എന്റെ അഭിനയത്തിൽ മമ്മൂക്കയുടെ അഭിപ്രായമറിയാൻ കാത്തിരിക്കുന്നു: ജോണി ആന്റണി

johny
SHARE

തിരക്കഥാകൃത്ത് നിഷാദ് കോയയുടെ നിർബന്ധത്തിന് വഴങ്ങിയാണ് സുഗീതിന്റെ 'ശിക്കാരി ശംഭു 'വിലേക്കെത്തുന്നത്. ഒരു പള്ളീലച്ചന്റെ വേഷത്തിൽ. ശേഷം രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രം ഡ്രാമ, പിന്നെ ജോജുവിനൊപ്പം ജോസഫ്, തട്ടുംപുറത്ത് അച്ചുതൻ, സത്യം പറഞ്ഞാ വിശ്വസിക്കുവോ, ഇട്ടിമാണി, ഗാന ഗന്ധർവൻ അങ്ങനെയങ്ങനെ...! 2016ലെ മമ്മൂട്ടിച്ചിത്രം തോപ്പിൽ ജോപ്പനു ശേഷം സംവിധായകനിലെ  ഇടവേള ...!! ആ ഇടവേളയ്ക്കു ശേഷം വന്നത് പുതിയ വേഷത്തിൽ... നടൻ ,ജോണി ആന്റണി.!!

കൈയ്യടികൾ വാരിക്കൂട്ടിയ ഡോ.ബോസ്

തട്ടും പുറത്ത് അച്ചുതന്റെ സമയത്താണ് അനൂപിനെ പരിചയപെടുന്നത്. അന്നേ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. പിന്നെ നിരന്തരം ഫോൺ വിളികളിലൂടെ ഈ സിനിമയുടെയും എന്റെ കഥാപാത്രത്തിന്റെയും വളർച്ചക്ക് ഒപ്പമുണ്ടായിരുന്നു.! സംവിധായകൻ തന്നെ എഴുതുന്ന സിനിമയിൽ, അതും കാസ്റ്റിങിനു ഒരുപാട് പ്രാധാന്യം ഉള്ള സിനിമയിൽ , ഒരു വേഷം നമുക്ക് വേണ്ടിയാണെന്നറിയുന്നത് വളരെയേറെ സന്തോഷം തരുന്ന കാര്യമാണ്. പ്രത്യേകിച്ച് സുരേഷ് ഗോപി , ശോഭന, ദുൽഖർ, കല്യാണി പോലുള്ള രണ്ട് തലമുറയിലെ ആർട്ടിസ്റ്റുകൾ ഒരുമിക്കുമ്പോൾ.  അവർക്കൊപ്പം ചേരുന്നതു തന്നെ ഒരു വലിയ കാര്യമായാണ് കാണുന്നത്. ആളുകൾ കൈയ്യടിയോടെയാണ്‌ ഡോ.ബോസിനെ സ്വീകരിക്കുന്നതെന്ന് കേൾക്കുമ്പോൾ "Full HAPPY ''!!

johny-varane

ഫെബ്രുവരിയിലെ അടുത്ത ഹിറ്റ്‌! "അയ്യപ്പനും കോശി "യും

സച്ചിയുടെ സ്ക്രിപ്റ്റും, സംവിധാനവും. ആദ്യം മറ്റൊരു വേഷമായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പിന്നീടാണ്, ഞാൻ ജോണി ആന്റണി തന്നെയായി അഭിനയിച്ചാൽ മതിയെന്ന് തീരുമാനിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ ജോണി ആന്റണി, എന്ന പേര് വായിക്കുമ്പോൾ പൊലീസുകാരന്റെ അമ്പരപ്പ് ഒക്കെ രസകരമായിട്ടുണ്ട്.! ഇതിൽ സീനുകൾ കുറവാണെങ്കിലും ഒരുപാട് തവണ എന്നെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. രണ്ട് സിനിമകളും, ഇപ്പോഴും തിയറ്ററുകളിൽ  നിറഞ്ഞോടുന്നു ഇത് തന്നെ വലിയ സന്തോഷം !!

മറ്റ് സംവിധായകരുടെ സംവിധാനത്തിൽ ഇടപെടാറില്ലേ?

അങ്ങനെ തോന്നിയിട്ടില്ല. പിന്നെ എന്നോടൊരു പ്രത്യേക സ്നേഹം എല്ലാവരും കാണിക്കാറുണ്ട്. ഒരു കംഫർട്ട് സോൺ നമുക്ക് കിട്ടുന്നുണ്ട്. സീനിയറായ രഞ്ജിത്തേട്ടനായാലും, പുതിയ ആളായ അനൂപ് ആണെങ്കിലും, ഒരു സ്പെഷൽ കെയർ എല്ലാവരും തരാറുണ്ട്. ചെറിയ ചെറിയ നിർദ്ദേശങ്ങളൊക്കെ എല്ലാവരും സ്വീകരിക്കാറുണ്ട്. സൗഹൃദം വേണം. ഒപ്പം, ആ കഥാപാത്രത്തിന്, ഞാൻ അനുയോജ്യനാണെന്ന് സംവിധായകർ തീരുമാനിക്കുന്നതും, അത് മര്യാദയ്ക്ക് ചെയ്യുമ്പോൾ അവർക്കും ഒരു തൃപ്തി കിട്ടുന്നിടത്തുമാണ് അതിന്റെ വിജയം!

johny-antony

വീട്ടിലെ സിനിമാക്കാരൻ!

സത്യം പറഞ്ഞാൽ വീട്ടുകാരും ഭയങ്കര ഹാപ്പിയാണ്. നമുക്ക് ഒരുപാട് കടമകളുണ്ടല്ലോ ..! ജീവിതം ഒരു വിധം നന്നായി കൊണ്ടുപോകണമെങ്കിൽ 'കാശ്' ഒരത്യാവശ്യ ഘടകമാണ്. ഉള്ളതു പറഞ്ഞാൽ ഈ ലേബലിൽ കിട്ടുന്ന വരുമാനം കൊണ്ട് കടം വാങ്ങാതെ നന്നായി ജീവിക്കാനും പറ്റുന്നുണ്ട്. ഒരുപാടൊന്നുമില്ലങ്കിലും, വല്യ കുഴപ്പമില്ലാതെ വീട്ടുകാര്യങ്ങൾ നടത്തിക്കൊണ്ട് പോകുന്ന ഒരാളായാൽ മതിയെന്നാണ് ആഗ്രഹം!

പുതിയ സിനിമ

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഉപചാരപൂർവ്വം ഗുണ്ട ജയൻ ആണ് പുതിയ പടം. സൈജു കുറുപ്പാണ് നായകൻ. ഹരീഷ് കണാരൻ, സിജു വിത്സൻ, ശബരീഷ് ഒക്കെയുള്ള ഒരു തമാശമൂവിയാണ്. ഇതിന്റെ നിർമാണ പ്രവർത്തനത്തിൽ "ദുൽഖർ സൽമാനും" പങ്കാളിയാവുന്നുവെന്നാണ് മറ്റൊരു പ്രത്യേകത. ഒരു ഗുണ്ടയുടെ പെങ്ങളുടെ കല്യാണ വീട്ടിൽ അതിഥിയായെത്തുന്ന "പുരുഷൻ '' എന്ന മുഴുനീള കഥാപാത്രത്തെയാണ് ഞാൻ ചെയ്യുന്നത്.

ഇനി സംവിധാനം?

ബിജു മേനോനെ നായകനാക്കി, ഓഗസ്റ്റിൽ ഒരു പടം. കൂടാതെ മമ്മുക്ക പടത്തിന്റെ പണിപ്പുരയിലുമാണ്. സംവിധായകനായും, നടനായുമൊക്കെ ഇവിടെ തന്നെ കാണണമെന്നുണ്ട്.

സിഐഡി മൂസ വീണ്ടും വരുമോ?

2003ൽ ഇറങ്ങിയ സിനിമയാണ്. തൊട്ടടുത്ത വർഷം മുതലേ ആളുകൾ ചോദിച്ച് തുടങ്ങിയതാണ് രണ്ടാം ഭാഗത്തെപ്പറ്റി. ചില കോംപിനേഷൻസ് ഒത്തു വരാത്തതാണ് പ്രധാന പ്രശ്നം. എന്നാലും ദിലീപും അർജുൻ എന്ന നായയും ഉണ്ടെങ്കിൽ ആ സിനിമ നടക്കും. പക്ഷേ, ഉദയ്-സിബി അവർക്കും തിരക്കുണ്ട്. എന്നാലും കാണുമ്പോഴൊക്കെ ഈ കാര്യം സംസാരിക്കാറുണ്ട്. ഒരു പക്ഷേ 2022 നോ മറ്റോ രണ്ടാം ഭാഗം നടന്നേക്കാം.

സഹപ്രവർത്തകരുടെയും പ്രേക്ഷകരുടെയും, കട്ട സപ്പോർട്ടിൽ നിന്നാണ്, വീണ്ടും അഭിനയക്കാനുളള ഊർജം ലഭിക്കുന്നത്. ഓരോ സിനിമ കഴിയുമ്പോഴും അഭിനന്ദന പ്രവാഹങ്ങളാണ്. പുതിയ ആളുകളും മുതിർന്ന സംവിധായകരുമാണ് ആ ഗണത്തിൽ കൂടുതലും.. എന്റെ അഭിനയം കണ്ടിട്ട് ഒരാളുടെ അഭിപ്രായം അറിയാൻ കാത്തിരിക്കുന്നുണ്ട്. സാക്ഷാൽ മമ്മൂക്ക"യുടെ...!! വൈകാതെ തന്നെ മമ്മൂക്ക ' വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA