ADVERTISEMENT

സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങൾ വന്നിട്ടും പ്രേക്ഷകർ തീയറ്ററിൽ എത്തിച്ചേരാത്തത് എന്തുകൊണ്ടായിരിക്കും എന്ന ആശങ്കയിലാണ് 'നാൻ പെറ്റ മകൻ' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. എറണാകുളം മഹാരാജാസിലെ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം പ്രമേയമാക്കി സജി പാലമേൽ സംവിധാനം ചെയ്ത ചിത്രമാണ് 'നാൻ പെറ്റ മകൻ'.  ഈ വെള്ളിയാഴ്ചയെ സിനിമ അതിജീവിക്കുമോ എന്ന ആശങ്ക ബാക്കി വച്ചാണ് റിലീസിന്റെ ആദ്യവാരം കടന്നുപോകുന്നത്. സിനിമ ടൊറന്റിൽ വരുമ്പോൾ കണ്ടിട്ട്, വിജയിക്കേണ്ട സിനിമയായിരുന്നു എന്നു പരിതപിച്ചിട്ട് കാര്യമില്ലെന്ന് തുറന്നു പറയുകയാണ് അഭിമന്യുവിനെ തിരശീലയിൽ അവതരിപ്പിച്ച മിനോൺ.  ‘സിനിമയിൽ പ്രവർത്തിച്ചവർക്ക് സിനിമ കൊണ്ടു എന്തെങ്കിലും ഉപകാരം ഉണ്ടാകണമെങ്കിൽ പ്രേക്ഷകർ ആ സിനിമ തീയറ്ററിൽ പോയിത്തന്നെ കാണണം.’ മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മിനോൺ പറഞ്ഞു. 

 

ആളില്ലാതെ എങ്ങനെ പ്രദർശിപ്പിക്കും?

Naan-Petta-Makan

 

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കാരണം, കണ്ടിറങ്ങുന്ന എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. പാർട്ടി ചായ്‌വുള്ള ആളുകളൊന്നുമല്ല അവർ. അതാണ് അദ്ഭുതം. ചിത്രം കാണാൻ കൂടുതലും എത്തുന്നത് കുടുംബപ്രേക്ഷകരാണ്. വളരെ വൈകാരികമായി അവർ പ്രതികരിക്കുന്നു. ഇത്രയും നല്ല അഭിപ്രായങ്ങൾ വന്നിട്ടും അധികം പേരൊന്നും സിനിമ കാണാൻ ആളുകൾ തീയറ്ററിലേക്ക് എത്തുന്നില്ല. നിലവിൽ അങ്ങനെയൊരു അവസ്ഥയുണ്ട്. ആളില്ലാത്തതുകൊണ്ട് തീയറ്ററുകാർക്ക് അധിക ദിവസം ഓടിക്കാൻ കഴിയില്ല. അത് അവരുടെ ജീവതപ്രശ്നം കൂടിയല്ലേ! ആദ്യ രണ്ടു ദിവസം വളരെ മോശമായിരുന്നു തീയറ്ററുകളുടെ അവസ്ഥ. പിന്നെ ആളുകൾ കയറാൻ തുടങ്ങി. പക്ഷേ, ഇപ്പോൾ വീണ്ടും പഴയ അവസ്ഥയിലായി. ഇങ്ങനെയാണ് ഈ സിനിമ പൊയ്ക്കൊണ്ടിരിക്കുന്നതെങ്കിൽ ഈ വെള്ളിയാഴ്ചയെ സിനിമ അതിജീവിക്കുമോ എന്ന ചോദ്യമാണ് ആശങ്ക ഉയർത്തുന്നത്. 

naan-petta-makan

 

ഓൺലൈനിൽ കണ്ടിട്ട് എന്തു കാര്യം?

 

ഒരു നടൻ എന്ന രീതിയിൽ ഞാൻ സംതൃപ്തനാണ്. ഞാൻ അവതരിപ്പിച്ച അഭിമന്യുവിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. അതിലെനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നവരും ആദരിക്കുന്നവരുമായ ഒരു കൂട്ടം വ്യക്തികളുണ്ട് ഈ ചിത്രത്തിനു പിന്നിൽ. അവരും വിജയിച്ചു കാണണമെന്ന ആഗ്രഹം എനിക്കുണ്ട്. സിനിമ ഒരു കൂട്ടായ്മയുടെ കലയാണ്. അതിന്റെ വിജയവും അങ്ങനെ തന്നെ. ഈ സിനിമ തീയറ്ററിൽ നിന്നും മാറി, മറ്റു പ്ലാറ്റ്ഫോമുകളിൽ ലഭ്യമായാൽ  തീർച്ചയായും നല്ല അഭിപ്രായങ്ങൾ വരും. കൂടുതൽ പേർ കാണും. വിജയിക്കേണ്ട സിനിമയായിരുന്നു എന്നൊക്കെ അപ്പോൾ ആളുകൾ പറയുമായിരിക്കും. പക്ഷേ, അതുകൊണ്ട് കാര്യമില്ലല്ലോ! സിനിമയിൽ പ്രവർത്തിച്ചവർക്ക് സിനിമ കൊണ്ടു എന്തെങ്കിലും ഉപകാരം ഉണ്ടാകണമെങ്കിൽ പ്രേക്ഷകർ ആ സിനിമ തീയറ്ററിൽ പോയിത്തന്നെ കാണണം. 

 

സംവിധായകൻ എന്നെ കണ്ടെത്തി

 

കേരളത്തിൽ എല്ലാവരും ഒരുപോലെ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത വിഷയമായിരുന്നു അഭിമന്യുവിന്റെ കൊലപാതകം. ഞാനും അവരിൽ ഒരാളായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് സംവിധായകൻ എന്നോടു പറയുമ്പോൾ ഞാൻ ഈ ലുക്കിൽ ആയിരുന്നില്ല. മുടിയൊക്കെ വളർത്തിയിരുന്നു. സജി ചേട്ടായിക്ക് (സംവിധായകൻ സജി പാലമേൽ) എങ്ങനെയാണ് അഭിമന്യുവിന്റെ ലുക്ക് എന്നിൽ കണ്ടെത്തിയതെന്ന് അറിയില്ല. പ്രേതം 2ൽ കാണുന്നതു പോലെയുള്ള ലുക്ക് ആയിരുന്നു അപ്പോൾ എനിക്ക് ഉണ്ടായിരുന്നത്. എന്നാൽ ചേട്ടായിക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു ഞാൻ! സിനിമയുമായി ഏറ്റവും കൂടുതൽ സഹകരിച്ചിട്ടുള്ള മൂന്നുപേരാണ് അഭിമന്യുവിന്റെ മാതാപിതാക്കളും സഹോദരനും. അവർ എപ്പോഴും കൂടെയുണ്ടായിരുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ അവർ വളരെ വികാരാധീനർ ആയി. എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. 

 

അഭിമന്യുവിന്റെ നന്മയാണ് ഈ ചിത്രം

 

അഭിമന്യുവിനെ മോശമായി ചിത്രീകരിച്ചെന്നോ അഭിമന്യുവിനെ വേറെ ആരോ ആക്കിക്കളഞ്ഞെന്നോ ഒന്നും ചിത്രം കണ്ടവർ പറഞ്ഞില്ല. അമിത  വൈകാരികതയ്ക്കോ രാഷ്ട്രീയത്തിനോ പ്രാധാന്യം നൽകിയല്ല ചിത്രം ഒരുക്കിയിരിക്കുന്നത്. രക്തസാക്ഷികൾ കൂടുതലായി ഉണ്ടാകുന്നത് നല്ല സംഭവമല്ല. രക്തസാക്ഷികൾ ഉണ്ടാകാതെ ഇരിക്കലാണ് നമ്മുടെ ആവശ്യം. ജീവിച്ചിരിക്കുന്ന അഭിമന്യുവിനെക്കാൾ കരുത്തനാണ് കൊല്ലപ്പെട്ട അഭിമന്യു എന്നൊക്കെയുള്ള ഗിമിക്കുകൾക്ക് ഈ സിനിമ നിന്നു കൊടുത്തിട്ടില്ല. ജീവിച്ചിരിക്കേണ്ടവനാണ് അഭിമന്യു. ഒരു രക്തസാക്ഷിയും രക്തസാക്ഷി ആകേണ്ടവരായിരുന്നില്ല. രക്തസാക്ഷിയായ അഭിമന്യുവിന്റെ കരുത്ത് കാണിക്കുന്ന സിനിമയല്ല ഇത്. ജീവിച്ചിരിക്കുന്ന അഭിമന്യുവിന്റെ നന്മകളെയും ആ വ്യക്തിയെയും കൂടുതലായി മനസ്സിലാക്കാനുള്ള അവസരം തരുന്ന സിനിമ മാത്രമാണ് ഇത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com