെയാണ്, ചോറ് വേവുന്നേയുള്ളൂ. കാര്യമന്വേഷിക്കാൻ ചെന്നാൽ, വടികൊടുത്ത് അടിവാങ്ങുന്ന പോലെയായതുകൊണ്ട് ഞാൻ അകത്തും പുറത്തുമല്ലാത്തപോലെ അടുക്കളവാതിലിൽ ചാരി ആടിയാടി നിന്നു. പെട്ടന്നാണ് 

ചങ്ങാതിക്കൂട്ടത്തിലേയ്ക്ക് ഓമനക്കുട്ടൻ എന്നെ കൊതിപ്പിക്കുന്ന ഒച്ചയുണ്ടാക്കി ഓടിവന്നത്.  ഞാൻ പയ്യെ ജനലരികിൽ പോയി എത്തി നോക്കി. റോഡുപണിക്കിടയിൽ അവര് കാണാതെ അപ്പൻ അഞ്ചാറ് ചട്ടി മെറ്റല് വാരി  മുറ്റത്തിന്റെ മൂലയ്ക്ക് കൂമ്പാരം കൂടിയിട്ടുണ്ട്. അതാണ് ഞങ്ങളുടെ സ്ഥിരം ഇരിപ്പിടം. മെറ്റലിന്റെ അളവ് കുറയുന്നതിന് അപ്പനെന്നെ ഇടയ്ക്ക് ചെറിക്ക് പിടിക്കാറുമുണ്ട്. ഓമനക്കുട്ടൻ എന്തോ കഥപറയുന്നു. അവൻ്റെ അച്ഛൻ തൊപ്പിയുള്ള പോലീസുകാരനാ. അതുകൊണ്ടുതന്നെ അവൻ ധീരകഥകളൊക്കെ പറയുമ്പോൾ ഞങ്ങൾ ആരാധനയോടെ കേട്ടിരിക്കാറുണ്ട്. ഇന്നത്തെ കഥയിൽ എല്ലാവരും സംസാരിക്കുന്നു, അതിശയം പ്രകടിപ്പിക്കുന്നു ! വിശപ്പിനെ ഞാൻ തൽക്കാലം മറന്നുകളഞ്ഞ്, അമ്മ കാണാതെ പുറത്തുചാടി.  എല്ലാവരും തിരക്കിട്ട് അവനവന്റഎ സിദ്ധാന്തങ്ങൾ വിളമ്പുന്നതിനിടയിൽ മാക്രിമാത്തനാണ് എന്നോട് കാര്യം പറഞ്ഞത്. ‘‘റബ്ബർതോട്ടത്തിനപ്പറത്തെ ആ പഴയ അമ്പലക്കുളത്തിലൊരു ശവം പൊങ്ങി !!  കണ്ടാ തിരിച്ചറിയൂല, ചീഞ്ഞനാറ്റാ, പായേല് പൊതിഞ്ഞ് പോലീസ്സാര് കൊണ്ടോയി. ഓമനക്കുട്ടന്റെ അച്ഛൻ പറഞ്ഞത് അത് ചാത്തൻകുട്ടിയാണെന്നാണ്.’’ 

കിട്ടിയ വിവരം ആദ്യമെത്തിക്കാൻ എല്ലാരും നാലുപാടുമോടി. ഞാനും ഓടി വീട്ടിലേയ്ക്ക്, അമ്മയോട് ഈ ഞെട്ടിക്കുന്ന വാർത്ത പറയാൻ. കേട്ടതും കലിതുള്ളി നിന്ന അമ്മയ്ക്കും പെട്ടന്നെന്തൊരു ഭാവമാറ്റം! ആരാന്റമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോഴാണ് വീട്ടലെ പലരുടെയും ഭ്രാന്തിന് ശമനമുണ്ടാകുന്നത് എന്നതും ഒരു വിരോധാഭാസമാണ്. 

മരണങ്ങളിൽ ജീവനുണരുന്ന നാട്! മരണമാണ് ഏറ്റവും വലിയ ആലോഷമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പന്തലിടാൻ, പെട്ടിവാങ്ങാൻ, കരയാൻ വരെ എല്ലാവർക്കും  ഒരേ മനസ്സ്, ഒരേ ആവേശം! ചില തലതല്ലികരച്ചിലും എണ്ണിപ്പെറുക്കലുകളും, പിന്നെ അതിൻ്റെ ഗുണനിലവാരമനുസരിച്ച് മരിച്ചയാളോടുള്ള സ്നേഹത്തിൻ്റെ തോത് നിശ്ചയിക്കലും ഒക്കെയായി ജീവചരിത്രം ആട്ടക്കഥ  പിന്നേയും കുറേ ദിവസങ്ങളങ്ങനെ അരങ്ങേറും.

മരണം എനിക്കും വലിയ ഇഷ്ടമാ. ആരേലും മരിക്കുമ്പോ തൊട്ടുള്ള കൊതിയാണ്, ഏഴ് അല്ലെങ്കിൽ സഞ്ചയനത്തിനുള്ള പായസത്തോട്. പിള്ളേരുടെ കൊതിക്ക് അഭിമാനപ്രശ്നങ്ങളന്ന്  അനുഭവപ്പെട്ടിരുന്നില്ല. 

പെട്ടന്ന് തന്നെ അവിടെ ആൾക്കൂട്ടമായി ബഹളമായി, രംഗം ഉഷാറായി. നിഗമനങ്ങൾ പലതായി. 

‘‘ഭ്രാന്ത് മൂത്തപ്പോ ചാടിചത്തായിരിക്കും.’’   

‘‘ഏയ്, കൈയ്യിലിരിപ്പതായകൊണ്ട് വല്ലോനും തല്ലികൊന്നിട്ടതായിരിക്കും.’’ 

തല്ലികൊന്നതാണെങ്കിൽ അമ്മയല്ലാതെ പിന്നതാരായിരിക്കും !  എന്നെ ഓടിച്ചിട്ട് ഈർക്കലികൊണ്ട് തല്ലിക്കൊല്ലാൻ നോക്കുന്ന അമ്മയെ മാത്രമേ എനിക്കന്നറിയൂ. 

അധികം താമസിയാതെ ഔദ്യോഗിക അറിയിപ്പെത്തി; 

‘മരിച്ചത് ചാത്തൻകുട്ടി തന്നെ.’

ചാത്തൻകുട്ടി ചേട്ടന്റെ ചത്ത് ചീഞ്ഞ മുഖമെന്റെ ഉൾവായുവിനെ കട്ടിയാക്കി. അവ അകത്തേക്കും പുറത്തേക്കും പോകാൻ വിസ്സമതിച്ച്, കഴുത്തിൽ കട്ടപിടിച്ചു. ഇനി എന്നെ പിൻതുടരാൻ പുതിയൊരു പ്രേതംകൂടി ! കണ്ണുതുറന്നാലും കൈനീട്ടിയാലും എന്നെ പിടിക്കാവുന്ന ദൂരമേയുള്ളൂ.  ചെക്കന്മാരുടെ കൂട്ടത്തിൽ കൂടാൻ അവരെപ്പോലെ ധൈര്യശാലിയായി അഭിനയിക്കുന്ന ഞാൻ എങ്ങനെ ആരോടെങ്കിലും ഈ പ്രേതപ്പേടി പറയും ! ഞാൻ തീർത്തും ഒറ്റയ്ക്കായി. 

അന്ന് പോസ്റ്റ്മോർട്ടം എന്നൊന്നും ആരും പറഞ്ഞുകേട്ടതായി ഓർക്കുന്നില്ല, ഇനി ഉണ്ടായിരിന്നോ, എങ്ങനെ ആളെ തിരിച്ചറിഞ്ഞു എന്നൊന്നുമുള്ള സംശയങ്ങൾ എൻ്റെ ഇളം ബുദ്ധിയിൽ തോന്നിയില്ല. മുറ്റത്ത് പണ്ടേ ഷീറ്റ് വലിച്ച് കെട്ടിയിരുന്നകൊണ്ടും പന്തലിനുള്ള പ്രൗഡി അവർക്കില്ലാഞ്ഞകൊണ്ടും അങ്ങനൊന്നുണ്ടായില്ല. കൂട്ടം കൂടി കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെങ്കിൽ എല്ലാവരിലും  ഒരു ദുർമരണത്തിന്റെ അറപ്പ് കാണുന്നുണ്ടാ. വലിയ സഹാനുഭൂതിയൊന്നും ആരിലുമില്ല.

കിംവദന്തികൾക്കു പക്ഷേ കുറവൊന്നുമില്ലാഞ്ഞകൊണ്ട് ഞങ്ങൾക്ക് അവിടെയുമിവിടെയും നടന്ന് കേൾക്കാനൊരുപാടുണ്ടായിരുന്നു. ശവമെങ്ങനെ കൊണ്ടുവരും, തുറന്നുകാണിക്കാൻ വഴിയില്ല; നാറും, അമ്മയെ ചിലപ്പോ കാണിക്കും എന്നിങ്ങനെ പലതും. അമ്മയെ കാണിച്ചാൽ ആ തക്കത്തിന് എങ്ങനെയും ഒന്നു കാണണമെന്ന് ഞാനും കരുതി, ഇങ്ങനൊരെണ്ണം ഇതുവരെ കണ്ടിട്ടില്ലല്ലോ! 

ഈ മനുഷ്യന് വേണ്ടിയും ആളുകൾ ഇങ്ങനെ കാത്തിരിക്കുമോ!! അക്ഷമരായി രണ്ടുമണിക്കൂറോളം റോഡിന്റെ ഓരം ചേർന്ന് മുതിർന്നവർക്കൊപ്പം ഞങ്ങളും ഇടം പിടിച്ചു. ആളുകൾ കൂടുന്നയിടമായതുകൊണ്ട് പെറ്റിക്കോട്ട് മാറ്റി, താരതമ്യേന ഭേദപ്പെട്ട ഒരുടുപ്പിട്ടിട്ടുണ്ട്, അതിലെനിക്ക് അല്പം അഭിമാനവും തോന്നി. 

കാത്തിരിപ്പിനൊടുക്കമായി. മാക്രിമാത്തൻ പറഞ്ഞപോലെ, പായയിൽ പൊതിഞ്ഞ് നാലഞ്ചുപേര് തോളത്തു വച്ച് കൊണ്ടുവരുന്ന എന്റെ സങ്കല്പങ്ങൾക്ക് മങ്ങലേറ്റിരിക്കുന്നു. പ്രതീക്ഷകളൊക്കെ തെറ്റിച്ച് രാജകീയമായ വരവ്. ഞാൻ അന്നുവരെ കണ്ടിട്ടുള്ളത്തിൽ വച്ച് ഏറ്റവും ചന്തമുള്ള ഒരു വലിയ വെളുത്ത വണ്ടി. ഇംഗ്ലീഷൊക്കെ കൂട്ടിവായിക്കാൻ പഠിച്ചു തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിൽ വണ്ടിയുടെ മുന്നിൽ എഴുതിയത് വായിക്കാൻ ഞങ്ങൾ പരസ്പരം വെല്ലുവിളിച്ചു. ‘ƎƆИA⅃UꓭMA’  പലരും പലതും പറഞ്ഞെങ്കിലും, കുട്ടത്തിൽ പഠിപ്പിൽ അല്പം ഭേദപ്പെട്ട  എൻ്റെ  ‘എംമ്പളം’ എന്ന കണ്ടുപിടുത്തം എല്ലാവരും ശരിവച്ചു. ഞാൻ പെട്ടന്ന് അഹങ്കാരിയായി, ഈ ഇംഗ്ലീഷറിയാത്തവന്മാരാണല്ലോ എൻ്റെ കൂട്ടെന്ന് സ്വയം പരിതപിച്ചു. 

തിക്കിതിരക്കി ഞങ്ങളും വണ്ടിയുടെ പരിസരത്തൊക്കെയെത്തി. പായയിലല്ല, പെട്ടിയിലാണ് ചേട്ടന്റെ കിടപ്പ്. ഇത്രയും നേരം വെള്ളത്തിൽ കിടന്നകൊണ്ട് നാറ്റം വരാതെ പെട്ടിയിലാക്കിയിരിക്കുവാണെന്ന് അതിനിടയിൽ നിന്ന് ആരോ പറഞ്ഞു കേട്ടു. ചന്ദനത്തിരി, കർപ്പൂരം, കുന്തിരിക്കം എന്നുവേണ്ട പുകയും മണവുമുള്ള എല്ലാം വാരിക്കോരി കത്തിക്കാൻ തുടങ്ങി. അന്നുമുതൽ പിന്നിങ്ങോട്ട് എക്കാലവും എനിക്ക് ചന്ദനത്തിരിമണമറിഞ്ഞാൽ ഉളളിൽ പതുങ്ങിയിരിക്കുന്ന പ്രേതങ്ങൾക്ക് പ്രാണവായു കൊടുക്കുന്നപോലെയാകും. 

പെട്ടി പയ്യെ  മുറ്റത്തോട്ട് എടുത്ത് വച്ചതും വീടിന്റെ ഉള്ളിൽ നിന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മയും ഫുൾപ്പാവാടയും ഷർട്ടുമിട്ട, പൊക്കത്തിൽ ഒരിഞ്ചൊക്കെവച്ച് വ്യത്യാസമുള്ള അഞ്ചാറ് ചേച്ചിമാരും പുറത്തെത്തി. എല്ലാവരും ഏറെക്കുറേ ഒരുപോലൊക്കെ. 

ചാത്തൻകുട്ടി ചേട്ടന് മൂന്ന് ചേട്ടൻമാർ കുടിയുള്ളത് എനിക്കറിയാം, പുറത്തുപോകുന്നതും വരുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെയാരാ, ആവോ ! ഇത്രയും പേർ ഈ വീടിനകത്തെ അന്തേവാസികളാണെന്ന്  പിന്നീടാണറിഞ്ഞത്. പട്ടിണി മൂത്ത് ഭ്രാന്തായ കുടുംബമാണെന്നതും വൈകി വന്ന തിരിച്ചറിവാണ്. 

അപ്പോഴേയ്ക്കും ഇത്തിരിപ്പാേന്ന മുറ്റത്ത് തിക്കിഞെരുക്കി ആളുകൾ ബഹളമായി. വലിയ കാലുകൾക്കിടയിൽ കൈയ്യും തലയുമിട്ട് ഇടമുണ്ടാക്കി ഞാൻ ഒരുതരത്തിൽ പെട്ടിയുടെ ഒരുവശത്തായി എത്തിപ്പെട്ടു. ‘പെട്ടി തുറക്കരുത്, അവിടെ തൊടരുത്, ഇവിടെ പിടിയെടാ..’ എന്നൊക്കെയുള്ള ആക്രോശങ്ങൾക്കിടയിലും, ‘എന്റെ പൊന്നുമോനേ, അമ്മയ്ക്ക് നിന്നെ ഒന്നൂടെ കാണണോടാ’ എന്ന അലർച്ച ശ്രദ്ധിക്കപ്പെട്ടു. എനിക്കാദ്യമായി അവരോട് അലിവുതോന്നി. എനിക്ക് മാത്രമല്ല, വേറെ ആർക്കോ കൂടി തോന്നി. 

‘‘അമ്മയെ എന്തായാലുമൊന്ന് കാണിച്ചിട്ട് കൊണ്ടുപോയാൽ മതി.’’ അയാളൊറ്റയ്ക്ക് ഉച്ചത്തിൽ തീരുമാനിച്ചു. 

അങ്ങനെ പെട്ടി പയ്യെ തുറക്കാൻ തുടങ്ങുന്നു. സ്ത്രീകൾ സാരിതുമ്പുകൊണ്ടും പുരുഷന്മാർ കൈമുട്ടുകൊണ്ടും നേരത്തേതന്നെ മൂക്കുപൊത്തിത്തുടങ്ങി. പുക നിറഞ്ഞിട്ട് കൃത്യമായൊന്നും കാണാതായി. ആകാംഷകൊണ്ട് എല്ലാവരും തന്നെ പാദങ്ങളിൽ നിന്ന് പെരുവിരളിലേയ്ക്ക് ശരീരത്തെ നിയന്ത്രിച്ച് നിർത്താനുള്ള ശ്രമമാരംഭിച്ചിരിക്കുന്നു. 

ഒരു വശത്തുനിന്ന് പെട്ടിയുടെ അടപ്പ് തുറന്നു തുടങ്ങിയതും, തലകളൊക്കെ അങ്ങോട്ട് ആകർഷിക്കപ്പെട്ടു. കാണുന്നതും ശ്വസിക്കുന്നതും പുകതന്നെ. പേടിച്ചിട്ട് ഞാൻ അടുത്തുനിന്ന കാലിൽ വട്ടം പിടിച്ചു. കരച്ചിലുകളുടെ ഒച്ചയും കൂടി. 

‘‘ഒന്ന് കണ്ടിട്ട് പെട്ടന്നടച്ചോ .’’ പിന്നാലെ നിന്ന് ഒരു ശബ്ദം. 

‘‘ഇയാളെന്തു പേടിതൊണ്ടനാ, കാണാൻ പേടിയാണേൽ പിന്നെന്തിനാ ഇങ്ങു പോന്നേ?’’ 

ആ ബഹളത്തിനിടയിൽ എൻ്റെ ശബ്ദം ആര് കേൾക്കാൻ! എനിക്കെങ്ങനെയും കണ്ടേ മതിയാകൂ, ഈ കാര്യത്തിൻ ഞാൻ കൂട്ടുകാർക്കായി കാത്തുനിന്നില്ല. പെട്ടിയുടെ തുറന്നവശത്തേയ്ക്ക്  കുത്തിഞെരുക്കി എത്തി. എന്നെ മുടിക്ക് പിടിച്ച് ആരോ ശകാരിച്ചു. ‘‘എങ്ങോട്ടാണീ പോണത്, മാറിപ്പോടി.’’ വഴക്കും വേദനയും എനിക്ക് ഏശിയതേയില്ല. മുന്നോട്ട് വച്ച കാല് മുന്നോട്ട് തന്നെ. 

ഇത്രയൊക്കെ അദ്ധ്വാനിച്ചത് വെറുതെയായി. പെട്ടിയ്ക്കകത്ത് ഒരു വെള്ള തുണിയിൽ മുഴുവനായും പൊതിഞ്ഞ് നേർത്ത ഒരു വള്ളി കൊണ്ട് വലിച്ചു മുറുക്കി കെട്ടിയിരിക്കുന്നു. 

‘‘ആ തുണി അഴിക്കാൻ പറ്റില്ലാ..’’ ഓമനക്കുട്ടന്റെ അച്ഛൻ കല്പനയിറക്കി. പെട്ടി വീണ്ടും അടയ്ക്കപ്പെട്ടു. ‘‘ഇയാളാരാ അത് തീരുമാനിക്കാൻ, എനിക്ക് കാണണം.’’ പോലീസുകാരനോട് ഉറക്കെ ചോദിക്കാനുള്ള വലിപ്പമില്ലാത്ത എന്റെ മനസ്സ് പയ്യെ പ്രാകി.  സർവ്വശക്തിയുമെടുത്ത് വീണ്ടും വീണ്ടും ആഞ്ഞു വലിച്ച് നോക്കിയിട്ടും എനിക്ക് ശവം ചീഞ്ഞ മണമേതാണെന്ന് മനസ്സിലായില്ല. മരണത്തിൽ തോന്നാത്ത വേദന, ആ ചീർത്തു ചീഞ്ഞ മുഖം കാണാനാവാത്തതിൽ എനിക്കും, പിന്നെ എല്ലാവർക്കും തോന്നി.  

വലിയ താമസമില്ലാതെ ശവം തിരിച്ച് വണ്ടിയിൽ കയറ്റാനാനുള്ള ശ്രമമായി. മാക്രിമാത്തനും ഓമനക്കുട്ടനും ജോസപ്പും ഞാനും കൂടിയാലോചന തുടങ്ങി. ‘‘ശവം കത്തിക്കുന്നതെങ്ങനാ, ചൂട്ടുകൊണ്ടാണോ?’’ ജോസപ്പന് റെസംശയത്തിന്  ആർക്കും കൃത്യമായ ഉത്തരമില്ലായിരുന്നു.

‘‘ഞങ്ങളേക്കെ കത്തിക്കൂലാ, കുഴിച്ചിടുവാ. ഇന്നാള് എൻ്റപ്പാപ്പൻ മരിച്ചപ്പോ വല്യ കുഴിലേക്ക് വള്ളിയൊക്കെ കെട്ടിയാ ആ പെട്ടി അങ്ങനെ എറക്കിയേ. കാണണ്ട കാഴ്ചയാ!  ഞാൻ ദേ ഇങ്ങനെ തൊട്ടടുത്തുന്ന് കണ്ടതാ.’’

ആത്മപ്രശംസ കലർന്ന ആത്മഗതം കൂടി അവൻ കൂട്ടിച്ചേർത്തു. എനിക്കും മാത്തനും ആവേശമായി. ഒന്ന് ആഞ്ഞ് ഓടിയാൽ എത്താവുന്ന ദൂരമേയുള്ളൂ ശ്മശാനത്തിലേയ്ക്ക്. സ്കൂളിലേക്ക് ചുറ്റിക്കറങ്ങിപ്പോകുന്ന വഴിയിൽ നിന്ന് നോക്കിയാൽ കാണാവുന്നതാണ് ശ്മശാനം. 

ആലോചിക്കാനോ വീണ്ടുവിചാരത്തിനോ സമയമില്ല.  ഓമനക്കുട്ടൻ പക്ഷേ നിലപാടു മാറ്റി. ഞങ്ങളെയും പിൻതിരിപ്പിക്കാനുള്ള ശ്രമത്തിൽ മാക്രിമാത്തൻ വീണു. ഞാനും എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് മൂപ്പുള്ള ജോസപ്പും, അവന്റെ വാലായി നടക്കുന്ന അനിയൻ അന്ത്രുവും ശവക്കോട്ട ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. ഒരല്പം കയറ്റം കയറി വേണം അവിടെയെത്താൻ. ശ്വാസംമുട്ടിത്തുടങ്ങി. എന്നാലും വണ്ടിയെത്തും മുമ്പേ ഞങ്ങളെത്തി. പണ്ട് കെട്ടിടം പണിയാൻ ചെങ്കല്ല് വെട്ടിയെടുത്ത ഒരു വലിയ കുഴിയെ രൂപം മാറ്റി ശ്മശാനമാക്കിയതാണ്.  കല്ലുവെട്ടിയുണ്ടാക്കിയ ചവിട്ടുപടികൾ ഇറങ്ങിവേണം മുഴുവൻ തുറന്നുകിടക്കുന്ന ശ്മശാനത്തിന് ഉളളിൽ കയറാൻ. ഞങ്ങൾ അതിൻ്റെ മുകളിൽ ഒരുവശത്തായി സ്ഥാനം പിടിച്ചു.  അവിടെ നിന്നാൽ എല്ലാം കാണാം. ആരും ഓടിച്ചു വിടുകയുമില്ല. താമസിയാതെ വണ്ടിയുമെത്തി. സ്ത്രീകളാരുമില്ല കൂടെ. പെണ്ണുങ്ങളിതൊന്നും കാണാൻ പാടില്ലാന്നാ വിശ്വാസമെന്ന് ജോസപ്പ് പറഞ്ഞു. ദുഷ്ടൻ, അവിടെ വച്ച് അവനത് പറഞ്ഞില്ല. കണ്ടാലെന്താകുമെന്ന പേടി എനിക്ക് കൂനുമ്മേൽ കുരുപോലെയായി. വന്ന സ്ഥിതിക്ക് കാണാതെ പോകാനും വയ്യ. 

പെട്ടിയിൽ നിന്ന് പുറത്തെടുത്ത വെള്ള പൊതിഞ്ഞ ശരീരം പടികളിറക്കി താഴെയെത്തിച്ച് നിലത്ത് വച്ചു. തൊട്ടടുത്തായി ഒരാൾവലുപ്പത്തിൽ കുറച്ച് കമ്പുകളും കോലുകളും നിരത്തിയിട്ടുണ്ട്. പ്രാർത്ഥനപോലെ ഒരാൾ എന്തോ ചിലതൊക്കെ പറയുന്നു, ശവമെടുത്ത് കമ്പുകൾക്ക് മേലെ വച്ചു. പിന്നെ ചാണകം വട്ടത്തിൽ പരത്തി ഉണക്കിയവ അതിനു മുകളിലായി അടുക്കിയടുക്കി വച്ചു. അധികം താമസിയാതെ ശവം കാണാതായി.  ആരാണതിന് തീകൊളുത്തിയതെന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല. നാലുവശത്തുനിന്നും തീ പടർന്നുകയറാൻ തുടങ്ങുന്നു. മുകളിൽ നിൽക്കുന്ന ഞങ്ങളെ ലക്ഷ്യമാക്കി പുക പാഞ്ഞെത്തി. പേടിച്ചരണ്ട ഞാനാണ് ഏറ്റവും മുന്നിലോടി തിരിച്ചെത്തിയത്. 

ചാത്തൻകുട്ടി ചേട്ടന്റെ പ്രേതപ്പുക പിൻതുടരുന്നുണ്ടെന്ന തോന്നൽ എന്നെ വല്ലാതെ ഭയപ്പെടുത്തി, എൻ്റെ ഓട്ടത്തിൻ്റെ വേഗത കൂടി. പണ്ട് കാണുമ്പോൾ പേടി തോന്നിയിരുന്ന രൂപം ഇപ്പോൾ സർവ്വവ്യാപിയായി, പുകയായി, വായുവായി, ശ്വാസമായി. ഞാൻ ശ്വസിക്കുന്നതിനൊക്കെ ചാണകം കരിച്ച മണം!! 

അന്ന് ഞാൻ കുളിച്ചില്ല, കുളിമുറിയിൽ കയറിയപ്പോ, ജനലരികിൽ പുക കണ്ടപോലൊരു തോന്നൽ. അമ്മയോട് എന്തെന്നില്ലാത്ത സ്നേഹം, അടുക്കളയിൽ അമ്മയ്ക്കരിൽനിന്നു ഞാൻ മാറിയില്ല. അമ്മയും കുളിക്കാൻ പോകാതിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചുപോയി. പിന്നീടൊരുപാടു കാലം കണ്ണുതുറന്നു മാത്രമാണ് ഞാൻ സോപ്പിട്ടിരുന്നതും കുളിച്ചിരുന്നതും. കണ്ണടച്ചാലുള്ള ഇരുട്ട് എൻ്റേത് മാത്രമാണെന്ന് അന്നറിയില്ല. വിറച്ചു വിറങ്ങലിച്ച് ഞാനാദിവസങ്ങളിലൊക്കെ രാത്രി കിടന്നുമുള്ളുമായിരുന്നു. രാവിലെ എണീക്കുമ്പോ ആ വകയിൽ കുറേ ചീത്തവിളിയും നാണക്കേടിന്റെ ഭാരവും വേറെ. 

ദിവസങ്ങളങ്ങനെ പയ്യെ കടന്നുപോയി, പേടി മാത്രം പോയില്ല. അപ്പോഴാണ് ഓമനക്കുട്ടൻ ആഴ്ച്ചപ്പതിപ്പിന്റെ പുതിയ ലക്കം ഇറക്കിയത്. ചാത്തൻകുട്ടി ചേട്ടന്റെ അസ്ഥിയും ചാരവും വാരി എവിടെയോ ഒഴുക്കിയെന്ന്. അങ്ങനൊന്ന് ഞാനാദ്യമായി കേൾക്കുന്നതാ. അതെന്തിനാണെന്ന എന്റെ സ്വാഭാവിക സംശയത്തിന് , ആത്മാവിനെ ഈ ലോകത്തുനിന്ന് എന്നേയ്ക്കുമായി പറഞ്ഞുവിട്ടു, ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. അവനെ പഠിപ്പിച്ച ‘ദൈവവിശ്വാസി’ നല്ലവനാണ്. എനിക്കതൊരു വലിയ ആശ്വാസമായി.  ഓമനക്കുട്ടന് വാർത്തകൾക്ക് ക്ഷാമമില്ല, അവൻ അടുത്തതിലേയ്ക്ക് കടന്നു. ശവം ചത്തുപൊങ്ങിയ റബ്ബർത്തോട്ടത്തിനുത്തുള്ള പഴയ അമ്പലക്കുളം വൃത്തിയാക്കിയെടുക്കാൻ പോകുന്നുവെന്ന്. 

അല്പമൊന്ന് ആശ്വസിച്ച എനിക്ക് പെട്ടന്ന് ഷോക്കടിച്ചപോലെ. ഞാൻ സൂക്ഷിച്ചുവച്ചത് ആ കുളത്തിലെ താമരപ്പൂവല്ലേ ! അതും 

ചാത്തൻകുട്ടി ചേട്ടൻ വരച്ചത്. പെട്ടന്നു തന്നെ കളം വിട്ട് ഞാൻ ഓടി വീട്ടിലെത്തി. പഴയൊരു മാസികയ്ക്കകത്താണ് അത് വച്ചിരിക്കുന്നത്. ഇനി അതിലെങ്ങാനും ആത്മാവിന്റെ വല്ല അംശവുമുണ്ടെങ്കിലോ !  തൊടാനെനിക്ക് പേടിയായി. പയ്യെ മാസികയുടെ ഒരറ്റത്തു തൂക്കിപ്പിടിച്ച് ഞാനത് വീടിന്റെ പുറകിലെ പടിയിൽ കൊണ്ടിട്ടു. ഓമനക്കുട്ടന്റെ ആദ്യ കഥ പിന്നെയും ഓർമ്മയിൽ വന്നു. അതെ, ഇതും കത്തിച്ച് അസ്ഥിയും ചാരവും ഒഴുക്കാൻ ഞാൻ തീരുമാനിച്ചു. തീയുണ്ടാക്കി കളിക്കുന്നതിന് എനിക്ക് വഴക്ക് കേൾക്കുന്നത് പുത്തരിയല്ല. ഞാൻ അമ്മകാണാതെ തീപ്പട്ടി എടുത്ത് ആരെങ്കിലും വരുന്നതിനു മുമ്പ് മാസികയോടുകൂടി തന്നെ കത്തിച്ചു. തീപ്പട്ടി മുക്കാലോളം തീരാറായി, കൈയ്യുമല്പമൊന്നു പൊള്ളി. രണ്ടും ഞാൻ ഗൗനിച്ചില്ല. അടുത്തത് ചാരം വാരൽ. അതിനു ചെറു ചൂടുണ്ട്. പെറ്റിക്കോട്ടിൻ്റെ അടിവശം കൊണ്ട് തുടച്ചുകൂട്ടി. പയ്യെ കൈകൊണ്ട് തട്ടി പെറ്റിക്കോട്ടിലേയ്ക്കിട്ടു. അതുംകൊണ്ടോടി അടുക്കളയിലെ വെള്ളം പോകാനിട്ടിരിക്കുന്ന ഓവിലൂടെ ഒഴുക്കിവിട്ടു. ഭാഗ്യത്തിന് പുറകുവശത്ത്  അലക്കുകല്ലിനോട് ചേർന്ന് ഒരു പൈപ്പും ഉണ്ടായിരുന്നു. കൈയ്യിലും പെറ്റിക്കോട്ടിലും ഒട്ടിപ്പിടിച്ചതിനെയൊക്കെ അവിടെ കഴുകി ആത്മാവിന്റെ അവസാന തരിയും ഒഴുക്കി കളഞ്ഞ് മോക്ഷം കൊടുത്തു. എന്തൊരാശ്വാസം ! 

ഇങ്ങനെയൊക്കെ ആണെങ്കിലും ഭയം പൂർണ്ണമായും എന്റെ പിടിവിട്ടില്ല. എങ്കിലും ചിന്തകൾ വഴിമാറിത്തുടങ്ങിയപ്പോൾ, ഭയത്തിനും വഴിമാറാതെ തരമില്ലെന്നായി. അഞ്ചാറുമാസം കടന്നുപോയി. ക്രിസ്മസ്സ് പരീക്ഷയുടെ അവസാനത്തെ ദിവസം. ഒന്നിടവിട്ട ക്ലാസ്സുകാർക്ക് രാവിലെ ആണെങ്കിൽ, മറ്റു ക്ലാസ്സുകാർക്ക് ഉച്ചയ്ക്കാണ് പരീക്ഷ. കൂട്ടത്തിൽ എനിക്ക് മാത്രം ഉച്ചയ്ക്ക് ശേഷമാണ്. വൈകുന്നേരം അവസാനത്തെ പരീക്ഷയും തീർന്ന് അവധി തുടങ്ങുന്നതിൻ്റെ സന്തോഷത്തിൽ ഓടിക്കിതച്ചാണ് മടങ്ങിയെത്തിയത്.  ദൂരെനിന്നുതന്നെ അവധി ആദ്യം തുടങ്ങിയ കൂട്ടരുടെ ബഹളങ്ങൾ കേൾക്കാം. ഓമനക്കുട്ടന്റെ പുതിയ കഥകേൾക്കാൻ യൂണിഫോമിൽ തന്നെ ബാഗുംകൊണ്ട് ഞാനും കൂടെക്കൂടി. എന്നെനോക്കി അവനൊന്ന് നെടുവീർപ്പിട്ടു. ‘‘നീ ഒറ്റയ്ക്കാണോ വന്നേ ? റബ്ബർത്തോട്ടത്തിലൂടെയാണോ പോന്നത്? ഭാഗ്യമായി നീ തിരിച്ചെത്തിയത്.’’ കാര്യമറിയാൻ ഞാൻ എല്ലാരേയുമൊന്ന് നോക്കി. ഓമനക്കുട്ടൻ ആ സത്യം പറഞ്ഞു. ‘‘ചാത്തൻകുട്ടി ചേട്ടൻ്റെ പ്രേതം റബ്ബർത്തോട്ടത്തിൽ ആരോ കണ്ടു.’’

എന്റെ കാൽമുട്ടുകൾ കൂട്ടിയിടിച്ചു. പിന്നെയൊന്നും കേൾക്കാൻ നിന്നില്ല, ഓടി വന്ന് കട്ടിലിൽ ചുരുണ്ടു കിടന്നു. എന്നെപ്പിടിക്കാനായിരിക്കും റബ്ബർത്തോട്ടത്തിലെത്തിയത്. ഞാൻ താമര കത്തിച്ചതായിരിക്കും കാരണം. രക്ഷപ്പെടാൻ ഒരു പോംവഴിയും മുന്നിൽ കാണുന്നില്ല. സ്കൂള് പൂട്ടിയത് നന്നായി. ഇനി പത്ത് ദിവസത്തേയ്ക്ക് ആ വഴി പോകണ്ടല്ലോ. എന്നാലും, ഒരു സമാധാനവുമില്ല. ആ അവധിക്കാലം ഞാൻ അധികം പുറത്തിറങ്ങിയില്ല. നല്ലകുട്ടി ചമഞ്ഞ് അടുക്കളയിൽ അമ്മയ്ക്ക് സഹായിയായി കൂടി. അമ്മക്ക് പോലും അതിൽ അത്ഭുതം തോന്നി, പക്ഷേ ഞാൻ പിടികൊടുത്തില്ല. 

പെട്ടന്നൊരു ദിവസം പതിവില്ലാതെ അമ്മമാരുടെ സമ്മേളനം, കമ്പിവേലിയിൽ പിടിച്ച് ഇപ്പുറത്ത് അമ്മയും, അപ്പുറത്ത് വേറെ മൂന്ന്നാല് അമ്മച്ചിമാരും. ജനലരികിൽ നിന്ന് ഞാനും എത്തിനോക്കി  കേൾക്കാൻ ശ്രമിച്ചു. ജാനകിയമ്മ പറയുന്ന കേട്ടു, ‘‘ഇതൊരു ചതിയായിപ്പോയി, ചത്തെന്ന് കരുതി അവറ്റകളിത്തിരി സമാധാനിച്ചതാ. ഇനി ശരിക്കും ചാകുമ്പോഴും കൊണ്ടുപോയി കത്തിക്കണ്ടേ.’’  കാര്യം വ്യക്തമാവാതിരുന്നകൊണ്ട് അമ്മ കയറി വന്നപ്പോ ജാനകിയമ്മ പറഞ്ഞതെന്താന്ന് ഞാനൊന്ന് ചോദിച്ചു. 

‘‘അന്ന് ചാത്തൻകുട്ടിയല്ല മരിച്ചത്, വേറാരോ ആയിരുന്നു. അവനെവിടോ തെണ്ടിത്തിരിഞ്ഞ് തിരിച്ചെത്തി.’’

അപ്പോ പിന്നെ മരിച്ചതാരായിരുന്നു ? ആവോ, മരിച്ചയാൾ പോലും മറന്നിരിക്കുന്നു, പിന്നെ ഇനി അതിനെന്തു പ്രസക്തി! 

വേർപാടിന്റെ വേദനയൊക്കെ തീർന്ന് ആശ്വസിക്കാൻ തുടങ്ങിയപ്പോ മരിച്ചവൻ മടങ്ങിയെത്തിയതിന്റെ വേദന ആ വീട്ടിൽ തളം കെട്ടി നിന്നു. ചാത്തൻകുട്ടി ചേട്ടന്റെ പുനർജന്മത്തിൽ ആത്മാർത്ഥമായി സന്തോഷിച്ചത് ഞാൻ മാത്രമാണ്. താമരയുടെ അസ്ഥികളെ ഇനി പേടിക്കണ്ടാലോ!

English Summary: Writers Blog - Cheruverukal - Malayalam short story by Elsamma Tharian

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;