നീയൊരു നല്ല നടനാണ്, ഉത്കണ്ഠയുടെ ആവശ്യമില്ല: അനിലിനോട് സച്ചി പറഞ്ഞത്

anil-nedumangadu
SHARE

ഊതിവീർപ്പിച്ച അമാനുഷിക പ്രകടനങ്ങളൊന്നുമില്ലാതെയും പ്രേക്ഷകരുടെ കയ്യടി നേടാമെന്നു തെളിയിക്കുകയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമ. നായകനും പ്രതിനായകനുമെന്ന വാർപ്പുമാതൃകകൾ പൊളിച്ചടക്കി പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിക്കുമ്പോഴും അവർക്കു ചുറ്റിലുമുള്ള കഥാപാത്രങ്ങൾ നിഷ്പ്രഭരാകുന്നില്ല. കൊണ്ടും കൊടുത്തും പറഞ്ഞും പ്രതിരോധിച്ചും സിനിമയിലുടനീളമുണ്ട് അത്തരം കഥാപാത്രങ്ങൾ. അവയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് അനിൽ നെടുമങ്ങാട് അവതരിപ്പിച്ച സിഐ സതീഷ്. 

അയ്യപ്പനും കോശിയും തമ്മിലുള്ള തിന്തകപ്പോരിനിടയിൽ പലപ്പോഴും ശാസിച്ചും ശകാരിച്ചും ഒരേ സമയം സുഹൃത്തായും മേലുദ്യോഗസ്ഥനായും സിഐ സതീഷ് പ്രത്യക്ഷപ്പെടുന്നു. മലയാള സിനിമയിൽ കാണാറുള്ള സ്ഥിരമൊരു പൊലീസ് വേഷമല്ല സിഐ സതീഷ്. നീതി നടപ്പാക്കേണ്ട കാർക്കശ്യമുള്ള പൊലീസുദ്യോഗസ്ഥനാണെങ്കിലും അയാൾക്കൊരു മാനുഷിക മുഖമുണ്ട്. പൃഥ്വിരാജ് എന്ന സ്റ്റൈലിഷ് ആക്ടറിനും ബിജു മേനോൻ എന്ന ക്ലാസ് നടനുമിടയിൽ തലയുയർത്തി നിൽക്കുന്നുണ്ട് അനിൽ നെടുമങ്ങാടിന്റെ സിഐ സതീഷ്. കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെക്കുറിച്ച് അനിൽ നെടുമങ്ങാട് മനോരമ ഓൺലൈനിൽ: (പുനപ്രസിദ്ധീകരിച്ചത്)

ആ പിന്തുണ കരുത്തായി

കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിലൊക്കെ കൂടിപ്പോയാൽ 10–15 സീനുകളേ എനിക്കുണ്ടാകാറുള്ളൂ. അയ്യപ്പനും കോശിയും തിരക്കഥ വായിച്ചപ്പോൾ അതിൽ എനിക്കുള്ളത് പ്രധാനപ്പെട്ട കഥാപാത്രം ആണെന്നു മനസിലായി. അയ്യപ്പനെയും കോശിയെയും പലപ്പോഴും തടഞ്ഞുനിറുത്തുന്ന ശക്തമായ കഥാപാതം. സിനിമയിലെ പ്രധാനപ്പെട്ട പല സംഭാഷണങ്ങളും ഞാൻ പറയുന്നുണ്ട്. കോമ്പിനേഷനിൽ അഭിനയിക്കേണ്ടത് പൃഥ്വിരാജിനും ബിജു മേനോനും ഒപ്പമാണ്. കൂടാതെ നിറയെ ഡയലോഗുകളുമുണ്ട്. അതിന്റെ ടെൻഷൻ ആ സമയത്തുണ്ടായിരുന്നു. 

biju-menon-prithvi

ലൊക്കേഷനിൽ അവരുടെ വലിയ പിന്തുണ എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയ പ്രശ്നങ്ങളില്ലാതെ അതു ചെയ്യാൻ കഴിഞ്ഞത്.  ഏതാണ്ട് 25 ദിവസം ഷൂട്ട് ഉണ്ടായിരുന്നു. കമ്മട്ടിപ്പാടത്തിനു ശേഷം ചെയ്യുന്ന വലിയൊരു കഥാപാത്രമാണ് സിഐ സതീഷ്. ഒരു പക്ഷേ, കമ്മട്ടിപ്പാടത്തിനെക്കാൾ കൂടുതൽ തുടക്കം മുതൽ അവസാനം വരെ ഈ സിനിമയിൽ സതീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അയപ്പൻ നായർ കോശി കുര്യനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടു വരുന്ന രംഗം മുതൽ ക്ലൈമാക്സ് വരെയുള്ള രംഗങ്ങളിൽ ഈ കഥാപാത്രമുണ്ട്. ബിജു ചേട്ടനും പൃഥ്വിരാജും പ്രോംപ്ടിങ് ഉപയോഗിക്കുന്നവരല്ല. അവരുടെ കൂടെ അഭിനയിക്കുമ്പോൾ നമ്മളും ഡയലോഗ് ഓർത്തു വച്ചു പറയണം. 

സംവിധായകൻ നൽകിയ ആത്മധൈര്യം

സാധാരണ സിനിമകളിൽ കാണാറുള്ളതു പോലെ സംഭാഷണങ്ങൾ സിനിമാറ്റിക് ആയി അവതരിപ്പിക്കരുതെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. ഒരു പ്രത്യേക ഈണവും താളവും ഒന്നുമില്ലാതെ ആ കഥാപാത്രമായി ഫീൽ ചെയ്യണം എന്നായിരുന്നു നിർദേശം. പിന്നെ, നമ്മൾ ആരാധിക്കുന്ന നടന്മാരാണ് ബിജു ചേട്ടനും പൃഥ്വിരാജും പിന്നെ രഞ്ജിത്തേട്ടനുമെല്ലാം! അതിന്റെ ടെൻഷനുണ്ടായിരുന്നു. അഭിനയിച്ചു തുടങ്ങുമ്പോൾ സച്ചി ചേട്ടൻ നൽകിയ ഒരു ആത്മധൈര്യമുണ്ട്.

ചെറിയൊരു ടെൻഷനുണ്ടെന്നു പറഞ്ഞപ്പോൾ സച്ചി ചേട്ടൻ പറഞ്ഞു,–'നീയൊരു നല്ല നടനാണ്. ഉത്കണ്ഠയുടെ ആവശ്യമില്ല. കാസ്റ്റിങ് പറഞ്ഞപ്പോൾ ബിജു ചേട്ടനും പൃഥ്വിരാജും രഞ്ജിത്തേട്ടനുമെല്ലാം പറഞ്ഞത് അനിൽ നല്ല ആർടിസ്റ്റ് ആണെന്നാണ്. നീ ധൈര്യമായിട്ട് നിൽക്ക്! സംവിധാനം ചെയ്യുന്നത് ഞാനല്ലേ' എന്ന്!

'മണ്ടത്തരങ്ങൾ കാണിക്കരുത്'

anil-nedumangadu-ayyapanum

സത്യസന്ധമായി പറയുകയാണെങ്കിൽ നമ്മളൊരു സിനിമയിൽ അഭിനയിക്കുമ്പോൾ അതിനെ ഒരു വെല്ലുവിളിയായി കാണേണ്ടതില്ല. വെല്ലുവിളി എന്നത് ഒരു അങ്കപ്പുറപ്പാട് പോലെയാണ്. അഭിനയിക്കുക എന്നാൽ ആ കഥാപാത്രമായി മാറുക എന്നതാണ്. നടൻ എന്ന നിലയിൽ കൂടുതൽ മുന്നൊരുക്കം നടത്തുമ്പോൾ കഥാപാത്രത്തിൽ നിന്ന് നമ്മെ വഴിതെറ്റിച്ചു വിടും. കാരണം, ആ കഥാപാത്രം എന്റെ ഉള്ളിൽ ഉള്ളതിനെക്കാൾ അത് സച്ചി ചേട്ടന്റെ മനസിലാണ്.

ഞാൻ സ്വന്തമായി ആ കഥാപാത്രത്തിന്റെ വഴിയിൽ പോയിട്ട് കാര്യമില്ല. സംവിധായകന്റെ മനസിലുള്ള കഥാപാത്രത്തെ മനസിലാക്കുക എന്നുള്ളതാണ് ഞാൻ ചെയ്യേണ്ടത്. സച്ചി ചേട്ടൻ എന്റെയടുത്ത് പ്രത്യേകിച്ചും പറഞ്ഞിരുന്നു, നീ ഇതിനുവേണ്ടി സ്ക്രിപ്റ്റ് നേരത്തെ വായിച്ച് ഡയലോഗ് എല്ലാം പഠിച്ച് വേറെയെന്തെങ്കിലും ഈണമൊക്കെ ഉണ്ടാക്കിയിട്ട് സാധാരണ നടൻമാർ കാണിക്കുന്ന മണ്ടത്തരങ്ങളൊന്നും കാണിക്കരുത്. നേരെ ഇങ്ങോട്ടു വന്നാൽ മതി. നമുക്ക് ഇവിടെ വച്ച് അഭിനയിക്കാം.

anil-nedumangadu-prithviraj

സച്ചിയുടെ അഭിനയക്കളരി

സച്ചി ചേട്ടന്റെ മനസിലുള്ള സിഐ സതീഷ് എങ്ങനെയാണ് സംസാരിക്കുക, പെരുമാറുക എന്നത് മനസിലാക്കിയെടുക്കലായിരുന്നു എനിക്കു ചെയ്യേണ്ടിയിരുന്നത്. പൃഥ്വിരാജും ബിജു ചേട്ടനും കുറെ ദിവസങ്ങളിലായി രാത്രി ഷൂട്ടും ഫൈറ്റ് സീക്വൻസും ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോൾ നമ്മളൊരിക്കലും അഭിനയിക്കുന്ന സമയത്ത് കുറെ ടേക്ക് എടുത്ത് അവരെ ബുദ്ധിമുട്ടിക്കരുത് എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ, സച്ചി ചേട്ടൻ പെർഫക്ഷന്റെ ആളാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഷൂട്ടിങ് ദിനങ്ങൾ ഒരു ആക്ടിങ് സ്കൂൾ പോലെയായിരുന്നു. നടൻ എന്ന നിലയിൽ വലിയ സന്തോഷം തരുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഈ സിനിമയിൽ ഏതാണ്ട് എല്ലാ കഥാപാത്രങ്ങൾക്കും കയ്യടി കിട്ടുന്ന ഡയലോഗുകളാണ് നൽകിയിട്ടുള്ളത്. സിനിമയിൽ കൃത്യമായ സ്പെയ്സും വ്യക്തിത്വവും ആ കഥാപാത്രങ്ങൾക്കുണ്ട്. 

anil-biju

ആഗ്രഹിച്ച വിജയം

ഹൗസ്ഫുൾ ആയി പ്രദർശനം തുടരുമ്പോൾ നടനെന്ന നിലയിൽ വലിയ സന്തോഷമാണ്. രഞ്ജിത്തേട്ടൻ സ്കൂൾ ഓഫ് ഡ്രാമയിൽ എന്റെ സീനിയർ ആയിരുന്നു. അദ്ദേഹവുമൊത്ത് ഒരു സിനിമയിൽ അഭിനയിക്കുക എന്നൊക്കെ ജീവിതത്തിൽ അത്രയേറെ ആഗ്രഹിച്ചിരുന്നതാണ്. ഫെയ്സ്ബുക്ക് വഴിയും വാട്സ്പ്പ് വഴിയും ഫോണിലൂടെയുമെല്ലാം അഭിനന്ദനങ്ങളും നല്ല പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്. അഭിനയിച്ച സിനിമ വൻ വിജയം ആകുകയും അത് ആളുകളിലേക്ക് എത്തുകയും ചെയ്യുന്നതു കാണുമ്പോൾ വലിയ സന്തോഷമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA