ജയസൂര്യ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്

jayasurya-jayan
SHARE

എല്ലാവരും ജയസൂര്യയുടെ ഭാര്യ സരിതയെ കാത്തിരിപ്പാണ്. സരിത എത്തിയിട്ടു വേണം ജയസൂര്യയെ സാരി ഉടുപ്പിക്കാൻ. ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ് മുന്നോട്ടു പോകുമോ എന്നറിയാത്ത അവസ്ഥയിലാണ്. ഷൂട്ടിങ്ങിനിടെ സാരി അഴിയുന്നതു പോലെ തോന്നുന്നതിനാൽ അഭിനയത്തിൽ ശ്രദ്ധിക്കാൻ ജയസൂര്യക്കു കഴിയുന്നില്ല.  വെളുപ്പിനു സരിതയെത്തി. രണ്ടു മണിക്കൂറിനു ശേഷം ജയസൂര്യ നാണത്തോടെ പുറത്തു വന്നു. മനോഹരമായി സാരി ഉടുത്തിരിക്കുന്നു. ഡിസൈനറായ സരിതയുടെ കൈകളിൽ സാരി ശരിക്കും ഒതുങ്ങിയിരിക്കുന്നു. ട്രാൻസ്ജെൻഡറായ മേരിക്കുട്ടിയായി വേഷമിട്ട ഈ സിനിമ ഇത്തവണത്തെ സംസ്ഥാന ചലചിത്ര അവാർഡ് ജയസൂര്യയ്ക്ക് സമ്മാനിച്ച ചിത്രങ്ങളിലൊന്നാണ്. ഫുട്ബോൾ കളിക്കാരൻ സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ മറ്റൊരു ചിത്രവും.

ജയസൂര്യ സംസ്ഥാനത്തെ ഏറ്റവും മികച്ച സിനിമാ നടനാണെന്ന പ്രഖ്യാപനം കേട്ടപ്പോൾ എന്തു തോന്നി?

എനിക്കു മുൻപും സംസ്ഥാന അവാർഡും ദേശീയ അവാർഡ് പരാമർശവും കിട്ടിയിട്ടുണ്ട്. ഏതു ബഹുമതിയും രണ്ടു ദിവസത്തെ ആഘോഷത്തിനു ശേഷം കടന്നുപോകും. പിന്നെ ബാക്കിയാകുന്നതു നമ്മുടെ അധ്വാനവും ഭാഗ്യവും പ്രാർഥനയും മാത്രമാണ്. ഞാൻ മിമിക്രിയിലൂടെ വന്നയാളാണ്. ജൂനിയർ ആർട്ടിസ്റ്റായി എത്രയോ സെറ്റുകളിൽ അലഞ്ഞിട്ടുണ്ട്. സംവിധായകരുടെ വീടുകൾ കയറി ഇറങ്ങിയിട്ടുണ്ട്. അതിന്റെയെല്ലാം ഫലം ഇപ്പോൾ കിട്ടുന്നു എന്നേ കരുതുന്നുള്ളൂ. 

നടനാകാൻ വല്ലാത്ത ആഗ്രഹമായിരുന്നോ? 

ആ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലേക്കുള്ള എല്ലാ വഴിയും നോക്കി. ഷാജി കൈലാസ് അടക്കമുള്ളവരുടെ വീട്ടിൽ എല്ലാ ആഴ്ചയും ഞാൻ പോകുമായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ  തേടിപ്പിടിച്ച് എന്നും യാത്ര ചെയ്യും. ജൂനിയർ ആർട്ടിസ്റ്റായിരുന്ന കാലത്ത് ഒരുതവണ പോലും എനിക്കു പ്രതിഫലം കിട്ടിയിട്ടില്ല. മൂന്നു നേരവും ഭക്ഷണം കിട്ടും. എത്രയോ നേരം ഭക്ഷണത്തിനായി ഞാൻ ക്യൂവിൽ കാത്തു നിന്നിട്ടുണ്ട്. ആഗ്രഹം മാത്രമാണ് അവിടെ നിർത്തിയത്. അല്ലാതെ നടനാകാനുള്ള ആകാരഭംഗിയോ അഭിനയശേഷിയോ അല്ല. 

jayasurya-jayan-1

എല്ലാവരും പോകുന്ന വഴിയെ പോകാതെ ജയസൂര്യ സ്വന്തമായൊരു വഴി കണ്ടെത്തിയത് എന്തുകൊണ്ടാണ്? 

അതൊന്നും മനഃപൂർവം ആലോചിച്ചു കണ്ടെത്തിയതല്ല. വർഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. ഏതെല്ലാമെന്ന് എനിക്കു തന്നെ അറിയില്ല. അതിന്റെ ഭവിഷ്യത്തും നോക്കിയില്ല. നടനെന്ന നിലയിൽ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും  കൂടുതൽ ശ്രദ്ധിച്ചു വേഷങ്ങൾ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്തം എനിക്കു മാത്രമായതുകൊണ്ട് ആരെയും മനസ്സുകൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം. 

ക്യാപ്റ്റനും മേരിക്കുട്ടിയും നൽകിയ അനുഭവം എന്താണ്? 

ഭാഗ്യമെന്നും അദ്ഭുതമെന്നും പറയാം. ക്യാപ്റ്റനിൽ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സത്യന്റെ വേഷം ചെയ്യാൻ സംവിധായകൻ പ്രജേഷ് സെൻ എന്നെ വിളിക്കുമ്പോൾ എനിക്കു സത്യൻ ആരെന്നു പോലും അറിയില്ലായിരുന്നു. എനിക്ക് ഫുട്ബോൾ കളിക്കാനറിയില്ല, ഞാൻ കളിയും കാണാറില്ല. കളി അറിയാവുന്ന ഒരാളെ അന്വേഷിക്കുന്നതിനു പകരം അവർ എന്നെ അന്വേഷിച്ചു വന്നു. പ്രജേഷുമായൊരു മാനസിക ഐക്യം ഉണ്ടായപ്പോൾ എനിക്ക് ആ വേഷത്തോട് അടുപ്പം തോന്നി. 

jayasurya-family

സത്യന്റെ കുടുംബവുമായി ധാരാളം സംസാരിച്ചു, ഫുട്ബോൾ കളിക്കുകയും കളികൾ കാണുകയും ചെയ്തു. സിനിമ കണ്ടശേഷം സത്യന്റെ ഭാര്യയും ഐ.എം. വിജയനും എന്നോടു പറഞ്ഞു, സ്ക്രീനിൽ കണ്ടത് അവരുടെ സത്യനെയാണെന്ന്. ആ നിമിഷമാണ് എന്റെ ജീവിതത്തിലെ അവാർഡ് നിമിഷം. ക്യൂവിൽ ഭക്ഷണത്തിനു കാത്തുനിന്ന ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് എന്നെ ആ നിമിഷത്തിലേക്ക് എത്തിച്ചത് എന്താണെന്ന് ആലോചിച്ചാൽ എനിക്കു കണ്ണുനിറച്ചു കൈകൂപ്പി നിൽക്കാനെ കഴിയൂ. പലരും കൈപിടിച്ചു നടത്തി ഇവിടെ എത്തിച്ച ഒരാള്‍ മാത്രമാണു ഞാൻ. സ്വയം നടന്നുവന്ന നടനല്ല. ജൂനിയർ നടനായി, ഡബ്ബിങ് ആർട്ടിസ്റ്റായി, ടിവി ആങ്കറായി, സ്റ്റേജ് ആങ്കറായി എല്ലാം ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവിടെയെല്ലാം നിരാശനാകാതെ പോയതു ‘നിനക്കൊരു ദിവസം വരും’ എന്നു പലരും ആശ്വസിപ്പിച്ച വാക്കുകളാണ്. 

മേരിക്കുട്ടിയെന്നത് ആണിനും പെണ്ണിനും ഇടയിലുള്ള കഥാപാത്രമാണ്. അതു വല്ലാത്തൊരു അവസ്ഥയാണെന്നു മനസ്സിലായത് അപ്പോഴാണ്. ആദ്യ മൂന്നു ദിവസം സാരി ഉടുത്തതു ശരിയാകുന്നില്ല, ഡയലോഗ് ശരിയാകുന്നില്ല, ലുക്ക് ശരിയാകുന്നില്ല. മൂന്നാം ദിവസം രാത്രി ഷൂട്ട് നിർത്താൻ തീരുമാനിച്ചു. ഒരു ദിവസംകൂടി നോക്കാമെന്നു സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞു. 

രാവിലെ സരിത എത്തി. സരിതയാണ് സാരി ഉടുപ്പിച്ചു തന്നത്. അതൊരു കോൺഫിഡൻസായിരുന്നു. അതുവരെ ശബ്ദം മാറ്റിയാണു ഞാൻ ഡയലോഗ് പറഞ്ഞിരുന്നത്. ശബ്ദം മാറുന്നതു വളരെ കാലംകൊണ്ടു വരുന്ന മാറ്റമാണ്. ഞാൻ ശരീരത്തിന്റെ ചലനത്തിൽ ശ്രദ്ധിച്ചു. മേരിക്കുട്ടി റിലീസ് ചെയ്തപ്പോൾ എത്രയോ ട്രാൻസ്ജെൻഡേഴ്സ് എന്നെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങി കരഞ്ഞുവെന്നോ. അവരുടെ വേദനയായിരുന്നു ആ സിനിമ. മേരിക്കുട്ടി കണ്ടശേഷം മോഹൻലാൽ സാർ വിളിച്ചിട്ടു പറഞ്ഞു, ‘നീ നന്നായി ചെയ്തിട്ടുണ്ട് മോനെ’ എന്ന്. അതിലും വലിയ അംഗീകാരമുണ്ടോ? 

