ADVERTISEMENT

നിലപാടുകൾ തുറന്നു പറയുന്നതിൽ ഖേദമില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന പറയാനുള്ള മാനസികാവസ്ഥയുണ്ട്. അറിയുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ചതിനുശേഷമേ പറയാറുള്ളൂ. പിന്നെ ഖേദിക്കേണ്ട പ്രശ്നം വരുന്നില്ല. പലർക്കും രസിക്കാത്ത കാര്യങ്ങൾ പറഞ്ഞു പോകും. അത് മനഃപൂർവമല്ല. രസിക്കാത്ത കാര്യങ്ങൾ പറയാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പറയാൻ ഒരുപാടുണ്ട്. പറഞ്ഞതിലൊന്നും ഖേദമില്ലെന്നും അങ്ങനെയുള്ള കാര്യങ്ങളൊന്നും പറയാറില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. മനോരമ ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസൻ നിലപാടുകൾ ആവർത്തിച്ചത്.  

 

വയസ്സായതുകൊണ്ട് റോളുകളില്ല 

 

എനിക്ക് വയസ്സായതുകൊണ്ട് അധികം റോളുകൾക്കൊന്നും ആളുകൾ എന്നെ വിളിക്കുന്നില്ല. സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്ക് അവരുടെതായ ഒരു സമയമുണ്ട്. എന്റെ പ്രായത്തിലുള്ള റോളുകൾ സിനിമയിലുണ്ടാകണം. അതാണ് പ്രധാനം. സിനിമയിൽ നായകൻ എന്നു പറയുമ്പോൾ കഥ എഴുതുന്നവരുടെ മനസ്സിൽ വരുന്നത് യുവാക്കളാണ്. എന്റെ കുഴപ്പമെന്നോ ആളുകളുടെ കുഴപ്പമെന്നോ അല്ല ഞാൻ പറയുന്നത്. ഇതൊരു സത്യമാണ്. 

 

ഒറ്റപ്പെട്ടുപോകും, അതാണ് സംവിധാനം നിർത്തിയത് 

 

രണ്ടു സിനിമകളാണ് ഞാൻ സംവിധാനം ചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ഒരു വർഷം ആ സിനിമയുടെ കൂടെത്തന്നെ ഉണ്ടാകണം. വേറെയൊരു കാര്യവും ചെയ്യാൻ പറ്റില്ല. ഒറ്റപ്പെട്ട അവസ്ഥയാണ്. അതുകൊണ്ടാണ് ഞാൻ ആ പരിപാടി നിറുത്തിയത്. ഇനി സംവിധാനം ചെയ്യില്ല എന്നല്ല. ഏതെങ്കിലും കാലത്ത് ചെയ്യുമായിരിക്കും. എനിക്ക് വഴങ്ങുന്ന ഒരു കഥ കൂടി ഉണ്ടാകണം. അപ്പോൾ ചെയ്യും. 

 

വിനീത് പറഞ്ഞു, എന്റെ അഭിനയം വളരെ മോശമാണ്

 

ചെറുപ്പത്തിൽ ഒരു തവണ മാത്രമേ ഞാൻ വിനീതിനെയും ധ്യാനിനെയും സിനിമാ സെറ്റിൽ കൊണ്ടുപോയിട്ടുള്ളൂ. ഞാൻ കൊണ്ടുപോയതല്ല, നാട്ടിലേക്ക് പോകുന്ന വഴി അവർ വന്നതാണ്. ഏതു സിനിമയായിരുന്നു അതെന്ന് ഇപ്പോൾ ഓർമ്മയില്ല. പക്ഷേ, ഞാൻ വിനീതിനോട് ഒരു ചോദ്യം ചോദിച്ചത് ഓർമയുണ്ട്. അന്ന് വിനീതിന് ആറേഴ് വയസു കാണും. ഒരു ഷോട്ടിൽ അഭിനയിച്ചതിനു ശേഷം ഞാൻ ചോദിച്ചു, എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു? ഉടനെ വന്നു വിനീതിന്റെ മറുപടി, 'വളരെ മോശമായിരുന്നു!' ആ പ്രായത്തിൽ അവനത് പറയാനുള്ള ബോധം ഉണ്ടായിരുന്നു എന്നതിൽ എനിക്കു സന്തോഷം തോന്നി.

