ഞാൻ ഇവിടെത്തന്നെയുണ്ട്, മാറി നിന്നതിനു കാരണമുണ്ട്: പ്രേംകുമാർ

premkumar-family
SHARE

പ്രേംകുമാർ സിനിമയിലെത്തിയിട്ട് ഇത് മുപ്പതാം വർഷമാണ്. ഇക്കാലയളവിൽ നൂറ്റൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. 18 സിനിമകളിൽ നായകനായി. തൊണ്ണൂറുകളിലെ സിനിമാപ്രേക്ഷകർക്ക് ഇപ്പോഴും ഓർമവരിക 'അമ്മാവാ' എന്നൊരു വിളിയും വളിച്ച ചിരിയുമായി കടന്നുവരുന്ന വക്രബുദ്ധിക്കാരനായ ചെറുപ്പക്കാരനെയാണ്. ജയറാം-പ്രേംകുമാർ കൂട്ടുകെട്ടിലെത്തിയ നിരവധി സിനിമകൾ പ്രേക്ഷകരെ എല്ലാംമറന്നു ചിരിപ്പിച്ചു. രണ്ടായിരമായപ്പോഴേക്കും പെട്ടെന്ന് പ്രേംകുമാറിനെ സിനിമകളിൽ കാണാതായി. ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുന്നതിന്റെ വിശേഷങ്ങൾ പ്രേംകുമാർ പങ്കുവയ്ക്കുന്നു.

ആദ്യസിനിമ ഇപ്പോഴും പെട്ടിയിൽ...

ബിരുദം കഴിഞ്ഞശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും റാങ്കോടെയാണ് പുറത്തിറങ്ങിയത്. പി.എ. ബക്കർ സംവിധാനം ചെയ്ത സഖാവ് കൃഷ്ണപിള്ള എന്ന സിനിമയിൽ  ടൈറ്റിൽ റോളിൽ ആയിരുന്നു എന്റെ അരങ്ങേറ്റം. അതിൽ വളരെ സീരിയസ് കഥാപാത്രമായിരുന്നു. പക്ഷേ ചിത്രീകരണം പൂർത്തിയായെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. അങ്ങനെ ആദ്യ സിനിമ തന്നെ പെട്ടിയിലായ ദൗർഭാഗ്യവാനായി ഞാൻ മുദ്ര കുത്തപ്പെട്ടു. അതിനുശേഷം ദൂരദർശനിൽ ലംബോ എന്നൊരു ടെലിഫിലിമിൽ അവസരം ലഭിച്ചു. അതിൽ പല പ്രായത്തിലുള്ള കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചു. നർമ്മത്തിന് പ്രാധാന്യം നൽകി 1 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഹിറ്റായതോടെ ഞാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കൂടുതൽ സിനിമകളിൽ അവസരം തേടിയെത്തി. അതെല്ലാം കോമഡി വേഷങ്ങളുമായിരുന്നു.

ജയറാം- പ്രേംകുമാർ കൂട്ടുകെട്ട്...

രാജസേനൻ സംവിധാനം ചെയ്ത മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രത്തിലാണ് ഞാനും ജയറാമും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതുമണവാളൻ...ഞങ്ങൾ ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകൾ പിറന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം ഞങ്ങളുടെ അഭിനയത്തിലും പ്രതിഫലിച്ചതാകാം കാരണം. ഇപ്പോൾ ഒരിടവേളയ്‌ക്കുശേഷം പട്ടാഭിരാമൻ എന്ന സിനിമയിൽ ഞങ്ങൾ വീണ്ടും ഒരുമിച്ചു. അതിൽ ജയറാമിന്റെ കഥാപാത്രത്തിന്റെ അളിയനായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. പക്ഷേ അധികം കോംപിനേഷൻ സീനുകൾ വരുന്നില്ല. എങ്കിലും വളരെ സാമൂഹികപ്രസക്തിയുള്ള ഒരു ചിത്രമാണ് പട്ടാഭിരാമൻ.

ഞാൻ ഇവിടെത്തന്നെയുണ്ട്...

തൊണ്ണൂറുകളിൽ ഓടിനടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരേപോലെയുള്ള വേഷങ്ങൾ തുടരെ വന്നപ്പോൾ ചില സിനിമകൾ വേണ്ടെന്നുവച്ചു. 2001 ലായിരുന്നു എന്റെ വിവാഹം. ഭാര്യ ജിഷ. വിവാഹശേഷം എട്ടുവർഷത്തോളം ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയിൽ നിന്നൊരു ബ്രേക്ക് എടുക്കാൻ കാരണമായത്. 

അല്ലാതെ മനഃപൂർവം സിനിമയിൽ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകൾ ജനിച്ച ശേഷമാണ് വീണ്ടും സിനിമകൾ നോക്കിത്തുടങ്ങിയത്. അപ്പോഴേക്കും സംവിധായകരും നടന്മാരും സിനിമ മൊത്തത്തിലും മാറിയിരുന്നു. പരിചയമുള്ള സംവിധായകർ സിനിമ ചെയ്യാതെയായി. അങ്ങനെ റീഎൻട്രി പിന്നെയും വൈകി. അരവിന്ദന്റെ അതിഥികളാണ് തിരിച്ചു വരവിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം, പിന്നെ പഞ്ചവർണത്ത ചെയ്തു.

മലയാളസിനിമ ഇപ്പോൾ ഒരുപാട് മാറി. കഥ, സാങ്കേതികവിദ്യ, അഭിനയം, ചെറുപ്പക്കാരുടെ നിലപാടുകൾ എല്ലാം പുതിയതായി. സിനിമ കൂടുതൽ ജനകീയമായതായി തോന്നുന്നു.

പുതിയ സിനിമകൾ...

അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രം ഉറിയടി, വാർത്തകൾ ഇതുവരെ, ജാലിയൻ വാലാബാഗ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA