ADVERTISEMENT

വന്‍മരങ്ങളുടെ ചില്ലകളും അതിന്റെ വലുപ്പവും തീര്‍ക്കുന്ന കൗതുകത്തില്‍ ചിലപ്പോള്‍ അതിനരികെ നില്‍ക്കുന്ന കുഞ്ഞു കുഞ്ഞു ചെടികളെയോ അതിന്റെ പൂക്കളെയോ നമ്മള്‍ മനഃപൂര്‍വമല്ലെങ്കിലും അവഗണിച്ചേക്കാം. എങ്കിലും ആ പൂക്കളുടെ ഭംഗിക്ക് ഒട്ടുമേ കുറവു വരില്ല. അത് ആസ്വദിക്കേണ്ടതായിരുന്നുവെന്ന് കാലം നമ്മോടു പറയുക തന്നെ ചെയ്യും. സിനിമകളുടെ കാര്യവും ഇതുപോലെയാണ്. വന്‍ റിലീസുകളുടെ ആരവങ്ങള്‍ക്കിടയില്‍ ചില ചിത്രങ്ങൾ കാണാന്‍ നമുക്കു കഴിയാതെ പോയേക്കാം. പക്ഷേ ആ ചിത്രങ്ങള്‍ കാണേണ്ടതായിരുന്നുവെന്ന് പിന്നീടു തോന്നും.

ഇളയരാജ എന്ന ചിത്രം തിയറ്ററുകളില്‍നിന്നു നേരിടുന്ന അനുഭവം ഇതിനൊരു ഉദാഹരണം മാത്രം. ‘കഥകളിനിയും ഒരുപാടു പറയാനുണ്ട്, പക്ഷേ വേറെ ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ മതിയായിരുന്നു’വെന്ന് സങ്കടത്തോടെ അതിന്റെ സംവിധായകനു പറയേണ്ടി വന്നതും ഇതുകൊണ്ടാണ്. അപ്പോത്തിക്കരി എന്ന ഒരൊറ്റ ചിത്രം കൊണ്ട് കാമ്പുള്ള സംവിധായകനായി അടയാളപ്പെട്ട മാധവ് രാംദാസിന്റെ പുതിയ സൃഷ്ടിയാണ് ഇളയരാജ. ചെറിയ താരനിരയെ വച്ചൊരുക്കിയ ചിത്രം അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുകയാണ്. അതേപ്പറ്റി സംസാരിക്കുകയാണ് മാധവ് രാംദാസ്.

‘ചെസ് കളിയില്‍ കമ്പമുള്ള, തീര്‍ത്തും സാധാരണ ചുറ്റുപാടില്‍ ജീവിക്കുന്നൊരാളുടെ ജീവിതമാണ് ഇളയരാജയിലുള്ളത്. എന്റെ എല്ലാ കഥകളും എനിക്കു ചുറ്റും നിന്നു കിട്ടുന്നതാണ്. യാത്രകള്‍ക്കിടയില്‍, വെറുതെയുള്ള നടത്തത്തിനിടയില്‍, ചില മനുഷ്യരുമായുള്ള വര്‍ത്തമാനത്തിനിടയില്‍ നിന്നൊക്കെ കിട്ടുന്നത്. ഇളയരാജയും അങ്ങനെയുള്ളൊരാളാണ്.

ഗിന്നസ് പക്രുവാണ് ഇളയരാജയായി വേഷമിടുന്നത്. അദ്ദേഹത്തെ അധികവും ഒരേതരം കഥാപാത്രങ്ങളിലൂടെയാണല്ലോ നമ്മള്‍ കണ്ടിട്ടുള്ളത്. പക്ഷേ അദ്ദേഹത്തില്‍ ഒരുപാടു വികാരങ്ങള്‍ സംവദിക്കാന്‍ സാധിക്കുന്നൊരു പ്രതിഭയുണ്ടെന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തെ ഈ കഥാപാത്രത്തിലേക്ക് എടുത്തത്. പ്രതീക്ഷകള്‍ തെറ്റിയില്ല, ഓരോ ഫ്രെയിമിലും എന്നെ അതിശയിപ്പിച്ചു കൊണ്ടാണ് ആ നടന്‍ മുന്നോട്ടു പോയത്. ഹരിശ്രീ അശോകനും അങ്ങനെ തന്നെ. അദ്ദേഹത്തെ ഇങ്ങനെയൊരു ലുക്കില്‍ മുന്‍പൊരിക്കലും കണ്ടിട്ടേയില്ലല്ലോ. രണ്ടാളും ഹാസ്യത്തിന്റെ പരിസരത്തു നിന്നാണ് സിനിമകളില്‍ അഭിനയിച്ചത്. അതിനപ്പുറത്തേക്ക് അവരെ കൊണ്ടുപോകുന്നത് അവര്‍ക്കും എനിക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ വ്യത്യസ്താനുഭവം ആകുമെന്നു തോന്നി.

ഇളയരാജ തിയറ്ററിൽ കണ്ടവര്‍ക്കെല്ലാം ഈ അഭിപ്രായം തന്നെയാണു പറയാനുണ്ടായിരുന്നതും. പക്ഷേ തിയറ്ററുകളില്‍ അധികം കളിക്കാനുള്ള അവസരം ഇളയരാജയ്ക്ക് കിട്ടിയതുമില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സിനിമ റിലീസിന് ഒരുകാലത്തും അനുയോജ്യ സമയം ഉണ്ടായിരുന്നില്ല. ചെറിയ സിനിമകള്‍ എല്ലാക്കാലത്തും ഇത്തരമൊരു അവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിയും തുടരും. അന്നേരം ഒരു വിഷമം തോന്നി. അതാണ് മറ്റേതെങ്കിലും ഇൻഡസ്ട്രിയിൽ സിനിമ ചെയ്താൽമതിയെന്നു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Ilayaraja Official Trailer | Guinness Pakru | Madhav Ramadasan | Gokul Suresh

എപ്പോഴും സിനിമകള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ആ ശ്രദ്ധ കിട്ടുന്ന അവസ്ഥയിലേക്കു നമ്മള്‍ മാറണം. എനിക്കതിന് സാധിക്കില്ല. അരികുവല്‍ക്കരിക്കപ്പെട്ടവരാണ് എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ളത്. അവരുടെ ജീവിതത്തിലൂടെ, മനുഷ്യനോടു ചേര്‍ന്നു നില്‍ക്കുന്ന പ്രമേയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത്തരം ഏച്ചുകെട്ടലുകള്‍ക്ക് മനഃസാക്ഷിയും അനുവദിക്കില്ല. സിനിമയിലേക്ക് പ്രേക്ഷക ശ്രദ്ധ തിരിയാന്‍ വിവാദങ്ങളുണ്ടാക്കാനോ അതിനുപകരിക്കുന്ന താരങ്ങളെ വച്ച് സിനിമ ചെയ്യാനോ സാധിക്കില്ല.

ഇളയരാജ എന്ന ചിത്രത്തെ എനിക്കറിയാവുന്ന മുഴുവന്‍ മാര്‍ക്കറ്റിങ്ങും ഉപയോഗിച്ചാണ് പുറത്തിറക്കിയത്. അതു പൊളിഞ്ഞു പോകുമ്പോള്‍ പുതിയ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് എനിക്ക് ബോധവാനാകണം. അതിനുള്ള ശ്രമത്തിലാണ് ഞാന്‍. കാരണം കഥകള്‍ ഇനിയും മനസ്സിലുണ്ട്. അത് പ്രേക്ഷകര്‍ കാണുകയും വേണം. എനിക്കു പറയാനുള്ളത് സിനിമയിലൂടെ അല്ലാതെ മറ്റെങ്ങനെയാണ് ഞാന്‍ പറയുക. പറഞ്ഞില്ലെങ്കില്‍ മനഃസമാധാനവും കിട്ടില്ല. നമുക്ക് അടുത്തറിയാവുന്നവര്‍ പോലും ഇളയരാജ തിയറ്ററില്‍ പോയി കണ്ടില്ല എന്നറിഞ്ഞപ്പോഴാണ് സങ്കടമായത്. അത് അന്നേരം പറഞ്ഞുവെന്നേയുള്ളൂ.

മെഡിക്കല്‍ പ്രഫഷനു നഷ്ടമാകുന്ന എത്തിക്‌സിനെയും പച്ചമനുഷ്യനായി അതില്‍നിന്ന് ചിലര്‍ പുനരവതരിക്കുന്നതിനെയും കുറിച്ചായിരുന്നു അപ്പോത്തിക്കരി എന്ന ചിത്രം. അതേ വിഷയത്തിലൂന്നി ജോസഫ് എന്ന ചിത്രമെത്തുമ്പോള്‍ സന്തോഷമുണ്ട്. അപ്പോത്തിക്കരി മനുഷ്യന്റെ മനോനിലയെക്കുറിച്ചാണ് അധികവും സംസാരിച്ചത്; കെട്ടുപിണഞ്ഞു കിടക്കുന്ന, അനേകം വികാരങ്ങളുടെ സമ്മിശ്രമായ മനുഷ്യനെക്കുറിച്ച്. അത്തരം സിനിമകള്‍ ഇനിയുമെത്തണമെന്ന് ആഗ്രഹിക്കുന്നു. പുതിയ കഥയുമായി ഉടന്‍ എത്തണം എന്നാണ് ആഗ്രഹം. അതിനുള്ള ചര്‍ച്ചകളിലാണിപ്പോള്‍’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com