ആദ്യം അച്ഛനൊപ്പം ജീവിതത്തിന്റെ കൈപിടിച്ച്; എന്നും ‘അമ്മ’യ്ക്കൊപ്പം; ഒടുവിൽ ജനഹൃദയങ്ങളിൽ...
Mail This Article
എട്ടാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ ഇന്നസന്റ് എഴുതിയ പുസ്തകം അഞ്ചാം ക്ലാസ് വിദ്യാർഥികള്‍ക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടു എന്നിടത്ത് അദ്ദേഹത്തിന്റെ ജീവിതത്തെ സംഗ്രഹിക്കാം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച, അലച്ചിലിന്റെയും കഷ്ടപ്പാടുകളുകളുടെയുമൊടുവിൽ പ്രശസ്തിയുടെ കൊടുമുടി കയറിയ, ഓരോ മലയാളിക്കും പരിചിതമായ, അവരെ രസിപ്പിച്ച, ജീവിതത്തിൽനിന്ന് ബലമായി കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മഹാരോഗത്തെ ചെറുത്തു നിന്ന, അതിജീവിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമായി ആ പോരാട്ടം പകർന്നു നൽകിയ ആൾ എന്നിങ്ങനെ വിശേഷണങ്ങൾ അനവധിയുണ്ട് ഇന്നസന്റിന്. ഇതിനിടയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിളിക്കുന്ന പാർലമെന്റിൽ ജനപ്രതിനിധിയായും എത്തി. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തി, ജനങ്ങളുടെ ആവശ്യങ്ങൾക്കായി മുന്നിൽ നിന്നു. ഇതെല്ലാം ചേർന്നതാണ് ഇന്നസന്റ് എന്ന വ്യക്തിത്വം മലയാളിക്ക്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കൊപ്പം നിറഞ്ഞു സഞ്ചരിച്ച ഒരു ബഹുമുഖ പ്രതിഭ തന്റെ 75–ാം വയസ്സിൽ അരങ്ങൊഴിയുകയാണ്. ഇന്നസന്റിന്റെ മരണവാർത്തയറിഞ്ഞ് ഇരിങ്ങാലക്കുടക്കാരിയായ ഒരു വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘മരിച്ചു കിടക്കുമ്പോഴും ആളുകളുടെ ഉള്ളിൽ അയാളെ കുറിച്ചോർത്ത് ചിരിയാണ് വരുന്നത്. അതിനും വേണം ഒരു ഭാഗ്യം’. ഇന്നസന്റിന്റെ ജീവിതത്തെ മൂന്നു ഘട്ടമായി തിരിക്കാം. ഇതിലെ പ്രത്യേകത എന്തെന്നാൽ ഈ മൂന്നു കാലഘട്ടത്തിന്റെയും സ്രഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെ കുറിച്ച്, കുസൃതികളെ കുറിച്ച്, അലച്ചിലുകളെക്കുറിച്ച് എല്ലാം പറഞ്ഞതും എഴുതിയതും അദ്ദേഹം തന്നെയാണ്. അദ്ദേഹം അവതരിപ്പിച്ച ആ ഇന്നസന്റിന്റെ ജീവിതത്തിൽ ഹാസ്യം പുരണ്ടുകിടന്നു. എന്നാൽ അതിൽ ആരേയും അപഹസിച്ചില്ല, പരിഹസിച്ചില്ല. പകരം ഓരോ അവസ്ഥയിലും മനുഷ്യർക്കുണ്ടാവുന്ന ചെറിയ സ്വഭാവവ്യത്യാസങ്ങളെയും സ്വാഭാവികതകളെയും അവതരിപ്പിച്ച് ഒരു കണ്ണാടി പോലെ കാഴ്ചക്കാരുടെ നേർക്കു പിടിച്ചു. ‘ഇത്രേം ബുദ്ധിയുള്ള എന്നെ പറ്റിക്യാ’ എന്ന് കേശവൻ നായരെപ്പോലെ ഓരോരുത്തർക്കും തോന്നി. അവയിൽനിന്ന് ചിരിയുണ്ടായി. ഇന്നസന്റിന്റെ രണ്ടാം ഘട്ടം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ഉയർച്ചയുടേതായിരുന്നു.