ADVERTISEMENT

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പിള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ അബ്ദുസമദ് മകൻ സാബുമോൻ എന്ന തരികിട സാബു, ജല്ലിക്കട്ട് എന്ന സിനിമയ്ക്കു ശേഷം ഒരു അഭിനേതാവ് എന്ന നിലയിൽ മലയാളികൾക്കു മുന്നിൽ കൂടുതൽ തെളിച്ചത്തോടെ നിൽക്കുകയാണ്. വിരണ്ടോടിയ പോത്തിനെ വെടിവച്ചു വീഴ്ത്താനെത്തുന്ന കുട്ടച്ചൻ വഞ്ചിക്കപ്പെട്ടവനായിരുന്നു. അതിന്റെ മനോവ്യഥ ആന്റണിയുടെ കുത്തേറ്റു വീഴുന്ന നിമിഷത്തിലും പ്രേക്ഷകരിലേക്കു സന്നിവേശിപ്പിക്കുന്നുണ്ട് അയാൾ. ഒരു നടനെന്ന രീതിയിൽ സാബുവിനെ ഉപയോഗിച്ച സിനിമയാണ് ജല്ലിക്കട്ട്. ആ കഥാപാത്രത്തെക്കുറിച്ചും അതിനു തന്നെ പരുവപ്പെടുത്തിയ അനുഭവങ്ങളെക്കുറിച്ചും സാബുമോൻ അബ്ദുസമദ് സംസാരിക്കുന്നു....

 

'സാബൂന് പറ്റിയ റോൾ വരട്ടെ'

sanumon-movie

 

ഞാൻ ലിജോയെ പരിചയപ്പെടുന്നത് 15 വർഷം മുൻപാണ്. അതിനു മുൻപ് എനിക്കു ലിജോയെ അറിയാം. ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ വച്ചാണ് എനിക്കു ലിജോയെ കണ്ടു പരിചയം. ലിജോ അങ്ങനെ പടത്തിലേക്കൊന്നും എന്നെ വിളിച്ചിട്ടില്ല. സാബൂന് പറ്റിയ എന്തെങ്കിലും വരുമ്പോഴേ വിളിക്കൂ എന്നു പറഞ്ഞിരുന്നു. ഞാൻ പോയി ലിജോയോട് ഇക്കാര്യം ചോദിക്കാറുമില്ല. ഇതിനു മുൻപ് ഡബിൾ ബാരലിലേക്കു വിളിച്ചിരുന്നു. അതു ഞാൻ പോയി ചെയ്തു. പിന്നെ വിളിക്കുന്നത് ബിഗ് ബോസിൽനിന്ന് ഇറങ്ങിയ സമയത്താണ്. 

കട്ടപ്പനയിൽ വന്നു നിൽക്കാനാണ് ലിജോ ആവശ്യപ്പെട്ടത്. ആ പ്രദേശവുമായി പരിചയപ്പെടാനായിരുന്നു അത്. അങ്ങനെ ഷൂട്ടിനു വളരെ മുൻപ് ഞാൻ അവിടെ പോയി താമസിച്ചു. സിനിമയിൽ രണ്ടു ഗെറ്റപ്പുകളുണ്ട് കുട്ടച്ചന്. അതിന് ഒരുപാടു സമയം മെനക്കെടേണ്ടി വന്നില്ല. ലിജോ തമാശയായി എന്നെക്കുറിച്ച് പറയും, ഞാൻ 'തീറ്റോ' ഡയറ്റാണ് എടുത്തതെന്ന്. കീറ്റോ ഡയറ്റ് എന്നു പറയുന്ന പോലെ തീറ്റോ ഡയറ്റ്. പെട്ടെന്നു തടിക്കുകയും മെലിയുകയും ചെയ്യുന്ന ശരീരപ്രകൃതമാണ് എന്റേത്. 

sabumon-3

 

antony-peppe-sabu

തോക്കിൽ തിര നിറയ്ക്കുന്ന രംഗം

 

sabumon-jallikattu1

അത് ഒറ്റ ഷോട്ടാണ്. അങ്ങനെയാണ് ആ രംഗം ചിത്രീകരിച്ചത്. ആദ്യത്തെ അടിക്ക് ആ ബക്കറ്റ് എന്റെ കയ്യിൽ വന്ന് അടിച്ചു. ആ രംഗം ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും. അടിച്ച് ബൗൺസ് ചെയ്ത് എന്റെ കയ്യിലേക്കാണ് ആദ്യം വീണത്. രണ്ടാമത്തെ ഏറിന് അതു തെറിച്ച് അപ്പുറത്തു നിൽക്കുന്ന ഒരാളുടെ പുറത്തു വീണു. ആദ്യത്തെ അടിയിൽ അതു പൊട്ടിയില്ല. ഒറ്റ അടിയിൽ ചിതറിക്കണമെന്നാണ് പറഞ്ഞത്. പക്ഷേ, അതു പൊട്ടിയില്ല. രണ്ടാമത്തെ ഏറിലാണ് അതു പൊട്ടുന്നത്.

 

എന്റെ മനസ്സിൽ ഞാൻ ഫിക്സ് ചെയ്ത കഥാപാത്രമാണ് കുട്ടച്ചൻ. കുട്ടച്ചൻ അടിച്ചാൽ ഒടിയണം. അല്ലെങ്കിൽ അടുത്ത അടിക്ക് ഒടിച്ചിരിക്കും. അതായിരുന്നു മനസ്സിൽ. തിര നിറച്ചിട്ട് ആന്റണിയുടെ നേരെ തോക്കു ചൂണ്ടുമ്പോൾ അവൻ എന്റെ തോക്കിൽ കയറിപ്പിടിക്കും. എന്റെ മനസ്സിൽ കുട്ടച്ചൻ എന്ന കഥാപാത്രം ഫിക്സ് ചെയ്തു വച്ചതുകൊണ്ടാണ് ആന്റണി തോക്കിൽക്കയറി പിടിക്കുമ്പോൾ എനിക്ക് ചിരി വരുന്നത്. ഇവൻ എന്തിനാണു ബലം പിടിക്കുന്നത് എന്നാണ് എന്റെ മനസ്സിൽ! കുട്ടച്ചനെ സംബന്ധിച്ചിടത്തോളം ആന്റണി ഒരു വിഷയമല്ല.

antony-sabu

 

sabumon-4

ചെറിയ പീസ് കുട്ടച്ചൻ തൂക്കില്ല

 

സിനിമയിൽ പോത്തിറച്ചിയുടെ വലിയൊരു കഷ്ണം ഞാനെടുത്തു തൂക്കുന്നുണ്ട്. ഫ്ലാഷ് ബാക്ക് സീക്വൻസിലാണ് അതു വരുന്നത്. ചെറിയൊരു പീസെടുത്തു തൂക്കിയാൽ മതിയെന്നാണ് എന്നോടു പറഞ്ഞത്. പക്ഷേ, ചെറിയ പീസ് കുട്ടച്ചൻ തൂക്കില്ലല്ലോ എന്നാണ് മനസ്സിൽ ആദ്യം വന്നത്. അതു പറഞ്ഞ്, വലിയൊരു ഇറച്ചിക്കഷ്ണമാണ് ഞാൻ പൊക്കിയെടുത്ത് തൂക്കുന്നത്. ആറോ ഏഴോ ടേക്ക് അതെടുക്കേണ്ടി വന്നു. അവസാനം എല്ലാവരും ചിരിയോടു ചിരി ആയിരുന്നു.

sabumon-actor

 

കുട്ടച്ചൻ ഇതു പൊക്കും എന്നുള്ളത് എന്റെയൊരു കണക്കുക്കൂട്ടൽ ആയിരുന്നു. പക്ഷേ, എന്റെ ശരീരത്തിന് ഇത്രയും ഭാരമുണ്ടെങ്കിലും അത് പുല്ലു പോലെ എടുത്ത് തൂക്കാൻ കഴിയില്ലായിരുന്നു. ഒറ്റയടിക്കു പറ്റാതെ ആയപ്പോൾ രണ്ടു ശ്രമങ്ങളുടെ ഒടുവിൽ തൂക്കുന്നതായി സിനിമയിൽ കാണിക്കുകയായിരുന്നു. ഷോട്ട് ശരിയാകാതെ വന്നപ്പോൾ, ഇറച്ചിയുടെ ആ വലിയ പീസ് ഒരാൾ താഴെയിരുന്ന് എടുത്തു തരാമെന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ചെയ്യുകയാണെങ്കിൽ ഞാൻ തന്നെ ചെയ്യും എന്ന നിലപാടിലായിരുന്നു ഞാൻ.

sabumon-movie

 

ശരീരം ഔട്ട് ഓഫ് ഓർഡർ

 

ഓട്ടം എല്ലാവർക്കും കിട്ടി. മിക്കവാറും എല്ലാ ദിവസങ്ങളിലും ആരെങ്കിലുമൊക്കെ കുഴിയിൽ വീഴും. ആ പ്രദേശം അങ്ങനെയാണ്. അവിടെ ലൈറ്റപ്പ് ചെയ്യാൻ പറ്റില്ല. സിനിമയെ ബാധിക്കും. അതുകൊണ്ട്, ആ ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഇഴഞ്ഞൊക്കെയാണ് ചെയ്യുന്നത്. വെള്ളത്തിൽ വീഴുന്ന രംഗത്തിന്റെ മേക്കിങ് വിഡിയോ വരും. അതൊന്നു കാണണം. ആ ഒരു രംഗത്തിനു വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അതു കാണുമ്പോൾ മനസ്സിലാകും. 

 

ഡിസംബറിൽ കട്ടപ്പനയിലായിരുന്നു ഷൂട്ട്. വെറും ലുങ്കിയും ഷർട്ടും ഇട്ടാണ് ഐസു പോലെ തണുപ്പുള്ള വെള്ളത്തിൽ ഇറങ്ങിനിന്ന് ഇടികൂടുന്നത്. ശരീരം മുഴുവൻ വിറയ്ക്കുകയായിരുന്നു. അതു കുറെ ടേക്ക് പോയി. എന്റെയും ആന്റണിയുടെയുമെല്ലാം ശരീരം ഔട്ട് ഓഫ് ഓർഡർ ആയെന്നു പറയാം. 

 

ചെയ്യണമെന്നു വിചാരിച്ച് ഇറങ്ങിത്തിരിച്ചതാണ്. കുറേ പരുക്കുകൾ ഉണ്ടായി. കുറേ പണികിട്ടി. ഇപ്പോഴും ഒരു കൈയ്ക്ക് ഇടയ്ക്കിടെ വേദനയുണ്ട്. സംഘട്ടനരംഗം ചിത്രീകരിച്ചപ്പോൾ പല തവണ വീണിരുന്നു. അതിൽ പറ്റിയതാണ്. വേറൊരു രംഗത്തിൽ പെപ്പെയ്ക്കും പരുക്കേറ്റിരുന്നു. ഒരു സിനിമയെ ഗൗരവമായി എടുക്കുമ്പോൾ അതിനുവേണ്ടിയുള്ള ബുദ്ധിമുട്ടുകളും സഹിക്കണം. സിനിമ ഒരു കലയാണ്. നടൻമാർ സംവിധായകന്റെ ഉപകരണങ്ങളാണ്. ആ ഉപകരണത്തെ സംവിധായകൻ ഉപയോഗപ്പെടുത്തും. അതിലുണ്ടാകുന്ന കഷ്ടപ്പാട് സ്വാഭാവികമാണ്.

 

ഡ്യൂപ്പ് വേണ്ട, ഞങ്ങൾ ചെയ്തോളാം

 

എനിക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ അതു പറയാം. അവരോട് ഡ്യൂപ്പിനെക്കൊണ്ടു ചെയ്യിപ്പിച്ചോളൂ എന്നും വേണമെങ്കിൽ പറയാം. എനിക്കോ ആന്റണിക്കോ അതു ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു മാറി നിൽക്കാമായിരുന്നു. പക്ഷേ, അങ്ങനെ പറയാൻ ഞങ്ങൾ തയാറല്ലായിരുന്നു. എങ്ങനെയൊക്കെ, ഏതു ലെവൽ വരെ ചെയ്യാൻ പറ്റും എന്നു കാണിക്കാൻ വേണ്ടി ഇതിന്റെ മേക്കിങ് എല്ലാം ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഇതൊന്നും ആരും പറഞ്ഞാൽ വിശ്വസിക്കില്ല. 

 

ഓടിയ ക്യാമറമാന്റെ പുറകെ ഓടിയ വിദ്വാൻ

 

ജല്ലിക്കട്ടിന്റെ മേക്കിങ് ചലച്ചിത്ര വിദ്യാർഥികൾ പഠിക്കേണ്ട ഒന്നാണ്. വിവിയൻ എന്നൊരു കക്ഷിയാണ് ഇതെല്ലാം ഡോക്യുമെന്റ് ചെയ്തത്. വളർന്നു വരുന്ന ഒരു സംവിധായകനാണ് വിവിയൻ. ലിജോയുടെ അടുത്തു വന്ന് വിവിയൻ ഈ സിനിമയുടെ മേക്കിങ് ഡോക്യുമെന്റ് ചെയ്തോട്ടെ എന്നു ചോദിക്കുകയായിരുന്നു. കാരണം, സിനിമ പഠിക്കുന്നവർക്ക് ഇതു വളരെയേറെ സഹായകമാകും. അതിഗംഭീരമായി വിവിയൻ ജല്ലിക്കട്ട് എന്ന സിനിമ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഗിരീഷ് ക്യാമറയുമായി ഓടി ഷൂട്ട് ചെയ്ത് കിതച്ചിരിക്കുന്ന ഒരു വിഡിയോ കണ്ടു കാണും. അത് യുട്യൂബിലിട്ടപ്പോൾ വന്ന കമന്റ്, ഗിരീഷിന്റെ ഓട്ടം ക്യാമറയിലേക്കു പകർത്താൻ പിന്നാലെ ഓടിയവന്റെ അവസ്ഥ എന്താകും എന്നാണ്. അതാണ് വിവിയൻ!

 

കുട്ടച്ചൻ പൾവാൾ ദേവനല്ല

 

ദീപു ജോസഫാണ് സിനിമയുടെ എഡിറ്റർ. സിനിമയുടെ അവസാന ഭാഗത്തിന്റെ എഡിറ്റ് ദീപു ചെയ്തത് ഞാൻ കണ്ടു. ക്ലൈമാക്സിൽ പോത്തുമായി എന്റെ ഒരു മൽപ്പിടുത്തമുണ്ട്. ആന്റണി കുത്താൻ വരുന്നതൊക്കെയായി ഒരു രംഗം. ക്ലൈമാക്സിൽ വളരെ ചെറുതായാണ് അതു കാണിച്ചിരിക്കുന്നത്. സത്യത്തിൽ ഷൂട്ടിന്റെ സമയത്ത് അതു കുറെ എടുത്തിരുന്നു. കുറെ കഷ്ടപ്പെട്ട് എടുത്തതായിരുന്നു അതെല്ലാം. എഡിറ്റ് ചെയ്തു വച്ചിരിക്കുന്ന ഭാഗം കണ്ടപ്പോൾ അതിൽ ചെറിയൊരു ഭാഗം മാത്രമാണ് എടുത്തത് എന്നു മനസ്സിലായി. ഞാൻ അക്കാര്യം ദീപുവിനോടു ചോദിച്ചു. ‘ഇതെന്താ ബാഹുബലി സിനിമയാണോ? ഒരു ഗ്രാമം കുത്തിമറിച്ചിട്ട് വരുന്ന പോത്തിനെ കുട്ടച്ചൻ ഒറ്റയ്ക്ക് പിടിക്കാനോ? ഇത്രയൊക്കെ പറ്റുള്ളൂ’– എന്നായിരുന്നു ദീപുവിന്റെ മറുപടി. അതാണ് ജല്ലിക്കെട്ട് എന്ന സിനിമ. അതിൽ ആരെയും അമാനുഷികരായി കാണിക്കാൻ പറ്റില്ല. 

 

സംവിധായകൻ സൂപ്പർഹീറോ

 

സൂപ്പർഹീറോ സത്യത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഇതു ചെറുത്! വലുത് വരാൻ കിടക്കുന്നേയുള്ളൂ. എനിക്ക് അറിയാവുന്ന ലിജോ ഒരിക്കൽ എടുക്കുന്ന സംഭവം പിന്നീട് എടുക്കില്ല. പിന്നെ, ലിജോ എടുക്കുന്ന ഒന്ന് പെട്ടെന്നൊന്നും മറ്റൊരാൾക്കു ചെയ്യാനും കഴിയില്ല. അത്തരം ആശയങ്ങളാണ് ആ തലയിലുള്ളത്. ലിജോ എന്ന സംവിധായകനെക്കുറിച്ചുള്ള എന്റെ ഒരു കാഴ്ചപ്പാടും വിലയിരുത്തലുമാണ് ഇത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com