ADVERTISEMENT

സ്വതന്ത്രസംവിധായകനായി 37 വർഷം പിന്നിട്ടിട്ടും ഇതുവരെ ഒരു ഡസനിൽ താഴെ സിനിമകൾ മാത്രമാണ് ഭദ്രൻ എന്ന സംവിധായകൻ ചെയ്തത്. പല സിനിമകളും തമ്മിൽ വർഷങ്ങളുടെ ഇടവേള. എന്തു കൊണ്ടെന്നു ചോദിച്ചാൽ രസകരമായ പല മറുപടികളും അദ്ദേഹം പറയും. സ്ഫടികത്തിലെ നായകനായ ആടു തോമ ആ ചിത്രത്തിൽ സില്‍ക്ക് സ്മിതയുടെ കൈപിടിച്ച് നടക്കുമ്പോൾ മുഖത്തുള്ള ആ കൂള്‍നെസ് ഇല്ലേ... അതാണ് ഭദ്രനില്‍ നിറയെ. പാലായില്‍നിന്ന് സിനിമ പഠിക്കാന്‍ അപ്പനെ പറ്റിച്ചിറങ്ങിയ പയ്യനില്‍നിന്ന് മലയാളസിനിമയിലെ ഏറ്റവും മികച്ച ടെക്നീഷ്യൻമാരിലൊരാളായി വളർന്ന സംവിധായകൻ 14 വർഷത്തിനു ശേഷം ഒരു സിനിമ ചെയ്യുകയാണ്. സൗബിൻ ഷാഹിറിനെ നായകനാക്കി ജൂതൻ എന്ന ചിത്രവുമായി ഭദ്രൻ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകളും ഒരുപാടാണ്.

മടങ്ങി വരവോ എനിക്കോ...പതിനാലു വര്‍ഷമോ

ഞാന്‍ വാല്മീകിയായിരുന്നു. ഒരു ചിതല്‍പുറ്റിനുള്ളില്‍ എന്റേതായ ലോകം തീര്‍ത്ത് തപസ്സിരിക്കുകയായിരുന്നു. പെട്ടെന്നൊരു ബോധോദയം ഉണ്ടായി കൂടു പൊളിച്ച് പുറത്തിറങ്ങുകയായിരുന്നു..! ചുമ്മാതെ പറഞ്ഞതാ. ഈ ഇടവേള, ഇടവേള എന്നൊന്നും പറയരുത്. ‘ഭദ്രന്‍ മലയാളം സിനിമയിലേക്കു മടങ്ങി വരുന്നു, പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭദ്രന്‍ തിരിച്ചെത്തുന്നു’. എന്നിങ്ങനെയുള്ള വാര്‍ത്തകളൊക്കെ കുറച്ച് ദിവസമായി കേള്‍ക്കുന്നു. അവര്‍ പറയുമ്പോഴാണ് അതേപ്പറ്റി ഞാന്‍ ഓര്‍ക്കുന്നതു തന്നെ. അവരാണ് വര്‍ഷങ്ങളൊക്കെ എണ്ണിത്തിട്ടപ്പെടുത്തിയത്. ഞാനെങ്ങും പോയിട്ടില്ല. ഇടവേളയും വന്നിട്ടില്ല. എല്ലാം തുടര്‍ച്ചകളാണ്. സിനിമയ്ക്കോ സിനിമക്കാരനോ ഇടവേളകളില്ല. ഞാന്‍ സിനിമയില്‍നിന്നു മാറി നിന്നതായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനെന്നും സിനിമയില്‍ ജീവിച്ച മനുഷ്യനാണ്. ഓരോ നിമിഷവും അങ്ങനെയാണെനിക്ക്.

നിങ്ങളീ പറയുന്ന, എഴുതുന്ന ഇടവേള വന്നത് എന്റെ സിനിമകള്‍ പോലെ യാദൃച്ഛികമായി സംഭവിച്ചതാണ്. സിനിമയെ അത്രമേല്‍ സത്യസന്ധമായി സമീപിക്കുമ്പോള്‍, ഫീല്‍ഡില്‍ നിലനില്‍ക്കുന്നതിനു വേണ്ടിയും നമ്മളെങ്ങും പോയിട്ടില്ലെന്ന് അറിയിക്കാന്‍ വേണ്ടിയും സിനിമയെടുക്കാന്‍ തോന്നില്ല. അങ്ങനെ ചെയ്യുന്നത് ഞാനെന്റെ ജീവന്റെ ഭാഗമായി കണ്ട കലയെ വഞ്ചിക്കുന്നതു പോലെയാണ്. ഓരോ സിനിമയും ഒട്ടും പ്ലാന്‍ ചെയ്യാതെ സംഭവിക്കുന്നതാണ്. നമ്മുടെ വഴിയിലേക്ക് നമ്മോട് അനുവാദം ചോദിക്കാതെ വന്നു ചേക്കേറി ഒപ്പം ജീവിക്കാന്‍ തുടങ്ങുകയാണ് ഓരോ സിനിമയും. ഇന്നോളം അങ്ങനെയാണ് സംഭവിച്ചത്. അങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. ജൂതന്‍ അങ്ങനെ വന്നെത്തിയതാണ്.

bhadran-house

പിന്നെ, ഈ കാലയളവിലൊന്നും ഞാന്‍ വെറുതെയിരിക്കുകയായിരുന്നില്ല. എന്റെ മക്കള്‍, അവരുടെ പഠനം, വിവാഹം, ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള പറിച്ചു നടല്‍, എന്റെ നാട്ടില്‍ എന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും വട്ടുകള്‍ക്കും അനുസരിച്ചൊരു വീടുണ്ടാക്കല്‍, അതൊക്കെയായി ഞാന്‍ തിരക്കിലായിരുന്നു. വീടാണ് എനിക്കെല്ലാം. എനിക്കു ചുറ്റുമുള്ള മലയും പുഴയും മരങ്ങളും മീനച്ചിലാറും അവിടെ ചേക്കേറുന്ന നീര്‍ക്കാക്കകളും ദേശാടനക്കൊക്കുകളും പൊന്‍മാനുമൊക്കെ എന്റെ സഹപാഠികളാണ്. എന്റെ ലോകം അതാണ്.

അതിനപ്പുറം ഒരു റിലാക്സേഷനോ ആഘോഷത്തിനോ നേരംകൊല്ലാനോ ഞാനെങ്ങും പോകാറില്ല. എനിക്കത് ഇഷ്ടവുമല്ല. അതിന്റെ ആവശ്യവുമില്ല. കാരണം, ഈ കാഴ്ചകളാണ് എനിക്കു ചുറ്റും. നിങ്ങളോടു സംസാരിക്കുമ്പോഴും നീര്‍ക്കാക്കകളും പൊന്‍മാനുകളും പറന്നുവന്നിറങ്ങുന്ന കാഴ്ച കാണുന്നുണ്ട്. സൂര്യന്‍ എനിക്കു നേരേ മുന്‍പില്‍ ഉദിക്കുകയും എന്റെ നേര്‍രേഖയിലൂടെ സഞ്ചരിച്ച് എന്റെ അമ്മയുടെ നാട്ടില്‍, ഞാന്‍ ജനിച്ച മണ്ണില്‍, കുട്ടനാട്ടിൽ അസ്തമിക്കുകയും ചെയ്യുന്നു. അതുപോലെ മഴ പെയ്താല്‍ കുത്തിയൊലിച്ചു പോകുന്ന പുഴയും അതില്‍ ലോകത്തെ സര്‍വമാലിന്യങ്ങളും ഒഴുകിയകലുന്ന കാഴ്ചയും എന്റെ ജനലിനപ്പുറം കാണാം. അപ്പോള്‍, പ്രകൃതി അതിന്റെ സമസ്ത ഭാവങ്ങളോടും കൂടി എനിക്കു ചുറ്റും നില്‍ക്കുമ്പോള്‍ എന്തിനാണ് ഞാന്‍ മറ്റെവിടേക്കെങ്കിലും പോകുന്നത്.

പണ്ട് അച്ഛന്‍ എനിക്കു സംഗീതം പഠിക്കാനായി റേഡിയോ കൃഷ്ണയ്യരെ തിരുവനന്തപുരത്തുനിന്നു കൊണ്ടുവന്ന് പാലായില്‍ താമസിപ്പിച്ചു. വളരെ നന്നായി പഠിച്ചു വന്ന ഞാന്‍ വര്‍ണം കഴിഞ്ഞതോടെ ഉഴപ്പു തുടങ്ങി. ഒരു രക്ഷയുമില്ലാത്ത ഉഴപ്പ്. അതില്‍ മടുത്ത ഭാഗവതര്‍, എനിക്കു വേണ്ടി വാങ്ങിയ ഹാര്‍മോണിയവുമായി എങ്ങോ കച്ചേരി അവതരിപ്പിക്കാന്‍ പോയിട്ട് തിരികെ വന്നില്ല. ഇപ്പോഴും മനസ്സിലൊരു സങ്കടമായി, നിരാശയായി ആ പാട്ടുകാലമുണ്ട്. ആ സങ്കടം മാറ്റാന്‍ വീട്ടിലൊരു പാട്ടുമുറി തന്നെയുണ്ടാക്കി.

അവിടെ റഫിയും മഹേന്ദ്ര കപൂറും യേശുദാസും അടക്കമുള്ള എല്ലാ വിശ്വപ്രസിദ്ധ ക്ലാസിക് ഗായകരുടെയും പാട്ടുകളുണ്ട്. അവിടെയിരിക്കുമ്പോള്‍, പണ്ടു പാട്ടു പഠിക്കാതെ പോയതിന്റെ വീര്‍പ്പുമുട്ടലും സങ്കടവും പാട്ടിനോടുള്ള ഭ്രമവുമൊക്കെ എന്നിലേക്ക് ഒന്നിച്ചു വരും. ഞാനും അവരോടൊപ്പം കുറേനേരം അവിടെയിരിക്കും. ജീവിതത്തിലെ സ്വപ്‌നവും സങ്കടങ്ങളും നിരാശയും സമ്മര്‍ദങ്ങളും നന്മയും കാഴ്ചയുമൊക്കെ ഒന്നിക്കുന്നൊരിടമാണ് എന്റെ വീട്. അതുകൊണ്ടാണു പറഞ്ഞത് വീടാണ് എനിക്കെല്ലാമെന്ന്.

അതുപോലെ വായന നല്ലൊരു കൂട്ടാണ്. ഇന്നും മിക്കവാറും എല്ലാ ഇംഗ്ലിഷ്-മലയാളം പത്രങ്ങളും വായിക്കും. ആനുകാലികങ്ങളൊന്നും വിടാറില്ല. അതിനിടയില്‍ പലപ്പോഴായി പല സബ്ജക്ടുകളും മുന്നിലേക്കു വന്നെങ്കിലും അവയെല്ലാം കലഹിച്ചും പൊരുത്തക്കേടു പറഞ്ഞും എന്നില്‍നിന്ന് അകന്നു പോയി. ചിലപ്പോള്‍ ഒരു തീം ആലോചിച്ച് കുറേ മുന്നോട്ടു പോയിക്കഴിയുമ്പോഴാകും അത് ക്ലീഷേ ആണെന്ന് തോന്നുക. ചിലപ്പോള്‍ ഫസ്റ്റ് ഹാഫ് ശരിയാകും സെക്കൻഡ് ഹാഫ് മനസ്സിനു പിടിക്കില്ല, അങ്ങനെ കുറേ പ്രമേയങ്ങള്‍ ഞാന്‍ തന്നെ വേണ്ടെന്നു വച്ചു. ഞാനും എന്റെ മനസ്സും മാത്രമറിഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ.

joothan-soubin-bhadran-rima

ചിലപ്പോള്‍ പുറത്തൊക്കെ പോകുമ്പോള്‍ ആളുകളൊക്കെ ചോദിക്കും ‘സാറേ, സാറിപ്പോഴും അതേപോലെ തന്നെയാണല്ലോ. ഞങ്ങള്‍ കരുതി എന്തെങ്കിലും അസുഖമൊക്കെ ആയോണ്ടാകും സിനിമയെടുക്കാത്തത്’ എന്ന്. വീട്ടുകാരും നാട്ടുകാരും പറയും ഞാന്‍ ശ്രമിക്കാഞ്ഞിട്ടാണെന്ന്. ഒന്നുമല്ല, എനിക്കു ചേരുന്ന ഒരെണ്ണവും വന്നു ചേര്‍ന്നില്ല. അതുകൊണ്ടാണ് സിനിമ ചെയ്യാതിരുന്നത്.

ജൂതനെങ്ങനെ വന്നു കയറി

ഒരു സിനിമയെടുക്കാന്‍ വേണ്ടി നടന്നപ്പോള്‍ കിട്ടിയതല്ല ജൂതനെ. ഒരിക്കല്‍ വായനയ്ക്കിടയില്‍ ഒരു ലേഖനത്തില്‍നിന്നു തുടങ്ങിയതാണ്. ആ ലേഖനമാണ് ചിത്രമായി വികസിച്ചത്. ഇ.ഓ അഥവാ ഇലാഹു കോഹന്‍ എന്ന വ്യക്തിയും ജെസീറ്റയും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ജെസീറ്റ ഒരു മനുഷ്യസ്ത്രീയല്ല.

സൗബിനിലേക്ക്...

Sudani From Nigeria || Comedy Scene

നൈജീരിയ എന്നുള്ളൊരു ചിത്രമില്ലേ... (സുഡാനി ഫ്രം നൈജീരിയ) അതു കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായതാണ് സൗബിനെ. അന്നേ തീരുമാനിച്ചതാണ്. അതിനു ശേഷമാണ് അദ്ദേഹത്തിനു സംസ്ഥാന അവാര്‍ഡൊക്കെ കിട്ടുന്നത്. അത് എടുത്തു പറയണം. കാരണം സൗബിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതു കൊണ്ടല്ല എന്റെ സിനിമയിലേക്ക് എടുത്തത്. അങ്ങനെയാരും കരുതരുത്.

ഓരോ സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോഴും ആ കഥാപാത്രത്തിന് അങ്ങേയറ്റം യോജിക്കുന്ന വ്യക്തികളെത്തന്നെ കണ്ടുപിടിക്കണം. ആ അഭിനേതാവിന് അപ്പുറം ആ കഥാപാത്രമായി മാറാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് സിനിമ കാണുന്നവര്‍ക്കു തോന്നണം. അതുപോലെ, ഒരു സംവിധായകന്‍ മോഹന്‍ലാലിനെ വച്ച്, അല്ലെങ്കില്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ. ഇടയ്ക്കവര്‍ പറയുകയാണ് ‘ഞാന്‍ പിന്‍മാറുന്നു, എനിക്കിത് ചെയ്യാനാകില്ല’ എന്ന്. അങ്ങനെയെങ്കില്‍ ആ പടം പെട്ടിയില്‍ വയ്ക്കാന്‍ തോന്നണം സംവിധായകന്. ‌‌അത്ര കൃത്യത വേണം അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍.

എനിക്ക് ജൂതനിലെ നായകനായ ഇ.ഓ അഥവാ ഇലാഹു കോഹന്‍ ആകാന്‍ സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നു തോന്നി. സിനിമ തീരുമാനിക്കുമ്പോള്‍ പല മുഖങ്ങളും മനസ്സിലൂടെ വന്നുപോയി. പക്ഷേ ഈ കഥാപാത്രമായി മാറുന്നതിനു വേണ്ട, അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഹൈ വോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ സൗബിനില്‍ എനിക്കു കണ്ടെത്താനായി. സിനിമയില്‍ ജോജുവും വളരെ വ്യത്യസ്തമായ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വേറിട്ട ടോണിലാണ് ജോജുവിനെ അവതരിപ്പിക്കുന്നത്. പിന്നെ ഇന്ദ്രന്‍സുമുണ്ട്. റീമ കല്ലിങ്കലാണ് നായിക.

ഞാന്‍ സിനിമ ചെയ്യാതിരുന്ന സമയത്ത് സിനിമയില്‍ എത്തുകയും അവരുടേതായ ഇടം നേടുകയും ചെയ്ത മികച്ച അഭിനേതാക്കളാണ് ഇവരെല്ലാം. എന്നാല്‍പിന്നെ അവരെ വച്ചൊരു സിനിമ ചെയ്തേക്കാം എന്നൊന്നും കരുതി എടുത്ത ചിത്രമല്ല ഇത്. ഒരു കഥ യാദൃച്ഛികമായി കാണുന്നു, അത് പതിയെ വികസിച്ചു വരുന്നതിനിടയില്‍ ഇവരൊക്കെ അതിലേക്കു ഫില്‍റ്റര്‍ ചെയ്യപ്പെട്ടു വീഴുകയായിരുന്നു.

Kumbalangi Nights | Soubin Shahir | Shane Nigam

ഒരിക്കലും ഒരു നടനില്‍നിന്ന് എന്റെ ഒരു സിനിമയും ഉണ്ടായിട്ടില്ല. അതേസമയം മോഹന്‍ലാല്‍ ഇല്ലെങ്കില്‍ സ്ഫടികം യാഥാര്‍ഥ്യമാവില്ല. അതുപോലെ യേശുദാസ് ഇല്ലായിരുന്നുവെങ്കില്‍ അത്രയും നല്ല പാട്ടുകളും എനിക്കെന്റെ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആകുമായിരുന്നില്ല. ഓരോ പ്രമേയവും മനസ്സിലേക്കുവന്ന് അവിടെ വച്ച് ചില്ലകളായി ഉയരുന്നതിനിടയിലാണ് കഥാപാത്രങ്ങളൊക്കെ ആരൊക്കെയാണു ചെയ്യേണ്ടതെന്നു തീരുമാനിക്കാറുള്ളത്. അത്രമാത്രം സത്യസന്ധമായി സിനിമയെ സമീപിക്കുമ്പോള്‍ അറിയാതെതന്നെ അവര്‍ കയറി വരികയും ചെയ്യും.

ഇന്നത്തെ സിനിമയും ഞാനും

കാലത്തിനൊത്തു മാറുന്നവനാകണം സംവിധായകൻ. അതല്ലാതെ എനിക്കെല്ലാം അറിയാം, ഇന്നത്തെ സിനിമയൊന്നും ശരിയല്ല എന്നു പറഞ്ഞിരുന്നാല്‍ പ്രേക്ഷകര്‍ നമുക്കു പിന്‍തിരിഞ്ഞ് നടക്കും. ഞാന്‍ പരമാവധി എല്ലാ സിനിമകളും കാണുകയും അതില്‍നിന്ന് ഉള്‍ക്കൊള്ളാനുള്ളത് എടുക്കുകയും കഴിയുമെങ്കില്‍ അതു ചെയ്തയാളിനെ വിളിച്ച് സംസാരിക്കുകയും ചെയ്യും. അടുത്തിടെ കണ്ട സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടമായത് സുഡാനി ഫ്രം നൈജീരിയയും കുമ്പളങ്ങി നൈറ്റ്സുമാണ്. കുമ്പളങ്ങിയിലെ ആ ‘ചേട്ടാ വിളി’ സീന്‍ എത്ര മനോഹരമാണ്. അത്രമേല്‍ സിംപിളായ ഒരു കാര്യത്തെ അങ്ങേയറ്റം ലളിത മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എനിക്കൊരുപാട് ഇഷ്ടമായി.

സിനിമ എന്നോടു കൂടെ

നമ്മളീ ഭൂമിയിലേക്കു വന്നിരിക്കുന്നത് ഓരോ ദൗത്യവുമായാണ്. അവരവര്‍ ചെയ്യേണ്ട വഴിയിലേക്കു വന്നെത്തുക തന്നെ ചെയ്യും. അതു തിരിച്ചറിഞ്ഞാല്‍ പിന്നെ വേറെ പണികള്‍ക്കൊന്നും പോകരുത്. ഞാനും വിഷ്വല്‍സുമായി അടുപ്പം തുടങ്ങുന്നത് അച്ഛന്റെ ചേട്ടന്‍ വരുത്തിയിരുന്ന നാഷനല്‍ ജിയോഗ്രഫിക് മാഗസിനിലൂടെയാണ്. അതില്‍ കൂടിയാണ് ഞാന്‍ ലോകത്തെ കാണുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകളായിരുന്നു അതില്‍ വന്നിരുന്നത്. അങ്ങനെയല്ലാതെ എന്റേതു പോലെ തീര്‍ത്തും ഓര്‍ത്തഡോക്സ് ആയ, ദൈവവഴിയെന്ന് എപ്പോഴും ഉരുവിടുന്ന ഒരു കുടുംബത്തില്‍നിന്നൊരാള്‍ക്ക് ലോകം പോയിട്ട് സിനിമയെക്കുറിച്ചു പോലും അറിയാന്‍ വഴിയില്ല.

Sound of Music best scene

നമ്മള്‍ അറിയാത്ത ബഹിരാകാശം, കാണാത്ത കടല്‍, കാട് അങ്ങനെ നമ്മുടെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും അപ്പുറമുള്ളവ ഈ ലോകത്ത് ഒരുപാടുണ്ടെന്ന് എനിക്കു മനസ്സിലാക്കി തന്നത് ആ മാഗസിനാണ്. അന്നു തുടങ്ങിയ ഇഷ്ടമാണ് ഇന്നും ഞാന്‍ മാഗസിനുകളോടു കാണിക്കുന്നത്. മനസ്സില്‍ വളരെ എക്സൈറ്റ് ചെയ്യിക്കുന്ന ലോകം ആദ്യമായി തീര്‍ത്തത് ആ മാഗസിനായിരുന്നു. സിനിമയെന്ന സ്വപ്‌നം മനസ്സിലേക്കു വന്നത് പല വഴികളിലൂടെയാണെങ്കിലും അതാണെന്റെ മാര്‍ഗമെന്നു തോന്നിപ്പിച്ചത് സ്‌കൂള്‍ കാലത്തെ ഒരു അനുഭവമായിരുന്നു. സിനിമ കാണാനുള്ള ആവേശം പോലെ സിനിമക്കാരനാകാനുള്ള ഉറവ ഉള്ളിലെവിടെയോ ഉണ്ടെന്നു മനസ്സിലാക്കിത്തന്നത് ആ അനുഭവമായിരുന്നു.

ഒടിഞ്ഞ കയ്യില്‍ ഈര്‍ക്കില്‍ കയറ്റി സിനിമ കണ്ട കാലം

ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പഠനമൊക്കെ. കര്‍ശന നിയമങ്ങളുള്ള സ്‌കൂളിന്റെ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി, ചവിട്ടി മെതിച്ച ഒരുഗ്രന്‍ വിദ്യാര്‍ഥിയായിരുന്നു ഞാന്‍ അന്ന്. മനഃപൂര്‍വം ചെയ്തുകൂട്ടിയതല്ല. എന്നിലേക്കു കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയെന്നതൊരു നീതിബോധമായപ്പോള്‍ ചെയ്തു പോയതാണ്. ആ സമയത്താണ് ലോകത്തെയൊന്നാകെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ച് അറിയുന്നത്- സൗണ്ട് ഓഫ് മ്യൂസിക്. കാണാന്‍ അതിയായ ആഗ്രഹം.

പക്ഷേ സിനിമ കാണാന്‍ പോകണം എന്നു പറഞ്ഞാല്‍ സ്കൂളിലെ അച്ചന്‍ ചെവി പറിച്ചെടുക്കും. അപ്പോൾ എന്റെ കൈ ഒടിഞ്ഞിരിക്കുകയായിരുന്നു. കയ്യും കെട്ടിത്തൂക്കിയാണ് നടപ്പ്. അന്നേരമാണ് ഒരാശയം തോന്നിയത്. കൈ ഒടിഞ്ഞപ്പോഴേ എല്ല് പുറത്തുവന്നിരുന്നു. സ്ഥിതി ഗുരുതരമാണെന്ന് എല്ലാവരും അതിനോടകം അറിഞ്ഞിരുന്നു. അതുകൊണ്ട് കൈ വച്ചൊരു കളി കളിച്ച് കോണ്‍വന്റില്‍നിന്ന് ചാടിപ്പോകാന്‍ തീരുമാനിച്ചു. കയ്യിലിട്ടിരുന്ന പ്ലാസ്റ്ററിന്റെ ഇടയിലേക്ക് ഈര്‍ക്കിൽ കുത്തിക്കയറ്റി ചോര പൊടിച്ച് അത് പുറത്തൊക്കെ തേച്ചുവച്ചു. നാല്‍പത് ദിവസം ആയതുകൊണ്ട് പ്ലാസ്റ്ററും കുറച്ചൊക്കെ പൊളിഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെ ആകെയൊരു ദയനീയ ഭാവത്തിലാക്കി, ആശുപത്രിയില്‍ പോണം അച്ചോ എന്നു പറഞ്ഞു ചെന്നു.

കൈ കണ്ട് അടപടലം താഴെ വീണ അച്ചന്‍, ഇപ്പൊ തന്നെ പൊയ്ക്കോ എന്നു പറഞ്ഞു. മട്ടാഞ്ചേരിയിലെ 70 എംഎം വൈന തിയറ്ററിലാണ് പ്രദർശനം. തൃശൂരിലെ ആശുപത്രിയിലേക്കെന്നും പറഞ്ഞ് കോണ്‍വെന്റ് വിട്ട ഞാനും കൂട്ടുകാരനും മട്ടാഞ്ചേരിക്കു വണ്ടി കയറി സിനിമ കണ്ടു തിരിച്ചു വന്നു. അന്നാണ് സിനിമയാണ് എന്റെ വഴിയെന്ന് എനിക്കു തോന്നിയത്. സൗണ്ട ് ഓഫ് മ്യൂസിക് വീണ്ടും കാണാന്‍ തോന്നി, പിന്നെയും പോയി. പക്ഷേ അത്തവണ അച്ചന്‍ പിടികൂടി.

അങ്ങനെയൊരു സ്‌കൂളില്‍ ഇത്തരം കള്ളത്തരങ്ങളൊക്കെ പിടിച്ചാല്‍ പിന്നെ ശിക്ഷ പുറത്താക്കലാണ്. പക്ഷേ അച്ചന്‍ ഒന്നു നോക്കിയിട്ട് ചോദിച്ചു: ‘സിനിമ നല്ലാറ്ക്കാ?’ ആൻഡ്രു അച്ചന്റെ ആ ചോദ്യം എന്റെ കണ്ണു നിറച്ചു. സിനിമയെന്ന ആവേശത്തെ കൊടുമുടിയിലെത്തിച്ചത് ആ ‘ഭയങ്കരമായിറ്ക്കച്ചോ’ എന്നു ഞാന്‍ മറുപടിയും കൊടുത്തു. അത്രയും കണിശക്കാരനായ അച്ചന്‍ ബസ് പിടിച്ച് ഞങ്ങള്‍ എല്ലാവരെയും ആ സിനിമയ്ക്കു കൊണ്ടുപോയി. അച്ചനാണ് അതു ബോധ്യപ്പെടുത്തിയത്; സിനിമയാണ് എന്റെ വഴിയെന്ന്. ഒരുപക്ഷേ എന്റെ അപ്പനേക്കാളേറെ ഞാന്‍ ഇക്കാര്യത്തില്‍ ഓര്‍ക്കുക അച്ചനെയാണ്.

പത്താം ക്ലാസ് കാലമാണ്. കണക്കില്‍ ഞാനാകെ മോശം. പക്ഷേ അച്ചന്‍ ചോദിച്ചു, ‘കൂട്രത്ക്ക് തെരിയുമാ...കുറയ്ക്ക്ത്‌ക്ക് തെരിയുമാ...അത്രേംമതി...കണക്ക് അത്രേയുള്ളൂ’. അച്ചന്‍ വലിയൊരു തത്വമാണ് പറഞ്ഞു തന്നത്. അതായത്, ഇത് ഇത്രേം മതി, നിന്റെ ലോകം സിനിമയാണെന്നു പറഞ്ഞു തരികയായിരുന്നു അദ്ദേഹം. കണക്കിനോടും പഠിത്തത്തോടുമുള്ള പേടി അന്നു തീര്‍ന്നു. പിന്നെ സിനിമ മാത്രമായി മനസ്സില്‍.

സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ കൊമേഴ്സ് ഡിഗ്രി പഠിക്കാനെന്നും പറഞ്ഞാണ് പോയത്. പക്ഷേ അങ്ങനെയൊരു ചിന്ത മനസ്സിലേ ഇല്ലായിരുന്നു. പാലായിലുള്ളതിനേക്കാള്‍ നല്ല പേരുകളുള്ള, നല്ല സിനിമകളുള്ള തീയറ്ററുകള്‍ ഒരുപാടുണ്ടല്ലോ എറണാകുളത്ത്. അവിടേക്കായിരുന്നു എന്റെ നോട്ടം. ജീവിതവും അവിടെയായിരുന്നു. അതിനിടയില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി.

അങ്ങനെയൊരിക്കെ ആര്‍ട്സ് ഡേയ്ക്ക് വിന്‍സന്റ് മാസ്റ്റര്‍ എന്ന വിഖ്യാത ഛായാഗ്രാഹകനെ അതിഥിയായി ക്ഷണിക്കാന്‍ പോയി. നദി എന്ന സിനിമയൊക്കെ ചെയ്ത് എന്റെ മനസ്സില്‍ വിസ്മയമായി നില്‍ക്കുന്ന മനുഷ്യന്‍. ഉദയാ സ്റ്റുഡിയോയില്‍ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. വിദേശികളെപ്പോലെയാണ് വിന്‍സന്റ് മാഷ്. കാണാന്‍ അതിസുന്ദരന്‍. ഞങ്ങളുടെ ക്ഷണം തിരക്കു കാരണം അദ്ദേഹം നിരസിച്ചു. ‘ഐ കാന്റ്’...എന്നു പറഞ്ഞു. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ആ നില്‍പ്പും വര്‍ത്തമാനവുമൊക്കെ. പിന്നെ ഞങ്ങള്‍ ഉമ്മറിനടുത്തെത്തി. അതിനിടയില്‍ ഞാന്‍ എന്റെ സിനിമാ മോഹവും അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ അദ്ദേഹം എന്നെയൊന്നു നോക്കിയിട്ട് പറഞ്ഞു ‘ആദ്യം നീ ഡിഗ്രി എടുക്ക് എന്നിട്ട് വാ എന്ന്’. പക്ഷേ ഡിഗ്രിക്കു മുന്‍പേ ഞാന്‍ ഹരിഹരന്‍ സാറിന്റെ അടുത്തെത്തിയിരുന്നു.

അപ്പനോടു നുണ പറഞ്ഞ്...

അപ്പന്റെ ചേട്ടന്‍ വരുത്തിയിരുന്ന മാഗസിനുകളിലൂടെയാണ് ലോകം കണ്ടതെന്നു പറഞ്ഞില്ലേ. അതിലൂടെയാണ് ടൈറ്റാനിക് എന്ന അദ്ഭുതത്തെയൊക്കെ ഞാന്‍ കാണുന്നത്. അന്നേരമാണ് സിനിമ പഠിക്കാനെന്നും പറഞ്ഞ് എങ്ങനെ വീട്ടില്‍നിന്നു പോകുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത്. ‘അപ്പാ ഞാന്‍ കപ്പലോടിക്കാന്‍ പഠിക്കാന്‍ പോവാണ്’ എന്നു പറഞ്ഞു. അപ്പന്‍ ചോദിച്ചു: ‘എന്താ കപ്പൽ?’

‘അപ്പനറിയില്ലേ...കപ്പല്. ഇരുമ്പ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതൊക്കെ ഒരദ്ഭുതമല്ലേ അപ്പാ’ എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ചെറുക്കന്‍ രക്ഷപ്പെടാന്‍ പോവാണെന്ന ചിന്തയില്‍ അപ്പനൊന്നും പറഞ്ഞില്ല. അവിടെനിന്നു പോയത് ഹരിഹരന്‍ സാറിന്റെ അടുത്തേക്കാണ്. അദ്ദേഹത്തിനു കീഴിലെ അനേകം അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായി. പിന്നീടുള്ള എന്നെപ്പറ്റി വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ വലിയ പിടിയൊന്നുമില്ലായിരുന്നു. പിന്നെ രാജഹംസം ഇറങ്ങിയപ്പോഴാണ് പാലാക്കാരായ എന്റെ നാട്ടുകാരൊക്കെ ഞെട്ടിയത്.

