ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍ വിനയന്‍. 20 വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ തുടർച്ച എത്തുമ്പോൾ അതിന്റെ വിശേഷങ്ങൾ അദ്ദേഹം തന്നെ പങ്കുവയ്ക്കുന്നു. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

 

രണ്ടാം ഭാഗം

 

1999 ൽ ആകാശ ഗംഗ വിജയാഘോഷം കഴിഞ്ഞപ്പോൾ തന്നെ ഇതിന് രണ്ടാം ഭാഗം വേണമെന്ന് പറഞ്ഞ് പല നിർമാതാക്കളും സമീപിച്ചു. പക്ഷേ ഒത്തുവന്നത് 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ..ചാലക്കുടിക്കാരൻ ചങ്ങാതി കഴിഞ്ഞ് വീണ്ടും ഒരു വ്യത്യസ്തയ്ക്ക് എന്തു ചെയ്യണം.... ആ ചിന്തയിൽ നിന്നാണ് ആകാശഗംഗ 2 'ഉണർന്നത്. മാണിക്കശ്ശേരി തറവാട്ടിലെ മായ തമ്പുരാട്ടിയുടെ മകൾ ആതിരയിലൂടെയാണ് ആകാശഗംഗ 2 വികസിക്കുന്നത്‌.

 

ദിവ്യാ ഉണ്ണി

 

ദിവ്യാ ഉണ്ണിക്ക് പുതിയ ചിത്രത്തിൽ വേഷമില്ല. മായ തമ്പുരാട്ടി പ്രസവത്തോടെ മരിക്കുന്നു. ആ കഥാപാത്രത്തിന്റെ മരണശേഷം 20 വർഷങ്ങൾക്കിപ്പുറമുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ. പക്ഷേ സിനിമയുടെ ചില ഭാഗങ്ങളിൽ ആദ്യ ഭാഗങ്ങളിലെ ചില സീനുകളിലൂടെ പഴയ ദിവ്യാ ഉണ്ണിയെ കാണാൻ പറ്റും. പുതിയ സിനിമക്ക് ദിവ്യയുടെ ആശംസകൾ അറിയിച്ചിരുന്നു.

 

പ്രതികാരവുമായി പഴയ ദാസി പെണ്ണ് വീണ്ടും.....?

 

ആകാശഗംഗ ഇപ്പോഴും ടിവി ചാനലുകളിൽ വരുമ്പോ നല്ല റേറ്റിങുള്ള സിനിമയാണ്. അതിനൊരു പ്രധാന കാരണം ഈ സിനിമയിലെ യക്ഷിയാണ്... ആ കഥാപാത്രം ചെയ്ത ' മയൂരി " ഇന്ന് ജീവിച്ചിരിപ്പില്ല." പക്ഷേ അവർക്ക് പകരം  മറ്റൊരാളെ കൊണ്ടുവരുന്നത് അതിന് പകരമാവുന്നുമില്ല.. അതിന് എനിക്കൊട്ടും യോജിപ്പുമില്ല!.. എല്ലാവരുടെയും മനസ്സിൽ പഴയ ആ യക്ഷി ഇപ്പോഴുമുണ്ട്. ആ ചിന്തയിൽ നിന്നുമാണ് പുതിയ ടെക്നോളജിയിൽ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത മയൂരിയെ വീണ്ടും റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത്

 

പുതിയ താരങ്ങൾ?

 

ജഗതി ശ്രീകുമാർ ,ജഗദീഷ്, ഇന്നസെന്റ്, അങ്ങനെ പലരും രണ്ടാം ഭാഗത്തിലില്ല. പകരം ശ്രീ നാഥ് ഭാസി, സെന്തിൽ, വിഷ്ണുവിനയ്, ധർമ്മജൻ, വിഷ്ണു വിജയ്, ഹരീഷ് പേരടി, പിന്നെ ബ്ലാക് മാജിക്കൊക്കെ ചെയ്യുന്ന കഥാപാത്രമായി രമ്യാ കൃഷ്ണൻ, ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

 

ഇഷ്ടപെട്ട ഹൊറർ സിനിമ?

 

ഭാർഗവി നിലയം... പഴയ സിനിമയാണെങ്കിലും, എത്ര വർഷങ്ങൾ കഴിഞ്ഞാലും, മനസിൽ നിന്ന് മായാത്ത ചിത്രമാണ്.. ഭാർഗവി നിലയം വീണ്ടും ചിത്രീകരിച്ചാലോന്ന് വരെ ആലോചിച്ചിട്ടുണ്ട്. പക്ഷേ, നടന്നില്ല. അതൊക്കെ മനസ്സിലിട്ടാണ് ആകാശഗംഗ'' ചെയ്യുന്നത്. കുഞ്ഞുന്നാൾ മുതലേ യക്ഷിക്കഥകൾ കേട്ട് വളർന്നവരാണ് നമ്മൾ മലയാളികൾ.അത് കൊണ്ട് തന്നെ പാലമരം, മുടി നീട്ടി വളർത്തി വെള്ള 'സാരിയുടുത്ത സുന്ദരി യക്ഷി, യക്ഷിപാട്ട്‌... ഇതൊക്കെ കാലങ്ങൾ എത്ര കഴിഞ്ഞാലും എക്കാലത്തും കൈ നീട്ടി സ്വീകരിക്കുന്നവരാണ് നമ്മൾ.

 

വെള്ള സാരിയും പാലപൂവിന്റെ മണവും പ്രതികാരവും പ്രണയാർദ്രയുമായ യക്ഷി സങ്കല്പം മാറ്റുന്നില്ല... പക്ഷേ, ഹോളിവുഡ് പടങ്ങളോട് കിടപിടിക്കുന്ന  പുതിയ സാങ്കേതിക വിദ്യയിൽ, ഞെട്ടിക്കുന്ന പല സംഭവങ്ങളും  ഇതിൽ പ്രതീക്ഷിക്കാം.

 

രണ്ടാം ഭാഗത്തിന് സൂപ്പർ ഹിറ്റുകൾ ഒരുപാടുണ്ട്..!!

 

രണ്ടാം ഭാഗത്തിന് സാധ്യതകൾ ഉളള ഒരു പാട് പടങ്ങളുണ്ട്. അത്ഭുതദ്വീപ്, വാസന്തീം ലക്ഷ്മീം, പിന്നെ ചാലക്കുടികാരൻ, സെന്തിലിനെ വെച്ച് വീണ്ടും ചെയ്യാം. മമ്മൂട്ടിയെ വച്ച് രാക്ഷസരാജാവ്, അതിനൊരു കഥ വരെ കണ്ടു വച്ചിട്ടുണ്ട്. തീർച്ചയായും ചിലപ്പോൾ സെക്കൻഡ് പാർട്ടുകൾ സംഭവിച്ചേക്കാം.

 

ആകാശഗംഗ 3?

 

വിഷ്വൽ ട്രീറ്റ്മെൻറ് കൊണ്ടും ശബ്ദവിന്യാസത്തിന്റെ പ്രത്യേകത കൊണ്ടും, പഴയ ആകാശഗംഗയേക്കാൾ ഒരു പാട് മാറ്റങ്ങൾ പുതിയ ആകാശഗംഗയ്ക്കുണ്ട്. അങ്ങനെ സ്വീകരിക്കപ്പെട്ടാൽ ആകാശഗംഗ 3 തീർച്ചയായും പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com