നല്ല വേഷത്തിനു വേണ്ടിയാണോ സ്വയം നിർമാതാവായത്?

അതൊന്നുമല്ല. ഒരു പ്രോജക്ട് വന്നപ്പോൾ രഞ്ജിത്ത് ശങ്കർ പറഞ്ഞു നമുക്കുതന്നെ ചെയ്യാമെന്ന്. അതു ചെയ്തു എന്നു മാത്രം. കണക്കെല്ലാം രഞ്ജിത്താണ് നോക്കുന്നത്. നല്ല വേഷം എവിടെ നിന്നു വന്നാലും ചെയ്യും. ഷൂട്ടില്ലാത്ത മിക്ക ദിവസവും കഥ കേൾക്കുന്ന ഒരാളാണു ഞാൻ. സ്വയം നിർമാതാവായാൽ നല്ല വേഷം കിട്ടുമെന്നും കരുതുന്നില്ല. 

ഭാര്യയുടെ ഡിസൈനർ വസ്ത്ര പ്രദർശന ദിവസം രാവിലെ മുതൽ വൈകിട്ടുവരെ ആ ഹാളിൽ ജയസൂര്യയെ കണ്ടിട്ടുണ്ട്‌? 

എനിക്കുവേണ്ടി എല്ലാ ദിവസവും ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്ന ഒരു സ്ത്രീക്കു വേണ്ടി വർഷത്തിൽ എട്ടോ പത്തോ ദിവസം മാറ്റിവയ്ക്കുന്നില്ലെങ്കിൽ എന്തിനു കൊള്ളാം. സരിത അവരുടെ ജീവിതത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തുന്നതു വസ്ത്ര ഡിസൈനിങ്ങിലാണ്. അതുകൊണ്ടു തന്നെ അവർക്കുവേണ്ടി മാത്രമായി സമയം ചെലവഴിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്കവിടെ ജോലി കച്ചവടമൊന്നുമല്ല. പെട്ടി എടുത്തുവയ്ക്കുന്നതും പോസ്റ്റർ തൂക്കുന്നതും സാരി അടുക്കുന്നതുമെല്ലാം എന്റെകൂടി ജോലിയാണ്. 

ജയസൂര്യ എന്നതൊരു തമിഴ് പേരുപോലെ?

ശരിയാണ്. എന്റെ യഥാർഥ പേര് ജയൻ എന്നാണ്. എനിക്കു തന്നെ തോന്നി രണ്ടാമതൊരു ജയനുകൂടി സിനിമയിൽ സ്ഥാനം ഉണ്ടാകില്ലെന്ന്. ശ്രീലങ്കയുടെ ക്രിക്കറ്റ് കളിക്കാരൻ ജയസൂര്യ കത്തിനിൽക്കുന്ന സമയമായിരുന്നു അത്. ഞാൻ സ്വയം ജയസൂര്യ എന്നു പേരിട്ടു. ഷോർട് ഫിലിം സംവിധായകൻ ആറ്റ്ലിയും എന്റെ കൂടെയുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ ഞാൻ ജയസൂര്യയായി. വീട്ടുകാർ പോലും മാസങ്ങൾക്കു ശേഷമാണ് ഇതറിഞ്ഞത്. 

സൂപ്പർതാര പ്രതിഛായയിൽനിന്നു സ്വയം ഒളിച്ചോടി രക്ഷപ്പെട്ട നടനാണ് ജയസൂര്യ. പോസ്റ്ററിലെ പാലഭിഷേകവും ഞെട്ടിപ്പിക്കുന്ന ഡയലോഗുമൊന്നുമല്ല അഭിനയവും നിലനിൽപ്പുമെന്നു തിരിച്ചറിഞ്ഞൊരു ചെറുപ്പക്കാരൻ. വേണമെങ്കിൽ കുറുക്കനാണെന്നു പറയാം. സിംഹങ്ങളുടെ മാളത്തിലല്ല തന്റെ ഇരയെന്നു തിരിച്ചറിഞ്ഞ പാവം കുറുക്കൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA