വിനീത് എന്റെ ഗുരുസ്ഥാനീയന്‍: നിവിൻ പോളി

nivin-pauly
SHARE

‘ലൗ ആക്‌ഷൻ ഡ്രാമ’ ഓണത്തിനു തിയറ്ററുകളിൽ കയ്യടി തീർക്കുമ്പോൾ നായകൻ നിവിൻ പോളി ടൊറന്റോയിലാണ്. അഭിനന്ദനങ്ങൾക്കും കയ്യടികൾക്കും നടുവിൽത്തന്നെ. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ നിവിൻ–ഗീതു മോഹൻദാസ് സിനിമയായ‘മൂത്തോൻ’ പ്രിമിയർ ഷോ പൂർത്തിയായപ്പോഴാണു നിവിനെ ഫോണിൽ കിട്ടിയത്. സിനിമ കണ്ടിറങ്ങിയവരുടെ മികച്ച അഭിപ്രായമാണ് ഇത്തവണത്തെ ഓണസമ്മാനം എന്ന് ആദ്യ പ്രതികരണം.       

എന്തൊക്കെയാണ് ടൊറന്റോ വിശേഷങ്ങൾ? 

          

∙ ലോകത്തെ ഒന്നാംനിര ചലച്ചിത്രമേളകളിലൊന്നാണ് ടൊറന്റോയിലേത്. അത്തരം വേദിയിൽ ഒരു മലയാളം സിനിമ എത്തുക എന്നത് അഭിമാനാർഹമാണ്. സിനിമാപ്രവർത്തകരും ആരാധകരും ക്യുറേറ്റർമാരുമൊക്കെയായി തിങ്ങിനിറഞ്ഞ സദസ്സിനൊപ്പം ചിത്രം കാണാൻ സാധിച്ചു. ഓണക്കാലമായതു കൊണ്ടാവാം, ഒട്ടേറെ മലയാളികളുടെയും സാന്നിധ്യമുണ്ടായി. എല്ലാവർക്കും ചിത്രം ഇഷ്ടപ്പെട്ടു എന്നാണു പ്രതികരണങ്ങളിൽനിന്നു മനസ്സിലാക്കാനാവുന്നത്. വലിയൊരു അനുഭവമായിരുന്നു. 

അനുരാഗ് കാശ്യപ് മൂത്തോന്റെ നിർമാതാക്കളിലൊരാളാണ്. എങ്ങനെയാണ് അദ്ദേഹവുമായുള്ള സൗഹൃദം. നിങ്ങൾ ഒരുമിച്ച് ഒരു സിനിമ ഉണ്ടാകുമോ?

∙ ചിത്രം തുടങ്ങുന്നതിനു മുൻപു തന്നെ അദ്ദേഹവുമായി നല്ല ബന്ധമാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ എഴുതിയതും അദ്ദേഹമാണ്. സെറ്റില്‍ പതിവു സാന്നിധ്യമായിരുന്നതിനാൽ തന്നെ ഷൂട്ടിന്റെ ഇടവേളകളിലും സായാഹ്നങ്ങളിലുമൊക്കെ ഏറെ നേരം സംസാരിച്ചിരിക്കാറുണ്ടായിരുന്നു. വളരെ സൗഹൃദ മനോഭാവമുള്ള ആളാണ്. ഏതു സമയത്തും നമുക്കു വിളിച്ച് എന്ത് ഉപദേശവും ചോദിക്കാം, മറുപടി ലഭിക്കും. ഒരുമിച്ചുള്ള സിനിമയുടെ കാര്യവും ആലോചനയിലുണ്ട്. രണ്ടു പേർക്കും താൽപര്യമുള്ള ഒരു കഥ ഉണ്ടാകുമ്പോൾ  ആ സിനിമ തീർച്ചയായും സംഭവിക്കും.

moothon-nivin

ഒരേ സമയം കച്ചവട സിനിമയുടെയും സമാന്തര സിനിമയുടെയും ഭാഗമാകുന്നുണ്ടല്ലോ?  

       

∙ രണ്ടു തരം സിനിമകളും വേണം എന്നാണ് എന്റെ അഭിപ്രായം. രണ്ടു തരം സിനിമകളും ഒരേ സമയം ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷവുമുണ്ട്. മുഖ്യധാരയിൽനിന്നു വിട്ടുള്ള സിനിമകളുടെ ഭാഗമാകുമ്പോൾ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാവുകയാണു ചെയ്യുക. വലിയ സാധ്യതകളും അതിന്റെ ഭാഗമാണ്. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്തെ സിനിമാ ഇൻഡസ്ട്രിയെ പ്രതിനിധീകരിച്ച് വലിയ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുക്കാനും ചലച്ചിത്രാസ്വാദകരുടെ അഭിപ്രായം നേടാനും കഴിയുന്നത് അത്തരം ഒരു സാധ്യതയാണ്. രണ്ടു തരം സിനിമകളുടെയും ശരിയായ ബാലൻസ് നിലനിർത്തി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം 

മൂത്തോൻ സിനിമയെപ്പറ്റി? 