ഈ ജന്മത്തിലും അടുത്ത ജന്മത്തിലും

രണ്ടിലും ഉത്തരം ഒന്നേയുള്ളൂ സിനിമ. ആവേശമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. നമ്മളെ എന്തിനാണു ദൈവം ഭൂമിയിലേക്കു വിട്ടിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ ആ ആവേശം വിട്ടുകളയരുത്. അതുപോലെ അച്ചടക്കവും വകതിരിവും. ഇതു രണ്ടുമാണ് ഒരു സിനിമാക്കാരന് ഏറ്റവും ആദ്യം വേണ്ടത്. ഹരിഹരന്‍ സാറില്‍നിന്നു പഠിച്ചതാണിതൊക്കെ. ഇതു രണ്ടുമില്ലാതെ നല്ല സിനിമ ചെയ്യാനാകില്ല. സാറ് അത്രമാത്രം സംശുദ്ധിയോടെയാണ് തന്നെയും സിനിമയെയും മുന്നോട്ടു കൊണ്ടുപോയത്. ഞാനും അങ്ങനെയാകാനാണ് ശ്രമിച്ചത്. നിങ്ങള്‍ക്കു നന്നായി നടക്കാനും ഓടാനും ആകുന്നുവെങ്കില്‍ നിങ്ങളൊരു ആരോഗ്യമുള്ള മനുഷ്യനാണ്. കഴിയുന്നിടത്തോളം കാലം അതു കൈവിടാതെ കൊണ്ടുപോകുക. ആവശ്യമില്ലാതെ വലിച്ചുവാരി തിന്നുക, വ്യായാമം ചെയ്യാതിരിക്കുക, കള്ളും സിഗരറ്റുമായി നടക്കുക ഇതൊന്നും ജീവിതത്തില്‍ പാടില്ല എന്നാണെന്റെ വിശ്വാസം.

പിന്നെ, അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചതാണ് എന്താണ് ജീവിതത്തിലെ അവസാന ആഗ്രഹമായി പറയുക എന്ന്. എണ്‍പതാം വയസ്സിലും സിനിമയെടുക്കാനാകണം എന്നതാണെന്റെ സ്വപ്നമെന്ന് ഉത്തരം പറഞ്ഞു. അടുത്ത ജന്മത്തില്‍ ആരാകണമെന്നായിരുന്നു പണ്ടൊരിക്കല്‍ ആരോ ചോദിച്ചത്. അതിനൊരു ഉത്തരമേയുള്ളൂ, അന്നും ആ ജന്മത്തിലും സംവിധായകനാകണം. പണ്ട് ലൈഫ് മാഗസിന്റെ കവര്‍പേജില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു. ഞാന്‍ സിനിമയില്‍ അസോസിയേറ്റ്് ഡയറക്ടറൊക്കെ ആയ സമയത്തായിരുന്നു ആ കവർചിത്രം കണ്ടത്.

അന്നത്തെ കാലത്ത് അതൊരു വിവാദമായിരുന്നു. ലോ ആംഗിളില്‍ ഇരിക്കുന്നൊരു ക്യാമറയ്ക്കു മുകളില്‍ ബൂട്ടിട്ട കാലുകളുയര്‍ത്തി വച്ചിരിക്കുന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ‘ദിസ് ഈസ് ഒണ്‍ലി ആന്‍ എക്യൂപ്മെന്റ്’ എന്നായിരുന്നു അതിന്റെ ക്യാപ്ഷന്‍. തന്റേടം നിറഞ്ഞ നോട്ടമായിരുന്നു അദ്ദേഹത്തിന്. ആ നോട്ടവും ആ അടിക്കുറിപ്പും എന്നില്‍ വലിയ പ്രചോദനമുണ്ടാക്കി. ദിസ് ഈസ് ഒണ്‍ലി ആന്‍ എക്യുപ്‌മെന്റ്, യുവര്‍ മൈന്‍ഡ് ഈസ് ദ ക്യാമറ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും കടലിരമ്പമാണ് മനസ്സില്‍. വിസ്മയത്തിന്റെ കടല്‍ത്തിരയിളക്കം.

എന്റെ മനസ്സില്‍ മാസ്റ്റര്‍ ഓഫ് ദ് സിനിമ എന്നു പറയുന്നത് അദ്ദേഹമാണ്. സിനിമ കലയുടെയും ശാസ്ത്രത്തിന്റെയും സമന്വയമാണ്. ആ മനോഹാരിതയെ അങ്ങേയറ്റം ശക്തമായി, വിസ്മയിപ്പിക്കും വിധം സിനിമകളിലൂടെ അവതരിപ്പിച്ച ആദ്യ സംവിധായകനാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ഇപ്പോഴും, എത്രയോ വര്‍ഷം മുന്‍പു വന്ന ആ ഫോട്ടോയെയും ഇക്കാലയളവില്‍ അദ്ദേഹം സൃഷ്ടിച്ച സിനിമകളെയും നോക്കി അദ്ഭുതം കൂറുന്ന എന്നെപ്പോലെയാകണം അടുത്ത ജന്മത്തില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; ഞാന്‍ അദ്ദേഹവും. അതായത്, അടുത്ത ജന്മത്തില്‍ എന്റെ ഇങ്ങനെയുള്ളൊരു ചിത്രത്തെ നോക്കി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അദ്ഭുതം കൂറണം - അതാണ് ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com