അല്ലു അർജുൻ നായകനായെത്തുന്ന തെലുങ്കു ചിത്രം 'അല വൈകുണ്ഡപുരമലു'വിന്റെ ടീസർ ഇറങ്ങിയപ്പോൾ മലയാളികളുടെ കണ്ണുടക്കിയത് ഒരു മുഖത്തിലായിരുന്നു. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുനൊപ്പം മലയാളികളുടെ പ്രിയതാരം ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി! എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ജിപി ഇക്കാര്യം സർപ്രൈസ് ആക്കി വച്ചു. എങ്കിലും ടീസറിലെ ഒറ്റ രംഗത്തിൽ നിന്നു തന്നെ ആരാധകർ ജിപിയെ തിരിച്ചറിഞ്ഞു. തെലുങ്കിലെ ആദ്യ അഭിനയ അനുഭവത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ജിപി മനോരമ ഓൺലൈനോടു മനസു തുറക്കുന്നു.
അപ്രതീക്ഷിതമായി തെലുങ്കിലേക്ക്
'കീ' എന്ന പേരിലൊരു തമിഴ് സിനിമ ചെയ്തിരുന്നു. അതിൽ വില്ലൻ വേഷമായിരുന്നു. അതു കണ്ടിട്ടാണ് എനിക്ക് ഈ സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. ത്രിവിക്രം ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകൻ. നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ത്രിവിക്രം സർ. കീ ഇറങ്ങിയപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയിൽ അഭിനന്ദനങ്ങൾ നേടിത്തന്ന കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. സിനിമ ഇറങ്ങി. നല്ല പ്രതികരണം ലഭിച്ചു. സ്വാഭാവികമായും മറ്റു അവസരങ്ങൾ തേടിയെത്തുമെന്നു കരുതി. എന്നാൽ, പെട്ടെന്നൊന്നും വിളികൾ വന്നില്ല. അടുത്തതെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഈ സിനിമയിൽ നിന്ന് വിളി വരുന്നത്.
സംവിധായകൻ ഞെട്ടിച്ചു
സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ആണെന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ ത്രില്ലടിച്ചു. അദ്ദേഹം ചെയ്ത 'അതഡു' എന്ന സിനിമയാണ് ഞാൻ ആദ്യമായി തെലുങ്കുവിൽ കണ്ട സിനിമ. സിനിമയുടെ സെറ്റിലേക്ക് എന്നെ കൊണ്ടുപോയത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് ആയിരുന്നു. വളരെ ഭയഭക്തിബഹുമാനങ്ങളോടെയാണ് അവർ സാറിനോടു പെരുമാറുന്നത്. എന്നെ കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റു വന്നു കൈ തന്നു. എന്നെപ്പോലെയുള്ള ഒരു ചെറിയ നടനെ അദ്ദേഹം സ്വീകരിച്ച രീതി തെളിയിക്കുന്നത് അദ്ദേഹത്തിന്റെ വലിപ്പത്തെയാണ്.
കഥാപാത്രത്തെക്കുറിച്ച്
മൂന്ന് അച്ഛന്മാരും അവരുടെ മൂന്നു മക്കളും... അവരെക്കുറിച്ചുള്ളതാണ് കഥ. ഇതിൽ ആക്ഷൻ ഉണ്ട്, കോമഡി ഉണ്ട്, പ്രണയമുണ്ട്. ഒരു പക്കാ തെലുങ്കു എന്റർടെയ്നർ സിനിമയിലുള്ള എല്ലാം ഇതിലുണ്ട്. ജയറാമേട്ടൻ, സമുദ്രക്കനി, മുരളി ശർമ എന്നിവരാണ് അച്ഛൻമാരായി എത്തുന്നത്. മക്കളായി സുശാന്ത് ശർമ, അല്ലു അർജുൻ പിന്നെ ഞാനും. സമുദ്രക്കനിയുടെ മകനായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഇതിൽക്കൂടുതൽ പറയാൻ കഴിയില്ല. ജയറാമേട്ടനായി എനിക്ക് കോമ്പിനേഷൻ രംഗങ്ങളില്ല. അല്ലു അർജുനുമായിട്ടാണ് എന്റെ കൂടുതലും രംഗങ്ങൾ.
അല്ലു അർജുൻ സ്വീറ്റ് സ്റ്റാർ
അല്ലു അർജുൻ വളരെ സ്വീറ്റ് ആണ്. 'ഹലോ ബ്രദർ' എന്നു വിളിച്ചു സംസാരിക്കുന്ന കക്ഷി! ഷൂട്ടിങ് നടന്ന സ്ഥലത്തേക്ക് അല്ലുവിനു വരാൻ കഴിയുന്നുണ്ടായിരുന്നില്ല. അത്രയും ആരാധകരായിരുന്നു. അവിടെ ഒരു സ്വീകരണവും പരിപാടികളും കഴിഞ്ഞിട്ടാണ് ഷൂട്ട് തുടങ്ങാനായത്. അതൊരു ഗംഭീര അനുഭവമായിരുന്നു. അവരുടെ വിനയവും എളിമയുമാണ് അവരെ വലിയ താരങ്ങളാക്കുന്നത്. നമുക്ക് അവരിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട്.
ഭാഷ എന്ന വെല്ലുവിളി
എനിക്ക് ഒരുപാടു ഡയലോഗുകൾ ഉണ്ടായിരുന്നില്ല. പക്ഷെ, പ്രശ്നം എന്താണെന്നു വച്ചാൽ തെലുങ്കു ഡയലോഗ് സഹതാരങ്ങൾ പറയുമ്പോൾ എനിക്ക് ആദ്യമൊന്നും തീരെ മനസിലായില്ല. തമിഴ് കേട്ടാൽ മനസിലാകുന്നതു പോലെ എളുപ്പത്തിൽ എനിക്ക് തെലുങ്ക് കേട്ടാൽ മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുണ്ടായ പ്രശ്നം എന്താണെന്നു വച്ചാൽ, സഹതാരങ്ങൾ ഡയലോഗ് പറയുമ്പോൾ അതനുസരിച്ച് റിയാക്ഷൻ ഇടാൻ കഴിഞ്ഞിരുന്നില്ല. അല്ലു അർജുന്റെ കഥാപാത്രം നിറുത്താതെ സംസാരിക്കും. അതിന്റെ അർത്ഥം മനസിലാക്കിയാൽ അല്ലേ എനിക്ക് റിയാക്ഷൻ ഇടാൻ പറ്റൂ. അതു മാത്രമായിരുന്നു ഞാൻ നേരിട്ട പ്രശ്നം. പിന്നെ, അവരുടെ സംഭാഷണങ്ങളുടെയും അർത്ഥം മനസിലാക്കേണ്ടി വന്നു. ഇപ്പോൾ തെലങ്കു കേട്ടാൽ കുറച്ചൊക്കെ മനസിലാകും.
പക്കാ എന്റർടെയ്നർ
'കീ' എന്ന സിനിമയിലെ വേഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ സിനിമയിലെ കഥാപാത്രം. 'കീ'യിൽ ഞാൻ കട്ട വില്ലനാണ്. ഇതിനകത്ത് അങ്ങനെയല്ല. യഥാർത്ഥ ജീവിതത്തിലെ എന്റെ ലുക്കിനോട് ചേർന്നു നിൽക്കുന്ന കഥാപാത്രമാണെന്നു പറഞ്ഞാലും തെറ്റില്ല. ഭയങ്കരമായ അഭിനയമുഹൂർത്തങ്ങളൊന്നും ഇതിലില്ല. ഏപ്രിലിൽ ആയിരുന്നു ഷൂട്ട് തുടങ്ങിയത്. എനിക്ക് ആകെ 15 ദിവസത്തെ ഷൂട്ട് ആണുണ്ടായിരുന്നത്. പക്ഷേ, അതു പലപ്പോഴായാണ് പൂർത്തിയാക്കിയത് എന്നു മാത്രം. മലയാളത്തിൽ 'അങ്ങ് വൈകുണ്ഡപുരത്ത്' എന്ന പേരിലാണ് മൊഴിമാറ്റ ചിത്രം എത്തുന്നത്. ജനുവരി 12ന് ചിത്രം പ്രദർശനത്തിനെത്തും.