 

ആശുപത്രിയിലേക്ക് പോകണ്ട, ഇതു ശരിയാകും

 

തലേദിവസം ഡബ്ബ് ചെയ്തത് പൂർത്തിയായില്ല. ബാക്കി വന്നത് ചെയ്യാൻ അടുത്ത ദിവസം വീണ്ടും സ്റ്റുഡിയോയിൽ പോയി. ഒന്നാം നിലയിൽ ആയിരുന്നു. സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി. പണ്ട് ഞാൻ നന്നായി പുക വലിച്ചിരുന്നു. അതാണ് കുറെ പ്രശ്നങ്ങൾക്ക് കാരണം. ശ്വാസംമുട്ടൽ തുടങ്ങിയപ്പോൾ സംവിധായകൻ വിനു എന്നോടു പറഞ്ഞു, ആശുപത്രിയിൽ പോകാമെന്ന്. ഇതിപ്പോ ശരിയാകും, ആശുപത്രിയിലൊന്നും പോകണ്ട എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോഴേക്കും വിനുവും മറ്റു ചിലരും ചേർന്ന് എന്നെ എടുത്ത് കാറിൽ കയറ്റി. ലാൽ മീഡിയ എന്ന സ്റ്റുഡിയോയിൽ നിന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലുള്ള ചില കാഴ്ചകൾ മാത്രമെ എനിക്ക് ഓർമയുള്ളൂ. പിന്നെ എനിക്ക് ബോധം വരുന്നത് 24 മണിക്കൂറിന് ശേഷമാണ്. 

 

ഒരു മരണം കഴിഞ്ഞു; ഇതെന്റെ രണ്ടാം ജന്മം  

 

ആ 24 മണിക്കൂറിൽ എന്തും സംഭവിക്കാമായിരുന്നു. മരണം കഴിഞ്ഞു എന്നു വേണമെങ്കിൽ പറയാം. നെഞ്ചത്ത് സിപിആർ എന്ന പരിപാടി ചെയ്തിട്ടാണ് ജീവൻ തിരികെ കൊണ്ടുവന്നതെന്ന് പറയുന്നു. എനിക്കൊന്നും ഓർമയില്ല. നെഞ്ചത്ത് നല്ല വേദനയുണ്ടായിരുന്നു. ഒരു കാര്യം മനസിലായി, മരിക്കാൻ പ്രത്യേകിച്ച് കഴിവൊന്നും ആവശ്യമില്ല. ഏതു മണ്ടനും എത്ര വേഗം വേണമെങ്കിലും മരിക്കാം. 

 

പുസ്തകം വായിക്കാൻ എംബിബിഎസ് വേണോ?

 

മസ്തിഷ്കമരണത്തെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. അതിനെപ്പറ്റി സംസാരിക്കുന്നത് മിക്ക ആശുപത്രിക്കാർക്കും ഇഷ്ടമല്ല. മസ്തിഷ്കമരണങ്ങൾ അവിചാരിതമായി സംഭവിക്കുന്നതല്ലെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളുണ്ടായി. അതിനെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. ഞാൻ അലോപ്പതി മരുന്ന് കഴിക്കുന്നുണ്ട്. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടുള്ളവർ അതിൽ അപര്യാപ്തതകളുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ ശ്രമിച്ചത്. പല ആളുകളും ഞാൻ എംബിബിഎസ് ആണോ, ഡോക്ടർ ആണോ, ഇതിനെപ്പറ്റി അറിയുമോ എന്നൊക്കെ ചോദിക്കാറുണ്ട്. അറിയാതെ ഓരോന്ന് പറയുകയാണ് എന്നൊക്കെ പറയും. പുസ്തകം വായിക്കാൻ എംബിബിഎസിന്റെ ആവശ്യമില്ലല്ലോ! എനിക്ക് മരുന്നിനെപ്പറ്റി അറിയാം എന്നല്ല പറയുന്നത്. ഒറ്റയടിക്ക് ഞാൻ അലോപ്പതിക്ക് എതിരാണെന്ന് പറയുന്നത്, ഞാനുയർത്തുന്ന കാര്യങ്ങൾ വെളിയിലാവാതിരിക്കാനാണ്.

 

വീട്ടിൽ ആരും നിന്നു തരില്ല

 

എന്റെ കഥകൾ കേൾക്കാൻ വീട്ടിൽ ആരും നിന്നു തരില്ല. ഭാര്യയോടു പറഞ്ഞാൽ തന്നെ അത് എത്രത്തോളം ഏൽക്കുമെന്ന് സംശയമാണ്. കുറെ ചോദ്യങ്ങൾ ഇങ്ങോട്ടു ചോദിക്കും. അതിനുള്ള മറുപടി പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആ വഴിയും നോക്കാറില്ല. സിനിമാ അനുഭവങ്ങൾ ഞാൻ മക്കളോടു പറയാറുണ്ട്. സിനിമയിലെ മാത്രമല്ല, ജീവിതത്തിൽ കടന്നുപോയിട്ടുള്ള വഴികളിലെ അനുഭവങ്ങൾ സന്ദർഭം കിട്ടുമ്പോൾ പറയാറുണ്ട്. അത് കുറച്ച് മനഃപൂർവമാണ്. അവർ ജനിക്കുന്നത് ഒരു വിധം തരക്കേടില്ലാത്ത ചുറ്റുപാടിലേക്കാണ്. എന്നാൽ എന്റെ സ്ഥിതി അതായിരുന്നില്ല. അതൊക്കെ ഞാൻ പറഞ്ഞാൽ മാത്രമെ, ഇങ്ങനെയൊക്കെ ലോകത്തുണ്ട് എന്ന് അവർക്ക് മനസിലാകൂ. 

 

ഞാൻ ശ്രമിച്ചിട്ടില്ല, പക്ഷേ അവർ സിനിമയിലെത്തി

 

ഞാനൊരിക്കലും എന്റെ മക്കളെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. അവർ ജനിക്കുമ്പോൾ ഞാൻ സിനിമയിലാണ്. അവർ എപ്പോഴും കാണുന്നത് സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ്. അങ്ങനെയൊരു ലോകത്താണ് അവർ വളർന്നത്. ഞാൻ പലപ്പോഴും കഥ ആലോചിക്കുന്നു... എഴുതുന്നു... കഥ ആലോചിച്ച് ഞാൻ ഭ്രാന്ത് പിടിച്ച് നടക്കുന്നതുപോലെയുള്ള പല സംഭവങ്ങളും അവർ കാണുന്നു. ഈ അനുഭവങ്ങളിൽ നിന്ന് അവർക്ക് ചിലപ്പോൾ ഏതോ ഒരു ഘട്ടത്തിൽ ഇങ്ങനെയൊരു തോന്നൽ ഉണ്ടായതായിരിക്കാം. അവരുടെ സിനിമാപ്രവേശവുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

 

കുട്ടിമാമയെക്കുറിച്ച്

 

കൊള്ളാവുന്ന പടമാണെന്നു കേൾക്കുകയാണെങ്കിൽ എന്തായാലും പോയി കാണണം

 

മെയ് 16നാണ് വി.എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ പ്രദർശനത്തിനെത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, മീര വസുദേവ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ പട്ടാളക്കാരനായാണ് ശ്രീനിവാസൻ എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com