ADVERTISEMENT

പായൽ കപാഡിയ സംവിധാനം ചെയ്ത എ നൈറ്റ്‌ ഓഫ് നോയിങ് നത്തിങ് (A Night of Knowing Nothing) എന്ന സിനിമ ഇക്കഴിഞ്ഞ കാൻ ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ അവാർഡ് നേടി. 27 സിനിമകളില്‍ നിന്നാണ് ഇതു തിരഞ്ഞെടുക്കപ്പെട്ടത്. ചിലെയൻ ഡോക്യുമെന്ററി സംവിധായകൻ പട്രീസിയോ ഗുസ്മാൻ, ഫ്രഞ്ച് ചലച്ചിത്ര സംവിധായിക ആഗ്നസ് വർദ എന്നിവര്‍ക്ക് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ എസ്ര എഡൽമാൻ അധ്യക്ഷനായ ജൂറി, പുരസ്കാര പത്രത്തില്‍ ഇപ്രാകരം രേഖപ്പെടുത്തി: ‘‘വ്യക്തിപരവും രാഷ്ട്രീയവും ആയ വശങ്ങൾ ആകർഷകമായ രീതിയിൽ സമന്വയിപ്പിച്ച കലാപരമായ കാഴ്ചപ്പാട്... ഒരു ആദ്യ സിനിമയായതിനാൽ ഇത് കൂടുതൽ ആശ്ചര്യപ്പെടുത്തുന്നു.’’ ഈ വർഷം അവാർഡിനായി മത്സരിക്കുന്ന 28 ചിത്രങ്ങളിൽ അമേരിക്കൻ സംവിധായകൻ ഒലിവർ സ്റ്റോണിന്റെ കെഎഫ്കെ റീവിസിറ്റഡ്: ത്രൂ ദ് ലുക്കിങ് ഗ്ലാസ് (JFK Revisited: Through the Looking Glass, Oliver Stone), ബ്രിട്ടിഷ് സംവിധായകൻ ആൻഡ്രിയ അർനോൾഡിന്റെ കൗ (Cow, Andrea Arnold), അമേരിക്കൻ സംവിധായകൻ ടോഡ് ഹെയ്‌നസിന്റെ ദ് വെൽവെറ്റ് അണ്ടർഗ്രൗണ്ട് (The Velvet Underground, Todd Haynes), ഇറ്റാലിയൻ സംവിധായകന്‍ മാർക്കോ ബെല്ലോച്ചിയോയുടെ മാർക്‌സ് കാൻ വെയ്റ്റ് (Marx Can Wait, Marco Bellocchio) എന്നിവ ഉൾപ്പെടുന്നു.

2015 ൽ ഗജേന്ദ്ര ചൗഹാനെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാരഥിയായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിദ്യാർഥികളുടെ സമരമാണ് എ നൈറ്റ്‌ ഓഫ് നോയിങ് നത്തിങ് എന്ന സിനിമയുടെ പശ്ചാത്തലം. ഇന്ത്യയിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാരാണ് അദ്ദേഹത്തെ നിയമിച്ചത്.1980 കളിൽ ടിവിയിൽ ഹിന്ദു മിത്തോളജിക്കൽ കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ജനപ്രിയനായ ഒരു നടനാണ് അദ്ദേഹം. ബിജെപിയുമായുള്ള ബന്ധവും ആർഎസ്എസിനെ പിന്തുണച്ചതുമാണ് ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിയമിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. എഫ്‌ടിഐഐയിൽ മാത്രമല്ല, നിരവധി ആർഎസ്‌എസ് അനുഭാവികളെ പൊതു ധനസഹായമുള്ള പല സ്ഥാപനങ്ങളിലും നിയമിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ, ഗിരീഷ് കർണാട്, യു.ആർ.അനന്തമൂര്‍ത്തി മുതലായ രാജ്യാന്തര പ്രശസ്തരായ പ്രഗത്ഭരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കാനുള്ള ചൗഹാന്റെ കഴിവിൽ വിദ്യാർഥികൾ സംശയാലുക്കളായിരുന്നു.

എന്നാല്‍ ഈ സംഭവത്തെ നേരിട്ട് അവതരിപ്പിക്കുകയല്ല സംവിധായിക. സിനിമ തുടങ്ങുമ്പോള്‍ സ്ക്രീനിൽ ഇപ്രകാരം എഴുതിക്കാണിക്കുന്നു: ‘‘ഫിലിം ആന്‍ഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു ഹോസ്റ്റലിലെ എസ് 18 ലെ ഒരു അലമാരയ്ക്കുള്ളിൽ ന്യൂസ്പേപ്പര്‍ കട്ടിങ്ങുകള്‍, ഉണങ്ങിയ പൂക്കൾ, മെമ്മറി കാർഡുകൾ എന്നിവയടങ്ങിയ ഒരു പെട്ടി കണ്ടെത്തി. അതില്‍ ഫിലിം സ്‌കൂളിലെ ഒരു വിദ്യാർഥി തന്റെ കാമുകന് ( ‘കെ’ എന്നുമാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്) എഴുതിയ കത്തുകളും ഉണ്ടായിരുന്നു. അതില്‍ അവളുടെ പേര് ‘എൽ’ എന്നുമാത്രമാണ് എഴുതിയിരിക്കുന്നത്. ഈ കത്തുകള്‍ വായിക്കുന്ന അവളുടെ ശബ്ദത്തിലൂടെയാണ് നാം എല്ലാം അറിയുന്നത്. കാമുകന്‍ മറുപടി അയയ്ക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും അവള്‍ കത്തെഴുതുന്നത് തുടര്‍ന്നു. അവളുടെ കൂടെ പഠിക്കുന്ന വിദ്യാർഥിയാണ് അയാള്‍. താഴ്ന്ന ജാതിയിലുള്ള അവളെ വിവാഹം കഴിക്കുന്നതില്‍ അയാളുടെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പാണ്. അതിനാല്‍ പഠനം തുടരാൻ അയാളെ അവര്‍ അനുവദിക്കുന്നില്ല. (ഈ സിനിമ ജോണ്‍ ഏബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന സിനിമയെ ഓര്‍മിപ്പിക്കുന്നു. അതില്‍ പ്രധാന കഥാപാത്രം തന്റെ യാത്രാനുഭവങ്ങള്‍ അമ്മയെ അറിയിക്കുകയാണല്ലോ).

“സമരം നടന്ന ആ രാത്രി ഓർമയുണ്ടോ? മരങ്ങൾക്കടിയിൽ ആരോ പ്രൊജക്ടറുകൾ സ്ഥാപിച്ചിരുന്നു. നീ എന്റെ അടുത്തായിരുന്നു ഇരുന്നത്. ഞാൻ നിന്റെ തോളിൽ തല ചായ്ച്ചു. വിളറിയ പ്രൊജക്ടർ വെളിച്ചത്തിൽ... എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല... പെട്ടെന്ന് നമ്മള്‍ ചുംബിച്ചു” – അവൾ എഴുതി. കാമുകന്‍ വിട്ടുപിരിഞ്ഞ കാമുകിയാണ് കത്തുകള്‍ എഴുതുന്നതെങ്കിലും, അവളുടേത്‌ വിലക്കപ്പെട്ട പ്രണയം ആണെങ്കിലും അതിൽ അതിവൈകാരികത തീരെയില്ല. (മറ്റൊന്ന്, അവള്‍ വായിക്കുന്ന കത്തിലെ സംഭവങ്ങളല്ല സിനിമയില്‍ അവതരിപ്പിക്കുന്നത്‌. അതായത്, സാധാരണ സിനിമകളിലേതു പോലെ ശബ്ദങ്ങള്‍ക്ക് ചേര്‍ന്ന ദൃശ്യങ്ങള്‍ അല്ല, അല്ലെങ്കില്‍ തിരിച്ചും). ‘പ്രിയനേ’ എന്ന് അഭിസംബോധന ചെയ്യുന്ന കത്തുകളില്‍ അവരുടെ ബന്ധത്തോടൊപ്പം തെളിയുന്നത് അവളുടെ ചുറ്റുപാടിൽ സംഭവിക്കുന്ന സമൂലമായ മാറ്റങ്ങളാണ്. അവള്‍ എഴുതി: “ക്യാംപസിൽ ജീവിതം ദൃഷ്കരമാവുകയാണ്. നീ പോയതിന് ശേഷം ഭരണകൂടം ഞങ്ങൾക്ക് എതിരെ തിരിഞ്ഞു. സമരം ചെയ്തതിന് അവർ ഞങ്ങളെ ശിക്ഷിക്കുകയാണെന്ന് ഞാൻ കരുതുന്നു”.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുതൽ, ജവാഹർലാൽ നെഹ്‌റു, ജാമിയ മിലിയ സർവകലാശാലകൾ ഉൾപ്പെടെ ഇന്ത്യയിലെ മറ്റു ക്യാംപസുകളിൽ വരെയുള്ള വിദ്യാർഥി പ്രതിഷേധങ്ങൾ പോലുള്ള വലിയ സാമൂഹിക പ്രശ്‌നങ്ങൾ കത്തിലൂടെ അവതരിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകര്‍ക്കാനുള്ള സർക്കാർ നീക്കങ്ങൾ മാത്രമല്ല, ന്യൂനപക്ഷങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്നതും രോഹിത് വെമുലയുടെ ആത്മഹത്യയും പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധവും ഗൗരി ലങ്കേഷ് വധം, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിനികൾക്കു നേരെ പൊലീസിന്റെ ബലാത്സംഗ ഭീഷണി. ദലിത് വിദ്യാർഥികളെ തൊട്ടുകൂടാത്തവർ എന്ന് വിളിച്ചുള്ള അധിക്ഷേപം. മിശ്രവിവാഹം മൂലമുള്ള മരണം. ട്രംപിന്റെ വിജയം, ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് കൊല എന്നിവയെല്ലാം അവള്‍ കത്തുകളിലൂടെ അവതരിപ്പിക്കുന്നു. സമകാലിക ഇന്ത്യനവസ്ഥയുടെ ഒരു പരിച്ഛേദം.

അർധരാത്രി നടത്തിയ ഉപരോധത്തിൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. വിദ്യാർഥികളെ ദേശവിരുദ്ധരെന്നും ഹിന്ദു വിരുദ്ധരെന്നും വിളിച്ച് അവരുടെ വീര്യം കെടുത്താന്‍ ശ്രമിച്ചു. തുടർന്ന്, വിദ്യാർഥികൾക്ക് പൊതുജന സഹതാപം നഷ്ടപ്പെട്ടു. നിരവധി വിദ്യാർഥികൾ നിരാഹാര സമരം നടത്തി, അതിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരം തുടരാൻ കഴിയാതെ വന്നതോടെ, 139 ദിവസം പിന്നിട്ട സമരം അവസാനിപ്പിച്ചു.

സിനിമയില്‍ ഒരിടത്ത് പെണ്‍കുട്ടി കത്തിൽ ഇപ്രകാരം എഴുതി: “...ഓരോ ദൃശ്യവും വേഗത്തിലും ഭയാനകമായും അപ്രത്യക്ഷമായി. ഹിംസയുടെ ക്ഷണികമായ ഓർമ". പിന്നെ, ഓർമ എങ്ങനെ മാറ്റി എഴുതപ്പെടുകയും ‘ചരിത്രം’ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വരിയും ഉണ്ട്. ഇതേക്കുറിച്ച് സംവിധായിക പറയുന്നു: “ഈ ചിന്തകൾ മിലൻ കുന്ദേരയുടെ "അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടം മറക്കുന്നതിനെതിരായ ഓർമയുടെ പോരാട്ടമാണ്" എന്ന വരികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചരിത്രത്തെ മായ്ച്ചുകളയാനും തിരുത്തിയെഴുതാനുമുള്ള തീവ്ര ശ്രമങ്ങൾ നടക്കുന്നു”.

അവളുടെ കത്തിന്റെ മാര്‍ജിനിൽ അവള്‍ വരച്ച ചിത്രങ്ങൾ ഉണ്ടായിരുന്നു. പരിചിതമല്ലാത്തതും പലപ്പോഴും കൈകൾ പോലെ കാണപ്പെടുന്നതുമായ രൂപങ്ങൾ. അത്തരം രേഖാ ചിത്രങ്ങളെ ദൃശ്യങ്ങൾക്ക് മേൽ സൂപ്പർഇമ്പോസ് ചെയ്യുന്നു. ചുമരുകള്‍ നിറയെ ഗ്രാഫിത്തികളും പോസ്റ്ററുകളും കാണാം. സ്നേഹം, സമാധാനം, സംഗീതം, സമരം, ചെറുത്തുനിൽപ്പ്, സിനിമ, ഏകാന്തത. ഘട്ടക്, ഗൊദാർദ്, കുറൊസാവ മുതലായവരുടെ പോസ്റ്ററുകള്‍. സിനിമയുടെ ശീര്‍ഷകം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാന തിയേറ്ററിന് പുറത്തുള്ള ബോർഡിൽ ഒരു അജ്ഞാത കവി എഴുതിയതാണ്.

ചലിക്കുന്ന ചിത്രത്തോടുള്ള സ്നേഹവും സർഗ്ഗാത്മകതയോടുള്ള സ്നേഹവും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവുമായി കൈകോർക്കുന്നു. മധുബാലയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിദ്യാർഥികൾ. അവരുടെ സിനിമയിലെ പ്രശസ്തമായ ഗാനം ‘പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ’ പാടി നൃത്തം ചെയ്യുന്നവര്‍. സിനിമയുടെ തുടക്കത്തില്‍ തുറന്ന വേദിയിലെ സിനിമാ പ്രദര്‍ശനത്തിനു മുന്നിൽ വിദ്യാർഥികൾ ഒരുമിച്ച് നൃത്തം ചെയ്യുന്നു. നമുക്ക് കേൾക്കാനാകാത്ത സംഗീതത്തിനൊത്താണ് അവരുടെ ശരീരം ചലിക്കുന്നത്‌. ഈ നിഴല്‍ രൂപങ്ങളുടെ ചില ശക്തമായ ചലനങ്ങളിൽ ചിലപ്പോള്‍ അവര്‍ സ്ക്രീനിന്റെ ഭാഗമായി മാറിയതായി നമുക്ക് അനുഭവപ്പെടുന്നു. ഇതേ വിദ്യാർഥികൾ പിന്നീട് ഭരണകൂട അനീതിക്കും പൊലീസ് ക്രൂരതയ്‌ക്കും എതിരെ തെരുവുകളിലേക്ക് ഒഴുകുന്നു. അവരുടെ മുദ്രാവാക്യങ്ങളിൽ ഐസെൻസ്റ്റീനും പുഡോവ്കിനും കയറിവരുന്നു. ഉറങ്ങുന്ന വിദ്യാർഥി. അവന്റെ ലാപ്‌ടോപ്പിൽ സിനിമാ പ്ലേ ചെയ്യുന്നു. അവന്‍ സിനിമ കണ്ട് ഉറങ്ങിയതായിരിക്കാം.

er

യാഥാർത്ഥ്യത്തെ രേഖപ്പെടുത്തുക, ചരിത്രപരമായ ആവശ്യങ്ങള്‍ക്കായി സംഭവങ്ങളെ രേഖപ്പെടുത്തുക എന്നായിരുന്നു ഡോക്യുമെന്ററി സിനിമയുടെ തുടക്കത്തിലുള്ള ഭൂമിക. (ഡോക്യുമെന്റ് എന്നാൽ രേഖ എന്നാണല്ലോ അര്‍ഥം. ആദ്യകാല ഡോക്യുമെന്ററി സിനിമകളെ ‘Actuality films’ എന്നാണ് വിളിച്ചിരുന്നത്‌). ഡോക്യുമെന്ററിക്ക് വിദ്യാഭ്യാസ / ബോധന ഭൂമികയും ഉണ്ടായിരുന്നു. യാഥാർഥ്യത്തെ രേഖപ്പെടുത്തുക എന്ന സിനിമയെ കുറിച്ചുള്ള സങ്കല്‍പ്പത്തിന് എതിരെ വളരെക്കാലം മുമ്പേതന്നെ ആശയങ്ങൾ രൂപപ്പെട്ടിരുന്നു. ക്രിസ്റ്റ്യൻ മെറ്റ്സ് എഴുതി: “ഡോക്യുമെന്ററി ഒരു വഞ്ചനയാണ്. ഡോക്യുമെന്ററി ഫിലിം എന്നൊന്നില്ല, എല്ലാ സിനിമയും ഫിക്ഷൻ സിനിമയാണ്" . “തിരശ്ശീലയില്‍ ഒന്നും യാഥാർത്ഥ്യമല്ല. ഒരു കസേരയുടെ ദൃശ്യം സൂചകം (Signifier) പോലുമല്ല” എന്നാണ് ആന്ദ്രെ ബാസിന്‍ അഭിപ്രായപ്പെട്ടത്. “ഓരോ സിനിമയും അതിലെ അഭിനേതാക്കളുടെ ഡോക്യുമെന്ററിയാണ്’’ എന്ന് ഗൊദാർദ്.

ഡോക്യുമെന്ററിയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാണ് പായലിന്റെ ഈ സിനിമ. ശ്ലഥമാണ് സിനിമയുടെ രൂപം. ഒരു ഓഡിയോവിഷ്വൽ കൊളാഷ്. പ്രക്ഷോഭത്തെ ഇതിലൂടെ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുന്നു. ഹോം വിഡിയോ, ആർക്കൈവൽ ഫൂട്ടേജ്, സിസിടിവി റെക്കോർഡിംഗുകൾ എന്നിവയുൾപ്പെടെ പല രീതിയിലുള്ള സാമഗ്രികളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. മാത്രവുമല്ല, ദൃശ്യങ്ങളുടെ ടെക്സ്ചർ പ്രത്യേക രീതിയിലുള്ളതാണ്. ചില സന്ദര്‍ഭങ്ങൾ ഒഴിച്ചാല്‍ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണെങ്കിലും ഗ്രെയിൻ നിറഞ്ഞതും പഴയ അനലോഗ് ഫിലിമിന്റെ സ്വഭാവം ഉള്ളതുമാണ്. കളര്‍ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് വിവാഹത്തിന്റെ ഫൂട്ടേജില്‍, പഴയ 8 എംഎം ആർക്കൈവിന്റെ യഥാർഥ നിറങ്ങളും സ്ക്രാച്ചസും അതുപോലെ നിലനിര്‍ത്തി. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും ഓർമകളും ഗൃഹാതുരത്വവും ആർക്കൈവുകളും ഫാന്റസികളും ഉത്കണ്ഠകളും മിശ്രണം ചെയ്യുന്ന സങ്കരമാണ് സിനിമ.

രണ്ടു തരം സിനിമകള്‍ ഉണ്ട്. ഒന്ന് ചെത്തി മിനുക്കിയ സിനിമകള്‍. ഇവ ചെത്തിത്തേച്ച് മിനുക്കി തിളങ്ങുന്ന പെയിന്റടിച്ച, ചുമരുകളിൽ പോലും ടൈല്‍സ് ഒട്ടിച്ച വീടിനെ ഓർമിപ്പിക്കുന്നു. ഇവ കാണാന്‍ നല്ല ഭംഗിയുള്ളവയാണ്‌. എന്നാല്‍ രണ്ടാമത്തെ വിഭാഗം സിനിമകള്‍ പുറത്തുപോലും ചെത്തി മിനുക്കാത്ത വീടിനെപ്പോലെയാണ്. കാണാന്‍ ആ രീതിയില്‍ ഭംഗി ഇല്ലാത്തത്. ഇതുപോലെ ഈ സിനിമ വളരെ പരുക്കനും, അസംസ്കൃതവും അപൂര്‍ണ്ണവുമായി അനുഭവപ്പെടുന്നു. ഇത്തരം ശൈലി പ്രേക്ഷകരെ സിനിമയില്‍നിന്ന് ഒരകലത്തിൽ നിര്‍ത്തുന്നു. അപൂര്‍ണ്ണം എന്ന സ്വഭാവം നമ്മെ ബ്രഹ്ത്തിന്റെ അന്യവല്‍ക്കരണ സങ്കല്‍പങ്ങളുമായി ബന്ധിപ്പിക്കുന്നു. ആഖ്യാനത്തിന്റെ പടിപടിയായുള്ള പുരോഗതിയിലൂടെ വികാരത്തിന്റെ ക്ലൈമാക്സില്‍ എത്തിക്കുന്നതിന് പകരം പ്രേക്ഷകര്‍ക്ക് വസ്തുനിഷ്ഠമായി അപഗ്രഥിക്കാൻ ഈ സങ്കേതം അവസരം കൊടുക്കുന്നു. എന്നാല്‍, ഈ സിനിമ മറ്റു ചില സന്ദര്‍ഭങ്ങളിൽ പ്രേക്ഷകരെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ശൈലികളുടെ ലയന-അകല്‍ച്ചയാണ് സിനിമ.

“ഫലത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമയ്ക്ക്, സ്വയം പര്യാപ്തമായ ഒരു സിനിമയ്ക്ക് വിപരീതമായ സിനിമ. നമ്മൾ കൈവശം വച്ചിരിക്കുന്ന ആശയങ്ങളെ ‘മനോഹരമായി ചിത്രീകരിക്കുന്ന’ ഒരു സിനിമയുടെ വിപരീതം” – Imperfect cinema എന്ന ആശയം മുന്നോട്ടുവെച്ച ക്യൂബൻ ചലച്ചിത്ര സംവിധായകനായ ജൂലിയോ ഗാർസിയ എസ്പിനോസയുടെ (Julio Garcia Espinosa) ഈ വാക്കുകള്‍ ഇപ്പോള്‍ മനസ്സിൽ കടന്നുവരുന്നു. “ചുറ്റുപാടുകളെയും ജീവിതത്തെത്തന്നെയും ചികഞ്ഞു നിരീക്ഷണവിധേയമാക്കി ആവിഷ്കരിക്കുന്നതില്‍ നൂതന കലാരൂപമായ സിനിമയുടെ ശക്തി നാം തിരിച്ചറിയുന്നു” എന്ന് ഡോക്യുമെന്ററിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന John Grierson. ഒപ്പം 'ശുദ്ധമായ' കവിത എന്ന ആശയത്തെ ആക്രമിക്കുകയും പകരം 'അശുദ്ധ' കവിതയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്ത നെരൂദയും ഓർമയിൽ വരുന്നു. തന്റെ "അശുദ്ധമായ ഒരു കവിതയിലേക്ക്" (Toward an Impure Poetry ) എന്ന കൃതിയിൽ നെരൂദ എഴുതി, "നാം ധരിക്കുന്ന വസ്ത്രപോലെ, അല്ലെങ്കിൽ നമ്മുടെ ശരീരം പോലെ, മലിനമായ സൂപ്പ് പോലെ, നമ്മുടെ ലജ്ജാകരമായ പെരുമാറ്റം കൊണ്ട് മലിനമായത് പോലെ അശുദ്ധമായ ഒരു കവിത."

സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ അധികരിച്ച് നമുക്ക് ധാരാളം ഡോക്യുമെന്ററികൾ ഉണ്ടെങ്കിലും ഈ സിനിമയില്‍ ഏറെ ആകര്‍ഷിച്ച ഘടകം, കാമുകിക്കായി മാതാപിതാക്കളുടെ എതിര്‍പ്പിനെ മറികടക്കാൻ കഴിയാത്ത യുവാവിന്റെ അവസ്ഥയാണ്. അയാള്‍ വിപ്ലവാശയങ്ങൾ ഉള്ള ആളാണ്‌, അനീതിക്ക് എതിരെ പ്രതിഷേധിക്കുന്ന ആളാണ്‌. വിദ്യാർഥി സമരത്തിൽ പങ്കെടുക്കുന്ന ആളാണ്‌. ഓർമപ്പെടുത്തൽ എന്നോണം അയാള്‍ പത്രങ്ങളിലെ ക്ലിപ്പുകള്‍ ഫയൽ ചെയ്യുന്നു. ഭരണകൂടത്തോടും വലതുപക്ഷത്തോടും അധികാരങ്ങളോടും പ്രതിഷേധിച്ച് അവളുടെ കൂടെ നിൽക്കാൻ കഴിയുമെങ്കില്‍, അവളോടുള്ള പ്രണയത്തിന്റെ കാര്യത്തില്‍ സ്വന്തം മാതാപിതാക്കള്‍ക്ക് എതിരെ നിലകൊള്ളുന്നതിൽ നിന്ന് അയാളെ തടയുന്നതെന്താണ്? എന്തുകൊണ്ടാണ് തെരുവില്‍ വളരെ ശക്തിയോടെ പ്രകടമാക്കുന്ന രാഷ്ട്രീയം വീട്ടിൽ പ്രവേശിച്ചാൽ പിൻവാങ്ങുന്നത്? അവരുടെ ഭാവിക്കുവേണ്ടി പോരാടാൻ ശക്തിയാര്‍ജിക്കാത്തത് എന്തുകൊണ്ടാണ്? ഇത് ഹിപ്പോക്രസിയല്ലാതെ മറ്റെന്താണ്? പുറത്ത് ലെനിനും അകത്ത് പൂന്താനവും? തീവ്ര വിപ്ലവകാരികള്‍ തീവ്രവലതുപക്ഷമായിത്തീരുന്നു. സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ സ്ത്രീ പീഡനക്കേസിൽ കുടുങ്ങുന്നു. പുറത്ത് ഫെമിനിസം, അകത്ത് പുരുഷ മേധാവിത്തം. ഇരട്ട മുഖമുള്ള പുരോഗമനവാദികളുടെ എണ്ണം പെരുകുന്ന ഇക്കാലത്ത് സിനിമ മുന്നോട്ടുവയ്ക്കുന്ന വിഷയം പ്രസക്തമാണ്. വിപ്ലവകാരികള്‍ തലയില്‍ മുണ്ടിട്ട് ക്ഷേത്രത്തിൽ പോകുന്നു, ആരും അറിയാതെ അരയില്‍ ജപിച്ച ഉറുക്ക് കെട്ടുന്നു. "ഒരുപക്ഷേ നിങ്ങൾ ഒരിക്കലും ധൈര്യമുള്ള ആളായിരുന്നില്ല” എന്നാണ് അവള്‍ കാമുകന് എഴുതുന്നത്‌.

സിനിമയെ കുറിച്ചുള്ള ആലോചനകള്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിൽ കേന്ദ്രീകരിച്ചായിരുന്നില്ല എന്നാണ് സംവിധായിക പറഞ്ഞത്. വിദ്യാർഥികൾ പഠനം പൂര്‍ത്തിയാക്കുമ്പോൾ അവരുടെ ഉത്കണ്ഠകൾ എന്തായിരിക്കും, വ്യക്തിബന്ധങ്ങളിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്തായിരിക്കും എന്നറിയാന്‍ അവരോട് സംവിധായിക സംസാരിച്ചു. സ്വന്തം ജാതി / സമുദായത്തില്‍ നിന്നുള്ളവരെ വിവാഹം കഴിക്കാനായി അവര്‍ക്കുമേലുള്ള സമ്മര്‍ദ്ദം എത്രയാണ് എന്നൊക്കെ അറിയാനാണ് ഇതിലൂടെ ശ്രമിച്ചത്. പതുക്കെ പ്രതിഷേധം ആളിക്കത്താൻ തുടങ്ങി. അപ്പോള്‍ പ്രതിഷേധം സിനിമയിലേക്ക് കടന്നുവന്നു.

payal

“നിത്യ ജീവിതത്തിലെ, കുടുംബത്തിലെ, ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഈ സിനിമയിലൂടെ ശ്രമിച്ചത്. ഒപ്പം ഞങ്ങളുടെ സമരങ്ങളെ പുനരാലോചിക്കാനും. പ്രതിരോധം, വ്യക്തിപരം എന്നീ ആശയങ്ങളെ ഒരുമിച്ച് ചേർക്കുന്നത് മറ്റൊരു ചിന്താഗതിയിലേക്ക് നയിക്കുമെന്ന് തോന്നി. എന്നാൽ കാലക്രമേണ, എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയപ്പോൾ, ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന അസ്വാസ്ഥ്യത്തിന്റെ വേര് രാഷ്ട്രീയ വ്യവഹാരത്തിലല്ല, മറിച്ച് നമ്മുടെ വീടിന്റെ സ്വകാര്യതയിലും നമ്മുടെ ബന്ധങ്ങളുടെ അടുപ്പത്തിലുമാണ് ഉള്ളതെന്ന് മനസ്സിലായി. വ്യത്യസ്‌തമെന്നു തോന്നിക്കുന്ന ഈ രണ്ട് ഇടങ്ങളും യഥാർഥത്തിൽ അടുത്ത് ബന്ധപ്പെട്ടവയാണ് ”- സംവിധായിക ഇപ്രകാരം പറഞ്ഞു. സിനിമ അവസാനിക്കുന്നത് തുടക്കത്തില്‍ കണ്ടതുപോലുള്ള നൃത്ത രംഗത്തിലാണ്. ഇതോടെ ഒരു വൃത്തം പൂര്‍ത്തിയാവുന്നു. ഒരു വിപ്ലവത്തിൽ ശരീരം മാത്രമല്ല ഉള്‍പ്പെടുന്നത് എന്ന് ഇത് ഓർമിപ്പിക്കുന്നു. യഥാർഥ മാറ്റം ആദ്യം വരുന്നത് മനസ്സിന്റെ മോചനത്തോടെയാണ്.

അവളുടെ കത്തില്‍ പസോളിനി കടന്നുവരുന്നുണ്ട്. അത് ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയിലല്ല. പ്രതിഷേധത്തിനിടെ അവള്‍ ഒരു പൊലീസുകാരിയുമായി മുഖാമുഖം നില്‍ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് അവൾ പസോളിനിയെ പരാമര്‍ശിക്കുന്നത്. “അവൾ (വനിതാ പൊലീസ്) രാത്രി വീട്ടിൽ പോയി പാചകം ചെയ്യും, നാളെ നേരത്തേ എഴുന്നേൽക്കും, കുടുംബത്തിന് ഉച്ചഭക്ഷണം ഉണ്ടാക്കും, കുട്ടികളെ സ്കൂളിൽ അയയ്ക്കും. അവൾ ഞങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ അദ്ഭുതപ്പെടുന്നു. ഞാൻ പസോളിനിയെക്കുറിച്ച് ചിന്തിച്ചു”.

ബൂർഷ്വാ മൂല്യ വ്യവസ്ഥയ്‌ക്കെതിരായ പ്രതിഷേധം, സമത്വത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുക എന്നതായിരുന്നു 1968-ല്‍ ഇറ്റലിയിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭം. 1968 മാർച്ച് ഒന്നിന് വിദ്യാർഥികളും പൊലീസും തമ്മിലുള്ള ആദ്യത്തെ അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ യുദ്ധക്കളമായി വിയാ ഡി വാലെ ഗിയൂലിയയിലെ റോം സർവകലാശാലയുടെ സ്കൂൾ ഓഫ് ആർക്കിടെക്ചർ മാറി. ഏറ്റുമുട്ടലില്‍ 148 പൊലീസ് ഓഫീസർമാർക്കും 1500-ഓളം പ്രതിഷേധക്കാരിൽ 478 പേർക്കും പരുക്കേൽക്കുകയും ധാരാളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പസോളിനി ഒരു കവിത എഴുതിയിട്ടുണ്ട്. ഈ സമരത്തില്‍ അദ്ദേഹം പോലീസിനെ പിന്തുണച്ചു. വിദ്യാർഥികൾ ബൂർഷ്വാസിയുടെ മക്കളാണെന്നും എന്നാൽ പൊലീസ് തൊഴിലാളിവർഗമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളില്ലാതെ ഈ വിദ്യാർഥികൾക്ക് യഥാർഥത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ കഴിയുമോ എന്ന ചോദ്യമായിരുന്നു അദ്ദേഹത്തിന്റേത്.

ലോക സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, പലപ്പോഴും, സ്ത്രീകളുടെ നേട്ടങ്ങൾ അവഗണിക്കപ്പെടുകയോ രേഖപ്പെടുത്താതിരിക്കുകയോ ചരിത്രരേഖയിൽനിന്ന് മായ്‌ക്കുകയോ ചെയ്തു. ഇത് നിരാശാജനകവും ദോഷകരവുമാണെങ്കിലും, സ്ത്രീകളുടെ ചരിത്രത്തിൽ വലിയ സർഗ്ഗാത്മകവും ബൗദ്ധികവുമായ നേട്ടങ്ങൾ ഇല്ലെന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്നു. സ്ത്രീകളുടെ നേട്ടങ്ങൾ അവരിൽനിന്ന് നീക്കം ചെയ്യപ്പെടുകയും സ്ത്രീകളുടെ ജോലിയുടെ ക്രെഡിറ്റ് പുരുഷന്മാർ മനഃപൂർവ്വം തട്ടിയെടുക്കുകയും ചെയ്തു.

സിനിമയുടെ ആദ്യകാലം തൊട്ടുതന്നെ സ്ത്രീകൾ എഡിറ്റർമാരായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഈ ജോലിക്ക് "എഡിറ്റർ" എന്ന പേരുപോലും കിട്ടിയിരുന്നില്ല. ഫിലിം മുറിച്ച് ഒട്ടിക്കുന്ന ജോലി ആയതിനാല്‍ ഇവര്‍ ‘കട്ടർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ജോലി ചെയ്യുന്നവരെ അവിദഗ്ധ തൊഴിലാളികളായിട്ടായിരുന്നു കണ്ടിരുന്നത്‌. ഇവര്‍ക്ക് സിനിമയില്‍ ക്രെഡിറ്റ് കിട്ടിയില്ല എന്നു മാത്രമല്ല, വേതനം തുച്ഛവുമായിരുന്നു.

ഹോളിവുഡ്, ഒരു കാലത്ത് ഡി.ഡബ്ല്യു. ഗ്രിഫിത്തിനെ സിനിമയുടെ പിതാവായി പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹത്തിന് വളരെ മുമ്പുതന്നെ, പാരിസിൽ ജനിച്ച ആലീസ് ഗൈ (Alice Guy) സിനിമയിലെ ആഖ്യാന ഭാഷയ്ക്ക് അടിത്തറ പാകി. സ്‌പ്ലിറ്റ് സ്‌ക്രീൻ, ഡബിൾ എക്‌സ്‌പോഷർ എന്നിങ്ങനെ അക്കാലത്ത് നവീനമായ ടെക്‌നിക്കുകൾ ആദ്യമായി ഉപയോഗിച്ചവരിൽ ഒരാളാണ് ഗൈ. ക്ലോസപ്പ് കണ്ടുപിടിച്ചതിന്റെ ബഹുമതി ഗ്രിഫിത്തിനാണ് നാം കൊടുക്കുന്നതെങ്കിലും അതിന് അര്‍ഹ ഗൈ ആണ്. സിനിമ സംവിധാനം ചെയ്യുന്ന ആദ്യ വനിതയായിരുന്നു അവർ. 1896 മുതൽ 1906 കാലഘട്ടത്തില്‍ ലോകത്തിലെ ഏക വനിതാ ചലച്ചിത്ര പ്രവർത്തകയയും അവരായിരുന്നു. 1896-ലാണ് ആലീസ് ഗൈ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്. അതിന്റെ യഥാർഥ പേര് ദ് ഫെയറി ഓഫ് ദ കാബേജ് എന്നും ദി ബർത്ത് ഓഫ് ചിൽഡ്രൻ എന്നുമായിരുന്നു. അതുപോലെ, invisible cutting എന്ന് വിളിക്കപ്പെടുന്ന ക്ലാസിക് എഡിറ്റിങ് ശൈലിയുടെ തുടക്കക്കാരിയായിരുന്നു മാർഗരറ്റ് ബൂത്ത് (Margaret Booth). ഡി.ഡബ്ല്യു. ഗ്രിഫിത്തിന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന "പാച്ചർ" ആയാണ് അവൾ ഹോളിവുഡിൽ ജോലി ആരംഭിച്ചത്. ഫിലിം എഡിറ്റർ എന്ന് വിളിക്കപ്പെടുന്ന ആദ്യത്തെ "കട്ടർ" അവളായിരുന്നു. ബൂത്തിന്റെ ചരമക്കുറിപ്പിൽ ബ്രിട്ടീഷ് പത്രമായ ദ് ഗാർഡിയൻ ഇപ്രകാരം എഴുതി: "ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും അന്തിമ എഡിറ്റിംഗിന് അംഗീകാരം ലഭിക്കുന്നതിന് എല്ലാ ചലച്ചിത്ര നിർമ്മാതാക്കൾക്കും അവരുടെ സമ്മതം ലഭിക്കേണ്ടിയിരുന്നു”. ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ഭാര്യയായിരുന്ന അൽമ റിവില്ലെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പല അസാധാരണ കട്ടുകള്‍ക്കും പിന്നിൽ. ഹിച്ച്‌കോക്കിന്റെ ഏറ്റവും അടുത്ത സഹകാരിയായിരുന്നു റെവിൽ. 1923-ൽ ഗ്രഹാം കട്ട്‌സ് സംവിധാനം ചെയ്ത വുമൺ ടു വുമൺ എന്ന സിനിമയില്‍ റെവിൽ എഡിറ്ററായിരുന്നു. ഹിച്ച്‌കോക്ക് ഈ സിനിമയില്‍ ക്രെഡിറ്റ് ചെയ്യപ്പെടാത്ത അസിസ്റ്റന്റ് ഡയറക്ടറും സഹ-തിരക്കഥാകൃത്തുമായിരുന്നു. ഈ സിനിമയുടെ ജോലിക്കിടെയാണ് ഹിച്ച്‌കോക്ക് റെവില്ലെയെ കണ്ടുമുട്ടുന്നത്. Stagecoach (1939), The Wizard of Oz (1939) എന്നീ സിനിമകള്‍ എഡിറ്റ് ചെയ്തത് സ്ത്രീകളായിരുന്നു.

നമ്മുടെ രാജ്യത്ത് സിനിമയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് അപൂര്‍വമായിരുന്നു. തുടക്കത്തില്‍ അഭിനയത്തിൽ സ്ത്രീ സാന്നിധ്യം വിരളമായിരുന്നു എങ്കില്‍ സംവിധാന രംഗത്തും അവരുടെ സാന്നിധ്യം ശുഷ്കമായിരുന്നു, പ്രത്യേകിച്ച് ഡോക്യുമെന്ററി സിനിമകളില്‍. വിഡിയോയുടെ വരവോടെ, കമ്മ്യൂണിറ്റി വിഡിയോ പ്രോജക്റ്റുകൾ കൂണുപോലെ മുളച്ചു. ഒട്ടനവധി സംവിധായികമാരും നിരവധി വനിതാ കൂട്ടായ്മകളും ഉയർന്നുവന്നു. താരതമ്യേന വിലകുറഞ്ഞ പോർട്ടബിൾ യു-മാറ്റിക് വിഡിയോ ഉപകരണങ്ങൾ ഉപയോഗിച്ച് അവർ സിനിമകള്‍ ഉണ്ടാക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യ ലഭ്യമായതോടെ കൂടുതൽ സ്ത്രീ ചലച്ചിത്ര പ്രവർത്തകർ ഈ രംഗത്തേക്ക് കടന്നുവന്നു. ഇന്ന് ഡോക്യുമെന്ററി സിനിമയിൽ വിപുലമായ പര്യവേക്ഷണങ്ങൾ വനിതാ സംവിധായകർ നടത്തുന്നു.

കെയ്‌റോ ഇന്റർനാഷനൽ വിമൻസ് ഫിലിം ഫെസ്റ്റിവൽ, ബാഴ്‌സലോണ ഇന്റർനാഷനൽ വിമൻസ് ഫിലിം ഫെസ്റ്റിവൽ, ഹോങ്കോങ്ങിലെ ചൈന വിമൻസ് ഫിലിം ഫെസ്റ്റിവൽ, ഘാനയിലെ എൻഡിവ വിമൻസ് ഫിലിം ഫെസ്റ്റിവൽ, സോൾ ഇന്റർനാഷനൽ വിമൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകൾ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫ്രാൻസിൽ, ‘ലെ കളക്ടിഫ് 50/50’ (Le Collectif 50/50) എന്ന സംഘടന എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും പുരുഷ-സ്ത്രീ-സംവിധാന സിനിമകൾക്ക് തുല്യ സ്ഥാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ വരവോടെ സ്ത്രീകള്‍ എഴുതിയതും, സംവിധാനം ചെയ്യുന്നതുമായ സിനിമകള്‍ക്ക് വലിയ അവസരം കിട്ടുന്നു. ഓക്സ്ഫാം ഇന്ത്യ MAMI ഫിലിം ഫെസ്റ്റിവലുമായി കൈകോര്‍ത്ത് ലിംഗസമത്വത്തെക്കുറിച്ചുള്ള മികച്ച സിനിമയ്ക്കുള്ള അവാർഡ് സ്പോൺസർ ചെയ്യുന്നു. കേരള സര്‍ക്കാർ വനിതകള്‍ക്ക് സിനിമ സംവിധാനം ചെയ്യാന്‍ ധനസഹായം ചെയ്യുന്നു. സിനിമയുടെ ചരിത്രം പുരുഷാധിപത്യത്തിന്റെ ഭാഗമാണ്. അത് ഇന്നും തുടരുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല, അമേരിക്കയില്‍ പോലും സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. ആശയവിനിമയത്തിന്റെയും വിഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമുകളുടെയും തീരെ ഭാരം കുറഞ്ഞ, താങ്ങാനാവുന്ന വിലയ്ക്കുള്ള ഉപകരണളും സാങ്കേതികവിദ്യയും ലഭ്യമായ ഈ യുഗത്തിൽ യുവ ചലച്ചിത്ര പ്രവർത്തകരെ ഡോക്യുമെന്ററിയുടെ സാധ്യതകൾ ആരായാന്‍ അനുവദിക്കുന്നു.

പ്രശസ്ത ചിത്രകാരി നളിനി മലാനിയുടെ മകളാണ് പായല്‍. അമ്മയുടെ സ്വാധീനത്തെ കുറിച്ച് പായല്‍ ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: “വീട്ടിൽ ഉണ്ടായിരുന്ന സിനിമകളുടെ ശേഖരമാണോ അമ്മയുടെ കലാ പ്രവര്‍ത്തനങ്ങളും സങ്കല്‍പ്പങ്ങളും ആണോ എന്നറിയില്ല, അമ്മ എന്നെ സ്വാധീനിച്ചിട്ടുണ്ട്, അത് ബോധാപൂര്‍വമായിരിക്കാം, അല്ലായിരിക്കാം. ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും അമ്മ എപ്പോഴും തത്പരയാണ്. കലാ മേഖലയില്‍ പ്രവര്‍ത്തിക്കാനും, എന്തെങ്കിലും സൃഷ്ടിക്കാനും ജീവിതത്തോട് താത്പര്യം ഉണ്ടായിരിക്കണം. നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും സൗന്ദര്യമുണ്ട്, അമ്മയ്ക്ക് ജീവിതത്തോട് അഭിനിവേശമായിരുന്നു”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com