ADVERTISEMENT

ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ പെൺകുട്ടിക്കു സിനിമയിലെത്താൻ കടമ്പകൾ ഏറെയുണ്ട് എന്ന അഭിപ്രായമാണു ശരണ്യയ്ക്ക്. കുട്ടിക്കാലം മുതൽ സ്വപ്നങ്ങളിൽ അഭിനയം ഉണ്ടായിരുന്നെങ്കിലും സെൽഫ് പ്രൊമോഷനും ഫോട്ടോഷൂട്ടുകളുമൊക്കെ നല്ല പണച്ചെലവുള്ള പരിപാടിയാണെന്നു തിരിച്ചറിഞ്ഞത് ഓഡിഷനുകൾക്കൊക്കെ പോയിത്തുടങ്ങിയപ്പോഴാണ്. ഒട്ടേറെ ഓഡിഷനുകൾക്കു ശേഷവും ഒന്നും ശരിയാകാതെ വന്നപ്പോൾ ‘ഈ പണി നമുക്കു പറഞ്ഞിട്ടുള്ളതല്ല !’ എന്നു കരുതി ആഗ്രഹങ്ങളെല്ലാം ചുരുട്ടിക്കെട്ടി വച്ചു. അപ്പോഴേയ്ക്കും എംബിഎ പഠനം പൂർത്തിയാക്കിയിരുന്നതിനാൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കും കയറി. എന്നാൽ വിധി മറിച്ചായിരുന്നു. വീണ്ടുമൊരു ഓഡിഷൻ... ചിത്രം മറഡോണ. ഇക്കുറി ഭാഗ്യം കൂടെ നിന്നു. തേടിയെത്തിയതു യുവനായകൻ ടൊവീനോ തോമസിന്റെ നായികാ പദവി. ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ചിത്രത്തിൽ നായികയാവുകയാണു ശരണ്യ ആർ.നായർ. വരുന്ന വാരം തിയറ്ററുകളിലെത്തുന്ന 2 സ്റ്റേറ്റ്സ്. ശരണ്യയുടെ വിശേഷങ്ങളിലേക്ക്..  

 

2 സ്റ്റേറ്റ്സ്? 

രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള 2 പേരുടെ പ്രണയമാണു ചിത്രത്തിന്റെ ഇതിവ‍ൃത്തം. തമിഴ്നാട്ടുകാരിയായ ഒരു പെൺകുട്ടിയുടെ വേഷമാണു ഞാൻ ചെയ്യുന്നത്. പ്രണയവും ഒളിച്ചോട്ടവുമെല്ലാം ഇതിവൃത്തമാകുന്ന ഒരു ക്ലീൻ കോമഡി–ഫാമിലി എന്റർടെയ്നർ ആണു 2 സ്റ്റേറ്റ്സ്. മനു പിള്ളയാണു നായകൻ. ജാക്കി എസ്.കുമാറാണു സംവിധായകൻ. മുകേഷ്, വിജയരാഘവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.   

 

മറഡോണയ്ക്ക് എന്താണു പറ്റിയത്?

 

നല്ല ചിത്രമായിരുന്നു. ആദ്യ ദിനങ്ങളിൽ മികച്ച അഭിപ്രായവും ലഭിച്ചു. എന്നാൽ ചിത്രം റിലീസ് ചെയ്തു രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുക്കി പ്രളയം എത്തിയതു തിരിച്ചടിയായി. തിയറ്ററുകളിൽനിന്നു ജനം വിട്ടുനിന്നു. പിന്നീടു ടിവിയിൽ  ചിത്രം സംപ്രേക്ഷണം ചെയ്തപ്പോൾ ഒട്ടേറെപ്പേർ വിളിച്ചു നന്നായി എന്നു പറഞ്ഞു. ഒരിക്കൽ നടി നവ്യനായരെ കണ്ടുമുട്ടിയപ്പോൾ ചിത്രം ഇഷ്ടപ്പെട്ടു എന്നും ‘പുതുമുഖനടി ആണെന്നു ചിത്രത്തിലെ പ്രകടനം കണ്ടാൽ ആരും പറയില്ല’ എന്നു പറഞ്ഞു. ഇത് അഭിനയത്തിനു ലഭിച്ച അംഗീകാരമായാണു കാണുന്നത്. മറഡോണയിലെ നായിക ആശയെ ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നു എന്നതിലും വലിയ സന്തോഷമുണ്ട്.

 

ആദ്യ നായകൻ ടൊവീനോയെപ്പറ്റി?

വലിയ താരമാണെന്ന ഭാവമൊന്നുമില്ലാത്ത ആളാണു ടൊവി. നമുക്കു വളരെക്കാലമായി പരിചയമുള്ള ഒരാളാണെന്നേ തോന്നൂ. പുതിയ ആളാണെന്ന പരിഗണന ഒപ്പം അഭിനയിക്കുമ്പോൾ നൽകിയിരുന്നു. അഭിനയത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഒക്കെ നിർദേശിക്കും. പിഴവു പറ്റിയാൽ തിരുത്തിത്തരും.  

 

മറഡോണയ്ക്കു ശേഷം ഒരിടവേള വന്നല്ലോ?

ശരിയാണ്. ഈ സമയത്ത് ഒട്ടേറെക്കഥകൾ കേട്ടു. പുതിയ ആളുകളുടെ പ്രോജക്ടുകളായിരുന്നു കൂടുതലും. പലതിലും എന്നെ തിരിച്ചറിയപ്പെടുന്ന രീതിയിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാൽ, നല്ലൊരു അവസരം വരും വരെ കാത്തിരിക്കാം എന്നു തോന്നി. വീട്ടിൽ വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. 2 സ്റ്റേറ്റ്സിലെ നായികാ വേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു ജോലി രാജിവച്ചത്. 

 

∙ നൃത്തം പഠിച്ചിട്ടുണ്ടോ. മറ്റ് ഇഷ്ടങ്ങൾ എന്തൊക്കെയാണ്?

നൃത്തവും സംഗീതവും പഠിച്ചിട്ടുണ്ട്. ഒന്നു മനസ്സിലാക്കിയിരിക്കാൻ വേണ്ടി പഠിച്ചതാണ്. അല്ലാതെ പെർഫോമിങ് ആർട്ടിസ്റ്റൊന്നുമല്ല കേട്ടോ. യാത്രകളോടാണു പ്രണയം. ട്രെക്കിങ്ങിനൊക്കെ പോകാറുണ്ട്. വായനയും സിനിമ കാണലും നന്നായുണ്ട്. മുൻപു നോവലുകളൊക്കെയാണു വായിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങളെയും സിനിമയെയും ഒക്കെപ്പറ്റി ധാരണ കിട്ടാനായും വായിക്കുന്നുണ്ട്. ഇപ്പോഴും ഞാൻ ഓഡിഷനുകൾക്കു പോകുന്നുണ്ട്. ഇങ്ങോട്ടു തേടി വരുന്ന റോളുകൾ? മാത്രമേ തിരഞ്ഞെടുക്കൂ എന്ന വാശിയില്ല. സിനിമയെ അടുത്തറിയാനുള്ള  അവസരം കൂടിയാണ് ഓഡിഷനുകൾ.        

 

കുടുംബം?

തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിനു സമീപം മീനാക്ഷി ഹൗസിൽ രാമചന്ദ്രനാണ് അച്ഛൻ. അച്ഛൻ ന്യൂഡൽഹിയിൽ ബിസിനസ് ചെയ്യുന്നു. അമ്മ ആർ.ശശികല. സഹോദരൻ ശരത് ആർ.നായർ തിരുവനന്തപുരത്തു ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com