ആ കാശ് രാമസിംഹൻ അടിച്ചുമാറ്റിയതല്ല; പണം പിരിച്ച് പടം ചെയ്ത കഥ; നിർമാണം: നാട്ടുകാർ
Mail This Article
സംസ്ഥാനമൊട്ടാകെ 86 തീയറ്ററുകളിലാണ് സംവിധായകൻ രാമസിംഹന്റെ (അലി അക്ബർ) വിവാദസിനിമ ‘1921 പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നത്. അതിനെന്താണ്; എത്രയെത്ര സിനിമകളാണ് ഇതിനേക്കാളേറെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്? എന്നാൽ, വെറും രണ്ടരക്കോടി രൂപ ചെലവിൽ നിർമിച്ച, മികച്ചൊരു വിതരണക്കമ്പനിയുടെ പിന്തുണയില്ലാത്ത ചെറിയൊരു സിനിമയെ സംബന്ധിച്ച് 86 തീയറ്ററുകൾ ലഭിച്ചു എന്നതുതന്നെ വലിയ കാര്യമാണ്. മലബാർ കലാപം സംബന്ധിച്ച വിവാദങ്ങൾ കത്തിനിന്ന സമയത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന നാലു സിനിമകളാണ് ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ 80 കോടി ബജറ്റിൽ നിർമിക്കാനിരുന്ന സിനിമയടക്കമുണ്ട്. എന്നാൽ ഈ നാലു സിനിമകളിൽ അലി അക്ബറിന്റെ സിനിമ മാത്രമാണ് ഇപ്പോൾ തീയറ്ററുകളിലെത്തിയത്. ഈ സിനിമയുടെ കഥയെക്കുറിച്ചോ വിവാദങ്ങളെക്കുറിച്ചോ അല്ല നമ്മൾ ചർച്ച ചെയ്യുന്നത്. ഈ സിനിമ നിർമിച്ച രീതിയെക്കുറിച്ചാണ്. രണ്ടരക്കോടിയോളം രൂപ ചെലവിൽ നിർമിച്ച സിനിമയ്ക്ക് പണം കണ്ടെത്തിയത് സാധാരണക്കാരായ ജനങ്ങളിൽനിന്നാണ്. ജനങ്ങളുടെ കയ്യിൽനിന്ന് ചെറിയ ചെറിയ തുകകൾ പിരിച്ച് സിനിമയോ സംരംഭമോ രൂപപ്പെടുത്തുന്ന രീതിയെയാണ് ക്രൗഡ് ഫണ്ടിങ് എന്നു വിളിക്കുന്നത്. മലയാളത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ആദ്യ സിനിമയല്ല പുഴ മുതൽ പുഴ വരെ. എന്താണീ ക്രൗഡ് ഫണ്ടിങ്? മൂലധനാധിഷ്ഠിതമായ വ്യവസായമാണ് സിനിമ. ഇവിടെ ജനാധിപത്യരീതിയായ ക്രൗഡ് ഫണ്ടിങ്ങിന് എന്താണ് പ്രാധാന്യം? ഈ ചോദ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ള ഉത്തരമറിയാൻ ക്രൗഡ്ഫണ്ടിങ് സിനിമകളുടെ ചരിത്രവും വർത്തമാനവും മനസ്സിലാക്കിയേ മതിയാകൂ..