ADVERTISEMENT

ഒരു മാസം 90 മണിക്കൂർ ആകാശയാത്രയിലാണ് റീനു മാത്യൂസ്. മേഘങ്ങളെത്തൊട്ട് അറ്റ്ലാന്റിക്കിനും ആൽപ്സിനും മുകളിലൂടെ ദീർഘയാത്രകളുടെ ചിറകടികൾ നിറഞ്ഞ ജീവിതം. മലയാള സിനിമയിൽ ഇത്രയും യാത്ര ചെയ്ത മറ്റൊരു നടിയുണ്ടാകില്ല. 15 വർഷമായി റീനു ഈ യാത്രകൾ ആസ്വദിക്കുന്നു. കോവിഡ് ഭീതിയിൽ ആകാശയാത്രകൾ ചിറകുപൂട്ടിയപ്പോൾ ദുബായിലെ ഫ്ലാറ്റിൽ സ്വയം ക്വാറന്റീനിലാണ്, എമിറേറ്റ്സിലെ എയർലൈൻ ക്രൂ ആയ റീനു.

 

റീനു പറയുന്നു:

 

കൊറോണയെക്കുറിച്ചുള്ള ചർച്ചകളിൽ എയർലൈൻ ജോലിക്കാരെക്കുറിച്ച് ആരും കാര്യമായൊന്നും പറഞ്ഞുകേട്ടില്ല. വലിയ റിസ്കുണ്ട് ഞങ്ങളുടെ ജോലിക്കും. യാത്രികരെ സുരക്ഷിതരായി എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം. കൊറോണക്കാലത്ത് ലോകമെങ്ങും നടന്നത് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കലായിരുന്നു. മാർച്ച് 25ന് ആണ് കമ്പനി രണ്ടാഴ്ചത്തേക്കു പ്രവർത്തനം നിർത്തിയത്. ഞാനന്ന് ഓസ്ട്രേലിയയിലെ മെൽബണിലായിരുന്നു. തിരികെ ദുബായിൽ ഇറങ്ങിയ വഴി കോവിഡ് ടെസ്റ്റ് ചെയ്തു. കുഴപ്പമൊന്നുമില്ല. ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. മെൽബണിൽ ഞങ്ങൾക്കു ഹോട്ടലിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയില്ലായിരുന്നു. അത്ര പ്രാധാന്യത്തോടെയാണ് ലോകം ഈ മഹാമാരിയെ കാണുന്നത്. അതുകൊണ്ട് അതിലൊരു വിട്ടുവീഴ്ചയ്ക്കും നമ്മൾ തയാറാവരുത്.സോഷ്യൽ മീഡിയയിൽ എല്ലാവരും ചോദിക്കുന്നതു കണ്ടു, ക്വാറന്റീൻ കഴിഞ്ഞാൽ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം ആരുടേതാണെന്ന്. എനിക്കത് എന്റെ അമ്മയുടേതാണ്. സത്യത്തിൽ തനിയെ ഇരിക്കുമ്പോൾ സ്നേഹിക്കുന്നവരെല്ലാം അടുത്തുണ്ടായിരുന്നെങ്കിലെന്നു തോന്നും. അതു മാത്രമാണ് ഫ്ലാറ്റിൽ തനിച്ചിരിക്കുമ്പോൾ എന്റെ സങ്കടം.

 

ഉറക്കമാണു പ്രശ്നം

 

എയർലൈനിൽ ജോലി ചെയ്യുന്ന എന്നെപ്പോലുള്ളവരുടെ പ്രശ്നം ഉറക്കമാണ്. രാജ്യാന്തര യാത്രകൾ നടത്തുമ്പോൾ പല ടൈം സോണിൽ ജോലി ചെയ്യേണ്ടി വരും. അപ്പോൾ സമയത്ത് ഉറങ്ങാൻ കഴിയില്ല. ജീവിതത്തിന് ഒരു ചിട്ടയൊക്കെ വരുത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കൂടുതൽ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ കഴിയുന്നു. ഇഷ്ടപ്പെട്ട ഫുഡ് ഉണ്ടാക്കാൻ കഴിയുന്നു. പിന്നെ എനിക്കു ചില ചെറിയ ബ്യൂട്ടി ടിപ്സൊക്കെ പങ്കുവയ്ക്കാനിഷ്ടമാണ്. അതെല്ലാം സോഷ്യൽ മീഡിയയിലൂടെ ചെയ്യും. ഇതു വേനൽക്കാലമാണല്ലോ. സ്കിൻ കെയറിനു പറ്റിയ സമയമാണിത്. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ....

 

രുചിഭേദങ്ങൾ

 

യാത്രകളിൽ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ളതു ഭക്ഷണശീലങ്ങളാണ്. എന്തെല്ലാം വൈവിധ്യങ്ങൾ. എത്രമാത്രം രുചികൾ. അതെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് ആഗ്രഹമുള്ളതിനാൽ എല്ലാം കുറിച്ചെടുക്കാറുണ്ട്. സമയക്കുറവു മൂലം എഴുത്തു നടന്നിട്ടില്ല. ഈ സമയം അതിലേക്കും കടക്കണമെന്നുണ്ട്. വിയന്നയിൽ ക്രിസ്മസ് സമയത്തു കുടിച്ച വൈനുണ്ട്; അതു ചൂടാക്കി കുടിക്കുന്ന തരം വൈനാണ്. ഗ്രീക്ക് ഭക്ഷണമായ മുസാക്ക എത്ര കഴിച്ചാലും മതിവരില്ല. മിൻസ്ഡ് മീറ്റും ചീസും എഗ്പ്ലാന്റുമെല്ലാം ചേർന്നുള്ള ഒരു റെസിപ്പിയാണത്. തായ് ഫുഡാണ് മറ്റൊരു ആകർഷണം. ബാങ്കോക്കിൽ പ്രിയപ്പെട്ടൊരു റസ്റ്ററന്റുണ്ട്. തായ് ഗ്രീൻകറി, മോണിങ് ഗ്ലോറി തുടങ്ങിയ വെജിറ്റബിൾ ഡിഷസുണ്ട്. പേസ്ട്രീസും കേക്കും മികച്ചത് ഫ്രാൻസിലും ജപ്പാനിലുമാണ്. ജപ്പാൻകാരുടെ ചോക്കലേറ്റാണ് ഏറ്റവും രുചികരമായത് എന്നു തോന്നിയിട്ടുണ്ട്.

 

മാറുന്ന യാത്രകൾ

 

വിമാനയാത്രകൾ ഒരുപാടു മാറി. 15 വർഷം മുൻപു ഞാൻ ജോയിൻ ചെയ്യുന്ന കാലത്തെ വിമാനങ്ങളും സൗകര്യങ്ങളുമല്ല ഇന്നുള്ളത്. ഞങ്ങളുടെ എ380 ഫ്ലൈറ്റിലാണെങ്കിൽ ലോഞ്ചുണ്ട്, ഷവറുണ്ട്, ഇന്റർനെറ്റുണ്ട്. നമ്മൾ ലോകവുമായി കൂടുതൽ കണക്ടടാണ്.

പ്രീമിയം കാബിനിൽ വൈനൊക്കെ നൽകുമ്പോൾ നമുക്കു പലപ്പോഴും യാത്രക്കാരുടെ പേരു പറയേണ്ടി വരും. ഫ്രഞ്ച്, റഷ്യൻ പേരുകൾ അൽപം പാടാണ്. അപ്പോൾ അവരോടുതന്നെ ചോദിക്കും. എങ്ങനെയാണു വിളിക്കേണ്ടതെന്ന്. അവർ ചെറിയ പെറ്റ് നെയിമൊക്കെ പറയും. ചിലർ കൃത്യമായ ഉച്ചാരണം പറഞ്ഞുതരും.

 

ജോലിയും സിനിമയും

 

ഞാൻ അഭിനയിച്ച സിനിമകൾ ഫ്ലൈറ്റിൽ ഞങ്ങളുടെ ഐ സിസ്റ്റത്തിൽ പലപ്പോഴും പ്ലേ ചെയ്യാറുണ്ട്. കൂടെ ജോലി ചെയ്യുന്നതു മിക്കവാറും വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാകും. എല്ലാവർക്കും നമ്മളെ അറിയണമെന്നില്ലല്ലോ. അപ്പോൾ ചില കുസൃതിയൊക്കെ കാണിക്കും. ഞാനഭിനയിച്ച പാട്ടുകൾ കാണിച്ചിട്ട് ഈ നടി എന്നെപ്പോലെയുണ്ടല്ലേ എന്നൊക്കെ ചോദിക്കും.ഒരു പ്രഫഷനിൽനിന്നു കൊണ്ടു സിനിമ ചെയ്യാമോ എന്നു പലരും എന്നോടു ചോദിക്കാറുണ്ട്. മലയാള സിനിമയിൽ അങ്ങനെ രണ്ടു ജോലികൾ ചെയ്യുന്ന നടിമാർ കുറച്ചുപേരൊക്കെയുണ്ട്. ആശാ ശരത് നൃത്തവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്നില്ലേ. നൈല ഉഷ ആർജെ ആയി ജോലി ചെയ്യുന്നതിനൊപ്പം സിനിമ ചെയ്യുന്നു. അതുപോലെ തന്നെയാണ് ഞാനും. ജോലിക്കിടയിൽ നല്ല അവസരങ്ങൾ വന്നാൽ ചെയ്യാം എന്നു തന്നെയായിരുന്നു എന്റെ തീരുമാനം. വരുന്ന എല്ലാ സിനിമയും ചെയ്യണം എന്ന ആഗ്രഹം പണ്ടുമില്ലായിരുന്നു. എന്നാൽ, ജോലിയിലെ തിരക്കും ലീവ് അഡ്ജസ്റ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടും കാരണം ചില സിനിമകൾ വേണ്ടെന്നു വച്ചിട്ടുണ്ട് എന്നു മാത്രം.

എയർഹോസ്റ്റസിന്റെ ജോലിക്കു പ്രായപരിധിയുണ്ട് എന്നാണു ചിലരെങ്കിലും കരുതുന്നത്. അമേരിക്കൻ എയർലൈൻസിൽ 78 വയസ്സുള്ള ഒരു എയർഹോസ്റ്റസുണ്ട്. നമ്മൾ എത്രത്തോളം ഫിറ്റ് ആയിരിക്കുന്നു എന്നതാണു പ്രധാനം. നിങ്ങൾക്ക് ആരോഗ്യമുണ്ടെങ്കിൽ ഏതു ജോലിയും ചെയ്യാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com