∙ സിനിമയെപ്പറ്റി ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ നിർവാഹമില്ല. എങ്കിലും ഒന്നു പറയാം. ഞാൻ എന്റെ കരിയറിൽ ഏറ്റവും ആസ്വദിച്ചു ചെയ്ത സിനിമകളിലൊന്നാണ്. വളരെ വെല്ലുവിളികൾ നിറഞ്ഞ വേഷമായിരുന്നു. ഏറെക്കാര്യങ്ങൾ പഠിക്കാനും അഭിനയത്തെ ആഴത്തിൽ അറിയാനുമുള്ള അവസരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. ഗീതു മോഹൻദാസ് പ്രഗത്ഭയായ സംവിധായികയാണ്. രാജീവ് രവിയിൽനിന്നും അദ്ദേഹത്തിന്റെ ടീമിലെ ടെക്നീഷ്യൻമാരിൽനിന്നു പോലും ഏറെ പഠിക്കാനുണ്ട്. എല്ലായ്പോഴും എല്ലാവർക്കും അങ്ങനെയുള്ള ഒരു ടീമിന്റെ ഭാഗമാകാൻ അവസരം ലഭിക്കണമെന്നില്ല. അതു കൊണ്ടു തന്നെ വലിയൊരു അംഗീകാരമാണ് ‘മൂത്തോൻ’. 

geetu-nivin

എന്നാണു മലയാളികൾക്ക് ഈ സിനിമ കാണാനാവുക? 

∙ ടൊറന്റോ ചലച്ചിത്ര മേളയ്ക്കു ശേഷം ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. അതിനു ശേഷം മാത്രമേ കേരളത്തിലെ റിലീസ് തീരുമാനിക്കുള്ളൂ. കാണികളെ അതിശയിപ്പിക്കുന്ന ചിത്രമാണു മൂത്തോൻ. പ്രിമിയർ പ്രദർശനത്തിനു ചിത്രം കണ്ട ആളുകളുടെ പ്രതികരണം അതാണു സൂചിപ്പിക്കുന്നത്. കുറച്ചുനാൾ കൂടി കാത്തിരിക്കൂ...

ഓണച്ചിത്രങ്ങളിൽ ‘ലൗ ആക്‌ഷൻ ഡ്രാമയെ’ വ്യത്യസ്തമാക്കുന്നത് എന്താണ്?‌

∙ വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും ചേരുംപടി ചേർന്ന ചലച്ചിത്രമാണത്. എല്ലാം മറന്നു ചിരിക്കാനുള്ള വക ചിത്രം നൽകും. ചിത്രം തീർന്നാലും അതിലെ നർമം പ്രേക്ഷകരെ വിട്ടുപോകില്ല. പലയിടത്തും ചിത്രം ഹൗസ്ഫുൾ ആണ്. ഒട്ടേറെ തിയറ്ററുകളിൽ അധികം ഷോകൾ നടത്തേണ്ടി വന്നിരുന്നു. ചിത്രത്തെ കാണികൾ നെഞ്ചേറ്റി എന്നതിനു തെളിവാണ് ഈ പ്രതികരണങ്ങൾ.

love-action-drama-movie-review-2

നയൻതാരയോട് ഒരുമിച്ചുള്ള സെറ്റിലെ അനുഭവം? 

∙ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച കലാകാരിയാണ് നയൻതാര. സെറ്റിൽ എല്ലായ്പോഴും സന്തോഷവതിയായിരിക്കും. നമുക്കൊരു പോസിറ്റീവ് എനർജി കിട്ടും. വളരെ നല്ല അനുഭവമായിരുന്നു ഷൂട്ട്. ലൗ ആക്‌ഷൻ ഡ്രാമയില്‍ ഞങ്ങൾ സ്ക്രീൻ പങ്കിട്ട നിമിഷങ്ങൾ ആസ്വാദകർക്ക് ഇഷ്ടപ്പെട്ടു എന്നാണ് മനസ്സിലാക്കാനാകുന്നത്.  

ഇതരഭാഷാ ചിത്രങ്ങൾ ഒഴിവാക്കുകയാണോ?

∙ഒരിക്കലുമല്ല, ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ മലയാളത്തിൽനിന്നു വിട്ടുനിൽക്കാൻ സമയം കിട്ടുന്നില്ല. അതുകൊണ്ടാണ് നിലവിൽ ഇതരഭാഷാ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിക്കാത്തത്.

കായംകുളം കൊച്ചുണ്ണി പോലെ ഒരു ബിഗ് ബജറ്റ് ചിത്രം പദ്ധതിയുണ്ടോ?

∙അത്തരമൊരു ചിത്രത്തിന് എല്ലായ്പോഴും മലയാളത്തിൽ ഇടമുണ്ട്. എന്നാൽ അത്തരമൊന്ന് എപ്പോഴും നടക്കണം എന്നുമില്ല. സംവിധായകന് എന്താണു വേണ്ടത് എന്നതിനെ ആശ്രയിച്ചാണു ബിഗ് അല്ലെങ്കിൽ സ്മോൾ ബജറ്റ് ഉണ്ടാകുന്നത്. ഞാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘തുറമുഖം’ ബിഗ് ബജറ്റ് ചിത്രത്തിന്റെ ശ്രേണിയിലുള്ള ഒന്നാണ്. രാജീവ് രവി ചിത്രമാണത്. 

love-action-drama-review-5

വിനീതിന്റെയും ധ്യാനിന്റെയും ആദ്യ സിനിമ നിവിനൊപ്പമായിരുന്നു. നിയോഗമാണോ ഇത്. ധ്യാൻ മുൻകൂട്ടി പറഞ്ഞിരുന്നോ, റോളിനെപ്പറ്റി? 

∙ അതൊരു അനുഗ്രഹമായി കാണാനാണ് എനിക്കിഷ്ടം. വിനീത് എന്റെ ഗുരുസ്ഥാനീയനാണ്. എന്നും അങ്ങനെ തന്നെയായിരിക്കും. ധ്യാൻ കഥയെപ്പറ്റിയും റോളിനെപ്പറ്റിയും വളരെ മുൻപേ സൂചന  തന്നിരുന്നു. സ്ക്രിപ്റ്റ് പൂർത്തിയാക്കിയ ശേഷം വിളിച്ച് ദിനേശനാകണം എന്നാവശ്യപ്പെട്ടപ്പോൾ അതു കൊണ്ടുതന്നെ അപരിചിതത്വം തോന്നിയില്ല.

വിനീതിന്റെയും ധ്യാനിന്റെയും സംവിധാനശൈലികളിൽ എന്താണു പ്രധാന വ്യത്യാസം?

∙വിനീതും ധ്യാനും മാത്രമല്ല, എല്ലാ സംവിധായകർക്കും അവരുടേതായ ശൈലിയുണ്ട്. ഒരു കഥ പറഞ്ഞു ഫലിപ്പിക്കാൻ അപാരമായ കഴിവുള്ളയാളാണു വിനീത്. ഓരോ കഥാപാത്രവും സ്ക്രീനിൽ എങ്ങനെ പെരുമാറണം എന്നു പോലും വിനീതിന് കൃത്യമായ ധാരണയുണ്ടായിരിക്കും. ചെയ്യുന്ന കാര്യങ്ങൾ ആസ്വദിക്കുന്നയാളാണ് ധ്യാൻ. നന്നായി കഠിനാധ്വാനം ചെയ്യും. അധികം വൈകാതെ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി ധ്യാൻ മാറും എന്നെനിക്കുറപ്പുണ്ട്.  

nivin-pauly-kids

നാട്ടിലെ ഓണാഘോഷം മിസ് ആയോ? എങ്ങനെയൊക്കെയാണ് മകളുടെ അച്ഛനായ നിവിൻ പോളി?

∙ഇക്കുറി നാട്ടിൽ ആഘോഷിക്കാൻ പറ്റിയില്ല. എങ്കിലും വലിയൊരു വേദിയാണ് പകരം ലഭിച്ചത് എന്നതിനാൽ ആർക്കും പരിഭവമില്ല. കുഞ്ഞു കുസൃതികളൊക്കെയായി ഞങ്ങളുടെ ജീവിതം നിറമുള്ളതാക്കുകയാണു മകൾ. ഷൂട്ടിനിടെ എപ്പോൾ ഒഴിവു കിട്ടിയാലും വീട്ടിലേക്കോടുന്നത് ഇതിനാലാണ്. മകളുടെ അച്ഛൻ എന്നത് വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. അവളുടെ പെട്ടെന്നുള്ള വളർച്ച കാണാനാകുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകുന്നതും വലിയ സന്തോഷം തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA