ഞാനൊരു മോശം നടിയായിരുന്നു; എന്റെ ബെസ്റ്റ് ചോയ്സ് നിവിൻ; ഗീതു മോഹൻദാസ് അഭിമുഖം

moothon-geetu
SHARE

ടൊറന്റോയിൽ രാജ്യാന്തര സിനിമാവേദിയിലും (TIFF) മുംബൈയിൽ MAMI സിനിമാമേളയിലും പ്രദർശനം നടത്തിയതിനുശേഷം ഇതാ മലയാളികൾക്കു മുന്നിലേക്കെത്തിയിരിക്കുന്നു, മൂത്തോൻ. ഒരുപക്ഷേ മറ്റൊരു സിനിമയ്ക്കു വേണ്ടിയും പ്രേക്ഷകർ ഇത്രയേറെ ആകാംക്ഷയോടെ കാത്തിരുന്നു കാണില്ല. കാരണമുണ്ട് !

ഒന്നു മുതൽ പൂജ്യം വരെയിൽ ടെലിഫോൺ അങ്കിളിനെ വിളിച്ച കൊച്ചു പെണ്‍കുട്ടി, പിന്നീട് നായികയായതും മികച്ച നടിയായതും മലയാളികൾക്കു മുന്നിലാണ്. പക്ഷേ ക്യാമറയ്ക്കു പിന്നിലേക്കു ചുവടുവച്ച ഗീതു മോഹൻദാസ് കയ്യടി നേടിയതാകട്ടെ രാജ്യാന്തര വേദികളിലാണ്. ഇതാദ്യമായാണ് ഗീതുവിന്റെ ചിത്രം മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. 

മൂത്തോന്റെ വിശേഷങ്ങൾ കൊട്ടകയോടു പങ്കിടുന്നു ഗീതു–

∙ ഫെസ്റ്റിവൽ വേദികളിൽ നിന്നു മൂത്തോൻ തിയറ്ററിലെത്തുകയാണ്. ചിത്രം മലയാളി പ്രേക്ഷകരിലേക്കെത്തുമ്പോഴുളള പ്രതീക്ഷകൾ ?

ഞാൻ വളരെ എക്സൈറ്റഡ് ആണ്. ഇങ്ങനെ വലിയരീതിയിലുള്ളൊരു സിനിമാ റീലിസ് ആദ്യമായാണ്, എന്റെ പ്രേക്ഷകരെ കണ്ടെത്താൻ പോവുന്നതും ആദ്യമായാണ്. ഞാൻ ആഗ്രഹിച്ച സിനിമയാണ് ഞാൻ ചെയ്തിട്ടുള്ളത്. അതു പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. മൂത്തോൻ ഒട്ടേറെ രാജ്യാന്തര ഫെസ്റ്റിവൽ വേദികളിൽ പോകുന്നുണ്ട്. അത്തരം സ്പേസിൽ നേരത്തെ ലയേഴ്സ് ഡൈസും പോയിട്ടുണ്ട്. അല്ലാതെ ഒരു തിയറ്റർ റിലീസിന്റെ പ്രതികരണം അറിയാൻ പോകുന്നത് ആദ്യമായാണ്. അതിന്റെ ആകാംക്ഷയുണ്ട്. 

geetu-nivin

∙ ടൊറന്റോയിൽ ആദ്യ പ്രദർശനം, മുംബൈ ഫിലിംഫെസ്്റ്റിവലിന്റെ ഓപണിങ് ചിത്രമായിരുന്നു മൂത്തോൻ. രാജ്യാന്തര വേദികളിൽ മലയാള സിനിമയെത്തുമ്പോൾ ? 

രാജ്യാന്തര വേദിയിലെത്തുന്ന സിനിമയ്ക്ക് മുന്നിൽ വിശാലമായ പ്രേക്ഷകരെയും കൂടുതൽ സാധ്യതകളെയും തുറന്നുകിട്ടുകയാണ്. മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ ആദ്യമായാണ് തെന്നിന്ത്യൻ സിനിമ ഓപണിങ് ചിത്രമാകുന്നത്. അങ്ങനെയൊരു വേദിയിൽ  അതൊരു പാൻ ഇന്ത്യൻ ഫിലിം ആവുകയാണ്. ഇത്തരം േവദികൾ കിട്ടുന്നത് നല്ല കാര്യമാണ്. അടുത്തിടെയായി ഒട്ടേറെ മലയാള ചിത്രങ്ങൾ രാജ്യാന്തര സിനിമവേദിയിലെത്തുന്നുണ്ട്. 

∙ മൂത്തോൻ എന്ന പേര് ?

മുത്തോൻ എന്നാൽ മൂത്തവൻ.  ലക്ഷദ്വീപിൽ എല്ലാവരും ഏട്ടനെ അങ്ങനെയാണു വിളിക്കുക. അതു തന്നെ സിനിമയുടെ പേരായി.

geetu-nivin-moothon

∙ ബോളിവുഡിലെ ശ്രദ്ധിക്കപ്പെടുന്ന അഭിനേതാക്കളും ടെക്നീഷ്യൻസും മൂത്തോനിലുണ്ട്. അനുരാഗ് കശ്യപ് സിനിമയുടെ ഭാഗമായതെങ്ങനെ ?

അനുരാഗും ഞാനും 20 വർഷമായി സുഹൃത്തുക്കളാണ്. അനുരാഗും രാജീവും ഒരുമിച്ചു വർക്ക് ചെയ്തിട്ടുണ്ട്. മൂംബൈയിലെ സംഭാഷങ്ങൾ എഴുതാൻ ആളെ ആവശ്യമായി വന്നപ്പോൾ നല്ലൊരു ടീമിനെ കൂടെച്ചേർക്കാനാണ് ശ്രമിച്ചത്. അങ്ങനെയാണ് അനുരാഗിനോട് സംഭാഷണം എഴുതാൻ ആവശ്യപ്പെട്ടത്. തിരക്കഥ ഇഷ്ടമായതോടെ അനുരാഗ് എന്റെ ഡലയോഗ് റൈറ്റർ മാത്രമായില്ല, ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ കൂടിയായി മാറി. അതൊരു ഡബിൾ ബോണസ് ആയി.

∙ രാജ്യാന്തര പുരസ്കാരം നേടിയ തിരക്കഥയാണ് രണ്ടു വർഷത്തിനു ശേഷം മൂത്തോൻ എന്ന സിനിമയാകുന്നത്. അതിന്റെ പിന്നിലെ അധ്വാനം ?

2016ലാണ് സൺഡൻസ് ഫിലം ഫെസ്റ്റവിലിൽ മൂത്തോന്റെ സ്ക്രിപ് തിരഞ്ഞെടുക്കപ്പെടുന്നത്. അവിടെ ഒരു എഴുത്തുകാരനെപ്പോലെ ക്രിയേറ്റീവായി തിരക്കഥയെഴുതാനാണ് ആവശ്യപ്പെടുക. സിനിമയായിട്ടല്ല. അങ്ങനെ ആ രീതിയിലാണ് ഞാൻ തിരക്കഥയെഴുതിയത്. ഷൂട്ടിങ് വന്നപ്പോൾ അതു മറ്റൊരു രീതിയിലായി, പിന്നീട് എഡിറ്റിങ് കൂടി കഴിയുമ്പോൾ മറ്റൊന്നായി എന്നാണു ഞാൻ മനസിലാക്കുന്നത്. പക്ഷേ ആ പ്രോസസ് തീർച്ചയായും ഫുൾഫില്ലിങ് ആണ്. നമ്മൾ സ്ക്രിപ്റ്റ് മാത്രമേ ഫോളോ ചെയ്യു എന്നു ബലംപിടിച്ചാൽ അതിന്റെയൊരു സ്വാഭാവികമായ പരിണാമമുണ്ടാവില്ല. പക്ഷേ പ്രേക്ഷകരോടു പറയാൻ ആഗ്രഹിക്കുന്നത് എന്താണ് എന്നതിന്റെ എസൻസ് നഷ്ടപ്പെടാതെ സൂക്ഷിക്കണം. അങ്ങനെയെങ്കിൽ തിരക്കഥയിൽ നിന്ന് സിനിമയിലേക്കുള്ള യാത്ര ആസ്വദിക്കാനാകും.

moothon-review-2

∙ മൂത്തോന്റെ പ്രധാന ലൊക്കേഷൻ കാമാത്തിപ്പുരയായിരുന്നല്ലോ, ഷൂട്ടിങ്ങിൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെ ?

മൂത്തോന്റെ ഷൂട്ടിങ് വളരെ ആസ്വദിച്ചാണ് ചെയ്തതത്. ലക്ഷദ്വീപും കാമാത്തിപ്പുരയുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. രണ്ടും വളരെ വ്യത്യസ്തമായ സ്ഥലങ്ങളാണ്. ലക്ഷദ്വീപിലേക്കു പോകുമ്പോൾ നമുക്ക് അവിടത്തെ കാലാവസ്ഥയും മറ്റും നോക്കേണ്ടിവരും. ബോട്ടിലാണ് സഞ്ചരിക്കുന്നത്. അവിടെ ഓരോരോ ദ്വീപുകളിൽ പോയാണ് ചിത്രീകരണം. അത്തരമൊരു ബുദ്ധിമുട്ടാണ് അവിടെയുണ്ടായത്. വളരെ നല്ല ആളുകളാണ് അവിടെയുള്ളവർ.

moothon-actress-mellisa-1

അതുപോലെ തന്നെ കാമാത്തിപ്പുരയിലെത്തുമ്പോൾ അവിടെയുള്ള ഗലികളിലും ഉൾഭാഗങ്ങളിലുമാണ് ഷൂട്ടിങ് നടത്തേണ്ടിയിരുന്നത്.  അവിടത്തുകാരുടെ എതിർപ്പുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ അവർ ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു. അത്രയേറെ സ്നേഹത്തോടെയും സഹകരണത്തോടെയുമാണ് അവർ പെരുമാറിയത്. അതോടെ അവരെ അൽപം പോലും ബുദ്ധിമുട്ടിക്കാതെ ഷൂട്ടിങ് നടത്തണം എന്നായി ചിന്ത. അതുകൊണ്ട്  ഷൂട്ടിങ്ങിനായി ചെറിയൊരു ടീം മാത്രമാണ് അകത്തേക്കു പോയത്. ബാക്കിയുള്ളവര്‍ ബേസ് ക്യാംപിൽ തന്നെ നിന്നു.

എ7എച്ച്2 എന്ന സോണിയുടെ വളരെ ചെറിയൊരു ബോഡി ക്യാമറയുമായാണ് അവിടെ ഷൂട്ട് ചെയ്തത്. റിയൽ സ്പേസിൽ, ആളുകൾക്കിടയിൽ തന്നെ ചിത്രീകരണം നടത്തുകയായിരുന്നു. പലപ്പോഴും ഷൂട്ടിങ് നടക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞതുപോലുമില്ല. 30 ദിവസത്തെ ഷൂട്ടിങ് കാമാത്തിപ്പുരയിലായിരുന്നു.

∙ നിവിൻ പോളി എങ്ങനെയാണ് മൂത്തോൻ ആയത് ?

നിവിൻ ഇതുവരെ ചെയ്ത സിനിമകൾ സുഹൃത്തുക്കളുടെ കൂടെയാണ്. കംഫർട്ട് സോണില്‍ നിന്നു ചെയ്ത ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് നിവിന്റേത്. ഒപ്പം അയൽവീട്ടിലെ പയ്യൻ എന്നൊരു ഇമേജും ഉണ്ട്. പക്ഷേ അഭിനേതാവെന്ന നിലയിൽ നിവിനിൽ ഇനിയുമേറെയുണ്ടെന്ന ധാരണ എനിക്കുണ്ടായിരുന്നു. ഞാനും നിവിനും ഒരേ ബിൽഡിങ്ങിലാണ് താമസിച്ചിരുന്നത്. അങ്ങനെ പലപ്പോഴും കാണും, അപ്പോഴൊക്കെ മൂത്തോന്റെ കാര്യം സംസാരിക്കും. ഞാൻ ഈ ആക്ടറെ നോക്കൂന്നു, മറ്റൊരാളെ നോക്കുന്നു എന്നൊക്കെ ഞാൻ പറയും. അപ്പോൾ നിവിനും പലരുടെയും പേരു സജസ്റ്റ് ചെയ്യും. പിന്നീട് സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് നിവിൻ പറയുന്നത് അന്നു ഞങ്ങൾ സംസാരിക്കുമ്പോഴൊക്കെ ഈ റോൾ നിവിനിലേക്കെത്തുമെന്ന പ്രതീക്ഷ മനസിലുണ്ടായിരുന്നു എന്ന്.

മൂത്തോനിലേക്കുള്ള എന്റെ ബെസ്റ്റ് ചോയ്സ് നിവിൻ തന്നെയാണ്. അതു സിനിമ കാണുമ്പോൾ നിങ്ങൾക്കും മനസിലാകും. രണ്ടു ഷേഡ്സ് ഉള്ള കഥാപാത്രമാണ്. നിവിന്റെ ആറ്റിറ്റ്യൂഡും എടുത്തുപറയണം. സിനിമയ്ക്കായും കഥാപാത്രത്തിനായും പൂർണമായി വിധേയപ്പെടുന്ന രീതിയാണ് നിവിന്റേത്. അങ്ങനെയൊരു ആക്ടറെ കിട്ടുമ്പോൾ നമുക്കു എങ്ങനെ വേണമെങ്കിലും അതു രൂപപ്പെടുത്തിയെടുക്കാം.

∙ ലയേഴ്സ് ഡൈസിനു ശേഷം അടുത്ത ചിത്രത്തിലേക്ക് വലിയൊരു ഗ്യാപ് വന്നു. ചെറിയ മകളുണ്ടായിരിക്കുമ്പോൾ തന്നെ സ്ക്രിപ്റ്റ് എഴുതുന്നത് വെല്ലുവളിയായിരുന്നോ ? 

2014ൽ ആണ് ലയേഴ്സ് ഡൈസ് ചെയ്യുന്നത്. അതിനു ശേഷം എനിക്കൊരു കുഞ്ഞുണ്ടായി– ആരാധന. അവളുടെ വളർച്ചയിൽ യാതൊന്നും മിസ് ചെയ്യരുതെന്ന നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ അവളുടെ സമയം കൂടി നോക്കിയാണ് എന്റെ ജോലി ചെയ്യുന്നത്. അതേസമയം എന്റെ മകൾ ഞാൻ ജോലി െചയ്യുന്നതു കണ്ടു വളരണമെന്നും മനസിലാക്കണമെന്നുമുള്ള നിർബന്ധവുമുണ്ട്. അവൾ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളുടെ അടുത്ത് ലാപ്ടോപുമായിരുന്നാണ് ഞാൻ എഴുതാറുള്ളത്. അവൾ അടുത്തിരുന്നു  കളിക്കും. ചിലർ റൂം എടുത്തിരുന്നാണ് തിരക്കഥയെഴുതുന്നത്. 

ഞാൻ വീട്ടിൽ ആരാധനയുടെ കൂടെയിരുന്ന്, എഴുതുന്നതിനിടയിൽ അവളുടെ കൂടെ കാര്യങ്ങൾ ചെയ്തു കൊടുത്താണ് തിരക്കഥ എഴുതിയത്. ഇതല്ലാതെ വെറെയൊരു രീതിയിൽ എഴുതാനും എനിക്കറിയില്ല. എല്ലാ സ്ത്രീകളും മൾട്ടിടാസ്കിങ് ചെയ്യുന്നവരാണ്. ഞാൻ മാത്രമായി എന്തെങ്കിലും എക്സ്ട്ര ഓർഡിനറിയായി ചെയ്തുവെന്ന് എനിക്കു തോന്നുന്നില്ല. പിന്നെ എനിക്കു പറ്റുന്ന രീതിയിൽ സമയമെടുത്താണ് ജോലികൾ ചെയ്യുന്നത്. സിനിമയിൽ നിന്നു സിനിമയിലേക്ക് ഓടണമെന്ന് എനിക്കില്ല. 

∙ മികച്ച ബാലതാരം, മികച്ച നടി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച സംവിധായികയാകട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ഗീതുവിനെ ഇനി അഭിനേതാവായി കാണാൻ സാധ്യതയുണ്ടോ ?

ഒരിക്കലുമില്ല. ഞാനൊരു മോശം നടിയായിരുന്നു എന്നാണ് എന്റെയൊരു വിലയിരുത്തൽ. ഒരു ഫിലിം മേക്കർ ആയ ശേഷം നമ്മുടെ തന്നെ കുറവുകൾ തിരിച്ചറിയണം. ഒരു കാര്യം െചയ്യുന്നതിൽ മികവില്ലെന്നു മനസിലായാൽ പിന്നെയതു ചെയ്യരുത്. 

moothon-mumbai

∙ ലോകസിനിമയിൽ സ്ത്രീകളുടെ വലിയൊരു മുന്നേറ്റം കാണുന്ന കാലമാണ്. അതേക്കുറിച്ച് ?

എന്തൊരു ഭംഗിയാണത് അല്ലേ. ഏതു രംഗത്തുമാകട്ടെ സ്ത്രീകൾ കേന്ദ്രസ്ഥാനങ്ങളിലുണ്ട്, പദവികളിലുണ്ട്. സിനിമയുടെ കാര്യമാണെങ്കിൽ ഇത്തവണ ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പോയ നാലു ചിത്രങ്ങളിൽ മൂന്നും സ്ത്രീ സംവിധായകരുടേതാണ്. അങ്ങനെയൊരു ട്രെൻഡ് വരുന്നതു കാണാം. ഏതു കലയിലുമാകട്ടെ  സ്ത്രീകളുടെ ഒരു എക്സ്പ്രഷൻ വരുമ്പോൾ, ആ കാഴ്ചപ്പാട് വ്യത്യസ്തമാണ്.

പുരുഷന്മാരുടേതിൽ നിന്ന് ബെറ്റർ ആണെന്നല്ല, വ്യത്യസ്തമാണെന്നാണ് ഞാൻ പറയുന്നത്. സ്ത്രീകൾ മുന്നിലേക്കു വരുന്ന കാലഘട്ടമാണിത്. ലക്ഷ്യങ്ങളുണ്ടാകുന്നതിനെക്കുറിച്ച് (അംബീഷ്യസ്) അവർ പശ്ചാത്തപിക്കുന്നില്ല. അതാണ് അതിന്റെ ബെസ്റ്റ് പാർട്ട്. ഞാൻ സ്ത്രീയാണ്, അമ്മയാണ്, ഭാര്യയാണ് എന്നതു കൊണ്ട് എനിക്ക് ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലാതിരിക്കേണ്ട കാര്യമില്ല. എന്റെ മകൾക്ക് ഞാനൊരു പ്രചോദനം ആകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്ത്രീകൾ മുന്നോട്ടുവരണം, വെല്ലുവിളികൾ നേരിടണം, ഏതു മേഖലയിലും മികവു കാട്ടണം, ഒപ്പം സ്ത്രീകൾ പരസ്പരം സ്ത്രീകളെ സഹായിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA